16 December Monday

സ്‌മരണയിൽ ആ സമരവീര്യം ; യെച്ചൂരിയെ അനുസ്‌മരിച്ച്‌ ദേശീയ നേതാക്കൾ

പ്രത്യേക ലേഖകൻUpdated: Saturday Sep 28, 2024

സീതാറാം യെച്ചൂരി അനുസ്‌മരണ സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സംസാരിക്കുന്നു. ഫോട്ടോ: പി വി സുജിത്‌

ഇന്ത്യയുടെ മതനിരപേക്ഷ 
ജനാധിപത്യ പാരമ്പര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച്‌ ദേശീയ നേതാക്കൾ

ന്യൂഡൽഹി
ജനാധിപത്യ–- മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും ഭയരഹിതനായ സമരപോരാളിയുമായിരുന്ന സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ച്‌ രാജ്യതലസ്ഥാനം. വിട പറഞ്ഞെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ മിടിക്കുന്ന ജനകീയ നേതാവാണ്‌ യെച്ചൂരിയെന്ന ഓർമപ്പെടുത്തലായി, സിപിഐ എം കേന്ദ്രകമ്മിറ്റി ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള യെച്ചൂരിയുടെ പോരാട്ടവും നിലപാടുകളിലെ സ്ഥൈര്യവും പെരുമാറ്റത്തിലെ സൗമ്യതയുമെല്ലാം ദേശീയ നേതാക്കൾ ഓർത്തെടുത്തു.

രാജ്യത്തെ വിഴുങ്ങാൻ ശ്രമിച്ച വർഗീയശക്തികൾക്ക്‌ കനത്ത തിരിച്ചടി നൽകിയ ഇന്ത്യാ കൂട്ടായ്‌മയുടെ അണിയറശിൽപി എന്ന നിലയിൽ അദ്ദേഹം എക്കാലവും സ്‌മരിക്കപ്പെടുമെന്ന്‌ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി നേതാക്കൾ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ സീതാറാം യെച്ചൂരി ആശ്രയവും ആശ്വാസവുമായത്‌ അവർ സ്‌നേഹപൂർവം ഓർത്തു.

പാർടി പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട് അധ്യക്ഷനായി. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡോ. ഫാറൂഖ്‌ അബ്ദുള്ള(എൻസി), കനിമൊഴി(ഡിഎംകെ), മനോജ്‌ ഝാ(ആർജെഡി),  രാംഗോപാൽ യാദവ്‌(എസ്‌പി), സുപ്രിയ സുലെ(എൻസിപി), ഗോപാൽ റായ്‌(എഎപി), ദീപാങ്കർ ഭട്ടാചാര്യ(സിപിഐ എംഎൽ), മഹുവ മാജി(ജെഎംഎം), മനോജ്‌ ഭട്ടാചാര്യ(ആർഎസ്‌പി), ജി ദേവരാജൻ(ഫോർവേഡ്‌ ബ്ലോക്ക്‌), പ്രൊഫ. പ്രഭാത്‌ പട്‌നായിക്‌, എൻ റാം, ടീസ്‌ത സെതൽവാദ് എന്നിവർ സംസാരിച്ചു.

സീതാറാം യെച്ചൂരിയുടെ സ്‌മൃതിചിത്രം ബൃന്ദ കാരാട്ട്‌ അവതരിപ്പിച്ചു. പാർടി പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളും യെച്ചൂരിയുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു. സീതാറാം യെച്ചൂരിയുടെ ജീവിതം ആസ്‌പദമാക്കിയ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റി ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണസദസ്സ്

സിപിഐ എം കേന്ദ്ര കമ്മിറ്റി ഡൽഹി തൽക്കത്തോറ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്‌മരണസദസ്സ്


 

നിത്യപ്രചോദനം 
ആ സ്‌മരണ : പിണറായി വിജയൻ
ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഘട്ടത്തിലാണ്‌ സീതാറാം യെച്ചൂരിയെ നമുക്ക്‌ നഷ്‌ടമായതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷതയ്‌ക്കുനേരെ വർഗീയത വലിയ കടന്നാക്രമണങ്ങൾ നടത്തുന്ന അവസരത്തിൽ യെച്ചൂരിയുടെ വേർപാട്‌ കനത്ത ആഘാതമാണ്‌. സിപിഐ എം ജനറൽസെക്രട്ടറിയെന്ന നിലയിൽ പ്രയാസങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ അദ്ദേഹം പാർടിയെ നയിച്ചു.
രാജ്യത്തെ യുവജനങ്ങൾക്കും വിദ്യാർഥിസമൂഹത്തിനും യെച്ചൂരി ഏക്കാലവും വലിയ പ്രചോദനമായിരുന്നു. മരണശേഷം ജെഎൻയു യെച്ചൂരിക്ക്‌ നൽകിയ വികാരനിർഭരമായ യാത്രയയപ്പ്‌ അദ്ദേഹത്തോട്‌ രാജ്യത്തെ വിദ്യാർഥിസമൂഹത്തിനുള്ള വലിയ സ്‌നേഹാദരങ്ങൾക്കുള്ള തെളിവാണ്‌.

സഹിഷ്‌ണുതയുടെ പര്യായം മല്ലികാർജുൻഖാർഗെ
രാജ്യത്തെ ജനങ്ങൾക്ക്‌ വേണ്ടിയാണ്‌ യെച്ചൂരി ആയുഷ്‌കാലം മുഴുവൻ യത്നിച്ചതെന്ന്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻഖാർഗെ. ഇന്ത്യാ കൂട്ടായ്‌മയ്‌ക്ക്‌ ഐക്യമുണ്ടാക്കാനും അതിനെ മുന്നോട്ടുകൊണ്ടുപോകാനും കഠിനമായി പ്രയത്നിച്ചിരുന്നു. എവിടെയെങ്കിലും ചർച്ചകൾ ഉടക്കി നിന്നാൽ അദ്ദേഹം പറയും–- ‘നോക്കൂ..സംഭവിക്കാനുള്ളത്‌ സംഭവിച്ചു. ഇനി നമുക്ക്‌ എന്ത്‌ ചെയ്യാൻ പറ്റുമെന്ന്‌ നോക്കാം’. മധ്യസ്ഥത വഹിക്കാൻ ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ലായിരുന്നു– അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച വിദ്യാർഥി പ്രഭാത്‌ പട്‌നായിക്‌
ലോകത്തെ ഏത്‌ മുന്തിയ സ്ഥാപനത്തിലും സ്‌കോളർഷിപ്പോടെ പഠിക്കാൻ സാധിക്കുമായിരുന്ന തന്റെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു സീതാറാമെന്ന്‌ വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞൻ പ്രഭാത്‌ പട്‌നായിക്‌. 1973ൽ ജെഎൻയുവിൽ എംഎ പഠിക്കാനെത്തിയ സീതാറാം ഗവേഷണം മുഴുമിപ്പിക്കാതെയാണ്‌ പാർടി പ്രവർത്തനത്തിലേക്ക്‌ ഇറങ്ങിയത്‌.  കമ്യൂണിസ്‌റ്റ്‌ വിപ്ലവത്തിന്‌ വേണ്ടുന്ന അടവുനയങ്ങളും തന്ത്രങ്ങളും കൃത്യമായി അറിഞ്ഞ്‌ അത്‌ പ്രയോഗത്തിൽ കൊണ്ടുവരികയെന്ന ചിന്തയാണ്‌ സീതാറാമിനുണ്ടായിരുന്നത്‌.

എതിരാളികളില്ലാത്ത നേതാവ്‌ ഫറൂഖ്‌ അബ്‌ദുള്ള 
 (നാഷണൽ കോൺഫറൻസ്‌)
സീതാറാം യെച്ചൂരിക്ക്‌ എതിരാളികൾ ഉണ്ടായിരുന്നില്ല. അദ്ദേഹം നിലകൊണ്ട ലക്ഷ്യങ്ങൾക്കായി നാം നിർഭയരായി പോരാടണം. അതാണ്‌ അദ്ദേഹത്തിന്‌ നൽകാൻ കഴിയുന്ന ശ്രദ്ധാഞ്‌ജലി.                       

ഞങ്ങളുടെ ഹീറോ സുപ്രിയ സുലെ (എൻസിപി)
രാജ്യസഭയിൽ ഞങ്ങളുടെ ഹീറോയായിരുന്നു യെച്ചൂരി. സ്വന്തം പ്രത്യയശാസ്‌ത്രത്തിൽ ഇത്രയും വ്യക്തതയുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.                    

പ്രോബ്ലം 
സോൾവർ  ഗോപാൽറായ്‌(എഎപി)
കെജ്‌രിവാൾ ഉൾപ്പടെ എഎപിയുടെ പ്രമുഖ നേതാക്കൾ അറസ്‌റ്റിലായതോടെ ഡൽഹി സർക്കാരും വീഴും പാർടിയും തകരുമെന്ന അവസ്ഥയുണ്ടായി. അപ്പോൾ,  ഞാൻ യെച്ചൂരിയെ പോയികണ്ടു. ‘നിങ്ങൾ പേടിക്കാതെ പോകൂ... ഞങ്ങൾ കൂടെയുണ്ട്‌. നമ്മൾ പോരാടും’–- യെച്ചൂരി പറഞ്ഞു. അഞ്ച്‌ ദിവസത്തിനുശേഷം രാംലീലാമൈതാനിയിൽ കെജ്‌രിവാളിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ച്‌ മഹാസമ്മേളനം നടന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ എല്ലാവരും അണിനിരന്നു. എല്ലാവരേയും അവിടെയെത്തിച്ചത്‌ യെച്ചൂരിയായിരുന്നു.                              

‘സീതാ ജീവിക്കുന്നു’  മനോജ്‌ ഝാ(ആർജെഡി)
സീതാറാമിന്‌ പകരം മറ്റൊരു വ്യക്തിയെ സങ്കൽപ്പിക്കാനാകില്ല. നെഹ്‌റു മരിച്ചപ്പോൾ ബ്ലിറ്റ്‌സ്‌ നൽകിയ തലക്കെട്ട്‌–- ‘നെഹ്‌റു ജീവിക്കുന്നു’ എന്നാണ്‌. അത്‌ തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌–- ‘സീതാ ജീവിക്കുന്നു’   

ഒരുപാട്‌ പാഠങ്ങൾ പഠിപ്പിച്ചു രാംഗോപാൽയാദവ്‌ (എസ്‌പി)
പാർലമെന്റിൽ എങ്ങനെ ഇടപെടണം, ഏത്‌ ചോദ്യം ചോദിക്കണം–- തുടങ്ങിയ കാര്യങ്ങൾ എന്നെ പഠിപ്പിച്ചത്‌ യെച്ചൂരി ഉൾപ്പടെയുള്ള ഇടതുപക്ഷ എംപിമാരായിരുന്നു.        

സുഹൃത്ത്‌, സഖാവ് എൻ റാം
അരനൂറ്റാണ്ടുകാലം ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തും സഖാവുമായിരുന്നു സീതാറാമെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്‌ വേണ്ടിനിലകൊണ്ട, ആർഎസ്‌എസ്‌ ബിജെപി കടന്നാക്രമണങ്ങളെ പ്രതിരോധിച്ച ഉറച്ച പോരാളിയായിരുന്നു യെച്ചൂരി.

നിർഭയനായ പോരാളി - കനിമൊഴി
വിദ്യാർഥികാലഘട്ടം മുതൽ അവസാനശ്വാസംവരെ തെറ്റെന്ന്‌ തോന്നിയ കാര്യങ്ങളെ നിർഭയനായി എതിർത്ത പോരാളിയാണ്‌ സീതാറാമെന്ന് ഡിഎംകെ നേതാവ് കനിമൊഴി. നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിന്റെ വലിയ പ്രചാരകനായിരുന്നു.

മനസ്സിൽ പതിഞ്ഞ 
2 പ്രസംഗം ടീസ്‌ത സെതൽവാദ്
രാജ്യസഭയിലെ 12 വർഷ കാലയളവിനിടെ സീതാറാം നടത്തിയ പ്രസംഗങ്ങളിൽ രണ്ടെണ്ണം ഇപ്പോഴും തന്റെ മനസിൽ മായാതെ നിൽക്കുന്നുവെന്ന്‌ സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദ് അനുസ്‌മരിച്ചു. ഗോരക്ഷാസംഘങ്ങളെ നിയമംമൂലം നിരോധിക്കണമെന്നതായിരുന്നു ഒരു പ്രസംഗം. പാർലമെന്റിന്റെ അന്തസ്സും സുരക്ഷയും ഉറപ്പാക്കുന്ന മാർഷലുമാരെ വിടവാങ്ങൽ പ്രസംഗത്തിൽ ആദരിച്ചതാണ്‌ രണ്ടാമത്തേത്‌. സീതാറാമിനും സിപിഐ എമ്മിനും ഫെഡറലിസത്തോടുള്ള പ്രതിബദ്ധതയും കൂറും നാമെല്ലാവരും മനസ്സിലാക്കേണ്ടതാണ്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top