കേരളത്തിന്റെ സാംസ്കാരികരംഗത്ത് മുഖവുര ആവശ്യമില്ലാത്ത കഥകളി ഗായകനാണ് കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്. സ്വന്തമായ സംഗീതബാണിയിലൂടെ കഥകളി ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ‘വെങ്കലനാദ' ഗായകനാണ് കുറുപ്പാശാൻ. കുലവൃത്തിയായ കളമെഴുത്തുപാട്ടിനെയും മറ്റു നാടൻസംഗീതശീലുകളെയും സ്വാംശീകരിച്ച് ദേശീസംഗീത പാരമ്പര്യത്തെ തന്റെ അരങ്ങുപാട്ടിലേക്ക് കൂട്ടിയിണക്കിയത് ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ സർഗസിദ്ധിവൈഭവമാണ്.
കലാമണ്ഡലത്തിലെ അഭ്യസനത്തിനുശേഷം അഹമ്മദാബാദിൽ മൃണാളിനി സാരാഭായി സ്ഥാപിച്ച ദർപ്പണയിലും കൽക്കട്ടയിൽ ടാഗോറിന്റെ ശാന്തിനികേതനിലുമായുള്ള അദ്ദേഹത്തിന്റെ ജീവിതം കുറുപ്പാശാന്റെ സംഗീതത്തിൽ ഉത്തരേന്ത്യൻ സംഗീതത്തിന്റെ സൗന്ദര്യത്തെ സ്വാംശീകരിച്ച് കഥകളിയുടെ ഗേയമാർഗത്തിലേക്ക് കൂട്ടിയിണക്കാൻ ഏറെ സഹായകമായി.
ഓരോ അരങ്ങിലും നവ്യാനുഭവങ്ങൾ കുറുപ്പാശാൻ തന്റെ സംഗീതത്തിലൂടെ സൃഷ്ടിക്കുമ്പോഴും കഥകളിയരങ്ങിന് ഇണങ്ങുന്ന പാട്ടുവഴിയാണ് പരിപാലിച്ചിരുന്നത്. കീചകവധം കഥകളിയിലെ കാംബോജി രാഗത്തിലുള്ള പ്രസിദ്ധമായ "ഹരിണാക്ഷി" എന്നപദം, "ക്ഷോണീന്ദ്രപത്നിയുടെ’ എന്ന ദണ്ഡകം; "കണ്ടിവാർകുഴലി’ പദവും ശ്ലോകവും "വനമുണ്ടിവിടെ’ (കിർമീരവധം), "അജിതഹരേ’ (കുചേലവൃത്തം); "പരിദേവിതം’ (സന്താനഗോപാലം); രുഗ്മാംഗദചരിതത്തിലെ എല്ലാ പദങ്ങളും പ്രത്യേകിച്ച് അപ്രിയമപഥ്യം.; കഷ്ടമീവണ്ണം ശാഠ്യങ്ങൾ; "ചെയ്വേൻ താവക അഭിലാഷം’ എന്നീ പദങ്ങൾ, സന്താനഗോപാലത്തിൽനിന്നുള്ള "ഹാ ഹാ കരോമി" തുടങ്ങിയ പദങ്ങൾ, കൂടാതെ നളചരിതം നാലുദിവസത്തെ എല്ലാ പദങ്ങളും കുറുപ്പാശാന്റെ മാസ്മരിക സംഗീതത്തിനുമുന്നിൽ ആസ്വാദക ഹൃദയം കീഴ്പ്പെട്ടിരുന്നു.
കുറുപ്പാശാന്റൊപ്പം ആദ്യകാലത്ത് ഒട്ടേറെ സഹഗായകർ അരങ്ങിൽ പാടിയിട്ടുണ്ട്. കലാമണ്ഡലം ഗംഗാധരൻ, രാമവാര്യർ, കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം മാടമ്പ് സുബ്രഹ്മണ്യൻ നമ്പൂതിരി, തിരൂർ നമ്പീശൻ, കലാമണ്ഡലം വെണ്മണി ഹരിദാസ്, കലാനിലയം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം പി ജി രാധാകൃഷ്ണൻ, പി ഡി, പാലനാട് ദിവാകരൻ തുടങ്ങി നിരവധി ശിങ്കിടിമാർ കുറിപ്പിന് അകമ്പടിയേകുമ്പോഴും കുറുപ്പിന്റെ പാട്ടുവഴി വേറൊന്നാണെന്ന് സഹ ഗായകരായ ഏവരും സമ്മതിക്കുമായിരുന്നു.
കളിയരങ്ങിൽ അദ്ദേഹം അവസാനമായി പാടിയത് 1987 ഒക്ടോബർ ഒമ്പതിനാണ്. 1988 മാർച്ച് നാലിന് നിര്യാതനായി. അന്നുമുതൽ 35 വർഷമായി അവസാനമായി അരങ്ങിൽ പാടിയ "ഒക്ടോബർ ഒമ്പത്’ അദ്ദേഹത്തിന്റെ അനുസ്മരണദിനമായി ആചരിക്കുന്നു. ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളിരംഗത്തെ ഒട്ടുമിക്ക കലാകാരന്മാരും വിചക്ഷണന്മാരും ആസ്വാദകരും ഈ ദിനത്തിൽ ഒത്തുചേരുന്നു.
ഈവർഷം മുതൽ "ഒക്ടോബർ ഒമ്പത് "കേരള കലാമണ്ഡലത്തിന്റെകൂടി സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ എട്ടിന് കഥകളിസംഗീത മത്സരവും ഒമ്പതിന് കലാമണ്ഡലം ഗോപിയാശാന്റെ വേഷത്തോടെ കലാമണ്ഡലം അവതരിപ്പിക്കുന്ന മേജർസെറ്റ് കഥകളിയും സംഗീതാർച്ചന, സ്മാരകപ്രഭാഷണം, അനുസ്മരണസമ്മേളനം എന്നിവയും ഇരിങ്ങാലക്കുടയിൽ അരങ്ങേറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..