26 December Thursday

അരികിൽ നിൽക്കുന്ന ദൈവം

കെ ടി ബാബുരാജ്Updated: Sunday May 24, 2020

കോവിഡ്‌ കാലത്തെ റമദാൻ അനുഭവത്തെക്കുറിച്ച്‌ കഥാകൃത്ത്‌ കെ ടി ബാബുരാജ്‌

 
ദൈവത്തിന്റെ സാന്നിധ്യം  പലപ്പോഴും അനുഭവിച്ചറിഞ്ഞത് ചില മനുഷ്യരിലൂടെയാണ്. വിശന്നിരിക്കുമ്പോൾ ഒരാൾ വന്ന് എന്നെ ചായ കുടിക്കാൻ ക്ഷണിക്കുന്നു. പണമില്ലാതെ തളർന്നിരിക്കുമ്പോൾ മുറ്റത്തുനിന്ന്‌ പോസ്റ്റ്മാൻ വിളിക്കുന്നു, "ഒന്നു വരണേ ഒരു മണിയോർഡറുണ്ട്’. ആശുപത്രി ബില്ലടക്കാനാവാതെ അന്തിച്ചുനിൽക്കുമ്പോൾ ചങ്ങാതിയുടെ മെസേജ്. നിന്റെ അക്കൗണ്ട് നമ്പർ വാട്ട്സാപ്പ് ചെയ്യുമോ.’  മകന്റെ പരീക്ഷാ ഫീസടക്കേണ്ടതെങ്ങനെയെന്ന് തല പുകയുമ്പോൾ, ഇനി നിന്റെ ചങ്ങാത്തം വേണ്ടെന്ന് പറഞ്ഞ് ഞാനൊഴിവാക്കിയ ചങ്ങാതി ഒമാനിൽനിന്ന്‌ വിളിക്കുന്നു."മാഷ് അയച്ചു തന്ന വീഡിയോകളുടെ കാശ് തരാൻ വല്ലാതെ വൈകി. ക്ഷമിക്കണം. കുറച്ചു കാശ്  ചങ്ങാതി വശം കൊടുത്തുവിട്ടിട്ടുണ്ട്. ’
 
ഈ മഹാമാരിക്കാലത്ത് ജോലിയോ കൂലിയോ ഇല്ലാതെ വീട്ടിലിരിക്കുമ്പോൾ  അലട്ടിയത് കാശില്ലാതെ എങ്ങനെ ജീവിക്കും എന്ന ചിന്ത.  ഭവനവായ്‌പ തിരിച്ചടവ്, ഇത്തിരി സ്വർണം വെച്ചത് തിരിച്ചെടുക്കാൻ നോട്ടീസ്, ക്യാമറ വാങ്ങാൻ എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള വിളികൾ. ചികിത്സ,  മരുന്ന്.. രോഗാണു ഭീതിയെക്കാൾ അസ്ഥിരമാക്കിയത് ഈ ചിന്തകൾ.
 
അപ്പോഴാണ് ഭാര്യ അടുത്തുവന്നത്. എന്റെ ഇരിപ്പുകണ്ട്‌  ചിരിച്ചു. "നിങ്ങളാ പിള്ളേർക്ക് പറഞ്ഞു കൊടുക്കുന്ന കഥയില്ലേ. ഖലീഫാ ഉമറിന്റെ കഥ. ആരോരുമില്ലാത്തോർക്ക് ദൈവം തുണ... അതൊന്ന് മുഴുവനും പറഞ്ഞു താ. വാട്ട്സാപ്പിൽ പോസ്റ്റിടാനാ...’
 
ഞാൻ തുറിച്ചു നോക്കി. അവളുടെ കണ്ണിൽ ഒരടുപ്പെരിയുന്നു. മൺകലത്തിലെ വെള്ളത്തിൽ വെറുതെ തവിയിട്ടിളക്കുന്ന ഒരുമ്മയെ കണ്ടു. വിശന്നു കരഞ്ഞ് തളർന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങളെ കണ്ടു. ആ ദുരിതത്തിലേക്ക് കണ്ണുപായിച്ച് ഒളിഞ്ഞിരുന്ന ഒരാൾ നനഞ്ഞ കണ്ണുകളോടെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോവുന്നതു കണ്ടു. ഖലീഫാ ഉമർ. പ്രജകളുടെ ദുരിതവും വേദനയും തിരിച്ചറിഞ്ഞ ആ ഭരണാധികാരി  ഗോതമ്പും ഈത്തപ്പഴവും ഒലിവെണ്ണയും  കൊടുത്തയക്കുന്നു. താത്കാലികമായെങ്കിലും പട്ടിണി മാറ്റുന്നു. 
 
 പ്രളയകാലത്തും ദൈവങ്ങൾ അവതരിച്ചിരുന്നു. പ്രളയജലത്തിൽനിന്നും രക്ഷാനൗകയിൽ കയറാനാവാതെ ബുദ്ധിമുട്ടിയ സ്‌ത്രീകൾക്ക് ചവിട്ടുപടിയായി മുതുകു കുനിച്ചു കൊടുത്ത ദൈവം. കുത്തൊഴുക്കിലേക്ക് ഒലിച്ചു ചെന്ന് പശുക്കിടാവിനെ തോളിലേറ്റിയ ദൈവം. അന്നവും വസ്‌ത്രവും കൂടാരവുമായി പലവിധ ദൈവങ്ങൾ. കമ്പിളി വില്പനക്കാരനായി വന്ന് തണുത്ത് വിറങ്ങലിച്ചവർക്ക് സൗജന്യമായി കമ്പിളി നൽകുന്ന അന്യദേശക്കാരൻ  ദൈവം. ചില ദൈവങ്ങളെ ആളുകൾ നൗഷാദെന്നു വിളിച്ചു. ഏതു പേരും ദൈവത്തിനു ചേരുമെന്ന് ആർക്കാണറിയാത്തത്. മഹാമാരിക്കാലത്ത് ലോകത്തെ വീണ്ടെടുക്കാൻ ദൈവം മാലാഖമാരെ ഒപ്പം കൂട്ടി. അവർ ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധ പ്രവർത്തകരുമായി ദൈവത്തോടൊപ്പം ചേർന്നു. 
 
യൂഫ്രട്ടീസ്‌ നദീതീരത്ത്‌ ഒരാട്ടിൻകുട്ടി മരിച്ചു കിടന്നാൽപോലും ദൈവത്തോട്‌ താൻ സമാധാനം പറയണമെന്നു പറഞ്ഞ ഖലീഫാ ഉമറിന്റെ പിൻമുറക്കാർ സന്ദർഭത്തിനൊത്ത് നല്ല ഭരണാധികാരികളായി ഉയർന്നു.  വിശക്കുന്നവരുടെയും രോഗികളുടെയും വിലാപം കേട്ടു. ഗോതമ്പും ഈത്തപ്പഴവും ഒലിവെണ്ണയുമായി ദൂതൻമാരെ വിട്ടു. ലോകത്തെ വീണ്ടെടുക്കാനുള്ള യുദ്ധത്തിൽ അവരെല്ലാം മുന്നണിപ്പോരാളികളായി. - ലോക ചരിത്രം നന്മതിന്മകളുടെ ഏറ്റുമുട്ടലിന്റെ ചരിത്രം കൂടിയാണ്. എവിടെ മാലാഖയുണ്ടോ അവിടെ ചെകുത്താനുമെത്തും. മഹാമാരിക്കെതിരായുള്ള പോരാട്ടത്തിനിടയിൽ ജാതിയും മതവും  രാഷ്ട്രീയവും പറഞ്ഞ് നിരന്തരം നുണ പറഞ്ഞ  ചെകുത്താന്മാർ. നല്ല രസമുള്ള കാഴ്‌ച. എങ്കിലും നമുക്കറിയാം അവസാനം നന്മ മാത്രം ജയിക്കും. 
  
ശബ്‌ദിക്കുന്ന ഫോണെടുത്ത് ഭാര്യ എനിക്കു നീട്ടി. പ്രിയ സുഹൃത്ത്‌.  പ്രശസ്‌ത ഹോമിയോ ഡോക്ടർ.  ‘‘ചങ്ങാതി എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും പറയാൻ മടിക്കരുത്. ഒന്നു വിളിച്ചാൽ മതി. വെറുതെയൊന്ന് സൂചിപ്പിച്ചാൽ മതി...’’  ഫോൺ വെക്കുമ്പോഴേക്കും അടുത്ത ഫോൺ. ‘‘ബാബുരാജേ ബഷീർക്കയാണ്.  ഒന്നും വിചാരിക്കരുത്. റംസാൻ കിറ്റുകൊടുക്കുന്നുണ്ട്. ഒന്ന് ഞാനവിടെ എത്തിക്കാം...’’ 
 
ഇത് കോവിഡ്‌ കാലത്തെ വിശുദ്ധ റമദാൻ. മനുഷ്യൻ സ്വയം വിമലീകരിക്കുന്ന മാസം. ദൈവം പല രൂപത്തിൽ പല ഭാവത്തിൽ മനുഷ്യനു മുന്നിൽ ഇനിയും പ്രത്യക്ഷമാകുമെന്ന് എനിക്കറിയാമല്ലോ...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top