"വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം'' എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016‐ൽ ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ചത്. പ്രകൃതിയേയും മനുഷ്യനേയും കേന്ദ്രബിന്ദുവാക്കി ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുള്ള ജനപക്ഷവികസനമാണ് ലക്ഷ്യമാക്കുന്നത്.
കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട കമ്യൂണിസ്റ്റുകാർ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഉതകുന്ന കാര്യക്ഷമമായ ബദൽനയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ആഗോളവൽക്കരണ നയങ്ങൾ വികസനവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഫെഡറൽഘടനയെ തകർക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങളും ഗൗരവമാണ്. ഈ പരിമിതികൾക്ക് അകത്തുനിന്നുകൊണ്ട് ബദൽ ഉയർത്തുന്നതിനുള്ള കർമപരിപാടികളാണ് എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തികനയങ്ങൾ കാരണം ചെറുകിട, ഇടത്തരം വ്യവസായങ്ങൾ തകർച്ച നേരിടുന്നു. കാർഷികഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ കഴിയാത്തതുമൂലം കർഷകർ പ്രതിസന്ധിയിലാണ്. പൊതുമേഖലയിലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനങ്ങളെല്ലാംതന്നെ വിറ്റഴിച്ച്് ഇഷ്ടക്കാരായ കോർപ്പറേറ്റുകളുടെ കൈയിലെത്തിക്കാൻ കിണഞ്ഞുപരിശ്രമിക്കുകയാണ് നരേന്ദ്ര മോഡി. ഇത്തരം കാര്യങ്ങളിൽനിന്ന് ശ്രദ്ധമാറ്റുന്നതിന് വർഗീയ‐വംശീയ കലാപങ്ങൾ അഴിച്ചുവിടാനുള്ള തീവ്രശ്രമത്തിലാണ് സംഘപരിവാർ. കേരളത്തിൽ വർഗീയകലാപങ്ങൾ സൃഷ്ടിക്കാനും ക്രമസമാധാനനില തകർക്കാനും ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ കാണാതിരുന്നൂകൂട. അതിനായി വ്യാജ ഹർത്താലുകൾവരെ സൃഷ്ടിക്കുന്നു. കേരളത്തിന് അർഹമായ കേന്ദ്രവിഹിതം നിഷേധിക്കുന്നതിലും കേരള മോഡൽ വികസനത്തെ അധിക്ഷേപിക്കുന്നതിലും കേന്ദ്ര ഭരണക്കാർ മത്സരിക്കുകയാണ്. ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ജനക്ഷേമപദ്ധതികൾ നടപ്പാക്കാനും സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയധ്രുവീകരണം ഫലപ്രദമായി ചെറുക്കാനും കഴിഞ്ഞുയെന്നതാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഏറ്റവും പ്രസക്തമായ നേട്ടം. പൊതുവിദ്യാഭ്യാസരംഗത്ത് അന്തർദേശീയ പ്രശസ്തമായ സർവകലാശാലകളെപോലും തകർക്കാൻ പരിശ്രമിക്കുന്ന സംഘപരിവാറിന് എല്ലാ ഒത്താശയും മോഡി സർക്കാർ ചെയ്തുകൊടുക്കുകയാണ്. അതേസമയം, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാഴ്ചപ്പാട് ജനകീയ, ജനാധിപത്യ, മതനിരപേക്ഷ വിദ്യാഭ്യാസം എന്നതാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താൻ ഈ സർക്കാർ നടത്തുന്ന ഫലപ്രദമായ ഇടപെടലുകൾ പൊതുവിദ്യാലയങ്ങളേയും പോളിടെക്നിക്കുകളേയും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യംവച്ചുള്ളതാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 66 കർഷകരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഇതേ കാലയളവിൽ രാജ്യത്ത് പതിനായിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. കർഷകവിരുദ്ധ സാമ്പത്തിക നയങ്ങളുടെ രക്തസാക്ഷികളാണ് ഇവർ. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2016‐17ൽ കേരളത്തിലെ കർഷകആത്മഹത്യ പൂജ്യമാണ്. കൃഷിക്കാരുടെയും സമൂഹത്തിന്റെയും കൃഷിവകുപ്പിന്റെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ 34000 ഹെക്ടർ പാടത്താണ് പുതുതായി നെൽക്കൃഷി ആരംഭിച്ചത്. 2016ൽ 46500 ഹെക്ടറിൽ നടന്നിരുന്ന പച്ചക്കറിക്കൃഷി ഇപ്പോൾ 55000 ഹെക്ടറായി വർധിച്ചു. പച്ചക്കറി ഉൽപ്പാദനം ആറുലക്ഷം മെട്രിക് ടണ്ണിൽനിന്ന് 10 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 415 ചെറുകിട റൈസ്മില്ല് സ്ഥാപിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ പ്രധാനമേഖലയായ ക്ഷീരവികസനരംഗത്തും മൃഗസംരക്ഷണരംഗത്തും കേരളം ചുരുങ്ങിയ കാലം കൊണ്ടുണ്ടാക്കിയ നേട്ടങ്ങൾ അനവധിയാണ്. നോട്ടുനിരോധനവും വരൾച്ചയുംമൂലം വലിയ പ്രതിസന്ധികൾ ഉണ്ടായിട്ടും ക്ഷീരവികസന വകുപ്പ് സ്വീകരിച്ച കർമപദ്ധതികളിലൂടെ ക്ഷീരകർഷകരെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാനും 2017‐18 ലെ പാൽ സംഭരണത്തിൽ റെക്കോഡ് വർധന രേഖപ്പെടുത്താനും കഴിഞ്ഞു. പശുക്കളുടെ പ്രതിദിന പാൽ ഉൽപ്പാദനശേഷി 8.62 ലിറ്ററിൽനിന്നും 10.22 ലിറ്ററായി ഉയർന്നത് സർക്കാരിന്റെ പ്രജനന നയത്തിന്റെ വിജയമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള പാൽ ഇറക്കുമതി രണ്ടരലക്ഷത്തോളം ലിറ്റർ കണ്ടുകുറഞ്ഞു. ആഭ്യന്തരഉൽപ്പാദനം വർധിപ്പിച്ച് ക്ഷീരസ്വയം പര്യാപ്തതയിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്. ഇതിനായി ക്ഷീരഗ്രാമം, ഡെയറിസോൺ, കിടാരി പാർക്കുകൾ, തീറ്റപ്പുൽ വികസനപദ്ധതി, സംഘങ്ങളുടെ ശാക്തീകരണം, ലാബുകളുടെ വികസനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നുവരുന്നു.
ആരോഗ്യരംഗത്ത് സമഗ്രമായ പദ്ധതികളാണ് ഈ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സമ്പൂർണ ട്രോമ കെയർ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിക്കഴിഞ്ഞു.
കാർഷികരംഗത്തും സ്വാശ്രയത്വം ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ജൈവപച്ചക്കറി ഉൽപ്പാദനം ഫലപ്രാപ്തിയിലേക്ക് എത്തുന്നു. കേന്ദ്ര സർക്കാർ പൊതുവിതരണ ശൃംഖലയിൽനിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ പൊതുവിതരണ സംവിധാനം നിലനിർത്താനും നവീകരിക്കാനുമായി ഈ സർക്കാരിന് നിരവധി പരിശ്രമങ്ങൾ വേണ്ടിവന്നു.
സാമൂഹ്യസുരക്ഷാ പെൻഷൻ കുടിശ്ശികയില്ലാതെ മാസംതോറും വീട്ടിൽ എത്തിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കി. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനും ഭവനരഹിതർക്ക് പാർപ്പിടം ലഭ്യമാക്കാനും അങ്ങേയറ്റം ശ്രദ്ധനൽകുകയാണ് സർക്കാർ. ഒരു നിക്ഷേപവികസന സൗഹൃദ സംസ്ഥാനം എന്നതിലുപരി കേരളം ജനസൗഹൃദ വികസന സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..