21 November Thursday

സ്‌മൃതിപ്പെരുക്കങ്ങളുടെ എസ്‌പതിനായിരം

ദീപക്‌ നാരായണൻ deepaknarayanan9@gmail.comUpdated: Sunday Sep 16, 2018

 'ഉം. എസ്‌പതിനായിരം കൊല്ലംമുമ്പ് നല്ല ചൊങ്കന്മാരായ അറബികള്‌ വല്യ ഉരൂല് ഇവടെ കച്ചവടത്തിന് വന്നു. നല്ല മൊഞ്ചും തറവാടിത്തോം  ഉള്ള പെണ്ണുങ്ങളെ ശആദത് കലിമ ചൊല്ലി മ്മന്റെ ജാതിയാക്കി. ഒാരെ കാനേത്ത് കയിച്ചു ഇവിടെത്തന്നെ കയ്യാൻ തുടങ്ങി. അങ്ങിനെ ഓര്ക്കു കുട്ടിയോളും മക്കളും മക്കളെ മക്കളും ഉണ്ടായി. ഞമ്മളെ തെക്കെപുറത്തു കോയമാരും ബീബിമാരും ഉണ്ടായതാങ്ങിനാ. ഇപ്പം മനസ്സിലായോ..?’

അതിപ്രാചീനകാലംമുതൽ അറബിലോകവുമായി അടുത്തബന്ധം പുലർത്തിയിരുന്നു കോഴിക്കോട്. വാണിജ്യത്തിനായുള്ള സമുദ്രയാനങ്ങൾ സാംസ്‌കാരികയാനങ്ങൾ കൂടിയായിത്തീർന്നത്  ചരിത്രം. രണ്ട് സംസ്‌കാരങ്ങൾ തമ്മിലുണ്ടായ പരസ്‌പരാശ്ലേഷം കോഴിക്കോടിന് കലകളുടെയും സാഹിത്യത്തിന്റെയും ഒരു ഉപദേശീയത തന്നെ  ഉണ്ടായിത്തീരുന്നതിന്‌ നിമിത്തമായി. നാളിതുവരെയുള്ള മലയാള കലാസാഹിത്യ ലോകത്തിന് അപരിചിതമായ ഒരു ജീവിതഭൂപടം, കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ കടലിനോടുചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ നിവർത്തി.  മുഖ്യധാരാ വ്യവഹാരങ്ങൾക്ക്‌ ഇന്നും  അന്യമായ, അപരിചിതമായ ഈ ജീവിതഭൂഖണ്ഡത്തെ അഭിസംബോധന ചെയ്യാനുള്ള സർഗാത്മക  സാഹസികതകൊണ്ട് വേറിട്ടുനിൽക്കുന്നു  എൻ പി ഹാഫിസ് മുഹമ്മദിന്റെ ‘എസ്‌പതിനായിരം' എന്ന നോവൽ.

 
 ചരിത്രം പ്രമേയമോ നേർത്ത പശ്ചാത്തലമോ എങ്കിലുമാകാത്ത നോവലുകൾ വിരളം. എന്നാൽ, ഒരു ഭൂപ്രദേശത്തിന്റെ സാംസ്‌കാരിക ജീവിതം, അവയുടെ ഈടുവയ‌്പുകൾ അടക്കം ഈവിധം ഒരു നോവലിന് വിഷയീഭവിക്കുന്നത് മലയാളത്തിൽ എങ്കിലും ആദ്യമാകാം.  ചുറ്റും വിടർന്നുനിൽക്കുന്ന  ജീവിതവൈവിധ്യങ്ങളെ നിർമമമായി നിരീക്ഷിക്കുന്ന കൗമാരക്കാരന്റെ അനുഭവലോകം  കൃതഹസ്‌തതയോടെ നോവലിൽ ആവിഷ്‌കരിക്കപ്പെടുന്നു. ചരിത്രം ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത് വിരസമായ സ്ഥിതിഗണിതങ്ങൾ ആയല്ല, വിസ്‌ഫോടനാത്മകമായ വികാരപ്രപഞ്ചമായാണ്.
 
 ഹാഫിസ് എന്ന പതിമൂന്നുകാരന്റെ അന്വേഷണങ്ങളുടെ  ആഖ്യാനമാണ് ഈ പുസ്‌തകം. പാരമ്പര്യവും ആധുനികതയുമായുള്ള രാഗദ്വേഷങ്ങളെ  സദാ പ്രതിഫലിപ്പിക്കുന്ന ജീവിതസന്ദർഭങ്ങളിലൂടെയാണ് ആഖ്യാതാവിന്റ കൗമാരം തിടംവയ‌്ക്കുന്നത്.  ചുറ്റും നടക്കുന്ന ജീവിതോത്സവങ്ങളെ അയത്നലളിതമായി നോവൽ   വരച്ചുകാട്ടുന്നുണ്ട്. പ്രാദേശികജീവിതത്തിന്റെ സൂക്ഷ്‌മഭാവങ്ങളെ അതീവശ്രദ്ധയോടെ അകൃത്രിമമായി ഒപ്പിയെടുത്ത് കഥയൊഴുക്ക് സുഗമമാക്കുംവിധമാണ് നോവലിന്റെ എഴുത്തുവഴി.  അതുകൊണ്ടുതന്നെ  സമകാല മലയാള നോവൽ കൈയൊഴിച്ചുകൊണ്ടിരിക്കുന്നു എന്ന്  തോന്നിപ്പിക്കുന്ന  സരളാഖ്യാനസമ്പ്രദായത്തിന്റെ തായ്‌വഴിയിലാണ് എസ്‌പതിനായിരം എണ്ണപ്പെടുന്നത്‌. 
 
  ഹാഫിസിന്റെ ആന്തരികലോകവും സമാന്തരമായി ചുറ്റുപാടുകളിലെ സാമൂഹ്യചലനങ്ങളും അനുപമമായ പാടവത്തോടെ നോവലിസ്റ്റ് പകർത്തുന്നുണ്ട്. നാട്ടിലെ ചെറിയ ചെറിയ തർക്കങ്ങളിൽ പോലും, നിർദോഷമായ മക്കാറാക്കലുകളിൽ പോലും ഉള്ളടങ്ങിയ രാഷ്ട്രീയധ്വനികൾ ഗൂഢമായി വെളിപ്പെടുത്തുന്നുണ്ട്. എം  ഗോവിന്ദനും ജിന്നുകളും  ഓട്ടോ ചന്ദ്രനും  തിമിംഗലവും കടലും കബറിടവും ഭയവും പ്രണയവും ഒക്കെ മിഴിവാർന്ന കഥാപാത്രങ്ങളായി കഥാഗതിക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. സംഗീതവും ഭക്തിയും മതാനുഷ്‌ഠാനങ്ങളും രാഷ്ട്രീയവും ഫുട്ബാളും ഒക്കെ ചേർന്ന ഒരു കാർണിവൽ ആയി ജീവിതം മാറുന്നത് എങ്ങനെ എന്നതിന്റെ ഒരു രേഖാചിത്രണം നോവൽ നിർവഹിക്കുന്നു.   പലായനങ്ങളുടെയും തിരിച്ചുവരവുകളുടെയും മിടിപ്പുകളുണ്ടതിൽ. നഗരം പിന്നിട്ട സാംസ്‌കാരിക സഹവർത്തിത്വത്തിന്റെ ഒരു പൂക്കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ട്‌.
 
 എണ്ണപ്പാടത്തിലും അറബിപ്പൊന്നിലും സുൽത്താൻവീടിലും മലയാളി ദർശിച്ച ജീവിതപരിസരങ്ങളിൽത്തന്നെയാണ് എസ്‌പതിനായിരവും രൂപംകൊള്ളുന്നത്. ചരിത്രത്തെ ഇത്തിരി വിട്ടുനിന്നു നോക്കി ക്കാണുന്നതിലെ സ്വച്ഛന്ദത നോവലിസ്റ്റ‌് അനുഭവിപ്പിക്കുന്നുണ്ട്. സ്വാഭാവികവും അകൃത്രിമവും ആയ ഭാഷകൊണ്ട് അനേകമായ ഭാവപ്രപഞ്ചങ്ങളെ അനുഭവിപ്പിക്കുന്ന ഈ നോവലിൽ ചരിത്രമല്ല, ഒരു നഗരത്തിന്റെ ജീവചരിത്രമാണ് അടക്കംചെയ്‌തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top