നാടക രചന സംവിധാന രംഗത്തെ ഏക കൂട്ടായ്മയാണ് അശോക് -ശശി. 27 വർഷം കഴിഞ്ഞിരിക്കുന്നു, അശോകനും ശശിയും നാടക ലോകത്തെ ഒരേ അച്ചുതണ്ടിൽനിന്ന് രചനയും രംഗഭാഷയും നിർവഹിക്കാൻ തുടങ്ങിയിട്ട്. ആ ഇഴപിരിയാത്ത ബന്ധത്തിന്റെ വിജയഗാഥ.
രംഗം -1
തിരുവനന്തപുരം എംജി കോളേജിലെ വിദ്യാർഥിയായിരുന്ന അശോകനും മാർ ഇവാനിയോസ് കോളേജിലെ വിദ്യാർഥിയായ ശശിയും ഒരേ നാട്ടുകാരായിരുന്നെങ്കിലും രണ്ട് പേരും സൗഹൃദങ്ങളുടെ ആഴം തീർത്തത് സർഗാത്മക കഴിവുകൾ കൊണ്ടായിരുന്നു. പ്രായത്തിൽ അൽപ്പം മൂത്തത് ശശിയാണ് .ശശി വാട്ടർ കളറിൽ നന്നായി വരയ്ക്കും. അത്യാവശ്യം മിമിക്സും അറിയാം. അശോകന് വായനയോടായിരുന്നു കമ്പം. രണ്ടുപേരും വെഞ്ഞാറമൂട്ടിലെ നെഹ്റു യൂത്ത് സെന്റർ ആൻഡ് ദൃശ്യ ഫൈനാർട്സ് സൊസൈറ്റിയുടെ പ്രവർത്തകർ. കാലം 1980കൾ. ഇരുവരും ചേർന്ന് അക്കാലത്ത് കാണുന്ന സിനിമകളെക്കുറിച്ചും നാടകങ്ങളെക്കുറിച്ചും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ദീർഘനേരം ചർച്ച ചെയ്യും. മനസ്സിൽ വരുന്ന കഥകൾ എങ്ങനെ നാടകം ആക്കാം എന്ന് വെറുതെ ചിന്തിക്കും. ശശിയുടെ ജ്യേഷ്ഠൻ അഡ്വ: വെഞ്ഞാറമൂട് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സൗപർണിക നാടകസമിതി നിറഞ്ഞോടുന്ന കാലം.
രംഗം 2
അശോക് -ശശി എന്ന കൂട്ട്കെട്ട് പിറക്കുന്നു. 1994 സീസൺ ആരംഭിക്കുന്ന ജൂലൈ മാസത്തിലാണ് നാടകം പുറത്തിറങ്ങേണ്ടത്. ആ വർഷം സൗപർണികയ്ക്ക് നാടകം എഴുതാൻ ഏറ്റിരുന്നത് അഡ്വ: മണിലാൽ. മറ്റ് നാടകങ്ങൾ എഴുതുന്ന തിരക്കിൽ അഡ്വ: മണിലാലിന് സമയബന്ധിതമായി സൗപർണികയ്ക്ക് എഴുതി കൊടുക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കെ അശോകനും ശശിയും വെഞ്ഞാറമൂട് രാമചന്ദ്രനോട് തങ്ങളുടെ മനസ്സിലുള്ള നാടകത്തിന്റെ കഥ പറയുന്നു. കഥ കേട്ട രാമചന്ദ്രൻ പറഞ്ഞു,
"രണ്ട് സീൻ എഴുതി കൊണ്ട് വാ നോക്കട്ടെ"...
ലോട്ടറി അടിച്ച സന്തോഷംപോലെ രണ്ടുപേരും ചേർന്ന് ഒരു കുടുസ്സുമുറിക്കകത്തിരുന്ന് നേരം വെളുക്കുന്നത് വരെ എഴുതി. ഈ സമയം വെഞ്ഞാറമൂട് രാമചന്ദ്രൻ പുതിയ നാടകത്തിന്റെ ഡിസൈൻ ചെയ്ത പോസ്റ്ററുമായി ശിവകാശിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. യാത്രയ്ക്കുമുമ്പ് എഴുതി കൊണ്ടുവന്ന രണ്ട് സീൻ വായിച്ചു. ശിവകാശിയിലേക്ക് കൊണ്ടുപോകാൻ വച്ച ഡിസൈൻ ചെയ്ത പോസ്റ്ററിൽനിന്നും രചനയുടെ ഭാഗത്തുണ്ടായിരുന്ന അഡ്വ. മണിലാൽ എന്ന പേര് വെട്ടിമാറ്റുന്നു.
‘സൗപർണികയുടെ ഈ വർഷത്തെ നാടകം നിങ്ങൾ എഴുതുന്നു’, രാമചന്ദ്രന്റെ വാക്കുകൾ. അശോകനും ശശിക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘നാടക രചന അശോകനും ശശിയും അതൊരു സുഖമില്ല കേൾക്കാൻ. ഇനിമുതൽ നിങ്ങൾ അശോക് ശശി എന്നറിയപ്പെടും’, രാമചന്ദ്രൻ പറഞ്ഞു. അങ്ങനെ നാടക ലോകത്ത് ആദ്യമായി നവാഗതരായ എഴുത്തു കൂട്ടുകെട്ടിന് തിരശീല ഉയർന്നു.
കെ ടി മുഹമ്മദും എസ് എൽ പുരവും എൻ എൻ പിള്ളയും രാജൻ കിഴക്കനേലയും അഡ്വ. മണിലാലും കേരളപുരം കലാമും ബേബിക്കുട്ടനും ഫ്രാൻസിസ് ടി മാവേലിക്കരയും ജയൻ തിരുമനയും ശ്രീമൂലനഗരം മോഹനനുമൊക്കെ കൊടി കുത്തി വാഴുന്ന നാടകലോകത്ത് തേവാരം എന്ന ആദ്യ നാടകവുമായി അശോക് ശശി രണ്ട് കസേര വലിച്ചിട്ടു.
രംഗം 3
ആദ്യ നാടകത്തിന് ആറ് അവാർഡുകൾ. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ തേവാരം മികച്ച രചനയുൾപ്പെടെ ആറ് അവാർഡുകൾ നേടി. മലയാള നാടക ചരിത്രത്തിൽ ആദ്യ രചനയ്ക്കു സംസ്ഥാന അവാർഡ് നേടിയ ലോഹിതദാസിന് ശേഷം അശോക് - ശശി.
രംഗം 4
അവാർഡുകളുടെയും അംഗീകാരങ്ങളുടെയും പെരുമഴക്കാലം. 2001 ലെ മികച്ച രചനയ്ക്ക് ദേവ സവിധം, ദേവദൂതിന് മികച്ച രണ്ടാമത്തെ രചന. ഷേക്‌സ്പിയറുടെ ജീവിതത്തെ ആധാരമാക്കി രചിച്ച ഇതിഹാസത്തിന് മികച്ച സംവിധാനം, മികച്ച നാടകം, രണ്ടാമത്തെ മികച്ച രചന തുടങ്ങി എട്ടോളം അവാർഡുകൾ. തിരുവനന്തപുരം സംഘചേതനയ്ക്കുവേണ്ടി എഴുതിയ വർണക്കോലങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ രചന അവാർഡ്. ഇത് കൂടാതെ സാംസ്‌കാരിക സംഘടനകളും ഫൈനാർട്സ് സൊസൈറ്റിയും സംഘടിപ്പിച്ച പ്രൊഫഷണൽ നാടകമത്സരങ്ങൾ വഴി ലഭിച്ച നൂറ് കണക്കിന് അവാർഡുകൾ.
രംഗം 5
ജി ശങ്കരപിള്ളയും കൊച്ചു നാരായണപിള്ളയും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫ. രാമാനുജനും ചേർന്ന് സ്ഥാപിച്ച് വളർത്തി വലുതാക്കിയ കുട്ടികളുടെ നാടക സ്വപ്നങ്ങൾക്ക് നിറം പകർന്ന ഇന്ത്യയിലെ ഏക ചിൽഡ്രൻസ് തിയറ്റർ ആയ വെഞ്ഞാറമൂട് രംഗപ്രഭാതിന് വേണ്ടി ഇരുപതോളം നാടകങ്ങൾ സംവിധാനം ചെയ്യാൻ അശോക് ശശിക്ക് ഭാഗ്യം ലഭിച്ചു. രാമാനുജൻ എന്ന പ്രഗൽഭനായ നാടക സംവിധായകനിൽനിന്നും രംഗഭാഷയെ കുറിച്ചുള്ള നിരവധി അറിവുകൾ സ്വായത്തമാക്കി.ശശി രംഗപ്രഭാതിലെ വിദ്യാർഥി കൂടിയായിരുന്നു. ക്യാമ്പസുകളിൽ നാടകം പൂത്തുലഞ്ഞ കാലത്ത് വിവിധ കോളേജുകൾക്ക് വേണ്ടി നിരവധി ഏകാംഗനാടകങ്ങൾ ചിട്ടപ്പെടുത്തി സമ്മാനങ്ങൾ നേടി. രംഗപ്രഭാതിന് വേണ്ടി ആർ കെ ലക്ഷമണിന്റെ കഥയെ ആധാരമാക്കി രചിച്ച "അന്ധൻ നായ" ഡൽഹിയിൽ നടന്ന ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അവതരിപ്പിച്ചു.
രംഗം 6
ആദ്യം രണ്ടുപേരും ചേർന്ന് നാടക കഥ ചർച്ച ചെയ്യുന്നു. ഒടുവിൽ ഒരു കഥ കണ്ടെത്തുന്നു. നാടക രൂപാന്തരത്തിനായി വിവിധ പ്ലോട്ടുകളായി മാറ്റുന്നു. അതിനുശേഷം എഴുത്ത്. വീണ്ടും ചർച്ച. ചരിത്രത്തിൽനിന്നും കഥാതന്തുക്കൾ കണ്ടെത്തുന്നതാണെങ്കിൽ പ്രസ്തുത വിഷയത്തിൽ ഗവേഷണ കൗതുകത്തോടെയുള്ള അന്വേഷണം. പഠനം. കാൽനൂറ്റാണ്ടിലധികമായി തുടരുന്ന ഈ സർഗ സമീക്ഷയ്ക്കു ഒരു മാറ്റവും വന്നിട്ടില്ല
രംഗം 7
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അരങ്ങേറിയ "പിണറായി പെരുമ’ എന്ന സർഗോൽസവത്തിൽ 40 ദിവസം നീണ്ടുനിന്ന തിയറ്റർ വർക്ക് ഷോപ്പിലെ ക്യാമ്പ് ഡയറക്ടർ അശോക് ശശിയായിരുന്നു. പിണറായി പെരുമ എന്ന ഫെസ്റ്റിവലിന്റെ ഡയറക്ടർ വിഖ്യാത നാടക സംവിധായകൻ സൂര്യാ കൃഷ്ണമൂർത്തിയാണ് അതിനവസരം ഒരുക്കിയതെന്ന് അശോക് ശശി പറഞ്ഞു. തിയറ്റർ വർക്ക് ഷോപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുകയും കുട്ടികളെയും അശോക് ശശിയെയും അഭിനന്ദിക്കുകയും ചെയ്തു.
രംഗം 8
കണ്ണൂർ നാടകസംഘത്തിന് വേണ്ടി കാറൽ മാർക്സിന്റെ ജീവിതത്തെ ആസ്പദമാക്കി അനിൽകുമാർ ആലത്തുപറമ്പ് രചിച്ച മഹായാനം എന്ന നാടകം സംവിധാനം ചെയ്യാൻ അശോക് ശശിക്ക് അവസരം ലഭിച്ചു. നാടക രചയിതാവായ അനിൽകുമാർ ആലത്തുപറമ്പ് സ്ക്രിപ്റ്റുമായി വെഞ്ഞാറമൂട്ടിൽ എത്തുകയായിരുന്നു. കാറൽ മാർക്സും ജനിയും തമ്മിലുള്ള പ്രണയം, ഇവരുടെ ദാമ്പത്യ ജീവിതം,അനുഭവിച്ച ദാരിദ്ര്യം, രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്കുള്ള പലായനം, മരിച്ചു പോയ കുട്ടികളെ ഓർത്തുള്ള വിലാപങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് മഹായാനത്തിലൂടെ പറയാൻ ശ്രമിച്ചത്. മഹായാനം ഇപ്പോഴും കണ്ണൂർ നാടകസംഘം അവതരിപ്പിച്ച് വരുന്നു.
രംഗം 9
അമച്ച്വർ, പ്രൊഫഷണൽ, കുട്ടികളുടെ നാടകങ്ങൾ തുടങ്ങിയ നാടക സങ്കേതത്തിന്റെ വ്യത്യസ്ത വഴികളിലൂടെ ഒരു മനസ്സും ഇരുമെയ്യുമായി രചനയും രംഗഭാഷയുമൊരുക്കി മൂന്ന് പതിറ്റാണ്ടോളം നാടകലോകത്ത് അനുയാത്ര ചെയ്യുന്ന അപൂർവ കൂട്ട്കെട്ടാണ് അശോക് ശശി. നാടകത്തെ വ്യത്യസ്ത സങ്കേതങ്ങളായി തരം തിരിച്ച് പറയുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് അശോക് ശശി നയം വ്യക്തമാക്കി. "നാടകം ഞങ്ങൾക്ക് പാഷനാണ്", ഇരുവരും ചേർന്ന് പറയുമ്പോൾ ഈ വർഷം ഇവർ രചിച്ച ത്സാൻസി റാണിയുടെ ജീവിതം പ്രമേയമാക്കിയ "മണികർണിക" എന്ന നാടകം സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..