30 October Wednesday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Oct 8, 2023

കാൽചുവട്ടിലെ കാണാക്കാഴ്ചകൾ

സാമജ കൃഷ്ണ

നമ്മുടെ വിചാരവികാരങ്ങളെയും ഭാവനകളെയും സങ്കൽപ്പങ്ങളെയും നമ്മളെന്ന വ്യാജേന കാണാമറയത്തിരുന്ന്‌ ആരോ നിയന്ത്രിക്കുന്നുവെന്ന തിരിച്ചറിവിൽനിന്നാണ്‌ ഡിജിറ്റൽ സാക്ഷരത ആരംഭിക്കുന്നതുതന്നെ. കോവിഡിനുശേഷം വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള ഓൺലൈൻ  സാധ്യതകൾ വർധിച്ചു. സ്വാഭാവികമായും ഈ മേഖലയെക്കുറിച്ച്‌ ആഴത്തിൽ അറിയേണ്ടത്‌ അവശ്യമായി വന്നിരിക്കുന്നു. ദിനേശ്‌ വർമ രചിച്ച "5ജി അകവും പുറവും" എന്ന പുസ്തകത്തിന്റെ പ്രസക്തി  ഈ സാഹചര്യത്തിലാണ്‌. *-ഇന്ത്യ 5 ജി കാലത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ അതിന്റെ രാഷ്ട്രീയ–- സാമൂഹ്യതലങ്ങളെ കൃത്യമായ കാഴ്ചപ്പാടിൽ ചർച്ചചെയ്യുകയാണ്‌ ഇതിൽ. ഇന്റർനെറ്റിന്റെ ഉത്ഭവംമുതൽ ചാറ്റ് ജിപിടിയും എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുംവരെ ഗുണദോഷ വിചാരങ്ങളോടെ വിശദമാക്കുന്നു. അഞ്ചാം തലമുറ ഇന്റർനെറ്റിന്റെ ഗുണങ്ങളും ദോഷങ്ങളും ലളിതമായ ഭാഷയിൽ  ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു. ഇന്റർനെറ്റ് ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ സാമൂഹ്യവിപത്തിലേക്ക് നയിക്കുമെന്ന് ഓർമപ്പെടുത്തുന്നു. ഇന്റർനെറ്റ് ഉപയോഗിക്കുന്ന എത്രപേർ അതിന്റെ  രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഒരുഭാഗത്ത്‌ ഡിജിറ്റൽലോകം മനുഷ്യർക്കിടയിലെ അന്തരം ഇല്ലാതാക്കുന്നെങ്കിൽ മറുഭാഗത്ത്‌ ഭീതിദാവസ്ഥയുമുണ്ട്‌. ആൾക്കൂട്ടക്കൊലപാതകങ്ങളിലും  വംശഹത്യകളിലും ഇടനിലയാക്കി ഡിജിറ്റൽ മീഡിയയെ ഉപയോഗിച്ചു. ഭരണനേതൃത്വത്തിന് എതിരെ സംസാരിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ‍ പേരുടെ അക്കൗണ്ടുകൾ പൂട്ടാൻ നിർദേശം നൽകിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ട്വിറ്റർ തുറന്നുപറഞ്ഞിട്ടുണ്ട്. ഇന്റർനെറ്റ് മനുഷ്യവംശത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം മനനം ചെയ്യാനുള്ള ശേഷിയെ അപഹരിക്കലാണ്. വിദ്യാർഥികളടക്കം ഏവരും നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്‌ ഇത്‌.

 

 

ബാലൻസ്‌ തെറ്റാത്ത ജീവിതം

റഷീദ്‌ ആനപ്പുറം

ജീവിതം ഒരു പറുദീസയാണെന്ന്‌ പറയുന്നവരുണ്ട്‌. എന്നാൽ, ആ പറുദീസ പലർക്കും യഥാർഥ ജീവിതത്തിൽ നോവുന്ന കണ്ണീർപ്പാടമാണ്‌.  ജീവിതം സൈക്കിൾ ചവിട്ടുന്നതുപോലെയാണെന്നു പറഞ്ഞത്‌ വിഖ്യാത ശാസ്‌ത്രജ്ഞൻ ഐൻസ്റ്റീനാണ്‌. ബാലൻസ് തെറ്റാതിരിക്കാൻ അത്‌ എപ്പോഴും നീങ്ങിക്കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, എത്രകണ്ട്‌ ആഞ്ഞുചവിട്ടിയാലും ജീവിതത്തിന്റെ ബാലൻസ്‌ തെറ്റിക്കൊണ്ടേയിരിക്കും. അത്തരം  ജീവിതദുർഘടങ്ങളെ അതിജീവിച്ച്‌ മുന്നോട്ടുസഞ്ചരിക്കുന്നവരുണ്ട്‌. എച്ച്‌മുക്കുട്ടിയുടെ ‘ശേഷം ഞാൻ ’വായിച്ചുതീരുമ്പോൾ അത്തരമൊരു പോരാട്ടം നമ്മുടെ ഉള്ളിൽ നിറയും. എച്ച്‌മുക്കുട്ടിയുടെ ജീവിതം സങ്കടങ്ങളുടേതാണ്‌. പീഡനപർവത്തിന്റേതാണ്‌. പോരാട്ടങ്ങളുടേതാണ്‌. എല്ലാം സഹിച്ച്‌ ‘ഭാരത സ്‌ത്രീ’ പട്ടം എടുത്തണിയാനല്ലേ, തുറന്നുപറഞ്ഞ്‌ പോരടിക്കുകയാണ്‌ ഇവിടെ ഈ എഴുത്തുകാരി. പുരുഷകേന്ദ്രീകൃത സമൂഹം സൃഷ്ടിക്കുന്ന സംഘർഷങ്ങളും പവിത്രമെന്നുകണ്ട്‌ താലോലിക്കുന്ന കുടുംബബന്ധങ്ങളുടെ ഇരുട്ടറയും അവർ കണ്ണീരും ആത്മധൈര്യവും ചാലിച്ച്‌ ഇവിടെ അനാവരണം ചെയ്യുന്നു. ജാതിയുടെയും മതത്തിന്റെയും കാർക്കശ്യങ്ങൾ  ജീവിതത്തെ എങ്ങനെ വരിഞ്ഞുകെട്ടുന്നുവെന്നു പറയുന്നു. സൗഹൃദങ്ങളുടെ പൊള്ളത്തരവും പ്രണയത്തിന്റെ വൈകാരികതയും ഇഴചേർന്ന്‌ കിടപ്പുണ്ട്‌ ഈ പുസ്‌തകത്തിൽ. ‘ ശേഷം ഞാൻ’ പുസ്‌തകത്തിലൂടെ എച്ച്‌മുക്കുട്ടി വർത്തമാനകാല സാമൂഹ്യാന്തരീക്ഷത്തിന്റെ വൈകൃതങ്ങൾ വരച്ചുകാട്ടുകയാണ്‌.  ‘ഇതെന്റെ രക്തമാണിതെന്റെ  മാംസമാണെടുത്തുകൊള്ളുക’ എന്ന പൊള്ളിക്കുന്ന ആത്മകഥയ്‌ക്കും അതിനുമുമ്പുള്ള കാലത്തെ എഴുതിയ ‘അമ്മചീന്തുകൾ’ക്കുംശേഷം തുടർന്നുള്ള ജീവിതമാണ്‌ എച്ച്‌മുക്കുട്ടി ഇവിടെ പറയുന്നത്‌.

 

 

നമ്മളറിയാത്ത നമ്മുടെ എം ടി

ടി കെ ഉദയപ്രകാശൻ പാറാൽ

നിളയുടെ ക ഥാകാരനെക്കുറിച്ച് അറിയാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. നമ്മളറിയാത്ത ‘നമ്മുടെ എം ടി' എങ്ങനെയായിരിക്കുമെന്ന് കൗതുകത്തോടെയെങ്കിലും ചിന്തിച്ചിരിക്കാം. അങ്ങനെയൊരു ചിന്തയിൽനിന്നും ഉരുത്തിരിഞ്ഞതാണ് രമേഷ് പുതിയമഠത്തിന്റെ ‘നമ്മുടെ എംടി' എന്ന പുസ്തകം.  നിളയുടെ നൈർമല്യം എംടിയുടെ മനസ്സിലും ഒഴുകുന്നുണ്ടെന്ന്‌ ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ വ്യക്തമാകും. ഗൗരവത്തിന്റെ പരുപരുത്ത പുറംതോടിനുള്ളിൽ നന്മ കാത്തുസൂക്ഷിക്കുന്ന കഥാകാരൻ. എംടിയോട് അടുപ്പമുള്ള മനസ്സുകളിലൂടെ സഞ്ചരിച്ച് രമേഷ് പുതിയമഠം സ്വരുക്കൂട്ടിവച്ച അനുഭവങ്ങളിൽ, എംടി എന്നത് ഒരു എഴുത്തുകാരൻ എന്നതിനപ്പുറം ഒരു നന്മ മരമായി പടർന്നുപന്തലിച്ചുനിൽക്കുന്നു.  ആർട്ടിസ്റ്റ് നമ്പൂതിരി ഏറ്റവുമൊടുവിൽ വരച്ച കവർചിത്രം.

 

 

 

 

കവിതയുടെ കനൽപ്പെണ്ണ്

രാജൻ കൈലാസ്

മനുഷ്യജീവിതത്തിന്റെ, വിശിഷ്യാ സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങളെ കാവ്യാത്മകമായി ആവിഷ്കരിക്കുകയാണ് കവി എസ് സരസ്വതി ‘കനൽപ്പെണ്ണ്‌‘ എന്ന കവിതാ സമാഹാരത്തിലൂടെ. ജീവിതത്തിലെ ആകുലതകൾ, പ്രണയം, വിരഹം തുടങ്ങിയവ മാത്രമല്ല, ജീവിതത്തിന്റെ രാഷ്ട്രീയംപോലും ഈ കവിക്ക്‌ വിഷയങ്ങളാണ്. ആദ്യ കവിതയായ ‘കൂനൻപാറയിലെ ഉറുമ്പുകളി'ൽ പരിസ്ഥിതി രാഷ്ട്രീയവും സ്വത്വപ്രതിസന്ധിയും ഭംഗിയായി അവതരിപ്പിക്കപ്പെടുന്നു. ‘പഴന്തുണി' എന്ന കവിതയിൽ അലക്കുകല്ലിൽ തലയടിച്ചുതീരുന്ന പഴന്തുണികളായി മാറുന്ന സ്ത്രീജീവിതങ്ങളാണ് പ്രമേയം. നഗരജീവിതത്തിന്റെ പൊള്ളത്തരങ്ങൾ കാട്ടിത്തരുന്ന കവിതയാണ് ‘നഗരത്തിലെ അമ്മ'. മതിലുകൾ പണിതുയർത്തുന്നത് ഉയരങ്ങളെ കീഴടക്കാനാകണം, സ്വപ്നങ്ങളെ മറയ്ക്കാൻ ആകരുതെന്ന് ‘മതിലുകൾ' എന്ന കവിതയിൽ പറഞ്ഞുവയ്ക്കുമ്പോൾ ആകാശത്തോളം ഉയർന്നുപോകുന്നു ആ കവിത. ഊർജസ്വലമായ ഒരു രാഷ്ട്രീയ കവിതയാണ് ‘ലോങ് മാർച്ച്'. ഭഗത് സിങ്ങിന്റെ ‘മുഷ്ടിയുടെ കരുത്ത് ഒരു ഇങ്ക്വിലാബ്‌ വിളിയിലൂടെ പരീക്ഷിച്ചുറപ്പിച്ചു...' എന്ന് പ്രഖ്യാപിക്കുന്ന കവിത. സൂര്യകാന്തി, സൂര്യചുംബനം, ഒറ്റമരം, അഗ്നിശരം, തീപ്പന്തം, ചെണ്ട, കാറ്റ്, കനൽപ്പെണ്ണ്, ലേലം, ഉള്ളുരുക്കങ്ങൾ, ഉൾഖനനം എന്നിങ്ങനെ മികച്ച കവിതകൾ വേറെയും. അമ്പതിലധികം കവിതയുള്ള  സമാഹാരത്തിന് ഡോ. എസ് ശ്രീദേവി അവതാരികയും ഡോ. എൻ പി ചന്ദ്രശേഖരൻ ആസ്വാദനക്കുറിപ്പും രാജേഷ് കെ എരുമേലി പഠനവും തയ്യാറാക്കിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top