30 October Wednesday

ആലപ്പുഴ തൊഴിലാളി മ്യൂസിയം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്ര പരിപാടിയുടെ ഭാഗമാണ് ആലപ്പുഴ തൊഴിലാളി മ്യൂസിയം. പൈതൃക പദ്ധതിയുടെ ഭാഗമായുള്ള ഇരുപതോളം ചെറുമ്യൂസിയങ്ങളുടെ ശൃംഖലയിൽ ഏറ്റവും വലുത് തൊഴിലാളി മ്യൂസിയമാണ്. 

പഴയ ബോംബെ കമ്പനി ഇന്ന് ന്യൂ മോഡൽ തൊഴിലാളി സഹകരണ സംഘമാണ്. ഇവിടുത്തെ കെട്ടിടങ്ങൾ പഴമയിൽ പുതുക്കി സംരക്ഷിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ആർകിടെക്ട് ബെന്നി കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. കൂട്ടായ ചർച്ചയിലൂടെയാണ് മ്യൂസിയത്തിന്റെ ഉള്ളടക്കത്തിനു രൂപംനൽകിയത്. ജോയ് സെബാസ്റ്റ്യനാണ് ഐറ്റി കൺസൾട്ടന്റ് (ഓണററി). ഗ്രാഫിക് ആർടിസ്റ്റുകൾ, ഫോട്ടോഗ്രാഫർമാർ, സിനിമാ വിദഗ്ധർ, ചിത്രകാരന്മാർ തുടങ്ങിയ വിദഗ്‌ധസംഘത്തിന്റെ പ്രവർത്തനം റൂബിൻ ഡിക്രൂസാണ് ഏകോപിപ്പിച്ചത്.

ആലപ്പുഴ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ ഈ പ്രദർശനത്തിൽ ഉണ്ടാകും. ഇതിനായി 1922 മുതലുള്ള തിരുവിതാംകൂർ ലേബർ അസോസിയേഷന്റെയും നേതാക്കന്മാരുടെയും സമ്മേളനങ്ങളിലും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള സാംസ്കാരിക നായകന്മാർ, ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കൾ തുടങ്ങിയവരെക്കുറിച്ചുള്ള ചിത്രപ്രദർശനങ്ങൾ ഉണ്ടാകും. ആലപ്പുഴ ശ്രീനാരായണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സമഗ്രമായ അവതരണം പ്രത്യേക ഭാഗമായിരിക്കും.

വെർച്വൽ റിയാലിറ്റിഷോയിലൂടെ വയലാർ കൂട്ടക്കൊലയുടെ മധ്യത്തിലേക്ക്‌ കാഴ്‌ചക്കാരെ കൂട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യം. ക്യാമ്പുകളുടെ വലിയൊരു വാൾമാപ്പ് ഉണ്ടാകും. ആ പ്രദേശത്തെ ഇന്നത്തെ അവസ്ഥയുടെ അടിസ്ഥാനത്തിലാണെങ്കിൽപ്പോലും വിവിധ കേന്ദ്രങ്ങളുടെ ഫോട്ടോകളുടെയും മറ്റും ചെറിയൊരു കൊളാഷായിരിക്കും ഈ മാപ്പ്. പ്രധാനപ്പെട്ടൊരു ക്യാമ്പിന്റെ മാതൃകയും പ്രദർശിപ്പിക്കും. 

ഒക്ടോബർ 22 മുതൽ 27 വരെ നടന്ന ഏറ്റുമുട്ടലുകളും പട്ടാളനീക്കങ്ങളും രേഖപ്പെടുത്തിയ വലിയൊരു റിലീഫ് മാപ്പ് തറയിൽ തയ്യാറാക്കും. സമരത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് ഒരു വിഗഹവീക്ഷണം ഇതിൽനിന്നും ലഭിക്കും. 

തെരഞ്ഞെടുക്കപ്പെട്ട സമരസേനാനികളുടെ ഹ്രസ്വ ഓഡിയോ റെക്കോഡുകൾ കേൾക്കുന്നതിനുള്ള പ്രത്യേക സ്റ്റുഡിയോ ഉണ്ടാകും. ഇ എം എസ്, ടി വി തോമസ്, എസ് കുമാരൻ, പി കെ ചന്ദ്രാനന്ദൻ, കെ ആർ ഗൗരിയമ്മ, എം ടി ചന്ദ്രസേനൻ, കെ കെ കുഞ്ഞൻ തുടങ്ങി ചില നേതാക്കൻമാരുടെയെങ്കിലും ആലപ്പുഴയിലെ പ്രസ്ഥാനത്തെക്കുറിച്ചുള്ള വിവരണങ്ങളുടെ ഓഡിയോ റെക്കോഡുകൾ ഡൽഹി തീൻമൂർത്തി ഭവനിലുണ്ട്. മറ്റു പലരുടെയും റെക്കോഡുകൾ ലഭ്യമാണ്. ഇവരുടെയെല്ലാം ലഭ്യമായ ഫോട്ടോകളുടെ സ്ലൈഡ് ഷോയുടെ പശ്ചാത്തലത്തിൽ സൗണ്ട്പ്രൂഫ് സ്റ്റുഡിയോയിൽ സംഭാഷണങ്ങൾ കേൾക്കുന്നതിന്‌ സൗകര്യമുണ്ടാകും. 

മലയാള ചലച്ചിത്രങ്ങളിലെ പുന്നപ്ര- വയലാറുമായി ബന്ധപ്പെട്ടുവരുന്ന ചില രംഗങ്ങൾ കോർത്തിണക്കിയുള്ള അവതരണമുണ്ടാകും. തൽപ്പരരായവർക്ക് ഇത്തരം സിനിമകൾ ടെലിവിഷൻ സ്ക്രീനിൽ കാണുന്നതിനുള്ള സൗകര്യവും ഒരുക്കും. ആലപ്പുഴ പടപ്പാട്ടുകളുടെ സംഗീതാവിഷ്കരണം കേൾക്കുവാനുള്ള പ്രത്യേക സ്റ്റുഡിയോ ഉണ്ടാകും. പുന്നപ്ര -വയലാറും ആലപ്പുഴ പ്രസ്ഥാനവും സാഹിത്യകൃതികളിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഒരു പുസ്തകശേഖരം പ്രദർശനത്തിന്റെ ഭാഗമായി ലക്ഷ്യമിടുന്നു. 

ദേശാഭിമാനി, ജനയുഗം പത്രങ്ങളുടെ ആദ്യം മുതലുള്ള പുന്നപ്ര -വയലാർ വാർഷിക വിശേഷാൽ പതിപ്പുകൾ പ്രദർശിപ്പിക്കുകയും ബാക്കിയുള്ളവ ഡിജിറ്റലായി ലഭ്യമാക്കുകയും ചെയ്യും. വാർഷികാചരണങ്ങളുടെ ലഭ്യമായ വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിക്കും.

സമരസേനാനികളുടെ പേരുകൾ പതിച്ചിട്ടുള്ള ഒരു സ്വാതന്ത്ര്യഭിത്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. ഇതിനുവേണ്ടിയാണ് ഈ ലേഖനത്തിനാധാരമായ വിവരശേഖരണം നടത്തിയത്. ഈ വിവരങ്ങൾ ഡയറക്ടറിയായി അച്ചടിക്കുവാൻ പോവുകയാണ്. അതോടൊപ്പം ഡിജിറ്റലായും വിവരങ്ങൾ ലഭ്യമാക്കും. സമരസേനാനികളുടെ വീടും ഇന്നത്തെ പിൻതലമുറക്കാരുടെ ഫോട്ടോകളും ഉൾപ്പെടും. അവരുമായി ബന്ധപ്പെട്ട രേഖകളുടെ പൂർണവിവരങ്ങളും നൽകും. 20,000 മുതൽ -25,000 പേജ് വരുന്ന ഭീമൻ സഞ്ചയമായിരിക്കും സൃഷ്ടിക്കപ്പെടുക.

ഡയറക്ടറിയുടെ പ്രാഥമികരൂപം രണ്ടുവർഷംമുമ്പ് ഏരിയ/മണ്ഡലം കമ്മിറ്റികളുടെ അടിസ്ഥാനത്തിൽ ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും കമ്മിറ്റികൾക്ക്‌ നൽകിയിട്ടുള്ളതാണ്. പോരായ്മകളും കൂട്ടിച്ചേർക്കലുകളും ചൂണ്ടിക്കാണിച്ചാൽ അവ അച്ചടിക്കുമ്പോൾ ഉൾപ്പെടുത്താൻ കഴിയും. അതുപോലെതന്നെ ഏതൊരാൾക്കും രക്തസാക്ഷികളുടെ കരടുലിസ്റ്റിൽ ഭേദഗതികൾ നിർദേശിക്കാവുന്നതാണ്. ഇവ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതിന്റെ ലക്ഷ്യംതന്നെ ഇത്തരം ഭേദഗതികൾ സ്വീകരിക്കാനാണ്. ഡിസംബർ മാസത്തിനുള്ളിൽ ഡയറക്ടറി നാഷണൽ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top