24 November Sunday

നയം വ്യക്തം; സുസ്ഥിരവികസനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 30, 2020

 

വ്യവസായ ഇടനാഴി പ്രവർത്തനം ഉടൻ
വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട്‌–- തൃശൂർ റോഡിൽ ഇന്റർഗ്രേറ്റഡ്‌ മനുഫാക്‌ചറിങ്‌ ക്ലസ്‌റ്ററിനായി മാസ്‌റ്റർ പ്ലാനിങ്‌ ആക്ടിവിറ്റി ഉടൻ ആരംഭിക്കും. സ്‌റ്റാർട്ടപ്‌  സംരംഭകരെ  സമഗ്രമായ ഇന്നൊവേഷൻ ആക്‌സിലറേഷൻ സ്‌കീമിലൂടെ സഹായിക്കും. ചെറുകിട മേഖലയിലെ സംരംഭകരെ സഹായിക്കാനായി ഉൽപ്പാദന മേഖലയെയും സേവനമേഖലയെയും ഉൾപ്പെടുത്തി മാർജിൻ മണി ഗ്രാന്റ്‌ ടു നാനോ യൂണിറ്റ്‌സ്‌ പദ്ധതി ആരംഭിക്കും. കൈത്തറി മേഖലയിലെ സ്‌ത്രീത്തൊഴിലാളികളുടെ ആരോഗ്യസംരക്ഷണത്തിനായി ഹാൻഡ്‌ലൂം ഫാമിലി വെൽഫെയർ സ്‌കീം ആരംഭിക്കും.

നിക്ഷേപകർക്ക്‌ ആവശ്യമായ സഹായവും മാർഗനിർദേശങ്ങളും നൽകാൻ സംസ്ഥാന, ജില്ലാകേന്ദ്രങ്ങളിൽ ‘ഇൻവെസ്‌റ്റ്‌മെന്റ്‌ ഫെസിലിറ്റേഷൻ സെന്റർ’ ആരംഭിക്കും. നിക്ഷേപകർക്ക്‌ വിവരങ്ങൾ നൽകാൻ ടോൾഫ്രീ നമ്പർ ആരംഭിക്കും. കാക്കനാട്ട്‌ 15 ഏക്കർ സ്ഥലത്ത്‌ ലോകനിലവാരത്തിലുള്ള എക്‌സിബിഷൻ കം കൺവൻഷൻ സെന്റർ ആരംഭിക്കാൻ  കിൻഫ്ര ഇന്ത്യാ ട്രേഡ്‌ പ്രൊമോഷൻ ഓർഗനൈസേഷനുമായി ചേർന്ന്‌ ജോയിന്റ്‌ വെൻച്വർ കമ്പനി രൂപീകരിക്കും. 

പൊതുമേഖലാസ്ഥാപനങ്ങൾക്കായി  സഹകരണ പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഇതിനായി റിയാബ്‌ ടെക്‌നിക്കൽ സർവീസ്‌ സപ്പോർട്ട്‌   സെന്റർ രൂപീകരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ അക്കൗണ്ടിങ്‌ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വാങ്ങൽ , വിൽപ്പന, അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗത്തിന്റെ കൃത്യത എന്നിവയ്‌ക്കായി എന്റർപ്രൈസ്‌ റിസോഴ്‌സ്‌ പ്ലാനിങ്‌ നടപ്പാക്കും.

ഐടി മേഖലയിൽ പുതിയ കെട്ടിടം
തിരുവനന്തപുരം ടെക്‌നോപാർക്കിൽ 4.5 ലക്ഷം ചതുരശ്ര അടി വിസ്‌തീർണത്തിൽ പുതിയ ഐടി കെട്ടിടവും കോഴിക്കോട്‌ സൈബർ പാർക്കിൽ മൂന്നുലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ടാമത്തെ ഐടി കെട്ടിടവും നിർമിക്കും. തിരുവനന്തപുരം ടെക്‌നോ സിറ്റിയിൽ ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കും. വനിതകളുടെ സ്‌റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. മലയാളം കംപ്യൂട്ടിങ്ങിനുള്ള സെന്റർ ഫോർ ഫ്രീ  ആൻഡ്‌ ഓപ്പൺ സോഴ്‌സ്‌ സോഫ്റ്റ്‌ വെയറിനെ ഇന്റഗ്രേറ്റഡ്‌ അക്കാദമിക്‌  റിസർച്ച്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ സെന്ററായി വികസിപ്പിക്കും.

 


 

സ്‌കൂൾ ലാബുകൾ നവീകരിക്കും
● പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ സവിശേഷകഴിവുകൾ പരിപോഷിപ്പിക്കും.
● സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണവും ഡിജിറ്റൈസേഷനും പൂർത്തിയാക്കും.
● സ്കൂൾ ലാബുകൾ നവീകരിക്കും.
● ക്ലാസ്‌മുറികളിലെ ഫർണിച്ചർ മെച്ചപ്പെടുത്തും.
● ഒരുലക്ഷം ക്ലാസ് ലൈബ്രറികൾ.
● സ്കൂൾ ക്യാമ്പസുകളെ മയക്കുമരുന്ന്‌, ശബ്ദമലിനീകരണമുക്തമാക്കും.
● അതിഥിത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള  ‘റോഷ്നി’ പദ്ധതി വ്യാപകമാക്കും.
● വിഎച്ച്‌എസ്‌ഇ, പ്ലസ്‌ടു വിഭാഗം നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിലേക്ക്‌.


 

ചേർത്തുപിടിക്കും ഭിന്നശേഷിയെ
ഭിന്നശേഷിക്കാർക്കായി  മികവിന്റെ കേന്ദ്രവും സിഐഐയുടെ ഹോസ്‌പ്പിലാറ്റി ഇൻസ്‌റ്റിറ്റ്യൂട്ടും.
അസംഘടിത തൊഴിൽ മേഖലയിലെ അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കും.
ബ്‌ളോക്ക്‌ ചെയിൻ സാങ്കേതികവിദ്യയെ  പ്രമാണ രജിസ്‌ട്രേഷൻ സേവനങ്ങളുമായി സംയോജിപ്പിക്കും. സബ്‌ രജിസ്‌ട്രി ഓഫീസുകളെ ഐഎസ്‌ഒ നിലവാരത്തിലെത്തിക്കും. ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌ സൗകര്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട സബ്‌ രജിസ്‌ട്രി ഓഫീസുകളിൽ അവധി ദിവസങ്ങളിലും രേഖകൾ രജിസ്‌റ്റർ ചെയ്യാനുള്ള സംവിധാനമുണ്ടാക്കും.

പ്രമേഹക്കാർക്ക്‌ നയനാമൃതം
● രക്തസമ്മർദവും  പ്രമേഹവും ഉള്ളവരുടെ ജനസംഖ്യാധിഷ്ഠിത സ്ക്രീനിങ്‌  വ്യാപകമാക്കും.
● ഡയബറ്റിക്‌ റെറ്റിനോപ്പതി സ്ക്രീൻ ചെയ്യാൻ  ‘നയനാമൃതം’ എല്ലാ ജില്ലയിലേക്കും.
● സംസ്ഥാനതല ആത്മഹത്യാ പ്രതിരോധ പരിപാടി, ആദിവാസി–- തീരദേശ മേഖലകളിലെ ജനങ്ങൾക്കായി പ്രത്യേക മാനസികാരോഗ്യ പരിപാടി.
● കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ കേന്ദ്രം.
● ആർദ്രം മിഷനു കീഴിൽ ബ്ലോക്കുതല സാമൂഹ്യാരോഗ്യകേന്ദ്രങ്ങളുടെ പരിവർത്തനം നടപ്പാക്കും.
● ഫുഡ്‌ ഹൈജീൻ റേറ്റിങ്‌ ആൻഡ്‌ ബ്രാൻഡിങ്‌ സിസ്റ്റം.
● ഉപയോഗിക്കാത്ത/ കാലഹരണപ്പെട്ട മരുന്നുകൾ നീക്കംചെയ്യാൻ പ്രോഗ്രാം ഓൺ റിമൂവൽ ഓഫ്‌ അൺ യൂസ്‌ഡ്‌ ഡ്രഗ്‌സ്‌  (പ്രൗഡ്‌) വ്യാപിപ്പിക്കും.
● മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള വളർച്ചാ വൈകല്യമുള്ള കുട്ടികളുടെ സമഗ്ര വികസനത്തിനായി കോഴിക്കോട്‌ ഇംഹാൻസിൽ പ്രത്യേക കേന്ദ്രം.



 

വയോജനങ്ങളെ ഒപ്പം കൂട്ടും
പകൽ കുടുംബങ്ങളിൽ മതിയായ പരിചരണവും സംരക്ഷണവും ലഭിക്കാതെ ഒറ്റപ്പെടുന്ന വയോജനങ്ങൾക്കായി വയോഹസ്‌തം പദ്ധതി നടപ്പാക്കുമെന്ന്‌ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.


 

● കുടുംബശ്രീയുമായി സഹകരിച്ച്‌ പരിശീലനം സിദ്ധിച്ച ഹോം നേഴ്‌സുമാരുടെ സേവനവും.
● കായികപ്രവർത്തനങ്ങളിൽ അംഗപരിമിതരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ശ്രേഷ്‌ഠം പദ്ധതി. കലാകായികരംഗത്ത്‌ മികവ്‌ തെളിയിച്ച ഭിന്നശേഷിക്കാർക്ക്‌ ദേശീയ, സംസ്ഥാന സ്ഥാപനങ്ങളിൽ പരിശീലനത്തിന്‌ സാമ്പത്തിക സഹായം.
● ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും ഇ–-സ്‌റ്റോർ, വെബ്‌പോർട്ടർ, മാർക്കറ്റ്‌ പ്ലെയ്‌സ്‌.
● ട്രാൻസ്‌ജെൻഡർ വിദ്യാർഥികളുടെ ഉന്നതപഠന ചെലവ്‌ സർക്കാർ വഹിക്കും.
 

യുവാക്കൾക്ക്‌ പരിശീലനം
● 6000 പട്ടികജാതി, വർഗ യുവാക്കൾക്ക്‌ നൈപുണ്യ വികസന പരിശീലനം.
● കണ്ണൂരിലെ പെരിങ്ങം, കോഴിക്കോട്ടെ മരുതോങ്കര എന്നിവിടങ്ങളിൽ പുതിയ മാതൃകാ റസിഡൻഷ്യൽ സ്‌കൂൾ.
● പാലക്കാട്‌ ഫുഡ്‌ക്രാഫ്‌റ്റ്‌ ഇൻസ്റ്റിറ്റ്യൂട്ടിന്‌ പുതിയ കെട്ടിടം.
● 72,000 വീട്‌ പൂർത്തിയാക്കാൻ എസ്റ്റിമേറ്റ്‌ പ്രകാരം 1,50,000 രൂപവരെ ധനസഹായം.

പമ്പയിൽ റൂം ഫോർ ദി റിവർ
● പ്രളയസാധ്യതയുള്ള നദികളിൽ അധിക ജലം ഉൾക്കൊള്ളാൻ സ്ഥലം ഒരുക്കുന്ന റൂം ഫോർ ദി റിവർ പദ്ധതി പമ്പയിൽ.
● നഗരങ്ങളിൽ പെട്ടെന്ന്‌ ഉണ്ടാകുന്ന വെള്ളപ്പൊക്കം ലഘൂകരിക്കും.
● വെള്ളപ്പൊക്കവും മണ്ണൊലിപ്പും തടയൽ പദ്ധതി നടപ്പാക്കും.
● കടൽത്തീര മണ്ണൊലിപ്പ്‌ തടയാൻ സമഗ്ര സുസ്ഥിര തീരസംരക്ഷണ മാതൃക വികസിപ്പിക്കും.
● റിവർ ബെയ്‌സിൻ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടുത്തി ജലസേചനവകുപ്പ്‌ പുനഃസംഘടിപ്പിക്കും.
●  30 കോടി ചെലവിൽ തിരുവനന്തപുരത്ത്‌ ഡാം സേഫ്‌റ്റി ആസ്ഥാനം.
● തദ്ദേശസ്ഥാപനങ്ങൾ മുഖേന ഗ്രാമീണവീടുകൾക്ക്‌ പൈപ്പ്‌ ജലവിതരണത്തിന്‌  ജൽജീവൻ മിഷൻ.
● ടാങ്കർവഴി വെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ ഘട്ടംഘട്ടമായി പൈപ്പ്‌ വെള്ളം.
● കൊച്ചി സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും തിരുവനന്തപുരം നഗരത്തിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും ഏഷ്യ വികസന ബാങ്ക്‌ സഹായത്തോടെ മുഴുവൻ സമയവും ജലവിതരണം.

വീടുകൾക്ക്‌ വൈദ്യുതി സുരക്ഷ
● വീടുകളിൽ വൈദ്യുതി അപകടം ഇല്ലാതാക്കാൻ മിഷൻ ഇ സേഫ്‌ ഹോം പദ്ധതി. ഇതിനായി 3000 ബിപിഎൽ  വീടുകൾ എർത്ത്‌ ലീക്കേജ്‌ സർക്യൂട്ട്‌ ബ്രേക്കർ ഉപയോഗിച്ച്‌ റീ വയറിങ് നടത്തും.
● ആറ്‌ മുനിസിപ്പൽ കോർപറേഷനിലും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ ജില്ലകളിലെ 60ൽ അധികം കേന്ദ്രത്തിലും ഇലക്ട്രിക്‌ വെഹിക്കിൾ ചാർജിങ്‌ സ്‌റ്റേഷൻ.


 

കണ്ണൂരിൽ സഫാരി പാർക്ക്‌
● സുസ്ഥിര വിനോദസഞ്ചാരവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട്‌ കണ്ണൂർ ജില്ലയിലെ കണ്ണവത്ത്‌ വന്യജീവി സഫാരിപാർക്ക്‌.
● ഓൺലൈൻ വന്യജീവി വ്യാപാരം തടയാൻ ഡിജിറ്റൽ തെളിവ്‌ ശേഖരിക്കാനും വിശകലനം ചെയ്യാനും സാങ്കേതിക സഹായം നൽകാനും ഹൈ എൻഡ്‌ സൈബർ ഫോറൻസിക്‌ ലബോറട്ടറി.
● മുറിവേറ്റ കടുവകളുടെ ചികിത്സയ്‌ക്കും പുനരധിവാസത്തിനും കടുവപുനരധിവാസകേന്ദ്രം.
● പ്രത്യേക സമുദ്രസംരക്ഷിത പ്രദേശങ്ങളെ കമ്യൂണിറ്റി റിസർവായി പ്രഖ്യാപിക്കും.
● വനംവകുപ്പിന്റെ വൃക്ഷത്തൈ വിതരണത്തിന്‌ പ്ലാസ്റ്റിക്‌ രഹിത കമ്പോസ്റ്റബിൾ കവർ.രാത്രിയിലും മൃഗാശുപത്രി
● അടിയന്തര രാത്രികാല വെറ്ററിനറി സേവനം എല്ലാബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും. മാതൃകാ വെറ്ററിനറി സ്ഥാപനങ്ങൾ, മൊബൈൽ വെറ്ററിനറി ക്ലിനിക്‌, മൊബൈൽ–-ടെലി വെറ്ററിനറി ക്ലിനിക്‌ നടപ്പാക്കും. -വാണിജ്യപരമായി ആട്‌ വളർത്തുന്നവർക്ക്‌ സഹായം.

ഹോമിയോയിലും വന്ധ്യതാചികിത്സ
● ഹോമിയോ ഡയറക്ടറേറ്റിനു കീഴിൽ കണ്ണൂരിൽ വന്ധ്യതാ ചികിത്സയിൽ മികവിന്റെ കേന്ദ്രം .
● ഹോമിയോപ്പതിയിലൂടെ ശ്രവണ വൈകല്യമുള്ളവരെ ചികിത്സിക്കാനും പരിശീലിപ്പിക്കാനുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആൻഡ്‌ ഹിയറിങ്ങു(നിഷ്‌)മായി സഹകരിക്കും.

അതിജീവിക്കാൻ അരലക്ഷം
● വനിതകൾ കുടുംബനാഥരായുള്ള കുടുംബങ്ങൾക്ക്‌ സംഭവിക്കാവുന്ന അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികളിൽ 50,000 രൂപവരെ സഹായം നൽകാൻ അതിജീവിക പദ്ധതി.
● ജൻഡർ പാർക്കിന്റെ ഭാഗമായി അന്തർദേശീയ വനിതാ ട്രേഡ്‌ സെന്റർ.

സഹകരണ സംഘം ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ
സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ കോ–-ഓപ്‌ മാർക്ക്‌ എന്നപേരിൽ ഒറ്റ ബ്രാൻഡിലും ഗുണനിലവാരമുദ്രയിലും വിപണിയിലെത്തിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. സഹകരണസ്ഥാപനങ്ങളെ ഡിജിറ്റൽ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ എത്തിക്കാൻ ‘പ്ലാറ്റ്‌ഫോം കോ–-ഓപ്പറേറ്റീവ്‌സ്‌’ ആശയം അവതരിപ്പിക്കും. പാലക്കാട്‌ കണ്ണമ്പ്രയിൽ പ്രതിദിനം 200 ടൺ ഉൽപ്പാദനശേഷിയുള്ള ആധുനിക അരി മില്ല്ആരംഭിക്കും. കേരളബാങ്ക്‌ സംസ്ഥാനത്തിന്റെ മുഴുവൻ ബാങ്കിങ്‌ ആവശ്യങ്ങളും നിറവേറ്റും. മഹാപ്രളയത്തിനുശേഷം സഹകരണവകുപ്പ്‌ ആവിഷ്‌കരിച്ച കെയർഹോം, കെയർലോൺ, കെയർ ഗ്രേസ്‌ എന്നീ മൂന്ന്‌ ഘടകങ്ങളുള്ള കെയർ കേരള സഹകരണസഖ്യം വിജയകരമായി നടപ്പാക്കി. കെയർഹോമിനു കീഴിൽ 1935 വീട്‌ നിർമിച്ചു. മൈക്രോഫിനാൻസ്‌ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യിലൂടെ 219.34 കോടി രൂപ വിതരണംചെയ്‌തതായും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കെഎസ്‌ആർടിസി 300 ബസ്‌ വാങ്ങും
കെഎസ്‌ആർടിസിക്കായി 300 പുതിയ ഡീസൽ ബസ്‌ വാങ്ങും. 100 വാഹനം സിഎൻജിയിലേക്ക്‌ മാറും. കെഎസ്‌ആർടിസിക്കും പൊതു ജനങ്ങൾക്കുമായി  ഉപയോഗിക്കുന്ന തരത്തിൽ 93 ഡിപ്പോകളിലും അഞ്ച്‌ മേജർ വർക്‌ഷോപ്പുകളിലും ഹൈസ്‌പീഡ്‌ ഡീസൽ, പെട്രോൾ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കും. എല്ലാ ജില്ലാ ഹെഡ്‌ക്വാർട്ടേഴ്‌സുകളിലും ഡ്രൈവേഴ്‌സ്‌ ട്രെയ്‌നിങ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ആരംഭിക്കും.


 

ആദ്യ സോളാർ റോ–-റോ സർവീസ്‌ കേരളത്തിൽ
ഇന്ത്യയിലെ ആദ്യ സോളാർ ഇലക്‌ട്രിക്‌ റോ–-റോ സർവീസും കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന കേരളത്തിലെ ആദ്യ വാട്ടർ ബസും ഈ വർഷം ആരംഭിക്കും. കൊച്ചി മെട്രോ കലൂർ നെഹ്രു സ്‌റ്റേഡിയത്തിൽനിന്ന്‌  കാക്കനാട്‌ വരെയുള്ള കോറിഡോർ പണി ഈ വർഷം ആരംഭിക്കും. ജലപാതയുടെ സാധ്യത ഉപയോഗപ്പെടുത്തി ചരക്ക്‌ നീക്കത്തിന്‌ ബാർജ്‌ സർവീസ്‌ തുടങ്ങും. 

അപകടത്തിൽ പെടുന്നവർക്ക്‌ അരലക്ഷംരൂപയിൽ കുറയാത്ത ചികിത്സാ ചെലവ്‌ വഹിക്കാൻ ഗോൾഡൻ അവർ മെഡിക്കൽ ട്രീറ്റ്‌മെന്റ്‌ പദ്ധതി ആരംഭിക്കും. ഗൾഫ്‌ നാടുകളിലേക്കും യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളിലേക്കും ഡ്രൈവറായി ജോലി തേടി പോകുന്നവരുടെ അവസരം വർധിപ്പിക്കാൻ മലപ്പുറത്ത്‌ അന്താരാഷ്‌ട്ര ഡ്രൈവിങ്‌ ടെസ്‌റ്റിങ്‌ ട്രാക്കും കോച്ചിങ്‌ സെന്ററും ആരംഭിക്കും. കോഴിക്കോട്ട്‌ പാവങ്ങാട്‌–- കോരപ്പുഴ റൂട്ടിൽ സെയ്‌ഫ്‌ ലൈഫ്‌ റോഡ്‌ പദ്ധതി ആരംഭിക്കും.

കടലിന്റെ മക്കൾക്ക്‌ പലിശരഹിത വായ്‌പ
പ്രളയകാലത്ത്‌ കേരളത്തിന്റെ സ്വന്തം സൈന്യമായ മൽസ്യത്തൊഴിലാളികൾക്ക്‌ പലിശരഹിത വായ്‌പ നൽകും. വള്ളവും വലയും വാങ്ങാൻ  മൽസ്യത്തൊഴിലാളികളുടെ  ഗ്രൂപ്പുകൾക്കാണ്‌ വായ്‌പ. കാലാവസ്ഥാ മുന്നറിയിപ്പ്‌ കാര്യക്ഷമമാക്കാൻ ഫിഷറീസ്‌ സ്‌റ്റേഷൻ സജ്ജമാക്കും. മൽസ്യത്തൊഴിലാളികൾക്കും കുട്ടികൾക്കും ഉദ്യോഗസ്ഥർക്കും അന്താരാഷ്‌ട്ര നിലവാരമുള്ള പരിശീലനം നൽകും. ജീവനോടെ മൽസ്യം ലഭ്യമാക്കാൻ മാർക്കറ്റുകൾ തുടങ്ങും.

ശുചിത്വ സാഗരം പദ്ധതി മുനമ്പം, ബേപ്പൂർ, പുതിയാപ്പ തുറമുഖങ്ങളിലും നടപ്പാക്കും. ഫിഷ്‌ ഫാമുകൾക്ക്‌  രജിസ്‌ട്രേഷനും ലൈസൻസും ജിപിഎസും  ഏർപ്പെടുത്തും. മുട്ടത്തറ  മാതൃകയിൽ  ഫ്‌ളാറ്റ്‌ പദ്ധതി വ്യാപിപ്പിക്കും. പൊഴിയൂരിൽ മൽസ്യബന്ധന തുറമുഖം നിർമിക്കും. താനൂർ, വെള്ളയിൽ എന്നിവ കമീഷൻ ചെയ്യും. അർത്തുങ്കലിൽ ബാക്കി ജോലികളും തോട്ടപ്പള്ളി, കാസർകോട്‌, ചെത്തി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും ഏറ്റെടുക്കും.


 

എല്ലാ ഗ്രാമപഞ്ചായത്തും ഐഎസ്‌ഒ നിലവാരത്തിലേക്ക്‌
● എല്ലാ ഗ്രാമപഞ്ചായത്തുകളും ഐഎസ്‌ഒ അംഗീകാരം നേടും.
● ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾക്കുള്ള ഏക ഇലക്ട്രോണിക്‌ പ്ലാറ്റ്‌ഫോമായി ഇന്റഗ്രേറ്റഡ്‌ ലോക്കൽ ഗവ. മാനേജ്‌മെന്റ്‌ സിസ്‌റ്റം ആരംഭിക്കും.
● തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായ ‘ഔട്ടർ ഏരിയ ഗ്രോത്ത്‌ കോറിഡോർ’ പദ്ധതി സംസ്ഥാനത്തെ പ്രധാന പദ്ധതികൾക്കായി പ്രയോജനപ്പെടുത്തും.
● ലൈഫ്‌ മിഷന്റെ ഭാഗമായി പ്രീ ഫാബ്‌ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ 85 പാർപ്പിട സമുച്ചയം നിർമിക്കുന്നു. ഒക്ടോബറിൽ പൂർത്തിയാകും.
● സംസ്ഥാനത്തെ മൂന്ന്‌ മേഖലയിൽ നിർമാണ–- പൊളിക്കൽ വേസ്‌റ്റുകൾക്കായി പ്ലാന്റ്‌.
● സ്വന്തമായി ഭൂമിയുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആധുനിക ശ്മശാനങ്ങൾ.
● വിവിധ എൻജിനിയറിങ്‌ കോളേജുകളുടെ സഹകരണത്തോടെ 1420 കിലോമീറ്റർ റോഡിന്റെ നിലവാരം ഉയർത്തും.
● ജില്ലാതല ഹോഡ്‌ നെറ്റ്‌‌വർക്ക്‌ മാപ്പും കണക്ടിവിറ്റി മാപ്പും തയ്യാറാക്കും.
● ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ ചെറുകിട സംരംഭ വിഭവ കേന്ദ്രങ്ങൾ.
● തദ്ദേശഭരണ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കും. 3,40,000 ‌വളന്റിയർമാർ ഉൾപ്പെടുന്ന സന്നദ്ധസേനയെ ദുരന്തനിവാരണവുമായി ബന്ധിപ്പിക്കും.

അതിനൂതന കോഴ്‌സുകൾ പഠിപ്പിക്കും
● സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ബിഗ്‌ ഡാറ്റ അനാലിസിസ്‌ കേന്ദ്രം
● പോളിടെക്നിക്കുകളിൽ ഫാബ്‌ലാബുകൾ
● ഐസർപോലുള്ളവയുമായി ചേർന്ന്‌ ഫാക്കൽറ്റി പരിശീലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്സ്‌ മേഖലകളിൽ നൂതന കോഴ്‌സുകൾ കോളേജ്‌ കെട്ടിടങ്ങളും ലബോറട്ടറികളും നിർമിക്കും
● സർവകലാശാലകളുടെ സ്റ്റാറ്റ്യൂട്ട്‌ പരിഷ്കരിക്കും
● ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ്‌ കേരള പ്രവർത്തനം ആരംഭിക്കും
● വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യവികസനത്തിനായി ഹാക്കത്തോൺ പരമ്പര
● വ്യവസായ കോഴ്‌സുകൾ ഏകോപിപ്പിക്കും
● കൊഴിഞ്ഞുപോയവർക്കും പ്രവാസികൾക്കുമായി കമ്യൂണിറ്റി കോളേജുകൾ
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എയ്‌ഡഡ്‌ കോളേജുകളിലും  ‘ജീവനി’ കൗൺസലിങ്‌ കേന്ദ്രം
● എല്ലാ സ്ഥാപനങ്ങൾക്കും അംഗീകാരം നിർബന്ധമാക്കും
● സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകർക്കും മാന്യമായ സേവന–- വേതന വ്യവസ്ഥ
● ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ ഇ–- ജേർണലുകൾക്കായി കൺസോർഷ്യം
● വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കുന്ന ബിൽ അവതരിപ്പിക്കും
●  ട്രിവാൻഡ്രം എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജി റിസർച്ച്‌ പാർക്ക്‌ ശക്തിപ്പെടുത്തും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top