പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ ആഗോള തലത്തിൽ വൻവർധന. കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തങ്ങൾ വിതയ്ക്കവെ സമീപ വർഷങ്ങളിൽ ജീവൻ നഷ്ടമാവുന്നവരുടെ എണ്ണവും വർധിക്കയാണ്.
ലോകത്തിൽ സംഭവിക്കുന്ന വൻ ദുരന്തങ്ങളിൽ മൂന്നിൽ രണ്ടും പ്രകൃതി ദുരന്തങ്ങളാണെന്ന് ഇന്റർ നാഷണൽ ഡിസാസ്റ്റർ ഡാറ്റാ ബേസ് വ്യക്തമാക്കുന്നു. 2022 ലെ ദുരന്തങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മണ്ണിടിച്ചിൽ മൂലമുള്ള മരണങ്ങളുടെ എണ്ണത്തില്‍ 2023 വർഷത്തിൽ 60 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കാട്ടുതീ മൂലമുള്ള മരണങ്ങള്‍ 278 ശതമാനം വര്‍ധിച്ചു. കൊടുങ്കാറ്റ് മൂലം ജീവൻ നഷ്ടമായവരുടെ എണ്ണത്തില്‍ 340 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.
ലോകത്തിൽ 3.6 ബില്യൺ ജനങ്ങൾ കാലാവസ്ഥാവ്യതിയാനം മൂലമുള്ള ഭീഷണ സാഹചര്യത്തിൽ ജീവിക്കുന്നു. ആഫ്രിക്ക,ദക്ഷിണ ഏഷ്യ, ദക്ഷിണമധ്യ അമേരിക്ക മേഖലകളിലാണ് ഏറ്റവും വലിയ ഭീഷണി നിലനിൽക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പഠിക്കുന്ന ഇന്റർഗവൺമെന്റൽ പാനൽ (IPCC) റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇരകൾ അധികവും വികസ്വര രാജ്യങ്ങളിലെ സാധാരണ ജനങ്ങൾ
ലോക ജനസംഖ്യയില്‍ നാലു ശതമാനം മാത്രമുള്ള സമ്പന്ന രാജ്യങ്ങളാണ് 25 ശതമാനം ആഗോളതാപനത്തിന് ഉത്തരവാദികള്‍. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കാട്ടുതീ, വരള്‍ച്ച തുടങ്ങിയ ദുരന്തങ്ങളിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് ദുര്‍ബലരായ ജനങ്ങളും സമൂഹങ്ങളുമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും അധികം ഉത്തരവാദികളാവുന്ന വികസിത രാജ്യങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് സമ്പത്ത് ഉപയോഗിച്ച് വേഗം കരകയറുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ പുനരുജ്ജീവനം എളുപ്പമല്ല.
ലോകജനസംഖ്യയുടെ പകുതിയും താമസിക്കുന്നത് കാലാവസ്ഥാ മാറ്റത്തിന് ഇരയാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണെന്ന് ഐപിസിസി ഇതിന് അനുബന്ധമായി ചൂണ്ടികാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങൾ തന്നെയും, സമീപകാലത്ത് നേരിട്ട വരൾച്ചയുടെ ആഘാതം ഫലപ്രദമായി ലഘൂകരിക്കാൻ കൂടുതൽ മഴ ആവശ്യമായി വരുന്നുവെന്ന വൈരുദ്ധ്യം നേരിടുന്നു.
എമർജൻസി ഇവന്റ് ഡാറ്റാ ബേസ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 2023 ൽ 399 പ്രകൃതി ദുരന്തങ്ങളുണ്ടായി. 93.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചു. പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും അധികം ജീവനുകൾ നഷ്ടമായതും കഴിഞ്ഞ വർഷമാണ്. കഴിഞ്ഞ ഇരുപത് വർഷത്തെ ശരാശരി മരണം 64,148 ആയി കണക്കാക്കുമ്പോൾ 2023 ൽ ഇത് 86,473 മരണങ്ങളാണ്. 202.7 ബില്യൺ ഡോളർ നഷ്ടമാണ് ഈ ദുരന്തങ്ങൾ മനുഷ്യർക്ക് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..