നേർത്തു തുളുമ്പുന്ന മഴയെ അനുയാത്ര ചെയ്യുന്ന കാറ്റുപോലെയാണ് ജയചന്ദ്ര ഗീതികൾ നമ്മെ തേടിയിരുന്നത്. അതിൽ ജീവിതത്തിന്റെ സൂക്ഷ്‌മശ്രുതികൾ ഈണമുതിർക്കുന്നു. അനന്തവിസ്‌തൃ തമായ സംഗീതരംഗ ഭൂമിയിൽ കേരളീ യതയുടെ സ്വകീയമുദ്രകൾ കണ്ടെ ടുക്കാൻ ശ്രമിക്കുന്ന ഏതൊരാളെയും ഈ ഗായകന്റെ നാദസൗന്ദര്യം കാലാകാലം പിന്തുടർന്നുകൊണ്ടേയിരിക്കും. ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയ ഗായകന്റെ പാട്ടുവഴികളെക്കുറിച്ച്
മലയാളികളുടെ ഭാവാത്മകതയ്‌ക്ക് നാദരൂപം പകർന്ന് പി ജയചന്ദ്രൻ എന്ന ഗായകൻ. സാഹിത്യമറിഞ്ഞ് പാടിയാണ് ജയചന്ദ്രൻ മറ്റു ഗായകരിൽനിന്ന് വേറിട്ടുനിൽക്കുന്നത്. മലയാളഭാഷയുടെ മാദകഭംഗികൾ പാട്ടിൽ പൊലിപ്പിച്ചെടുത്തു അദ്ദേഹം. കോരിത്തരിക്കുമെൻ മലയാളത്തിന്റെ കുളിരിൽ ഞാനലിഞ്ഞോട്ടെ എന്ന് പാടിയതും മറ്റാരുമല്ല. സ്‌ഫുടമായ ഭാഷയിലുള്ള ആലാപനം ലഭിച്ചത് ദേവരാജൻ മാഷിന്റെ ശിക്ഷണത്തിൽ നിന്നാണെന്ന് ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. എങ്ങനെ പാടണം എന്നുള്ളതിനേക്കാൾ എങ്ങനെ പാടാതിരിക്കണം എന്നുള്ളതിലായിരുന്നു ആ ഗായകന്റെ ശ്രദ്ധ.
ഏതുതരം പാട്ടായാലും ഭാവത്തിന്റെ സൂക്ഷ്‌മധ്വനികൾ ഹൃദിസ്ഥമാക്കിയുള്ള സ്വാഭാവികാലാപന പ്രക്രിയയാണ് അദ്ദേഹത്തിന്റേത്. ഭാരതപ്പുഴയുടെ തീരത്ത് മലർന്നുകിടന്ന് പാട്ടുകൾ പാടാൻ കൊതിക്കുന്ന ഒരാളുടെ നാടോടിത്തംകൂടി ഇതിലുണ്ട്. ഒരുപക്ഷേ, ഉണ്ണായി വാരിയരുടെയും അമ്മന്നൂരിന്റെയുമൊക്കെ സ്വാഭാവിക തുടർച്ചകൾ ഇതിൽ കാണാം. ഉച്ചരിക്കുന്ന വാക്കുകളിലെ ഭാവലയ ഭംഗികൾക്ക് പൂർണിമ നൽകുന്ന ആലാപന സമ്പ്രദായം. ഇത്തരം ഗാനങ്ങളിൽ പുലർത്തുന്ന ഭാവവിടർച്ചകൾക്ക് എത്രയെത്ര ഉദാഹരണമാണ്. കാറ്റുവന്നൂ നിന്റെ കാമുകൻ വന്നൂ എന്ന പാട്ടിൽ നിറയുന്ന കാമുകഭാവം, നിൻമണിയറയിലെ എന്ന വാക്കിൽ ഉടക്കിനിൽക്കുന്ന പ്രണയപ്രഫുല്ലത, റംസാനിലെ ചന്ദ്രികയോ എന്ന ഗാനത്തിൽ തുടിച്ചുണരുന്ന തരളത, സന്ധ്യക്കെന്തിന് സിന്ദൂരം എന്ന വരിയിലെ ലയസൗന്ദര്യം, സ്വപ്‌നത്തിൻ ലക്ഷദ്വീപിലെ എന്ന പാട്ടിലെ ‘ചക്രവർത്തിനി’ എന്നു പാടുന്നേരമുള്ള ഭാവതരംഗം, മൃദുലേ ഇതാ എന്ന പാട്ടിലെ രാഗമേഖലകൾ, മംഗലപ്പാലതൻ പൂമണമൊഴുകിയിലെ സൗമ്യനാദസുഗന്ധം, ആരും കാണാതെ ചുണ്ടത്തെ എന്ന പാട്ടിലുണരുന്ന സാന്ദ്രാനുഭൂതി, ഉത്സവക്കൊടിയേറ്റക്കേളിയിലെ ‘രജനീഹൃദയം’ എന്ന ഭാഗത്തെ നാദകേളി, ഏകാകിയാം നിന്റെ സ്വപ്‌നങ്ങൾക്കൊക്കെയും എന്ന ഗാനത്തിലെ വിഷാദസ്‌മൃതി, നീലമലപ്പൂങ്കുയിലേ എന്നതിലെ താരാട്ടിന്റെയും വാത്സല്യത്തിന്റെയും അനുശ്രുതി, ഹൃദയേശ്വരിയിലെ നെടുവീർപ്പ്, ഏകാന്തപഥികൻ ഞാൻ എന്ന പാട്ടിൽ കിനിയുന്ന സങ്കടത്തുള്ളി, എന്റെ ജനലരികിൽ എന്ന പാട്ടിൽ പൂക്കുന്ന പ്രണയജമന്തി, ഒന്നിനി ശ്രുതി താഴ്‌ത്തി പാടുമ്പോഴുള്ള നിത്യജാഗ്രത, കണ്ണടച്ചാലും കണ്ണുതുറന്നാലും എന്ന പാട്ടിലെ പ്രേമനേരങ്ങൾ... ഇങ്ങനെ ആലാപനത്തിൽ പലവിധം പല ഭാവത്തിൽ തോറ്റിയെടുക്കുന്ന ജാലവിദ്യകൾ എത്രപറഞ്ഞാലാണ് തീരുക.
ഹർഷബാഷ്‌പം തൂകിയിലെ ആലാപനവിശുദ്ധിയിൽ ആകൃഷ്ടനായ ഗാനഗന്ധർവന്റെ അഭിനന്ദനം എക്കാലത്തെയും വലിയ അവാർഡെന്ന് ജയചന്ദ്രൻ കരുതുന്നു. മലയാളികൾ മധുരസ്വപ്‌നംപോലെ മനസ്സിൽ സൂക്ഷിക്കുന്ന ഒട്ടേറെ ഗാനം ജയചന്ദ്രന്റേതാണ്. മാനത്തുകണ്ണികൾ, ഉപാസന, മഞ്ഞലയിൽ മുങ്ങിത്തോർത്തി, കരിമുകിൽ കാട്ടിലെ, അനുരാഗഗാനംപോലെ, ശ്രീനഗരത്തിലെ, ഇന്ദുമുഖി, പൂർണേന്ദുമുഖി, സ്വർണഗോപുര നർത്തകീ ശിൽപ്പം, സ്വപ്‌നലേഖേ, തൊട്ടേനെ ഞാൻ, ശരദിന്ദുമലർദീപനാളം, പൂവും പ്രസാദവും, പാലാഴിപ്പൂമങ്കേ, രാജീവനയനേ, ശിശിരകാലമേഘ, തിരുവാഭരണം ചാർത്തി, കല്ലായിക്കടവത്ത്... അങ്ങനെ പോകുന്നു ആ ഗാനനിരകൾ. സരളഹൃദ്യമായ ഒരാലാപനത്തിന്റെ അനായാസമായ പീലിവിടർത്തൽ ജയചന്ദ്രഗീതികളിലുണ്ട്.
പാടിയതിൽ ഇഷ്ടഗാനമേതെന്ന് ചോദിച്ചാൽ ജയചന്ദ്രന് മറുപടിയൊന്നേയുള്ളൂ, ഒ എൻ വി–-ദേവരാജൻ സംഗമത്തിലുണ്ടായ കല്ലോലിനി. ദേവരാജനും എം എസ് വിശ്വനാഥനുമാണ് കൂടുതൽ അവസരം നൽകിയത്. എം കെ അർജുനൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, കെ രാഘവൻ, സലിൽ ചൗധരി, കെ ജെ ജോയി, രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, മോഹൻ സിതാര, വിദ്യാധരൻ എന്നിവരിൽ തുടങ്ങി ഇങ്ങേയറ്റത്ത് വിദ്യാസാഗറും എം ജയചന്ദ്രനും ബിജിബാലും ഗോപിസുന്ദറും രതീഷ് വേഗയും എല്ലാം ജയചന്ദ്രഗാനങ്ങൾക്കുവേണ്ടി സംഗീതം ആവിഷ്‌കരിച്ചു.
ആലാപനത്തിന്റെ അതിപരിചയത്തിൽ ചെടിപ്പുണ്ടാക്കുന്ന പാട്ടുകളല്ല ജയചന്ദ്രന്റേത്. ഭാവസാന്ദ്രമായ ശബ്ദത്തിന്റെ കമനീയത ഒട്ടും കുറയാതെ ശേഷിക്കുന്നുണ്ട്. ജ്ഞാനത്തേക്കാൾ ഭാവപ്രകാശന മികവിനും ഭാവനയ്‌ക്കും സ്വരദീപ്തിക്കുമാണ് പ്രാധാന്യം. മന്ദ്രമധ്യസ്ഥായിയിൽ ദീക്ഷിക്കുന്ന സ്വരപ്രഭാവമാണ് ജയചന്ദ്രന്റെ സ്വത്തും സ്വത്വവിശേഷവും. ഗമകങ്ങളിലും ബൃഗകളിലും പ്രവഹിക്കുന്ന മോഹിപ്പിക്കുന്ന ലാവണ്യങ്ങളേക്കാൾ ജയചന്ദ്രൻ ഊന്നൽ നൽകിയത് പ്ലെയിൻ നോട്ടുകളുടെ ഭാവാലങ്കാരങ്ങളിലായിരുന്നു. ശാസ്‌ത്രീയാലാപന സമ്പ്രദായങ്ങളിൽ നിന്നുകൊണ്ടുതന്നെ പാട്ടിൽ നിർമിക്കുന്ന ലയവിശ്രാന്തികളിലാണ് ഏറെയും ശ്രദ്ധിച്ചത്. അക്ഷരങ്ങളിലും ആശയങ്ങളിലുമുള്ള തെളിമയും സ്വച്ഛതയുമാണ് ആലാപനത്തിലെ ചാരുതകൾ.
പ്രണയത്തിന്റെയും അനുരാഗത്തിന്റെയും ശബ്ദസ്വരമാണ് ജയചന്ദ്രന്റേത്. പ്രണയനിർവൃതികൾ സൗമ്യമായി പറയാനും വേണമെങ്കിൽ നമ്മെയുറക്കാൻ പഴയൊരു ഗസലിന്റെ പല്ലവിയാകാനുമൊക്കെ കഴിയുന്ന സ്വരം. കുഞ്ഞാലി മരയ്‌ക്കാരി (1966)ലെ ചിദംബരനാഥ് ചിട്ടപ്പെടുത്തിയ ‘ഒരു മുല്ലപ്പൂമാലയുമായ്’ പാടിയാണ് ജയചന്ദ്രന്റെ അരങ്ങേറ്റം. 1966ൽ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി' ആണ് ആദ്യ ജനപ്രിയ ഗാനം. പിന്നീട് ബാബുരാജിന്റെ ‘അനുരാഗ ഗാനംപോലെ.’ അങ്ങനെ ഓരോ പാട്ടിലും ജയചന്ദ്രൻ ഭാവമുദ്രകൾ ചേർത്തുവച്ചു. പാടിയ പാട്ടുകളിലെല്ലാം സ്‌നേഹത്തിന്റെ നിറപ്പകിട്ടുണ്ടായിരുന്നു. ‘‘ബാബുക്കയുടെ കൂടെ ഞാൻ മലബാറിൽ പല പ്രോഗ്രാമുകളിലും പാടിയിട്ടുണ്ട്. എന്നെ ആദ്യം കോഴിക്കോട്ട് കൊണ്ടുവരുന്നത് അദ്ദേഹമാണ്. മാപ്പിളപ്പാട്ടും ഹിന്ദുസ്ഥാനിയുമെല്ലാം ചേർത്തുള്ള സവിശേഷമായ ശൈലി അദ്ദേഹത്തിന് മാത്രം സ്വന്തം’’– ജയചന്ദ്രന്റെ ഓർമകൾ.
സുപ്രഭാതം, രാഗം ശ്രീരാഗം, പ്രായം നമ്മിൽ, നീയൊരു പുഴയായി എന്നീ ഗാനങ്ങൾ വിവിധ വർഷമായി ജയചന്ദ്രന് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു. 1985ൽ ശിവശങ്കര സർവശരണ്യവിഭോ എന്ന ഗുരുസ്‌തുതി പാടി ജയചന്ദ്രൻ ദേശീയ അവാർഡും നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..