21 November Thursday

ഇന്നും ജ്വലിക്കുന്ന പുന്നപ്ര- വയലാർ പോരാളികൾ

ഡോ. ടി എം തോമസ് ഐസക്‌Updated: Sunday Oct 22, 2023
1919-ലെ ജാലിയൻവാലാബാഗ് വെടിവയ്പാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല. പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനങ്ങളെ വളഞ്ഞിട്ട് വെടിയുണ്ട തീരുന്നവരെയും ബ്രിട്ടീഷ് പട്ടാളം നിറയൊഴിച്ചു. മരിച്ചവരുടെ മതിപ്പുകണക്ക് 379 മുതൽ 1500 വരെയാണ്. 1200 പേർക്ക് പരിക്കുമേറ്റു. പുന്നപ്ര- വയലാർ സമരം ജാലിയൻവാലാബാഗിനെ കവച്ചുവച്ചേക്കാം. ഇവിടെ മരിച്ചുവീണവരുടെ മതിപ്പുകണക്ക് 190 മുതൽ 2000 വരെയാണ്.
ജാലിയൻവാലാബാഗിനെപോലെ തന്നെ പുന്നപ്ര- വയലാർ സമരത്തിൽ രക്തസാക്ഷികൾ ആയവരുടെ എണ്ണത്തിൽ കൃത്യമായ കണക്കുകൾ ഇല്ല.  ശേഖരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ല. ഇനിയിപ്പോൾ 75 വർഷം പിന്നിട്ടശേഷം പൂർണ വിവരശേഖരണം അത്രത്തോളം സാധ്യവുമല്ല. 

ഇ എം എസിന്റെ ഉദ്യമം

പുന്നപ്ര- വയലാർ സമരവുമായി ബന്ധപ്പെട്ട ചരിത്രരേഖകളും സമരസേനാനികളുടെ വായ്മൊഴികളും ശേഖരിക്കുന്നതിന് 1980-കളുടെ അവസാനം  ഇ എം എസിന്റെ നേതൃത്വത്തിൽ എ കെ ജി പഠന ഗവേഷണ കേന്ദ്രം ഒരു ബൃഹദ് പദ്ധതി തയ്യാറാക്കി. ഇതിന്റെ ധനസഹായത്തിനായി ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിനു സമർപ്പിച്ചു. എന്നാൽ ആ സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്ന ചിലരുടെ സങ്കുചിത രാഷ്ട്രീയംമൂലം പദ്ധതി പ്രാവർത്തികമായില്ല. 
അന്ന് സമരസേനാനികളിൽ പകുതിപ്പേരെങ്കിലും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇപ്പോൾ കൈവിരലിൽ എണ്ണാവുന്നവർ മാത്രമേയുള്ളൂ. അതുകൊണ്ട് അന്നു ലക്ഷ്യമിട്ടതുപോലെ ഒരു വിവരശേഖരണം ഇനി സാധ്യമല്ല. എങ്കിലും മുസിരിസ് ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി സമരസേനാനികളെക്കുറിച്ചു വിവരശേഖരണ പരിപാടി നടപ്പാക്കി. അതു ലഭ്യമാക്കിയ ചില വിവരങ്ങളാണ് ഈ ലേഖനത്തിന് ആധാരം.

കെ സി ജോർജിന്റെ പഠനം

ദിവാൻ സർക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം പുന്നപ്ര -വയലാർ പ്രക്ഷോഭത്തിൽ 190 പേരാണ് മരിച്ചത്. അതേസമയം അക്കാലത്ത് കേന്ദ്ര ഇന്റലിജൻസ് അയച്ച സന്ദേശത്തിൽ പറയുന്നത് 2000-ത്തോളം പേർ കൊല്ലപ്പെട്ടുകാണുമെന്നാണ്. ഇതുമൊരു ഊഹക്കണക്ക് മാത്രമാണ്. കെ സി ജോർജിന്റെ ഗ്രന്ഥമാണ് കമ്യൂണിസ്റ്റ് പാർടിയുടേതായി അംഗീകരിക്കപ്പെട്ട ഔദ്യോഗിക വിലയിരുത്തലെന്നു വേണമെങ്കിൽ പറയാം. ഇതിന്റെ ആദ്യപതിപ്പിനു മുഖവുര എഴുതിയത് ഇ എം എസ് ആയിരുന്നു. എന്നാൽ അതിന്റെ പുതുക്കിയ പതിപ്പിൽ ഇ എം എസിനെക്കുറിച്ചു ചില ആക്ഷേപങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. ഈ വിമർശം ഉണ്ടെങ്കിലും പ്രക്ഷോഭത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖ കെ സി ജോർജിന്റെ ഗ്രന്ഥമാണ്. അതുപ്രകാരം 320 ഓളം പേരാണ് രക്തസാക്ഷികളായത്.

പൈതൃക പദ്ധതി കണക്കെടുപ്പ്

മുസിരിസ് പൈതൃക പദ്ധതി പ്രകാരം 2000-ത്തിൽപ്പരം സമരസേനാനികളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവയുടെ ഒരു ഡയറക്ടറി തയ്യാറാക്കുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്. ഇതുവരെ 170 രക്തസാക്ഷികളുടെ പേരുവിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. ആദ്യമായിട്ടാണ് ഇങ്ങനെ ലിസ്റ്റ് തയ്യാറാക്കപ്പെടുന്നത്. യഥാർഥത്തിൽ അറിയപ്പെടാത്ത രക്തസാക്ഷികളുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണു വിലയിരുത്തൽ. പുന്നപ്ര- വയലാർ സമരസേനാനികൾ, പണ്ഡിതർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇതുവരെ എഴുതിയിട്ടുള്ള എല്ലാ വിവരണങ്ങളും സസൂക്ഷ്മം വായിച്ച്‌ പേരുകൾ ഇൻഡക്സ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തലിൽ എത്തിച്ചേർന്നിട്ടുള്ളത്. 450-നും 550-നും ഇടയ്ക്കു പോരാളികൾ രക്തസാക്ഷികളായിട്ടുണ്ട്. അക്കാലത്ത് കേന്ദ്ര കമ്മിറ്റിയുടെ മുഖപത്രത്തിൽ ഇ എം എസ് എഴുതിയ ഒരു ലേഖനത്തിൽ 500 രക്തസാക്ഷികളെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. പ്രധാന ഏറ്റുമുട്ടലുകൾ നടന്ന സ്ഥലങ്ങളുടെയും അവിടെ സർക്കാരിന്റെയും കെ സി ജോർജിന്റെയും പുതിയ സമരസേനാനി ഡയറക്ടറിയുടെ അടിസ്ഥാനത്തിലുമുള്ള രക്തസാക്ഷികളുടെ മതിപ്പുകണക്ക് പട്ടിക ഒന്നിൽ നൽകിയിട്ടുണ്ട്. 

സമരസംഘടന

പുന്നപ്ര- വയലാർ സമരത്തിനു നേതൃത്വം നൽകിയത് 54 വാർഡുകളിലായി രൂപീകരിക്കപ്പെട്ട ട്രേഡ് കൗൺസിലുകളാണ്. ആ പ്രദേശത്ത്‌ പ്രവർത്തിക്കുന്ന എല്ലാ ട്രേഡ് യൂണിയനുകളുടെയും പൊതുസമരവേദിയായിരുന്നു ട്രേഡ് കൗൺസിൽ. വിപ്ലവ റഷ്യയിലെ സോവിയറ്റുകളെപ്പോലെ. ഇതിനുപുറമേ സമര വളന്റിയർമാരുടെ ക്യാമ്പുകളും ഉണ്ടായിരുന്നു. 
ഈ ക്യാമ്പുകൾ, പ്രത്യേകിച്ച്‌ ചേർത്തല താലൂക്കിലെ ക്യാമ്പുകൾ, ജനകീയ പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഉയർന്നുവന്നവയാണ്. നാട്ടിൻപുറത്ത് കർഷകത്തൊഴിലാളികൾക്കും യൂണിയൻ പ്രവർത്തകർക്കുമെതിരെ ജന്മിമാരും ഗുണ്ടകളും പിന്നീട് പൊലീസും ചേർന്നു നടത്തിയ ക്രൂരമർദനങ്ങളിൽനിന്നു രക്ഷനേടുന്നതിന്‌ പാവപ്പെട്ടവർ ഒന്നിച്ചുചേർന്നു താമസിക്കാൻ തുടങ്ങിയതാണ് ക്യാമ്പുകളായി രൂപപ്പെട്ടത്. ഈ ക്യാമ്പുകളെ പിന്നീട് ഒരു സമരസംഘടനാ രൂപമായി അംഗീകരിച്ച് വ്യാപിപ്പിച്ചു. പ്രധാന ക്യാമ്പുകളിൽ ആളുകളുടെ എണ്ണം പരിധിവിട്ട് ഉയർന്നപ്പോൾ പലയിടങ്ങളിലും ഉപക്യാമ്പുകളും രൂപംകൊണ്ടു.
പുന്നപ്ര വെടിവയ്പ് ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം ക്യാമ്പുകളിലോ ക്യാമ്പുകൾക്കു സമീപമോ ആണ് ഉണ്ടായത്. പുന്നപ്രയിൽ പൊലീസ് താവളം സമരസേനാനികൾ കടന്നാക്രമിക്കുകയായിരുന്നു. ബാക്കിയെല്ലായിടത്തും പട്ടാള അക്രമണത്തെ പ്രതിരോധിക്കുകയായിരുന്നു. പുന്നപ്ര, മാരാരിക്കുളം സമരങ്ങളിൽ രക്തസാക്ഷികളായവരുടെ പേരുകൾ സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ട്.

പുന്നപ്ര

പുന്നപ്ര രക്തസാക്ഷികളുടെ ലിസ്‌റ്റിൽ ആധികാരികരേഖ സമരസേനാനി കെ എസ്  ബെന്നിന്റേതാണ്. അലോഷ്യസ് ഫെർണാണ്ടസ് അച്ചൻ പ്രസിദ്ധീകരിച്ച ഓറ മാസികയിലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. അതുപ്രകാരം മരിച്ചവരുടെ എണ്ണം 29 ആണ്. എന്നാൽ പൈതൃക പദ്ധതി ഡയറക്ടറി പ്രകാരം പുന്നപ്ര സമരഭൂമിയിൽ 35 പേർ രക്തസാക്ഷികളായിട്ടുണ്ട്. 
ഒക്ടോബർ 24-ന് നടന്ന പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽ പുന്നപ്രയിൽ മരണസംഖ്യ ചെറുതായിരുന്നു. എന്നാൽ വെടിയുണ്ട തീർന്നപ്പോൾ പൊലീസ് വീടിനുള്ളിലേക്കു പിൻവാങ്ങി. ഇതു മനസ്സിലാക്കി വീടിനുള്ളിലേക്ക് ഇരച്ചുകയറാനുള്ള ശ്രമത്തിലാണ് കൂടുതൽ അപകടമുണ്ടായത്. വെടിയുണ്ട തീർന്നതു ശരിയായിരുന്നെങ്കിലും വീടിനുള്ളിൽ മറ്റൊരു പെട്ടി തിരയുണ്ടായിരുന്നു. ജനാലകൾ വഴി പൊലീസ് സമരക്കാർക്കു നേരെ വെടിയുതിർത്തു. ഇതു കനത്ത ആൾനഷ്ടമുണ്ടാക്കി. കുന്തംകൊണ്ട് വീടിനുള്ളിൽ മറഞ്ഞിരിക്കുന്നവരെ ആക്രമിക്കാനാകില്ലായെന്ന സ്ഥിതിയുണ്ടായപ്പോൾ കിട്ടിയ തോക്കുകളും പരിക്കേറ്റുകിടന്ന ഒട്ടേറെ പേരുമായി സമരയോദ്ധാക്കൾ പിൻവാങ്ങി. 

തിരുവമ്പാടി

മൂന്ന് പ്രകടനങ്ങളാണ് പൊലീസ് ക്യാമ്പ് ആക്രമിക്കുന്നതിനായി നീങ്ങിയത്. സിഗ്നലിങ്ങിന്റെ അടിസ്ഥാനത്തിൽ ഏകോപിച്ചായിരുന്നു നീക്കം. ഈ പ്രകടനങ്ങൾ നീങ്ങുന്ന വേളയിൽതന്നെ എക്സ്സർവീസുകാരുടെ നാലാമതൊരു സംഘം മെയിൻ റോഡിലൂടെ വടക്കോട്ട് പട്ടണത്തിലേക്കു നീങ്ങുന്നുണ്ടായിരുന്നു. പട്ടണത്തിൽനിന്ന്‌ പുന്നപ്ര ക്യാമ്പിലുള്ളവരെ സഹായിക്കാൻ നടത്തിയേക്കാവുന്ന പട്ടാള നീക്കത്തെ തടയുകയായിരുന്നു ലക്ഷ്യം. പട്ടാളവുമായി ഏറ്റുമുട്ടലിലാണ് തിരുവമ്പാടിയിൽ 2 പേർ കൊല്ലപ്പെട്ടത്. തുടർന്ന്‌ പട്ടാളം പിൻവാങ്ങി. ഈ മാർഗതടസ്സം ഉണ്ടായിരുന്നില്ലെങ്കിൽ പുന്നപ്രയിലെ ആൾനാശം എത്രയോ വലുതാകുമായിരുന്നു. 

മാരാരിക്കുളം - കാട്ടൂർ

പുന്നപ്രയിലെ ക്യാമ്പ് ആക്രമണം കഴിഞ്ഞാൽ മറ്റു ക്യാമ്പുകൾക്കുനേരെ പട്ടാളനീക്കം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതു തടയാൻ ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയ്ക്കുള്ള ഏതാണ്ട് എല്ലാ കലുങ്കുകളും പാലങ്ങളും പൊളിക്കപ്പെട്ടു. ഇതെല്ലാം നടന്നത് ഒക്ടോബർ 24–--ാം തീയതിയാണ്. 25–--ാം തീയതി കാട്ടൂർ പ്രദേശത്തു പൊളിച്ച പാലങ്ങളെക്കുറിച്ച് അന്വേഷിക്കാൻ റോന്തുചുറ്റിയ പട്ടാള സ്ക്വാഡിന്റെ വെടിയേറ്റ് കാട്ടൂർ ജോസഫ് ഉൾപ്പെടെ 2 പേർ രക്തസാക്ഷികളായി.
ആലപ്പുഴ - ചേർത്തല റൂട്ടിലെ മാരാരിക്കുളത്ത് ഉണ്ടായിരുന്ന പാലം പുനർനിർമിച്ചതു മൂന്നാംവട്ടം പൊളിക്കാൻ സന്നദ്ധഭടന്മാർ വന്നപ്പോഴാണു മറഞ്ഞിരുന്ന പട്ടാളം ഒക്ടോബർ 26-നു വെടിവച്ചത്. 8 പേർ രക്തസാക്ഷികളായി എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ പൈതൃക പദ്ധതി ഡയറക്ടറി പ്രകാരം 13പേർ രക്തസാക്ഷികളായിട്ടുണ്ട്. ഇവരുടെയെല്ലാം പേരുകളിൽ പൂർണ വ്യക്തതയുണ്ട്.

വയലാറിലേക്ക്

പാലങ്ങൾ പൊളിഞ്ഞത്‌ പട്ടാളനീക്കത്തെ തടസ്സപ്പെടുത്തിയെങ്കിലും 27–--ാം തീയതി പട്ടാളം ബോട്ടിൽ വയലാർ പ്രദേശത്തിറങ്ങി. ഇവിടെ മേനാശ്ശേരി, ഒളതല, വയലാർ ക്യാമ്പുകളെ വളഞ്ഞ് വെടിവയ്ക്കുകയായിരുന്നു. ഇവിടുത്തെ ക്യാമ്പുകളിൽ സമീപപ്രദേശങ്ങളിൽ നിന്നെല്ലാം ഒട്ടേറെ കർഷകത്തൊഴിലാളികളും പാവപ്പെട്ടവരും സമരത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എത്തിച്ചേർന്നിരുന്നു. സാധാരണഗതിയിൽ ക്യാമ്പിൽ ഉള്ളവരുടെ പേരുവിവരങ്ങൾ കൃത്യമായി സൂക്ഷിക്കുമായിരുന്നു. എന്നാൽ പുതിയതായി എത്തിച്ചേർന്നവരുടെ പേരുവിവരം കൃത്യമായി അറിയില്ല. അതാണ് ഇവിടെ കൊല്ലപ്പെട്ടവരുടെ പേരുകളും എണ്ണവും സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിനു പ്രധാന കാരണം.

ഒളതല

മൂന്ന് ക്യാമ്പുകളിലെയും കൊല്ലപ്പെട്ടവരുടെ എണ്ണം പരിശോധിക്കുമ്പോൾ ഒളതല ക്യാമ്പ് വയലാറിൽനിന്നും മേനാശ്ശേരിയിൽനിന്നും വ്യത്യസ്തപ്പെട്ടു നിൽക്കുന്നതായി കാണാം. എൻ പി തണ്ടാർ ആയിരുന്നു ഇവിടുത്തെ ക്യാപ്റ്റൻ. ഒളതല ക്യാമ്പിനുചുറ്റും കിടങ്ങുകൾ കുഴിച്ച് പ്രതിരോധം തീർത്തു. പട്ടാളം വെടിവയ്പ് തുടങ്ങിയപ്പോൾ സമരസേനാനികളെല്ലാം കിടങ്ങിൽ സുരക്ഷിതമായി ഒളിച്ചു. തണ്ടാർ മാത്രം വലിയൊരു മാവിന്റെ മറവിൽനിന്ന് ‘ഒരാളും തലപൊക്കരുത്, കിടങ്ങിനു പുറത്തുള്ളവർ നിലത്തു കമിഴ്ന്നുതന്നെ കിടക്കണ’മെന്നു വിളിച്ചു കൂവിക്കൊണ്ടിരുന്നു. ഈ ആഹ്വാനം കേൾക്കാതിരുന്നവർക്കാണു വെടിയേറ്റത്. നാലുമണിക്കൂർ നേരത്തെ വെടിവയ്‌പിനുശേഷം തിരകൾ തീർന്നപ്പോൾ പട്ടാളം പിൻവാങ്ങി. ഈ സന്ദർഭത്തിൽ സമരപോരാളികൾ അവരെ കടന്നാക്രമിച്ച് ഓടിക്കുകയാണുണ്ടായത്. ഒളതലയിൽ രക്തസാക്ഷികളായ 9 പോരാളികളുടെ വിവരങ്ങളേ ശേഖരിക്കാനായിട്ടുള്ളൂ.

മേനാശ്ശേരി

മേനാശ്ശേരിയിലും കിടങ്ങുകൾ കുഴിക്കുന്ന പ്രവർത്തനം തുടങ്ങിയെങ്കിലും പൂർത്തീകരിച്ചിരുന്നില്ല. ഇവിടെ ബോട്ടിൽ വന്നിറങ്ങിയ പട്ടാളം തോടിന്റെ ചിറയിലൂടെ ക്യാമ്പിലേക്ക് വെടിയുതിർത്ത്‌ മാർച്ച് ചെയ്യുകയായിരുന്നു. അവരുമായി ഏറ്റുമുട്ടുന്നതിനു കുന്തവുമായി മുന്നേറിയപ്പോൾ സമരസേനാനികളിൽ വലിയ ആൾനാശമുണ്ടായി. ക്യാമ്പിനെ പൂർണമായും പട്ടാളം കീഴ്പ്പെടുത്തി. അവിടുത്തെ വടക്കേ അയ്യൻകാട്‌ വീടിന്റെ അറയിൽ അഭയംപ്രാപിച്ചവരിൽ 2 പേരെ ഒഴികെ മുഴുവൻ പേരെയും പട്ടാളം വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 150 നും 200നും ഇടയിൽവരും. 33 രക്തസാക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

വയലാർ

വയലാറിൽ പട്ടാളം ഇറങ്ങിയപ്പോൾ ക്യാമ്പിൽ ഉച്ചഭക്ഷണത്തിനുള്ള തയ്യാറെടുപ്പായിരുന്നു. പട്ടാളത്തെ നേരിടുന്നതിനു മുന്നോട്ടുനീങ്ങിയ വളന്റിയർമാർ വെടിയേറ്റു വീണു. കമിഴ്ന്നുവീണു മുന്നോട്ടു നീങ്ങിയ സമരഭടന്മാർക്കുനേരെ ആദ്യം മുട്ടുകുത്തിയിരുന്നും പിന്നീട് കമിഴ്ന്നുകിടന്നും പട്ടാളം വെടിവച്ചു. യന്ത്രത്തോക്കുകളും ഉപയോഗിച്ചു. ഏറ്റവും കൂടുതൽ രക്തസാക്ഷികളായത് വയലാറിലാണ്. രക്ഷപ്പെടാൻ കുളത്തിൽ കിടന്നവരെപ്പോലും പട്ടാളം വെടിവച്ചുകൊന്നു. 
പട്ടാളം ക്യാമ്പിൽ എത്തുംമുമ്പ് പിൻവാങ്ങിയവർക്കും തോട്ടിലെ പോളകളിൽ മറഞ്ഞിരുന്നു നീന്തി പുറത്തു കടക്കാൻ കഴിഞ്ഞവർക്കുമേ രക്ഷപ്പെടാനായുള്ളൂ. മേനാശ്ശേരിയിലും വയലാറിലും പരിക്കേറ്റു കിടന്നിരുന്നവരെ പട്ടാളം തോക്കിന്റെ പാതികൊണ്ട് അടിച്ചും ബയണറ്റ് ചാർജ് ചെയ്തും കൊലപ്പെടുത്തി. ഇങ്ങനെ വെടിയേറ്റു കൊല്ലപ്പെട്ടവർക്കു പുറമേ ജയിലിലെ ഭീകരമായ മർദനങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുന്നൂറിനും ഇരുന്നൂറ്റി അമ്പതിനും ഇടയ്‌ക്ക്‌ വരും. 68 രക്തസാക്ഷികളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

ജയിലിൽ

ജയിലിലോ ജയിൽ ആശുപത്രിയിലോ  മരിച്ചവരിൽ 7 പേരുകളേ ലഭിച്ചിട്ടുള്ളൂ. ഇതിൽ ഏറ്റവും പ്രമുഖൻ സെൻട്രൽ ജയിലിൽ മർദനമേറ്റു മരിച്ച മുഹമ്മ അയ്യപ്പനാണ്. 1949-ലെ വയലാർ ദിനത്തിൽ ആലപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ചിൽ വെടിയേറ്റു മരിച്ചവരുടെ കൂട്ടത്തിലാണ്‌  അദ്ദേഹത്തെയും ഉൾപ്പെടുത്തിയിട്ടുള്ളത്. ലോക്കപ്പ് മർദനത്തിൽ മരണത്തിന്റെ വക്കിലെത്തുന്നവരെ തുറന്നുവിടുക എന്നൊരു നയമാണ് പൊതുവിൽ സ്വീകരിച്ചത്. അവരിൽ പലരും ജീവച്ഛവങ്ങളായി മരിച്ചു. ഈ രക്തസാക്ഷികളുടെകൂടി പേരുകൾ ചേർക്കുകയാണെങ്കിൽ ജയിലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 എങ്കിലും വരും.

വിവരശേഖരണ രീതി

2000-ത്തിൽപ്പരം സമരസേനാനികളിൽ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒട്ടെല്ലാവരുംതന്നെ വെടിയേറ്റവർ, ജയിൽവാസം അനുഭവിച്ചവർ, അറസ്റ്റ് വാറന്റുമൂലം ഒളിവിൽപോകാൻ നിർബന്ധിതരായവർ തുടങ്ങിയവരാണ്. 
സ്വാതന്ത്ര്യസമര സേനാനി പെൻഷനുകളുടെ ഫയലുകളും അതിൽ നിന്നുണ്ടാക്കിയ ലിസ്റ്റുമാണ് അടിസ്ഥാന സാമഗ്രിയാക്കിയത്‌. അവിടെനിന്നും ലഭിച്ച മേൽവിലാസങ്ങൾ ഉപയോഗിച്ച് സമരസേനാനികളുടെ വീടുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചു. കൂടാതെ പ്രസിദ്ധീകരിക്കപ്പെട്ട എല്ലാ രേഖകളിലെയും വിവരങ്ങൾ മേൽപ്പറഞ്ഞതുമായി സംയോജിപ്പിച്ചു. രണ്ടുവർഷം വേണ്ടിവന്നു പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ. തുടർന്ന്‌ രണ്ടുവർഷം പ്രവർത്തനങ്ങൾ നടന്നില്ല. ഇപ്പോഴാണ് അവസാനവട്ടം എഡിറ്റിങ്‌ പൂർത്തിയാക്കി അവ അച്ചടിയോഗ്യമാക്കിയത്.

തൊഴിലാളികളിൽനിന്നു നേതാക്കൾ

രണ്ടായിരത്തിൽപ്പരം പുന്നപ്ര-വയലാർ സമരസേനാനികളുടെ ജീവചരിത്ര ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്കും. ഇവരിൽ കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലർ ഒഴികെ ബാക്കി സാധാരണക്കാരും കയർ തൊഴിലാളികളോ കൃഷിപ്പണിക്കാരോ മറ്റു കൂലിപ്പണിക്കാരോ ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോധവും ത്യാഗസന്നദ്ധതയും ധൈര്യവും നമ്മെ പിടിച്ചിരുത്തും.  ശ്രദ്ധേയമായ ഒരു സവിശേഷത ഇവരുടെ നേതാക്കളിൽ മഹാഭൂരിപക്ഷവും അവരിൽ നിന്നുതന്നെ വളർന്നു വന്നവരെന്നതാണ്. ടി വി തോമസ്, കുമാരപണിക്കർ, കരുണാകരപണിക്കർ, പി ടി പുന്നൂസ്, വർഗീസ് വൈദ്യൻ എന്നിവരെ ഒഴിച്ചുനിർത്തിയാൽ ബാക്കി നേതാക്കളെല്ലാം പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള സാധാരണ തൊഴിലാളികൾ ആയിരുന്നവരായിരുന്നു. 
ടെന്റ് തയ്യൽക്കാരനായിരുന്ന വി എസ്  അച്യുതാനന്ദനും തടുക്കു കെട്ടുകാരനായ എസ്  കുമാരനും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരായി വളർന്നു. വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. എസ്  കുമാരൻ മാത്രമല്ല, അദ്ദേഹത്തെ പോലെ കയർ തൊഴിലാളികളായിരുന്ന പി എ സോളമനും ഒ ജെ ജോസഫും പാർലമെന്റ് അംഗങ്ങളായി. പി കെ  ചന്ദ്രാനന്ദൻ, സി ജി സദാശിവൻ, എൻ പി തണ്ടാർ, എസ്  ദാമോദരൻ, ആർ  സുഗതൻ എന്നിവർ നിയമസഭാ അംഗങ്ങളായി. തടുക്കു ചുറ്റുകാരനായ എം ടി ചന്ദ്രസേനനും, വി കെ അച്യുതനും, പി കെ പത്മനാഭനും കയർ വ്യവസായികൾക്കിടയിൽപ്പോലും അംഗീകാരം ഉണ്ടായിരുന്ന വ്യവസായ വിദഗ്ധരായിരുന്നു. കെ കെ  കുഞ്ഞനെപ്പോലുള്ളവർ സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവായി.

തൊഴിലാളിവർഗ രൂപീകരണം

ഇത്തരമൊരു തൊഴിലാളിവർഗം രൂപംകൊണ്ടത് എങ്ങനെ? കാൽനൂറ്റാണ്ടു കാലത്തെ ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ ചരിത്രത്തിലേ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ. ജാതി അവശതകൾക്കെതിരെയുള്ള സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദേശീയ പ്രസ്ഥാനത്തേയും തൊഴിലാളി പ്രസ്ഥാനവുമായി കൂട്ടിയിണക്കിയതിന്റെ കഥയാണത്. സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി തൊഴിലാളിപ്രസ്ഥാനം, ദേശീയപ്രസ്ഥാനത്തിന്റെ  നേതൃത്വത്തിലേക്കു പുന്നപ്ര -വയലാർ സമരത്തിലൂടെ ഉയരുകയായിരുന്നു. ഇതിനു സൂത്രധാരകത്വം വഹിച്ചത് കോൺഗ്രസ് സോഷ്യലിസ്റ്റുകാരും അവരിൽനിന്നും രൂപംകൊണ്ട് കമ്യൂണിസ്റ്റുകാരുമായിരുന്നു. മുകളിൽ സൂചിപ്പിച്ച വിപ്ലവബോധത്തിലേക്കുള്ള ജൈവ വളർച്ച മനസ്സിലാകാത്തവർക്കാണു പുന്നപ്ര -വയലാർ സമരത്തെ വിശദീകരിക്കാൻ “ഉപ്പും മുതിരയും” അല്ലെങ്കിൽ “13.5 സെന്റ്” ആഖ്യാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.

1938-ലെ ദേശീയപ്രക്ഷോഭം

ഇ എം എസാണ് പുന്നപ്ര -വയലാർ സമരത്തിനു പേരിട്ടത് – “1938-ലെ സമരത്തിന്റെ പുതിയ പതിപ്പ്”. 1938-ൽ തിരുവിതാംകൂർ ഉത്തരവാദിത്വഭരണ പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോൾ തങ്ങളുടെ ജീവിതാവശ്യങ്ങൾകൂടി ഉന്നയിച്ച് ആലപ്പുഴയിലെ 50000-ത്തിൽപ്പരം തൊഴിലാളികൾ അനിശ്ചിതകാല പൊതുപണിമുടക്ക് ആരംഭിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ ബൂർഷ്വാ നേതൃത്വം ദിവാനുമായി ഒത്തുതീർപ്പുകളിലെത്തി സമരം പിൻവലിച്ചു. സ്റ്റേറ്റ് കോൺഗ്രസിന്റെ ഉൽപ്പതിഷ്ണുക്കളെ മുഴുവൻ ആവേശംകൊള്ളിച്ച് ആലപ്പുഴയിൽ പൊതുപണിമുടക്ക് തുടർന്നു. നിഷ്ഠുരമായ മർദനങ്ങളെ അതിജീവിച്ചു. ഭാഗീകമായ ചില നേട്ടങ്ങൾ വാങ്ങിക്കൊണ്ട് 25–--ാം ദിവസത്തിനുശേഷം മാത്രമാണ് സമരം പിൻവലിച്ചത്.
തൊഴിലാളിവർഗം ഇതോടെ തിരുവിതാംകൂർ സ്വാതന്ത്ര്യസമരത്തിൽ ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി രംഗപ്രവേശം ചെയ്തു. ഭരണകൂടത്തിന്റെ വർഗസ്വഭാവം അവർ തിരിച്ചറിഞ്ഞു. തങ്ങൾ സജീവപങ്കാളികളായിരുന്ന സാമുദായിക സംഘടന സമുദായത്തിലെ മുതലാളിമാർക്കൊപ്പമാണെന്നും അവർ തിരിച്ചറിഞ്ഞു. അങ്ങനെ പണിമുടക്ക് വലിയൊരു രാഷ്ട്രീയ പാഠശാലയായി.

പുന്നപ്ര- വയലാറിന്റെ സമരതന്ത്രം

ഉത്തരവാദിത്വഭരണത്തിനു പകരം ഇന്ത്യൻ യൂണിയനിൽനിന്നു സ്വതന്ത്രമായി അമേരിക്കൻ മോഡൽ പരിഷ്കാരമാണ് ദിവാൻ മുന്നോട്ടുവച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. 1938-ലെപോലെ ഒരു ദേശീയപ്രക്ഷോഭത്തിനു തിരുവിതാംകൂറിൽ കളമൊരുങ്ങി. ഈ പുതിയ സമരത്തിനു പണിമുടക്കിലൂടെ തൊഴിലാളികൾ നേതൃത്വം നൽകാനായിരുന്നു പരിപാടി. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രമുഖനേതാക്കൾ അത്തരമൊരു സമരത്തിനു പിന്തുണയും പ്രഖ്യാപിച്ചു. തൊഴിലാളി വർഗമായിരിക്കും മുന്നണി പോരാളികൾ. അതുകൊണ്ടാണ് ഈ പ്രക്ഷോഭത്തിന് “1938-ന്റെ പുതിയ പതിപ്പ്” എന്നു നാമകരണം ചെയ്തത്.
1946 ആഗസ്ത്‌ ആയപ്പോഴേക്കും കമ്യൂണിസ്റ്റ് പാർടി ഇന്ത്യയിൽ അവിടെയിവിടെയായി പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയിരുന്ന ഭാഗീക സായുധസമരങ്ങളെ കൂട്ടിയോജിപ്പിച്ച് രാഷ്ട്രീയ അധികാരത്തിനുവേണ്ടിയുള്ള മുന്നേറ്റമാക്കി മാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഈ പശ്ചാത്തലത്തിലാണ് തിരുവിതാംകൂറിലെ സായുധകലാപം രൂപംകൊണ്ടത്.

പാളിച്ചകൾ എവിടെ?

എന്നാൽ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നീങ്ങിയത്. ആലപ്പുഴയിലെ പ്രസ്ഥാനത്തെ വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനു തിരുവിതാംകൂർ പട്ടാളത്തിനു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനകാരണം തൊഴിലാളികൾക്കു നൽകിയ ഉറപ്പ് സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ പാലിക്കാൻ തയ്യാറായില്ലായെന്നതാണ്. സമരത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന വേളയിലും  ഔപചാരികമായ പ്രഖ്യാപനം അവസാനനിമിഷംവരെ വച്ചുതാമസിപ്പിച്ചത് സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളിൽ ഒരു ശക്തമായ വിഭാഗത്തിന്റെ അഭ്യർഥനമൂലമാണ്.  അതിനുള്ളിൽ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പാണ് അവർ നൽകിയത്. എന്നാൽ സമരത്തെ വഞ്ചിച്ചുകൊണ്ട് അവരെല്ലാവരും പിൻവാങ്ങി.
അതുപോലെതന്നെ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. എന്നാൽ നേതാക്കളായ ശ്രീകണ്ഠൻ നായരെപ്പോലുള്ളവർ കൊല്ലം മേഖലയിൽ പണിമുടക്കിനു നേതൃത്വം നൽകാൻ വിസമ്മതിച്ചു. ആലപ്പുഴയിലെ തൊഴിലാളികൾ ഒറ്റപ്പെട്ടു.

സൈനിക അടവുകളിലെ പാളിച്ചകൾ

പുന്നപ്ര- വയലാർ സമര പോരാളികളുടെ  സൈനിക അടവുകളും പരിശോധിക്കേണ്ടതുണ്ട്. ഗറില്ലാ യുദ്ധതന്ത്രങ്ങൾ സ്വീകരിക്കാതിരുന്നതിനെക്കുറിച്ച് വിമർശപരമായി തെലങ്കാന സഖാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെ വി പത്രോസ് അടക്കമുള്ള തിരുവിതാംകൂറിൽനിന്നുള്ള ഒരു ചെറുസംഘം രണ്ടാംലോക മഹായുദ്ധ കാലത്ത് പുണെയിൽ സൈനിക പരിശീലനം നേടിയിരുന്നു. എക്സ് സർവീസുകാരുടെ സേവനം വ്യാപകമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
എന്നാൽ പുന്നപ്ര കടന്നാക്രമണത്തിലെ അപ്രതീക്ഷിതമായ ആൾനാശവും പട്ടാളനീക്കങ്ങളും പരിഭ്രാന്തി സൃഷ്ടിച്ചൂവെന്നുവേണം കരുതാൻ. പിടിച്ചെടുത്ത തോക്കുകൾ ഉപയോഗപ്പെടുത്തുന്നതിന് ആയില്ല. പുന്നപ്ര ഏറ്റുമുട്ടലിനുശഷം ക്യാമ്പുകൾ പിരിച്ചുവിടുന്നതിന് ആക്ഷൻ കൗൺസിൽ തീരുമാനിച്ചെങ്കിലും അറിയിപ്പ് തക്കസമയത്ത് ചേർത്തലയിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടു. മുകളിൽനിന്നുള്ള നിർദേശം ഇല്ലാതെതന്നെ ക്യാമ്പുകൾ പിരിച്ചുവിടുന്നതിനു വയലാർ പ്രദേശത്ത് കുമാരപണിക്കർ മുന്നോട്ടുവന്നെങ്കിലും അണികൾ ശക്തമായി അതിനെ എതിർക്കുകയായിരുന്നു. മാരാരിക്കുളത്തെ വെടിവയ്പിനുശേഷം പകരം ചോദിക്കണമെന്ന വാശിയിലായിരുന്നു ക്യാമ്പ് അംഗങ്ങൾ. 
സ്റ്റേറ്റ് കോൺഗ്രസിലെ വഞ്ചനമൂലം തിരുവിതാംകൂർ പൊതുരാഷ്ട്രീയം നിശബ്ദമായിരുന്നു. ഇതു തന്റെ സേനയെ ആലപ്പുഴയിൽ കേന്ദ്രീകരിക്കാൻ ദിവാനു സഹായകരമായി. വഞ്ചിച്ചവർ പിന്നീട് വഞ്ചിക്കപ്പെട്ട വേണാട് വ്യാഖ്യാനവുമായി രംഗപ്രവേശനം ചെയ്തു. ദിവാനാകട്ടെ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇനി തലപൊക്കില്ലെന്നും അഹങ്കരിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കുതിപ്പിന് അടത്തറ

പുന്നപ്ര- വയലാർ സമരത്തിന്റെ ഒന്നാം വാർഷികത്തിനു സംഘടിപ്പിച്ച  വമ്പിച്ച പ്രകടനങ്ങൾ പ്രസ്ഥാനത്തിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വിളംബരമായിരുന്നു. അന്നുമുതൽ ഇന്നുവരെ സമരവാർഷികം വികാരനിർഭരമായ ചടങ്ങായി തുടരുന്നു. 77–--ാമത് വാർഷികത്തിന്റെ കൊടിയാണ് വരുന്ന 24-ന് ഉയരുന്നത്. പുന്നപ്ര- വയലാർ സമരവും വടക്കേ മലബാറിലെ കാർഷിക കലാപങ്ങളും കമ്യൂണിസ്റ്റ് പാർടിയെ കേരളത്തിലെ ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർത്തി. ഈ നേതൃത്വപദവി തുടർന്നുള്ള ദശകത്തിൽ പ്രസ്ഥാനത്തിന്റെ അഭൂതപൂർവമായ വളർച്ചയ്ക്ക് അടിത്തറയിട്ടു. ദേശീയ വിമോചനസമരങ്ങളിൽ എവിടെയെല്ലാമാണോ നേതൃത്വത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടുള്ളത് അവിടങ്ങളിലാണ് വിപ്ലവങ്ങൾ രൂപംകൊണ്ടത്. ഈയൊരു അനുഭവത്തിന്റെ അടിസ്ഥാനത്തിൽവേണം 1950-കളിൽ കമ്യൂണിസ്റ്റ് പാർടിക്കുണ്ടായ അഭൂതപൂർവമായ ജനപിന്തുണ വർധനയെ മനസ്സിലാക്കാൻ. 1950-കളുടെ ആദ്യംപോലും 10 ശതമാനത്തിൽ താഴെ പിന്തുണയുണ്ടായിരുന്ന പാർടിക്ക് 1956-ൽ 40 ശതമാനത്തോളം വോട്ട് ലഭിച്ചു. പുന്നപ്ര- വയലാർ രക്തസാക്ഷികളും പോരാളികളും അവരുടെ ഹൃദയരക്തംകൊണ്ടാണ് ഈ മുന്നേറ്റത്തിനു അടിത്തറ ഉറപ്പിച്ചത്.

ഇവർ രക്തസാക്ഷികൾ

പുന്നപ്ര

1 ഓലന്തറ കൃഷ്ണൻകുഞ്ഞ്
2 കണ്ടച്ചൻ പ്രമാണി തുറമുഖം
3 കെ കണ്ടച്ചൻ ഭജനശാലവെളി
4 കെ കെ കരുണാകരൻ കാക്കരിയിൽ വീട്
5 കറുത്തച്ചൻ പ്രമാണി ദേവസ്വം പുരയിടം
6 വി കെ കിട്ടൻ വടക്കേകുളങ്ങര താഴ്ചയിൽ വീട്
7 കുട്ടൻ ഇട്ടൻ പോളേച്ചിറ
8 കെ എസ് കൃഷ്ണൻ തൈപ്പറമ്പിൽ
9 കെ എസ് ഗോപാലൻ തൈപ്പറമ്പിൽ
10 പി ഗോപാലൻ മാമനാട്ടുചിറ
11 ജോസഫ് കുരുശിങ്കൽ 
12 എച്ച് കെ തങ്കച്ചൻ ഹനുമാൻപറമ്പ് 
13 പി ആർ തങ്കപ്പൻ പടിഞ്ഞാറെ തയ്യിൽ വീട്
14 ടി പി തങ്കപ്പൻ തൈപ്പറമ്പിൽ വീട്
15 വി ആർ ദാമോദരൻ പരപ്പിൽവട്ടത്തറ
16 ദാവീദ് തോമസ് അരീപ്പുരത്തു വീട്
17 ദേവസി കാക്കരിയിൽ
18 എം ദേവസി പ്രമാണി അരശർകടവ്
19 കെ നാണു ചങ്ങൻകുളങ്ങര
20 വി സി നാരായണൻ വഴക്കുപുരയിടം
21 കെ പത്മനാഭൻ ആയിരംതൈവളപ്പ്
22 ടി സി പത്മനാഭൻ തൈപ്പറമ്പ്
23 കെ വി പത്രോസ് പുന്നപ്ര
24 പി വി പത്രോസ് പൊള്ളേപറമ്പിൽ
25 പരമേശ്വരൻ ആശാരി കണ്ണാട്ടുവെളി
26 പാപ്പു ജോർജ് വേലിയകത്തു പുരയിടം
27 എം എം പുരുഷൻ മറ്റത്തിൽ വീട്
28 ഫ്രാൻസിസ് മണ്ണാപറമ്പിൽ
29 സി കെ മാധവൻ വടക്കേറ്റത്തുവെളി
30 മാവുരു പുളിക്കൻ വീട്
31 രാമൻകുട്ടി വട്ടയാൽ
32 ടി ടി ലിയോൺ തയ്യിൽ വീട്
33 വെങ്കൻ ജോൺ കൊച്ചുണ്ണിത്തറ
34 പി സി ശിവരാമൻ ചിറത്തറ
35 കെ എ സുകുമാരൻ തൈപ്പറമ്പിൽ വീട് 

തിരുവമ്പാടി

36 പി കെ കരുണാകരൻ പുന്നപ്ര
37 ദാമോദരൻ (എക്സ് സർവീസ്) പുത്തൻപറമ്പ് കാട്ടൂർ
38 അന്തോണി പള്ളിപ്പറമ്പിൽ
39 കാട്ടൂർ ജോസഫ് മാരാരിക്കുളം
40 ആശാരി കുമാരൻ തോട്ടത്തുശ്ശേരിൽ
41 ടി കെ കുമാരൻ തോട്ടത്തുശ്ശേരിൽ
42 ഗോവിന്ദൻ മാങ്കൂട്ടത്തിൽ
43 തറയിൽ ശങ്കരൻ പതിനാലിൽ ചിറയിൽ
44 ദാമു പൊട്ടശ്ശേരിവെളി
45 പി എൻ. നാരായണൻ പുളിക്കൽ
46 പത്മനാഭൻ
47 പാടത്ത് രാമൻകുട്ടി കഞ്ഞിക്കുഴി
48 പൊട്ടച്ചാൽവെളി ഭാനു മുഹമ്മ
49 പോരെവെളി കുമാരൻ
50 വാവ തൈപ്പറമ്പിൽ മാരാരിക്കുളം തെക്ക്
51 വേലായുധൻ
52 എൻ ശങ്കരൻ ഊടാംചേരിയിൽ ഒളതല
53 ഗംഗാധരൻ ചേർത്തിൽ
54 നാരായണൻ ചക്രക്കാരൻ
55 പണ്ടാരി നാരായണൻ കണ്ണന്തര
56 രാജപ്പൻ പുതുമനച്ചിറയിൽ
57 വാസു ഇടക്കുളത്ത്
58 വാസു മുണ്ടേംപള്ളിൽ
59 വെളുത്ത ഇടയത്ത്
60 വേലപ്പൻ തണ്ടാരപ്പിള്ളി നിവർത്തിൽ
61 വേലായുധൻ തീക്കര 

മേനാശ്ശേരി

62 അനഘാശയൻ കോനാട്ടുശ്ശേരി
63 ഇട്ടാമൻ താണിശ്ശേരി വീട്ടിൽ
64 എൻ കെ നാരായണൻ മേനാശ്ശേരി
65 കരുണാകരൻ വെളിയിൽ വീട്ടിൽ
66 കുഞ്ഞിപ്പെണ്ണ് തോപ്പിൽ
67 കുഞ്ഞുകൃഷ്ണൻ കൊച്ചുകുഞ്ഞ്മടത്തികുളങ്ങര
68 കേശവൻ പുത്തൻതറയിൽ
69 കൊച്ചുനാരായണൻ പൂജാവെളി ക്യാമ്പ് 
70 ഗംഗാധരൻ കണ്ണേക്കാട്ടു നികർത്തിൽ
71 ഗോപാലൻ കുടിയാംശ്ശേരി
72 എം എ ദാമോദരൻ മേനാശ്ശേരി 
73 നാരായണൻ ശങ്കരത്തു നികർത്തിൽ
74 നാരായണൻ ശ്രീധരൻ മംഗലശ്ശേരി
75 എൻ കെ നാരായണൻ മേനാശ്ശേരി
76 പപ്പൻ കൈനിക്കര
77 പരമേശ്വരൻ അത്തിക്കാട്
78 പരമേശ്വരൻ കൈതത്തറവീട്ടിൽ
79 പ്രഭാകരൻ കോനാട്ടുശ്ശേരി കോനാട്ടുശ്ശേരി
80 മാധവൻ നാരായണി കണ്ണന്തറവീട്ടിൽ
81 മൈലൻ മുത്തിയമ്മ തറയിൽ
82 രാഘവൻ മേനാശ്ശേരി
83 രാജൻ രാമൻചിറയിൽ
84 രാമൻ കേശവൻ പാഴുക്കൽചിറ വീട്
85 രാമൻ ചെല്ലപ്പൻ കൂട്ടുങ്കൽവീട്ടിൽ
86 രാമൻകുഞ്ഞ് തിരുവാതിക്കൽ
87 വാസു കൊടിയനാട്ടുവീട്ടിൽ
88 വേലായുധൻ കൊല്ലേച്ചുവീട്ടിൽ
89 ശങ്കരൻ ഉള്ളൂരുപറമ്പ്
90 ശ്രീധരൻ ചിറയിൽവീട്ടിൽ
91 കുമാരൻ കോരംതറയിൽവീട്ടിൽ 
92 ആന്റണി പള്ളിപ്പറമ്പിൽ
93 പുരുഷൻ തകിടിവെളിയിൽ
94 പുരുഷോത്തമൻ ചേർത്തല വടക്ക് 

വയലാർ

95 അഗ്നീസ് ലോനപ്പൻ പുതുവൽ 
96 അയ്യൻകുഞ്ഞ് നടുവിലക്കരയിൽ
97 അയ്യൻകുഞ്ഞ് നികർത്തിൽ
98 അയ്യപ്പൻ വാവ കൊച്ചില്ലത്തുവീട്
99 അയ്യപ്പി വേലായുധൻ നിവർത്തിൽ
100 അയ്യരു നടേശൻ കൂട്ടുങ്കൽകരി
101 ഇട്ടിയത്ത് രാമൻ 
102 ഇറ്റാമൻ തൈത്തറ
103 ശൗരി എപ്പള്ളിവീട്ടിൽ 
104 കട്ടാട്ടു കുഞ്ഞൻ മേനാശ്ശേരി
105 കണ്ടൻ കുഞ്ഞ് തിരുത്തിവെളിവീട്ടിൽ
106 കരുണാകരൻ തളിയംപറമ്പിൽ
107 കരുണാകരൻ തെക്കനാം തുരുത്തി
108 കരുണാകരൻ താഴത്തുകര
109 കുഞ്ഞൻ നാരായണൻ വലിയകരിയിൽവീട്ടിൽ
110 കുഞ്ഞുകൃഷ്ണൻ
111 കുട്ടൻ ഗംഗാധരൻ വെളിയിൽ വീട്ടിൽ
112 കുമാരൻ ചെമ്മാതറ
113 കുമാരൻ (എക്സ് സർവീസ്)
114 കൃഷ്ണൻ കിക്കര
115 കെ കൃഷ്ണപ്പൻ പള്ളാത്തിശ്ശേരി
116 കൃഷ്ണപ്പനാശാൻ വല്യയ്ക്കൽ
117 കേളപ്പൻ മുരിക്കുംതറ
118 കേശവൻ ഇലഞ്ഞിത്തറ
119 കൊച്ചുകുഞ്ഞ് കുമാരൻ ചെമ്മാത്തറവീട്ടിൽ
120 കൊച്ചുപാപ്പിശങ്കരൻ കൊടിയംക്കാട്ടുവീട്ടിൽ
121 ഗംഗാധരൻ വേലിക്കകത്ത്
122 ഗോവിന്ദൻ ചെമ്പകശ്ശേരി
123 ഗോവിന്ദൻ പുത്തൻപറമ്പിൽ
124 ഗോവിന്ദൻ ചെമ്മാശ്ശേരി
125 ഗോവിന്ദൻ വെറുങ്ങോട്ടുവെളി വീട്ടിൽ
126 ഗോവിന്ദൻ കണ്ടത്തിൽപറമ്പിൽ
127 ഗോവിന്ദൻ വടക്കുംമുറി വെളിയിൽ
128 ഗോവിന്ദൻ വട്ടക്കുംമുറി
129 തങ്കപ്പൻ കൊല്ലംപറമ്പ്
130 കെ ദാസ് പനക്കി
131 നാരായണൻ വെറുംങ്ങോട്ടുവഴിവീട്ടിൽ
132 നാരായണൻ പരമേശ്വരൻ ചാലത്തുവെളിയിൽ 
133 പങ്കജാക്ഷൻ കരിയിൽ 
134 പത്മനാഭൻ കണ്ണേക്കാറ്റു ചിറയിൽ
135 പത്മാക്ഷൻ കൂട്ടുങ്കൽ
136 പപ്പൻ മൂശാരിപ്പറമ്പിൽ
137 പമേശ്വരൻ മൂപ്പൻ കളത്തിൽ
138 പുരുഷൻ തകിടിവെളിയിൽ
139 പുരുഷോത്തമൻ മൂക്കുചിറയിൽ
140 പുരുഷോത്തമൻ ഇലഞ്ഞിത്തറവീട്ടിൽ
141 പ്രഭാകരൻ കുന്തിരിശ്ശേരിൽ
142 പ്രഭാകരൻ ഈരക്കരിയിൽ
143 കെ ഡി പ്രഭാകരൻ കൊച്ചിട്ടപ്പറമ്പ്
144 കെ ഭാസി പനക്കി
145 മാത്തൻ നെടുംചിറവീട്ടിൽ
146 രാഘവൻ കൈക്കോളം പറമ്പിൽ
147 രാമൻകുഞ്ഞ് കുറ്റിക്കാട്ടുചിറയിൽ
148 രാമൻ കടവിൽ കോവിലകത്ത്‌
149 വാസു അനന്തൻവെളി
150 വാസു പുത്തൻവീട്ടിൽ
151 വാസുദേവൻ പുത്തൻവെളി
152 വേലൻ ശങ്കരൻ
153 വേലു രാമൻ പുതുവാൾ നികർത്തിൽ
154 ശങ്കരൻ കളത്തിൽ
155 ശങ്കരൻ കൈതച്ചിറ
156 ശങ്കരൻ മാളിയേക്കൽ
157 ശങ്കരൻ കിഴക്കേക്കര
158 ശൗരി ഉപ്പളയിൽ
159 ശൗരി കോമനേഴത്ത് നാഗംകുളങ്ങര
160 ശ്രീധരൻ പുല്ലംപറമ്പിൽ
161 ശ്രീധരൻ മുടിയാചിറ
162 ശ്രീധരൻ ചിറയിൽ
ജയിൽ/ലോക്കപ്പ്
163 ജനാർദനൻ 
(ആലപ്പുഴ പൊലീസ് സ്റ്റേഷൻ മാർച്ച്)
164 മുഹമ്മ എൻ കെ അയ്യപ്പൻ 
(സെൻട്രൽ ജയിൽ)
165 രാമകൃഷ്ണൻ ആലിശ്ശേരി 
(ആലപ്പുഴ ലോക്കപ്പ്)
166 കുട്ടി അമ്പലത്തറ 
167 തേവൻ മീൻതറ 
168 നാരായണൻ പുത്തനങ്ങാടി 
(ചേർത്തല ലോക്കപ്പ്)
169 നീലകണ്ഠൻ പനിക്കിക്കരി
170 നീലകണ്ഠൻ ഈരക്കരിയിൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top