ലോകത്തെ വായിച്ചറിയാനും നേരിൽക്കണ്ട് അനുഭവിക്കാനും വ്യഗ്രനായ സഞ്ചാരിയെ വീരേന്ദ്രകുമാറിന്റെ രചനകളിൽ കാണാം.സാഹിത്യത്തോടും തത്ത്വചിന്തയോടും അദ്ദേഹത്തെപ്പോലെ ആഭിമുഖ്യം പുലർത്തിയ നേതാക്കൾ അപൂർവമാണ്. വായനയിലെ വൈവിധ്യം ആ യാത്രാനുഭവങ്ങളെ സർഗാത്മകമാക്കി. ചരിത്രവും മിത്തും പുരാണവും ശാസ്ത്രവും വേദാന്തചിന്തയുമെല്ലാം വേർതിരിവില്ലാതെ വിജ്ഞാനതൃഷ്ണയ്ക്ക് വിഷയമായി. സോഷ്യലിസ്റ്റ് ദർശനത്തെ പിന്തുടർന്ന അദ്ദേഹം ഇന്ത്യൻ പുരാണങ്ങളിലും ദർശനങ്ങളിലും അവഗാഹം പുലർത്തി. വീരേന്ദ്രകുമാറിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന "ഹൈമവത ഭൂവിൽ'തന്നെയാണ് മികച്ച ഉദാഹരണം.
"യാത്രകളിൽ ഞാൻ ഇഷ്ടപ്പെടുന്നത് റോഡ് യാത്ര. അതൊരു അനുഭവമാണ്. ഇഷ്ടമുള്ള വഴിയിൽ പോകാം. എവിടെയും നിർത്താം. ആരോടും സംസാരിക്കാം. അങ്ങനെ സംസാരിക്കുമ്പോൾ നാടിന്റെ വിവരം കിട്ടും. പിന്നെ അതേക്കുറിച്ച് കൂടുതൽ അന്വേഷിക്കാം. കൂട്ടായി യാത്രചെയ്യുന്നതിന് മറ്റൊരു മെച്ചം. അനുഭവം പങ്കുവെയ്ക്കാനാവും. അപ്പോൾ അത് ഒരാളുടെ മാത്രം യാത്രയാവില്ല.' കൂട്ടായ അനുഭവം പങ്കുവെച്ചും സംവദിച്ചും അത് വളരുന്നു. കണ്ണും കാതും തുറന്നുവെയ്ക്കണം.ചെല്ലുന്നിടത്തെല്ലാം നാട്ടുകാരുമായി സംസാരിക്കും.ചെറിയ കാഴ്ചകൾ പോലും രേഖപ്പെടുത്തും.
എം ടി വാസുദേവൻ നായർ, കടമ്മനിട്ട രാമകൃഷ്ണൻ, എം പി വീരേന്ദ്രകുമാർ
ആമസോൺ തടങ്ങളുൾപ്പെടെ ലോകത്തിന്റെ വൈവിധ്യങ്ങളിലൂടെ സഞ്ചരിച്ച വീരേന്ദ്രകുമാർ ആത്മാവിൽ കുടികൊണ്ട ഇന്ത്യയെ കണ്ടെടുക്കാനാണ് ഹൈമവത ഭൂവിലൂടെ ശ്രമിച്ചത്. ആമസോണും കുറേ വ്യാകുലതകളും,ഡാന്യൂബ് സാക്ഷി തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ട യാത്രാപുസ്തകങ്ങൾ. ഇതിഹാസങ്ങളും പുരാണങ്ങളും മിത്തുകളും ചരിത്രവും വേദാന്തവും സാഹിത്യവുമെല്ലാം കൂടിക്കലരുന്നതാണ് ഹൈമവതഭൂവിലിന്റെ ശൈലി.സ്ഥലകാലങ്ങളും അതുപോലെ. ഗംഗയുടെ കരയിലൂടെ ആ പ്രവാഹം പോലെ മുങ്ങിയും പൊങ്ങിയുമുള്ള യാത്ര. ഇന്ത്യ എവിടെയും ഒന്നാണെന്ന കണ്ടെത്തൽ ഇതിലൂടെ പ്രത്യക്ഷമാകും. ദക്ഷിണേന്ത്യമുതൽ യമുനയുടെയും ഗംഗയുടെയും തീരങ്ങളിലൂടെ വിവിധങ്ങളായ ഒരുപാട് ജനപദങ്ങളും അവരുടെ കഥകളും ഐതിഹ്യങ്ങളും ഇതിൽ കോർത്തെടുക്കുന്നു.ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ, എ എൽ ബാഷാമിന്റെ ഇന്ത്യയെന്ന വിസ്മയം തുടങ്ങിയ കൃതികൾക്കൊപ്പംവെക്കാവുന്ന രചനയായി അത് വിലയിരുത്തപ്പെട്ടു.കേന്ദ്രസാഹിത്യ അക്കാദമി ആദ്യമായി യാത്രാവിവരണ കൃതിയ്ക്ക് അവാർഡ് നൽകിയതും (2010) അതിനാൽ തന്നെ.
അനേകം രാജവംശങ്ങളുടെ ആരോഹണാവരോഹണങ്ങൾക്ക് സാക്ഷ്യംവഹിച്ച് ഡൽഹയിൽനിന്നാണ് യാത്ര തുടങ്ങുന്നത്. തുടർന്ന് ഗംഗയുടെയും യമുനയുടെയും തീരഭൂമികളിലൂടെ ചരിത്രപ്പഴമകളും നാട്ടറിവുകളും കോർത്തിണക്കിയുള്ള സഞ്ചാരം ഭൂത വർത്തമാനങ്ങളെ ബന്ധിപ്പിച്ചു. ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി, ഗംഗ, രുദ്രപ്രയാഗ, കാശി എന്നിവിടങ്ങളിലൂടെ കാഠ്മണ്ഡുവരെ. സ്മൃതികളിൽ ശങ്കരാചാര്യരും കേരളവും വരുന്നു. ഹരിദ്വാറിലെത്തുമ്പോൾ മേഴത്തൂരും നിളാനദിയും പറയിപെറ്റ പന്തിരുകുലവും പരാമർശം.
ശിവതാണ്ഡവ ഭൂമിയായ കൻഗലിലെത്തുമ്പോൾ കൊട്ടിയൂരും തമിഴ്നാട്ടിലെ ചിദംബരവും ഓർമയിൽ. "ഇത് എന്റെ മാത്രം കൃതിയല്ല. എത്രയോ ദേശങ്ങളിലെ എത്രയോ പേരുടെ വിരൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. അജ്ഞാതരായ മനുഷ്യർ. അവരിൽനിന്ന് കിട്ടിയ മിത്തുകൾ.ദേശപുരാണങ്ങൾ,വിജ്ഞാനശകലങ്ങൾ. അതാണ് ഇതിൽ.ഞാൻ എവിടെയും ഇല്ല. അവരാണ് ഉള്ളത്. അവർ പറഞ്ഞ കഥകൾ, അവരുടെ വിശ്വാസങ്ങൾ.' എന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ധാരാളം കൃതികൾ ഇതിനായി പരിശോധിച്ചു. തേനീച്ചയെപോലെ ജ്ഞാനവിജ്ഞാനങ്ങളുടെ പൂവ് തേടി കിട്ടിയതെല്ലാം ശേഖരിച്ച് കരുതിവെച്ചുവെന്ന് തന്റെ ദൗത്യത്തെക്കുറിച്ച് പറഞ്ഞു. ഹൈമവതഭൂവിന് ഒട്ടേറെ ഭാഷകളിൽ വിവർത്തനങ്ങളുമുണ്ടായി. അനേകം ഹിമാലയ യാത്രാവിവരണങ്ങൾ പുറത്തുവന്ന മലയാളത്തിൽ ആ കൃതിയ്ക്ക് കിട്ടിയ അംഗീകാരം അർഹിക്കുന്നതുതന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..