22 November Friday

മാതൃത്വത്തിന്റെ പ്രതിച്ഛായ

അനു പാപ്പച്ചൻUpdated: Saturday Sep 21, 2024

അഭിനയത്തിന്റെ ആദ്യ ദശകങ്ങളിൽ കവിയൂർ പൊന്നമ്മയ്‌ക്ക്‌ മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. തറവാടും കുടുംബവും രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന സർവംസഹയായ ഭാര്യ, അമ്മ, സഹോദരി വേഷങ്ങൾക്കിടയിലും മാമൂലുകളെ, സദാചാര നിയമങ്ങളെ ധിക്കരിക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ. എല്ലാ ധാരയിലെയും പ്രഗത്ഭരുടെ സിനിമകൾ ആ അഭിനയശേഷി പ്രയോജനപ്പെടുത്തി. എന്നാൽ തിരശീലയിൽ പ്രകടിപ്പിച്ച സർഗവൈഭവത്തെക്കാൾ, മലയാളിയുടെ അമ്മത്തം നിറവോടെ അടയാളപ്പെട്ടു ആ മുഖത്ത്‌. എൺപതുകളിലെത്തുമ്പോൾ സവിശേഷ മുദ്ര വന്നു. തൊണ്ണൂറുകളോടെ സൂപ്പർതാരങ്ങളുടെ അമ്മയാകാൻ വാണിജ്യ താല്പര്യങ്ങളും കൂടെനിന്നു. തുടർന്ന്‌ അവതരിപ്പിച്ച കഥാപാത്രങ്ങളധികവും ഏകതാനവും കൃത്രിമത്വം നിറഞ്ഞതുമായി.  സ്‌ത്രീത്വത്തോടു ചെയ്യാവുന്ന അനീതികളിൽ ഒന്നാണ് ആദർശവൽക്കരണം. ആറു പതിറ്റാണ്ടിൽ പകർന്നാടിയ വ്യത്യസ്ത സ്വഭാവികളായ കഥാപാത്രങ്ങളെ മറവിയിലാഴ്‌ത്തി, ജനപ്രിയ സിനിമകളിലെ അമ്മവേഷങ്ങളിൽ മാത്രം അവർ ഒതുക്കപ്പെട്ടു.


 

നാടകരംഗത്തുനിന്ന് വന്നിട്ടും അഭിനയ മിതത്വം നിലനിർത്താൻ പൊന്നമ്മയ്‌ക്ക്‌ കഴിഞ്ഞു. ജോൺ അബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യ’ങ്ങളിലെ ഏലിയാമ്മ സൂക്ഷ്‌മ പ്രകടനങ്ങളുടെ നല്ല ഉദാഹരണം. ഭയം വേട്ടയാടുന്ന ചെറിയാച്ചന്റെ മനോഗതികളെ നിശബ്ദമായും നിസംഗതയോടും നേരിടുന്ന ഏലിയാമ്മയ്‌ക്ക്‌ മുഖ്യധാരായുടെ അഭിനയരീതി ബാധ്യതയായി. ജോണിന്റെ ദൃശ്യഭാഷയിൽ അടൂർ ഭാസിയും പൊന്നമ്മയും പരസ്‌പരപൂരകമായി നിൽക്കുന്നത് ചിത്രത്തിന്റെ ശിൽപഘടനയെ ഏകാഗ്രമാക്കി. മുഖാഭിനയത്തിന് മാറ്റുകൂട്ടുന്ന ശബ്ദനിയന്ത്രണ പാടവം ശ്രദ്ധേയം. ആ പ്രത്യേകതകൊണ്ട് അടക്കിവച്ച സ്‌നേഹ, രാഗ, വേദനകൾ ആഴത്തിൽ പ്രതിഫലിപ്പിക്കാനാവുന്നു. ‘മോനേ', ‘ഉണ്ണീ' എന്ന് വിളിക്കുമ്പോൾ വാത്സല്യം പ്രസരിക്കുന്നത് ശബ്ദ സവിശേഷതകൊണ്ടാണ്‌. കഥാപാത്രത്തിന്റെ ഉള്ളം, ഭാവം അതേയളവിൽ പ്രകടിപ്പിക്കാൻ കഴിയുന്ന സ്വരം. അമ്മ വേഷങ്ങളിൽ ആദ്യകാലത്ത് നസീറിനൊപ്പവും പിൽക്കാലത്ത് മോഹൻലാലിനൊപ്പവും ജനപ്രിയ കോമ്പിനേഷൻ തീർത്തു. അമ്പതോളം സിനിമകളിൽ മോഹൻലാലിന്റെ അമ്മയായി. കുസൃതിയും ചാപല്യങ്ങളുമുള്ള മകനും വാത്സല്യനിധിയായ അമ്മയും തമ്മിലുള്ള രസതന്ത്രം വ്യക്തം.

സിനിമയിലെ യശോദാസങ്കൽപത്തെ പൂരിപ്പിക്കുന്ന അമ്മയായി മാറുന്നുണ്ട് പൊന്നമ്മ. അവർ അഭിനയിച്ച കഥാപാത്രങ്ങളുടെ നാവിൽ കണ്ണൻ, ഉണ്ണികൃഷ്‌ണൻ, ഉണ്ണി എന്നീ പേരുകൾ തുടർച്ചയായി വരുന്നുണ്ട്‌. മകനെ ചോറൂട്ടുന്ന രംഗങ്ങൾ പൊന്നമ്മയുടെ കഥാപാത്രങ്ങളുടെ മാതൃഭാവത്തെ ഊട്ടിയുറപ്പിക്കാൻ സഹായിച്ചു. മക്കളെ നഷ്ടപ്പെടുന്ന, വേർപിരിയേണ്ടി വരുന്ന, പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന അമ്മമാരെയും ആവർത്തിക്കേണ്ടി വന്നു. ഭർത്താവിനും മക്കൾക്കുമിടയിലെ സംഘർഷങ്ങൾക്കിടയിൽ മകനെ, രഹസ്യമായി പിന്തുണക്കുന്നതിലും താലോലിക്കുന്നതിലും ആ അമ്മമാർ ആനന്ദം കണ്ടെത്തി. വീട്ടിൽനിന്ന് പിണങ്ങിപ്പോകുന്ന മക്കളെതേടി ഹരിദ്വാറിലും (വടക്കുംനാഥൻ), കാവേരി തീരത്തും (കുടുംബസമേതം) അവരെത്തുന്നു. ‘മോനേ... ഉണ്ണീ...’ നിലവിളികൾ പുറപ്പെട്ടുപോയ ഏത് മകനെയും കുടുംബത്തിലേക്ക് തിരിച്ചെത്തിക്കാൻ തക്കശക്തിയുള്ളതായി സിനിമ നിരന്തരം പൊന്നമ്മയിലൂടെ അടയാളപ്പെടുത്തി.

തിലകനും പൊന്നമ്മയുമായുള്ള കൂട്ടുകെട്ടും ജനപ്രിയം. ‘പെരിയാറി’ൽ മകനായ തിലകൻ തനിയാവർത്തനത്തിൽ സഹോദരനായും സന്ദേശം, ജാതകം, കിരീടം, ചെങ്കോൽ, കുടുംബവിശേഷം, സന്താനഗോപാലം തുടങ്ങിയവയിൽ ജീവിത പങ്കാളിയായും മികച്ച മുഹൂർത്തങ്ങൾ കാഴ്‌ചവെച്ചു. സന്താനഗോപാലത്തിലെ അച്ഛനുമമ്മയും (കൃഷ്‌ണക്കുറുപ്പ്, സരസു) ആത്മസംഘർഷമേറെയുള്ള കഥാപാത്രങ്ങൾ. സരസുവിനെ പൊന്നമ്മ നന്നായി അവതരിപ്പിച്ചു. സിനിമയുടെ വാണിജ്യ, വരേണ്യവിജയങ്ങൾക്ക് പൊന്നമ്മ എത്രമാത്രം ഉപകാരപ്പെടുമെന്നതിന് ‘തേന്മാവിൻ കൊമ്പത്ത്' നോക്കിയാൽ മതി. ന്യൂജൻ സിനിമാ ഇടത്തിൽ, പുതുകാല അഭിരുചികളിൽ പുതുക്കപ്പെട്ട അച്ഛനമ്മമാർ വന്നു, അമ്മൂമ്മമാർ അപ്രത്യക്ഷമായി. അപ്പോഴും മാധ്യമങ്ങളിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും അമ്മ പ്രതിഛായയിൽ പൊന്നമ്മ തളയ്‌ക്കപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top