ചൂരൽമല
ഉറക്കത്തിൽ ഇരച്ചെത്തിയ ദുരന്തത്തിന്റെ വിറങ്ങലിലാണിപ്പോഴും മുണ്ടക്കൈ. പുലർന്നപ്പോഴേക്കും ചുറ്റും നിറഞ്ഞത് പ്രിയപ്പെട്ടവരുടെ ജീവനറ്റ് വിറങ്ങലിച്ച ശരീരങ്ങളാണ്. ‘പാതിരാത്രി പന്ത്രണ്ടര പിന്നിടുമ്പോഴാണ് വലിയ ഇരമ്പൽ കേട്ടത്. അപകടമാണെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങി. ചുറ്റും വെള്ളം, മക്കളെയും ചേർത്ത് പിടിച്ചുനിന്നു’–- പടിക്കപറമ്പിൽ റഷീദ് നാട് കൺമുന്നിൽ കീഴ്‌മേൽ ചുഴറ്റിയെറിയപ്പെടുന്നത് കൺമുന്നിൽ കാണുകയായിരുന്നു.
എല്ലാവരും കരുതിയത് അമ്പലക്കുന്നിൽനിന്നാണ് മലവെള്ളം വരുന്നതെന്നാണ്. പരക്കംപാച്ചിൽ തുടങ്ങി. എന്നാൽ എറ്റവും ഉയർന്ന കുന്നായ പുഞ്ചിരിമട്ടത്തെ വെള്ളരിമലയിൽനിന്നാണ് ഉരുൾജലം കുത്തിയൊലിച്ചെത്തിയത്. ഇവിടെനിന്ന് വെള്ളം വരുന്നത് പ്രതീക്ഷിക്കാത്തതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽപ്പെട്ടു. വലിയ മരങ്ങളും പാറക്കൂട്ടങ്ങളും മലവെള്ളത്തിനൊപ്പം കുതിച്ചെത്തി. കെട്ടിടങ്ങൾ തകർന്നു.
എവിടെയും വെളിച്ചമില്ലായിരുന്നു. വാട്‌സ്‌ആപ്പിൽ സഹായിക്കണമെന്നഭ്യർഥിച്ച് അപ്പോൾ തന്നെ സന്ദേശമയച്ചു. ഇതോടെയാണ് മുണ്ടക്കൈയിലെ ദുരന്തം നാടറിയുന്നത്. പുലർച്ചെ മൂന്നോടെ പലരും പുഴയുടെ അക്കരെ എത്തിയെങ്കിലും ചൂരൽമല പാലം ഒലിച്ചുപോയതിനാൽ മുണ്ടക്കൈയിലെത്താനായില്ല–- റഷീദ് പറയുന്നു.
വോട്ടർപട്ടിക പ്രകാരം 900 പേരാണ് മുണ്ടക്കൈയിലുള്ളത്. കുട്ടികൾ, എട്ട് എസ്‌റ്റേറ്റുകളിലായി ജോലിയെടുക്കുന്ന ഇതര സംസ്ഥാനതൊഴിലാളികൾ, റിസോർട്ടിലെ ജീവനക്കാരും അതിഥികളും എന്നിവർ ഉൾപ്പെടെ ആയിരത്തിന് മുകളിലുണ്ട് ജനസംഖ്യ. ഇരുനൂറിലധികം വീടുകളെന്നാണ് അനുമാനം. ഇതിൽ ഭൂരിപക്ഷവും തകർന്നു. പലരും വീടുകളിലും കെട്ടിടാവശിഷ്ടങ്ങളിലും കുടുങ്ങി. റോഡും പാലവും തകർന്നതോടെ ഗ്രാമം ഒറ്റപ്പെട്ടു. ദുരന്തരക്ഷാസേനയെത്തി വടം കെട്ടിയാണ് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരെയും ആശുപത്രികളിലേക്കെത്തിച്ച് തുടങ്ങിയത്. വൈകിട്ട് ആറോടെ സൈന്യം എത്തി താൽക്കാലിക പാലത്തിന്റെ നിർമാണം തുടങ്ങി. ഇതിനിടെ ഹെലികോപ്‌ടർ എത്തിച്ചെങ്കിലും വൈകിട്ടോടെയാണ് ലാൻഡ് ചെയ്യാനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..