21 December Saturday

ഗാർത്തുവേറ്റ് സായിപ്പിനെ കണ്ടെത്തിയ കഥ

ജിസ്സോ ജോസ്‌ jissojose@gmail.comUpdated: Sunday Jan 17, 2021

മലയാള ഭാഷയ്‌ക്ക്‌‌  അതുല്യ സംഭാവനകൾ നൽകിയ പണ്ഡിതനാണ്‌ ഗാർത്തുവേറ്റ് സായിപ്പ്‌. ഏറെക്കാലം അദ്ദേഹത്തിന്റെ നേട്ടങ്ങൾ ആരും അറിഞ്ഞില്ല. ഓസ്ട്രേലിയയിലെ അഡലെയ്ഡിനു സമീപം ഗ്ലെനെൽഗ് പട്ടണത്തിലെത്തി ശവകുടീരവും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കണ്ടെത്തിയതിനെക്കുറിച്ച്‌

 
 
മലയാള സാംസ്‌കാരിക പ്രവർത്തനങ്ങളുമായി പരിചയമുള്ളതിനാൽ, കേരളവുമായി ബന്ധപ്പെട്ട പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന ഷിജു അലക്‌സിനെ (അദ്ദേഹവും ബംഗളൂരുവിലാണ്‌) നേരത്തെ പരിചയമുണ്ട്‌.  മലയാള ഗവേഷണ മേഖലയിൽ സജീവമായ അദ്ദേഹവുമായുള്ള പരിചയപ്പെടൽ എന്നെയും ചില അന്വേഷണങ്ങളിലെത്തിച്ചു. ഗുണ്ടർട്ടിന്റെ പകരക്കാരനായി മലബാറിലെ സ്‌കൂൾ ഇൻസ്‌പെക്‌ടറായി പ്രവർത്തിച്ച ഗാർത്തുവേറ്റ് സായിപ്പിന്റെ അവസാനകാലം തേടിയുള്ള യാത്ര  തുടങ്ങിയത്‌ അങ്ങനെയാണ്‌.
 

അഡലെയ്‌ഡിലേക്ക്‌

 
2019 സെപ്തംബർ ഒടുവിൽ ഓസ്ടേലിയയിലേക്ക്  കുടുംബയാത്ര പദ്ധതിയിട്ടു. ലക്ഷ്യം മെൽബൺ. ഭാര്യക്ക്‌ അഡലെയ്ഡ് സർവകലാശാലയിൽ ഔദ്യോഗികകാര്യത്തിന് പോകണമായിരുന്നു. അഡലെയ്ഡിലേക്ക് പോകുന്നു എന്നറിഞ്ഞ്‌ കേരള ഭാഷാ-ലിപി -ചരിത്രത്തിൽ ഗവേഷണംചെയ്യുന്ന ഷിജു അലക്‌സാണ്‌ ഗാർത്തുവേറ്റിനെക്കുറിച്ച്‌ പറയുന്നത്‌. അന്വേഷണത്തിൽ സഹായിക്കാമോ എന്നും ചോദിച്ചു. ഷിജു, സിബു, സുനിൽ എന്നിവരുടെ ഗവേഷണക്കൂട്ടായ്‌മയുണ്ട്‌. അവർ കണ്ടെത്തിയ കുറച്ചു സംഗതികൾ എനിക്ക്‌ കൈമാറി. ഗാർത്തുവേറ്റ് ഇന്ത്യയിൽനിന്ന്‌ വിരമിച്ചശേഷം ഓസ്ട്രേലിയയിലേക്കാണ് പോയതെന്നും അഡലെയ്ഡിന് അടുത്തുള്ള ഗ്ലെനെൽഗ് നഗരത്തിലാണ് അവസാനകാലത്ത് കഴിഞ്ഞിരുന്നതെന്നും അവിടെത്തന്നെയാണ് സംസ്‌കരിച്ചതെന്നും അവർ കണ്ടെത്തിയിരുന്നു.
 
ഗുണ്ടർട്ടിനുശേഷം മലബാർ ആൻഡ്‌ സൗത്ത് കാനറ മേഖലയുടെ ഡെപ്യൂട്ടി സ്‌കൂൾ  ഇൻസ്‌പെക്‌ടറായി പ്രവർത്തിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ മികച്ച സംഭാവനകൾ നൽകിയ ഗാർത്തുവേറ്റ് സായിപ്പിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നില്ല.
 
ഒരു ഫോട്ടോയും അദ്ദേഹത്തിന്റെ അവസാനകാലപ്രവർത്തനങ്ങളുടെ കുറച്ചു വിവരങ്ങളും എനിക്കു കൈമാറിയ വിവരങ്ങളിൽ ഉണ്ടായിരുന്നു. ഈ ഫോട്ടോ ഗവേഷണക്കൂട്ടായ്‌മ ഒരു ഓസ്ട്രേലിയൻ പത്രത്തിന്റെ ഓൺലൈൻ ആർക്കൈവിൽനിന്ന് തപ്പിയെടുത്തതാണ്.
 
അഡലെയ്ഡിൽ നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിൽ വന്ന ചരമവാർത്തയാണ്‌ എനിക്ക് കിട്ടിയിരുന്നത്. ചരമവിവരവും ശവസംസ്‌കാരവിവരവും ആ റിപ്പോർട്ടിലുണ്ടായിരുന്നു. ഗാർത്തുവേറ്റ് മരിക്കുന്നത് 1918 ഡിസംബറിലാണ്. പത്രത്തിൽ വാർത്ത വന്നത് 1919 ജനുവരിയിലും. അഡലെയ്ഡിനടുത്ത് ഗ്ലെനെൽഗ് പട്ടണത്തിലാണ് മരിച്ചത് എന്നും അവിടെത്തന്നെ  സംസ്‌കാരം നടത്തി എന്നും വാർത്തയിൽനിന്ന് വ്യക്തമായി.
 

നോർത്ത്‌ ബ്രൈറ്റൻ സെമിത്തേരിയുടെ കവാടത്തിൽ  സെമിത്തേരിയുടെ ചരിത്രം രേഖപ്പെടുത്തിയ ഫലകം

നോർത്ത്‌ ബ്രൈറ്റൻ സെമിത്തേരിയുടെ കവാടത്തിൽ സെമിത്തേരിയുടെ ചരിത്രം രേഖപ്പെടുത്തിയ ഫലകം

കല്ലറ കണ്ടെത്തുന്നു

 
2019 ഒക്ടോബർ രണ്ടിന് കുടുംബസമേതം അഡലെയ്ഡിൽ എത്തി.  പ്രാഥമികാന്വേഷണത്തിന് തുടക്കമിടാം എന്നേ കരുതിയുള്ളൂ. ബംഗളൂരുവിൽ പരിചയമുള്ള പമ്പാവാലി സ്വദേശി ബോബി ജോസഫിന്റെ വീട്ടിലേക്കാണ്  ചെന്നത്. ഗാർത്തുവേറ്റിനെക്കുറിച്ച് അറിയാവുന്ന വിവരങ്ങളെല്ലാം അദ്ദേഹത്തിന്റെ കുടുംബസദസ്സിൽ പറഞ്ഞു. അവിടെയുണ്ടായിരുന്ന പത്താംക്ലാസുകാരിയാണ്‌ പിന്നീട്‌ ഏതു‌ പള്ളിയിലാണ്‌ അടക്കം ചെയ്‌തത്‌ എന്ന്‌ കണ്ടെത്താൻ സഹായിച്ചത്‌.
 
 വാർത്തയിൽ ചരമസ്ഥലം ഗ്ലെനെൽഗ് ആണെന്ന് പറഞ്ഞിരുന്നു. ഗാർത്തുവേറ്റ് ആംഗ്ലിക്കൻ ചർച്ചിൽ അംഗമായിരുന്നതുകൊണ്ട് പഴയൊരു ആംഗ്ലിക്കൻ പള്ളിയിൽനിന്ന് അന്വേഷണം തുടങ്ങാമെന്നാണ്‌ വിചാരിച്ചത്. അവൾ ഗ്ലെനെൽഗ് ഏരിയയിലുള്ള പഴയ സെമിത്തേരികളുടെ ഓൺലൈൻ റെക്കോഡുകൾ തിരയാൻ തുടങ്ങി. പത്തു പതിനഞ്ച് മിനിറ്റിനുള്ളിൽ അന്വേഷിക്കുന്ന ആളുടെ വിവരങ്ങൾ കണ്ടെത്തി. ഗ്ലെനെൽഗിലുള്ള നോർത്ത് ബ്രൈറ്റൻ സെമിത്തേരിയിൽ ജെയിംസ് ലിസ്റ്റൻ ഗാർത്തുവേറ്റ് എന്നൊരാളെ സംസ്‌കരിച്ചിട്ടുണ്ട്. ചരമവിവരങ്ങളും മറ്റും അത്ര വിശദമായും കൃത്യമായും സൂക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്യുകയും ചെയ്‌തിരുന്നതുകൊണ്ടും കൃത്യമായി സെർച്ച് ചെയ്യാൻ അറിയാവുന്നയാൾ ഉണ്ടായിരുന്നതുകൊണ്ടും വേഗത്തിൽ  വിവരം ശേഖരിക്കാനായി. 1843 മുതലുള്ള സെമിത്തേരിയാണ്. തുടക്കം മുതലുള്ള വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. പ്രസിദ്ധരുടെ പട്ടികയിൽ പാറ്റ് ഗ്ലെന്നൻ എന്ന കുതിരഓട്ടക്കാരന്റെയും പോൾ മൊറാൻ എന്ന ഫോട്ടോ ജേർണലിസ്റ്റിന്റെയും പേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗാർത്തുവേറ്റിനെ അവിടെ ആർക്കും അറിയില്ലെന്ന്‌ അപ്പോൾത്തന്നെ മനസ്സിലായി.
 
അഡലെയ്ഡിൽ സ്ഥിരതാമസമാക്കിയ ബേബിച്ചനെന്ന ചങ്ങനാശ്ശേരിക്കാരൻ ഈ സെമിത്തേരി അന്വേഷിച്ച് കൂടെ വരാൻ തയ്യാറായി. ബ്രൈറ്റൻ, കിങ്‌ ജോർജ് അവന്യു എന്നീ റോഡുകൾക്കിടയിലെ വിശാലമായ സെമിത്തേരിയാണ് നോർത്ത് ബ്രൈറ്റൻ. ഏഴേക്കർ സ്ഥലത്ത് പരന്നുകിടക്കുന്നു. നൂറുകണക്കിന് ആളുകളെ അടക്കിയിട്ടുണ്ട്. സെമിത്തേരിയെക്കുറിച്ചുള്ള വിവരങ്ങൾ കവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1858 വരെയുള്ള രേഖകൾ നശിച്ചുപോയി എന്നും വ്യക്തമാക്കിയിട്ടുണ്ട്‌. സ്വകാര്യ സെമിത്തേരിയായിരുന്ന ഇത്‌ 1934ലാണ് മുനിസിപ്പൽ ഭരണസമിതി ഏറ്റെടുത്തത്.
 
ഓരോ വർഷവും നടത്തുന്ന  സംസ്‌കാരങ്ങൾ ഒരു ക്രമത്തിലാണ്. ഏതേതു വർഷത്തെ കല്ലറകൾ എവിടെയാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. വർഷംവച്ച് കല്ലറ നോക്കി കണ്ടുപിടിക്കാം. 1910–-1920 കാലത്ത്‌ അടക്കിയ ഭാഗത്ത് എത്തി ഓരോ ശവക്കല്ലറയും നോക്കി. 1918ലേതും 1919ലേതും ഓരോന്നോരോന്നായി വീണ്ടും വീണ്ടും പരിശോധിച്ചു. പക്ഷേ, ഗാർത്തുവേറ്റിന്റെ ശവകുടീരം അവിടെ ഇല്ല!
 
അടുത്ത ദിവസം നടത്തേണ്ട  സംസ്‌കാരത്തിനായി കുഴിയെടുക്കുന്ന എസ്‌കവേറ്ററിന്റെ ഡ്രൈവറെ കണ്ടു. കാര്യങ്ങൾ പറഞ്ഞു. ഇന്ത്യയിൽനിന്ന് ശവക്കല്ലറ അന്വേഷിച്ചു വന്നതാണെന്ന്‌ പറഞ്ഞപ്പോൾ അദ്ദേഹത്തിന്‌ സന്തോഷം. 1918 ഡിസംബറിൽ ശവമടക്കിയ ഭാഗത്ത്  അദ്ദേഹവും പരിശോധിച്ചു. പക്ഷേ, ഗാർത്തുവേറ്റ് അവിടെയില്ല. ഇനി വിവരങ്ങൾ അന്വേഷിക്കണമെങ്കിൽ ഹോൾഡ്‌ഫാസ്റ്റ് ബേ സിറ്റി കൗൺസിൽ ഓഫീസിൽ നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങോട്ടുപോകാൻ തീരുമാനിച്ചു. അതിനിടെ ബാക്കിയുള്ളിടത്തുകൂടി നോക്കിയാലോ എന്ന് വെറുതേ തോന്നി. 1800കളിലെ ശവകുടീരങ്ങൾ 1900-ങ്ങളിലേതിൽനിന്ന് വ്യത്യസ്‌തമായിരുന്നു. 1800കളിലെ ശവകുടീരങ്ങൾ കരിങ്കല്ലുമാത്രം പാകിയവയാണ്. 1900--‐1910 കാലത്തേക്ക് എത്തുമ്പോൾ കരിങ്കല്ലിനുമേൽ സിമന്റ് തേച്ചതും മാർബിൾപോലുള്ള ഫലകങ്ങൾ പാകിയതുമാണ്. ഈ കൗതുകംവച്ച് 1880കളിലെ ശവകുടീരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരിടത്ത് മാർബിൾ പാകിയ കല്ലറ കണ്ടു. മങ്ങിയ ഫലകം വായിക്കാൻ പ്രയാസം. അത് പക്ഷേ, ഇടയ്‌ക്ക്‌ ആരോ നന്നാക്കിയതുപോലുണ്ട്. ഫലകം സൂക്ഷിച്ച് വായിച്ചു നോക്കി. അതൊരു ഗാർത്തുവേറ്റിന്റേതാണ്-. മിൽഡ്രെഡ് ഗാർത്തുവേറ്റ്. 1884-ൽ മരിച്ചതാണ്. എന്തായാലും ഗാർത്തുവേറ്റ് എന്ന് കാണുന്നതിനാൽ ഒരേ കുടുംബമാണല്ലോ എന്നോർത്ത് ഫലകത്തിലെ  പൂപ്പൽ ചുരണ്ടിക്കളഞ്ഞ്‌ കൊത്തിവച്ചിരുന്ന കാര്യങ്ങൾ വായിച്ചു നോക്കി. അപ്പോഴതാ തെളിഞ്ഞു വരുന്നു. James Listen Garthwaite, died December 21st 1918. Also His Wife Mildred Garthwaite, Died 1884.
 
ജെയിംസ് ലിസ്റ്റൻ ഗാർത്തുവേറ്റ് 1918 ഡിസംബർ 21ന്‌ മരിച്ചു. 1884ൽ മരിച്ചടക്കിയ ഭാര്യയുടെ കല്ലറയിലാണ് അദ്ദേഹത്തെയും അടക്കിയത്. ഏതായാലും  കല്ലറ കണ്ടെത്താൻ കഴിഞ്ഞതിൽ വലിയ ചാരിതാർഥ്യം തോന്നി. ഫോട്ടോ എടുത്ത് നേരേ കൗൺസിൽ ഓഫീസിലേക്ക് പോകാനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചു. ഗാർത്തുവേറ്റ് കുടുംബത്തിലുള്ളവർ അവിടെയുണ്ടോ എന്നന്വേഷിക്കണം.
 

ലിപ്ഷം കുടുംബം

 
അടുത്തുതന്നെയുള്ള ഹോൾഡ്‌ഫാസ്റ്റ് ബേ സിറ്റി കൗൺസിൽ 1950ന് ശേഷമുള്ള രേഖകളേ ഉണ്ടായിരുന്നുള്ളൂ. അതിനു മുമ്പുള്ളവയെല്ലാം കൗൺസിലിന്റെ ജെട്ടി റോഡിലുള്ള ഹിസ്റ്ററി സെന്ററിലാണ്. അത് തൊട്ടടുത്തുതന്നെ. ഹിസ്റ്ററി സെന്റർ  ഞങ്ങൾ എത്തിയപ്പോഴേക്കും അത് പൂട്ടിപ്പോയിരുന്നു. അടുത്ത ദിവസം പോയി അന്വേഷിക്കാം എന്നു വയ്‌ക്കാൻ നിവൃത്തിയില്ല. കാരണം എനിക്ക് അന്നുതന്നെ മെൽബണിലേക്ക് തിരിച്ചു പോകണം. ഹിസ്റ്ററി ഓഫീസർ ജൂലിയയാണെന്ന്‌ അറിഞ്ഞു. ഭാഗ്യത്തിന്‌ അവർ എന്തോ ആവശ്യത്തിന് തിരികെ വന്നിട്ടുണ്ട്‌. ജൂലിയ മുനിസിപ്പാലിറ്റിയിലെ ലോക്കൽ ഹിസ്റ്ററി കോ ഓർഡിനേറ്ററാണ്. ഹിസ്റ്ററി സെന്റർ തുറന്ന് ഞങ്ങളെ അകത്തു കയറ്റി. അവരോട് ഗാർത്തുവേറ്റിനെക്കുറിച്ച് പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായി കൈസർ ഇ ഹിന്ദ് ബഹുമതി ലഭിച്ചയാളാണ്. ആ ബഹുമതി അദ്ദേഹത്തിന്‌ ബ്രിട്ടീഷ്‌ സർക്കാർ 1901ൽ അഡലെയ്ഡിൽ വച്ചാണ് നൽകിയതെന്നും അദ്ദേഹത്തെ ഇവിടത്തെ നോർത്ത് ബ്രൈറ്റൻ സെമിത്തേരിയിലാണ്‌ അടക്കിയത് എന്നും പറഞ്ഞു. ഞങ്ങളുടെ കണ്ടെത്തൽ അവർക്ക്‌ അത്ഭുതമായിരുന്നു. അതുവരെ അവർക്കോ അവിടത്തുകാർക്കോ അക്കാര്യങ്ങളെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. അവർ വേഗം ഒരു ഫോം എടുത്തുതന്നു. അപേക്ഷ പ്രകാരം ഔദ്യോഗികമായി ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കും. ഗാർത്തുവേറ്റിന്റെ ചരമവാർത്ത അവരെ കാണിച്ചു. ആ വാർത്തയിൽ പറയുന്ന ലിപ്ഷം കുടുംബം അഡലെയ്ഡിലെ വളരെ പഴയ  കുടുംബമാണ് എന്ന്‌ അവർ പറഞ്ഞു. ആ കുടുംബവുമായുള്ള ബന്ധത്തിലാണ് ഗാർത്തുവേറ്റ് അവിടെ താമസിച്ചത്. അല്ലാതെ ഗാർത്തുവേറ്റ് എന്നൊരു കുടുംബം അവിടെ ഉണ്ടായിരുന്നതായി ചരിത്ര രേഖകളൊന്നും പറയുന്നില്ല.
 
“ഞങ്ങളുടെ നഗരത്തിൽ ഇത്രയും വലിയൊരാൾ ജീവിച്ചിരുന്നു എന്ന് അറിയിച്ചതിന് നന്ദി. ഞങ്ങളുടെ പഴയ രേഖകളിലൊന്നും അത്തരമൊരു വിവരമില്ല. ഉണ്ടായിരുന്നെങ്കിൽ അത് ആധികാരികമായി പറയേണ്ടത് ഞാനാണ്. നന്ദി...'' എന്നായിരുന്നു ജൂലിയ പറഞ്ഞത്. നഗരചരിത്രത്തിൽ അദ്ദേഹത്തിന്റെ കാര്യം ഞങ്ങൾ പ്രാധാന്യത്തോടെ രേഖപ്പെടുത്തും. മറ്റു കാര്യങ്ങൾ അന്വേഷിക്കാം. വിവരങ്ങൾ കൃത്യമായി അറിയിക്കാം എന്നൊക്കെ അവർ സമ്മതിച്ചു . മലയാള ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ച വലിയ വിജ്ഞാനഖനികളാണല്ലോ ഗുണ്ടർട്ടിന്റെയും മറ്റും രേഖാശേഖരങ്ങളിലുള്ളത്. അത്തരം എന്തെങ്കിലും ഇവിടെയുണ്ടെങ്കിൽ അത് അറിയണമെന്നുണ്ടെന്നും പറഞ്ഞു.
 

ഗാർത്തുവേറ്റിന്റെ കല്ലറയ്‌ക്കരികിൽ ലേഖകൻ

ഗാർത്തുവേറ്റിന്റെ കല്ലറയ്‌ക്കരികിൽ ലേഖകൻ

അന്വേഷണം തുടരണം

 
അക്കാലത്തെ സർവകലാശാലകളിലെ ലൈബ്രറികളിലും പഠനഗ്രന്ഥങ്ങളിലും പ്രദേശത്ത് അന്നുണ്ടായിരുന്ന മികച്ച ഗ്രന്ഥാലയങ്ങളിലും ഇക്കാര്യം അന്വേഷിച്ച് അറിയിക്കാമെന്ന്‌ അവർ സമ്മതിച്ചു. കുടുംബവുമായി ബന്ധപ്പെട്ട് ഗാർത്തുവേറ്റിന്റെ ഡയറികളോ പുസ്‌തക-രേഖാ ശേഖരങ്ങളോ ഉണ്ടോ എന്ന കാര്യവും അവരുടെ ഗവേഷകർ അന്വേഷിക്കുന്നുണ്ട്.
 
 ദിവസങ്ങൾക്കകം മെയിലുകൾ വന്നു തുടങ്ങി. ഗാർത്തുവേറ്റ് അക്കാലത്ത് താമസിച്ചിരുന്ന ആ വീടും മറ്റും ഇപ്പോഴും അവിടെയുണ്ട്. അവരുടെ കുടുംബാംഗങ്ങൾ നഗരത്തിൽ ഇപ്പോഴും വളരെ പ്രാമുഖ്യത്തോടെ കഴിയുന്നുണ്ട്. ലിപ്ഷോം എന്ന ഓസ്ട്രേലിയൻ കുടുംബത്തിലേക്കാണ് ഗാർത്തുവേറ്റിന്റെ സഹോദരിയെ കല്യാണം കഴിച്ചത്. അങ്ങനെയാണ് ഗാർത്തുവേറ്റ് അവിടെ എത്തിയത്‌. ജൂലിയ പ്രാധാന്യത്തോടെ നടത്തിത്തുടങ്ങിയ ഗാർത്തുവേറ്റ് പര്യവേക്ഷണം പക്ഷേ, അവർ അവിടെനിന്ന് സ്ഥലം മാറിപ്പോയതോടെ കുറച്ചു മന്ദഗതിയിലായി. ജൂലിയക്കുശേഷം കോർട്ട്നി എന്ന ഹിസ്റ്ററി സെന്റർ ജീവനക്കാരിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്‌. ലഭ്യമാകുന്ന വിവരങ്ങൾ അവർ അപ്പപ്പോൾ അറിയിക്കുന്നുണ്ട്‌.
 
അഡലെയ്ഡിൽ താമസിക്കുന്ന കാലത്ത് ഗാർത്തുവേറ്റ് സാമൂഹ്യകാര്യങ്ങളിൽ ഇടപെടുകയും സജീവമായ സാംസ്‌കാരിക ജീവിതം നയിക്കുകയും ചെയ്‌തിരുന്നതായി ജൂലിയ കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിൽനിന്ന് ബൈബിൾ സൊസൈറ്റി അദ്ദേഹത്തിന് അയച്ച ഏതാനും കത്തുകൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചും അവിടത്തെ ജീവിതത്തെക്കുറിച്ചുമൊക്കെ കണ്ടെടുക്കാൻ വലിയ വിഷമമുണ്ടാകുമെന്ന് തോന്നുന്നില്ല. അഡലെയ്ഡി മലയാളി അസോസിയേഷനുകൾ   സജീവമാണ്. അവരിലാരെങ്കിലും, കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കനത്ത സംഭാവനകൾ നൽകിയ, ഗാർത്തുവേറ്റിനെപ്പറ്റിയുള്ള ഗവേഷണത്തിൽ സഹായിക്കാൻ വരാതിരിക്കില്ല.  
 

അറിയണം ഗാർത്തുവേറ്റിനെ

 
മലയാള ഭാഷാ പഠനത്തിന് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന പണ്ഡിതനാണ് ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്. 1859ൽ ഹെർമൻ ഗുണ്ടർട്ടിന്റെ പിൻഗാമിയായി അദ്ദേഹം മലബാർ - കാനറയിലെ ഡെപ്യൂട്ടി സ്‌കൂൾ ഇൻസ്‌പെക്‌ടറായി എത്തി. ഗുണ്ടർട്ടിന്റെ ഒന്നാം ക്ലാസിനുള്ള ‘പാഠാരംഭ'ത്തിൽ പരമ്പരാഗതമായി അ, ആ ... യിലായിരുന്നു എഴുത്തു പഠനം.  ആദ്യം സ്വരാക്ഷരങ്ങൾ, പിന്നെ വ്യഞ്ജനാക്ഷരങ്ങൾ എന്നിങ്ങനെ. ഇങ്ങനെ അക്ഷരമാല പഠിക്കാൻ ഒരു വർഷത്തോളമെടുത്തിരുന്നു.  ഇതിന് പകരം ഉച്ചാരണത്തിലും എഴുത്തിലും ലളിതമായ പ, ന, ല അക്ഷരങ്ങളും അത് ഉപയോഗിച്ചുള്ള ചെറിയ വാക്കുകളും ഗാർത്തുവേറ്റ് അവതരിപ്പിച്ചു. ലളിതത്തിൽനിന്ന് സങ്കീർണമായ അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും പഠനം കൊണ്ടുപോവുക എന്ന രീതി. ഇതു വഴി മൂന്നോ നാലോ മാസം കൊണ്ട് കുട്ടികൾ എളുപ്പത്തിൽ വായിക്കുന്ന സ്ഥിതിയുണ്ടായി. പിൽക്കാലത്ത് ഈ വിദ്യാഭാസ രീതി മലബാറിൽ മാത്രമല്ല തിരുവിതാംകൂറിലും പ്രചാരത്തിലായി. കേരള രൂപീകരണ ശേഷവും പല രീതിയിൽ തുടരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top