വ്യക്തിപരമായ കണക്കെടുപ്പുകൾ ഒഴിവാക്കാമെങ്കിലും മരണം എല്ലാ വിയോജിപ്പുകളും റദ്ദാക്കുന്നില്ല. എം പി വീരേന്ദ്രകുമാറിനെക്കുറിച്ചുള്ള വിലയിരുത്തലുകൾക്ക് ഈ കാഴ്ച്ചപ്പാട് വളരെ പ്രസക്തമാണ്. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൻനടത്തവും കുതിപ്പും കിതപ്പുമായി ബന്ധപ്പെടുത്തി ആ നിലപാടുകൾ പരിശോധിക്കുകയാണ് ഉചിതം. ജോർജ് ഫെർണാണ്ടസ്, രാമകൃഷ്ണ ഹെഗ്ഡെ, രാംവിലാസ് പസ്വാൻ‐ തുടങ്ങിയവർ ക്കുണ്ടായ തിരിച്ചറിയാനാവാത്ത രൂപമാറ്റം വിസ്മരിക്കാനാവില്ല. രാഷ്ട്രീയ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വീരനും കാലിടറി. പൊരുത്തമില്ലാത്ത രാഷ്ട്രീയ ബന്ധങ്ങൾ, വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് തുടങ്ങിയ ദൗർബല്യങ്ങൾ പഴയ സ്വന്തം നേതാക്കളെപ്പോലെ അദ്ദേഹത്തിന്റെയും വിലയിടിച്ചു. ഉന്നത സോഷ്യലിസ്റ്റ് നേതാക്കളുമായുള്ള അടുപ്പം, അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപ്പിലെ പങ്കാളിത്തം, എ കെ ജിയെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പമുള്ള ജയിൽവാസം, ഇടതുപക്ഷ ജനിധിപത്യ മുന്നണി രൂപീകരണത്തിലെ മുൻകൈ. അതിന്റെ അധ്യക്ഷ സ്ഥാനം‐ തുടങ്ങിയവയെക്കുറിച്ച് വീരൻ എപ്പോഴും അഭിമാനംകൊണ്ടു. വർഗീയതക്കെതിരെ എന്നും ഉറച്ചുനിന്നത് ആ ആർജവത്തിന്റെ നിരന്തരമായ ഓർമപ്പെടുത്തലിൽ നിന്നാവണം.
ഇന്ത്യയിലെമ്പാടുമുള്ള സോഷ്യലിസ്റ്റ് നേതാക്കളും ചിന്തകരും എഴുത്തുകാരുമായി വീരേന്ദ്രകുമാറിന് ആഴത്തിലുള്ള ബന്ധമായിരുന്നു. യു ആർ അനന്തമൂർത്തിയുമായുള്ള അടുപ്പം എടുത്തുപറയേണ്ടതാണ്. സോഷ്യലിസ്റ്റ് ധാരയുടെ താത്വികനായും പ്രസിദ്ധി നേടി. രാം മനോഹർ ലോഹ്യയെയും ജയപ്രകാശ് നാരായണനെയും പോലുള്ള മഹാരഥന്മാരെക്കുറിച്ച് ഏറെ പഠനം നടത്തുകയുമുണ്ടായി.
കേരളത്തിൽ അങ്ങോളമിങ്ങോളവും രാജ്യത്തിനകത്ത് പലയിടത്തും വിവിധ ലോക രാജ്യങ്ങളിലും വീരേന്ദ്രകുമാർ നടത്തിയ പ്രൗഢങ്ങളായ പ്രസംഗങ്ങൾ നവോത്ഥാനത്തിന്റെ മൗലിക വ്യത്യാസം മുറുകെ പിടിച്ചായിരുന്നു. ദൈവ വിശ്വാസിയായിരിക്കെതന്നെ അന്ധവിശ്വാസത്തോടും വർഗീയതയോടും മതമൗലികവാദത്തോടും അനുരഞ്ജനത്തിന് തയ്യാറായുമില്ല. രാഷ്ട്രീയ കൂട്ടായ്മകൾക്കു പുറമെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും അസംഖ്യം വേദികളിൽ ആ ശബ്ദം മുഴങ്ങി. സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് എന്ന നിലയിൽ നടത്തിയ ഉത്തരേന്ത്യൻ യാത്രകൾ രാജ്യത്തിന്റെ യഥാർഥ മുഖം തിരിച്ചറിയാനുള്ള അവസരങ്ങളുമായി. ജാതി വിഭജനങ്ങളും അതിന്റെ അടിത്തറയിൽ ഉറപ്പിച്ച ഗ്രാമക്കോടതികളും അന്ധവിശ്വാസങ്ങളുടെ കൊടികുത്തിവാഴലും അയുക്തികതയുടെ ഉറഞ്ഞുതുള്ളലും ഗാന്ധിജി ഇന്ത്യയുടെ ഹൃദയം എന്നു വിളിച്ച ഗ്രാമങ്ങളെ എത്ര പരിതാപകരമായ അവസ്ഥയിലാണ് തളച്ചിട്ടിരിക്കുന്നതെന്ന് ബോധ്യപ്പെടുത്തി.
പുരാണങ്ങളിൽനിന്നും ഇതിഹാസ കാവ്യങ്ങളിൽനിന്നും മിത്തുകളിൽനിന്നും സന്ദർഭങ്ങൾ സമൃദ്ധമായി ഉദ്ധരിച്ച് ജനകീയ വ്യാഖ്യാനങ്ങൾ നൽകിയ വീരേന്ദ്രകുമാർ ജനവിരുദ്ധ പ്രവണതകളെ എതിർത്തുപോരുകയും ചെയ്തു. ഹിന്ദുത്വത്തിന്റെ രൂപപരിണാമങ്ങളും ഗൂഢാലോചനകളും ഹിംസാത്മകതയും ശക്തമായ ഭാഷയിൽ തുറന്നുകാട്ടിയ "രാമന്റെ ദുഃഖം' എന്ന കൃതിയുടെ ആർജവം ജനാധിപത്യ‐ മതനിരപേക്ഷവാദികൾക്ക് മറക്കാനാവില്ല. ഫാസിസ്റ്റു വിരുദ്ധ പോരാട്ടത്തിലേക്കുള്ള അക്ഷരങ്ങളുടെ ആയുധം കൂടിയായ അതിന്റെ സയുക്തികാനുബന്ധമായിരുന്നു "ബുദ്ധന്റെ ചിരി'. രണ്ടു രചനകളുടെയും വികസിച്ച തുടർച്ചയാണ് വർഗീയ ഫാസിസത്തിനും കോർപറേറ്റു ചൂഷണങ്ങൾക്കുമെതിരെ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ, ‘ഇരുൾ പരക്കുന്ന കാലം’. സിപിഐഎമ്മിന്റെ പ്രസാധക ഗൃഹമായ ചിന്ത പബ്ലിഷേഴ്സായിരുന്നു അത് ഇറക്കിയത് എന്നതും പ്രധാനം.
വർഗീയതയും കോർപറേറ്റ് ആധിപത്യവും പിടിമുറുക്കിയ കാലത്ത് യോജിച്ച പോരാട്ടത്തിന്റെ അനിവാര്യത ഓർമപ്പെടുത്തി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് ആ കൃതി പ്രകാശനം ചെയ്തത്. രാജ്യത്ത് ഇരുൾ പരക്കുന്ന കാലത്ത് വെളിച്ചംപകരുന്നതാണ് വീരേന്ദ്രകുമാറിന്റെ കൃതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ച് തടവിൽ കഴിഞ്ഞ വീരനുമായി ദൃഢബന്ധമാണ് ഉള്ളതെന്നും കൂട്ടിച്ചേർത്തു. ഒരേ ലക്ഷ്യം പങ്കിട്ട് ഒരേ മൂല്യം മുൻനിർത്തി തടവിൽ കഴിഞ്ഞവർ തമ്മിലെ ബന്ധത്തിന്റെ ശക്തി വലുതാണ്. ഇത് പലർക്കും തിരിച്ചറിയാനാവുന്നില്ലെന്നും പറഞ്ഞ പിണറായി, രാഷ്ട്രീയ വിയോജിപ്പ് തുറന്നുപ്രകടിപ്പിക്കുമ്പോഴും പരസ്പര ബഹുമാനവും ആദരവും നിലനിർത്തിക്കൊണ്ടുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിശദീകരിച്ചു.
പിണറായിയോടൊപ്പം തടവറയിൽ ഒന്നിച്ചുകഴിഞ്ഞതിനെക്കുറിച്ച് മറുപടി പ്രസംഗത്തിൽ വീരനും എടുത്തുപറഞ്ഞു. തന്റെ നിരവധി പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. അപ്പോഴൊന്നും ലഭിക്കാത്ത പ്രാധാന്യമാണ് ഈ പ്രകാശനത്തിന് ലഭിച്ചത്. താനും പിണറായിയും തമ്മിൽ ശത്രുതയിലാണെന്നു ധരിച്ചവർക്ക് തെറ്റി, മാത്രമല്ല നല്ല സൗഹൃദത്തിലുമാണ്. ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണ ഇല്ലാതാക്കാൻ ചടങ്ങിലൂടെ കഴിഞ്ഞുവെന്നും വ്യക്തമാക്കി. 2016 പുതുവർഷ ദിനത്തിൽ നടന്ന ആ കൂടിച്ചേരലിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരുന്നു. സോഷ്യലിസ്റ്റുകളുടെ ചരിത്രപരവും സ്വാഭാവികവുമായ സഖ്യശക്തി കമ്യൂണിസ്റ്റുകാരാണെന്ന തിരിച്ചറിവിലേക്ക് വീരേന്ദ്രകുമാർ മടങ്ങിയെത്തുമെന്നുതന്നെ പലരും നിരീക്ഷിച്ചു. ഒടുവിൽ അത് യാഥാർഥ്യമായി.
അമ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ച വീരേന്ദ്രകുമാർ അതിന്റെ മുദ്രകളായി രചിച്ച യാത്രാവിവരണങ്ങളും ശ്രദ്ധേയങ്ങൾ. ഹൈമവതഭൂവിൽ, ഡാന്യൂബ് സാക്ഷി, ആമസോണും കുറേ വ്യാകുലതകളും തുടങ്ങിവ ശ്രദ്ധേയം. ഗാട്ടും കാണാച്ചരടുകളും പോലുള്ള സാമ്പത്തിക വിമർശന രചനകൾക്കുകൂടി അത്തരമൊരു മാനമുണ്ട്. അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ, ലോകവ്യാപാര സംഘടനകളും ഊരാക്കുടുക്കുകളും, തുടങ്ങിയവയും സമാന രീതിശാസ്ത്രം പിൻപറ്റിയവ.
നിരന്തര യാത്രയും പരന്ന വായനയും അപഗ്രഥനാത്മക ശൈലിയും സൂക്ഷ്മ പ്രയോഗങ്ങളും അവയെയെല്ലാം മികച്ച വായനാനുഭവവുമാക്കി. വീട്ടുവളപ്പിനെക്കാൾ വലുത് ഭൂഗോളമാണെന്നും ആത്മകഥയെക്കാൾ വിസ്തൃതി ലോക ചരിത്രത്തിനാണെന്നും ഓർമിപ്പിച്ചു ആ എഴുത്തുകൾ. ലോകത്തെ തുറന്നുനോക്കാൻ പ്രേരണനൽകിയ എഴുത്തിലെ ധീരതയും ഒത്തുതീർപ്പില്ലായ്മയും വീരേന്ദ്രകുമാർ പ്രായോഗിക നിലപാടിൽ ഒരുപരിധിവരെ നിലനിർത്തിയതും മറക്കാനാവില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..