27 December Friday

സാർഥകമായ അരനൂറ്റാണ്ടരങ്ങ് ചിട്ട: മാടമ്പി

ദിനേശ‌് വർമUpdated: Sunday Jun 24, 2018

 കഥകളി ശ്രദ്ധിക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും ‘‘ചിട്ട: മാടമ്പി ’’എന്നു പറഞ്ഞാൽ. കഥകളിസംഗീതത്തിന്റെ പാരമ്പര്യവഴിയിൽ അടിതെറ്റാതെ ഉറച്ചുനിൽക്കുന്ന കലാകാരനാണ് മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി എന്നർഥം. നിങ്ങൾക്ക് ഇഷ്ടമാണോ എന്നത് മാടമ്പിയുടെ പരിഗണനാവിഷയമേ അല്ല. “കഥകളി സംഗീതം ഇങ്ങനെയാണ്’’‐ അതാണ് മാടമ്പിയുടെ ഒരു രീതി. 

മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി

മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി

 സദ്യക്കിരിക്കുമ്പോഴായാലും ശരി ആ ചിട്ടയ‌്ക്ക് കോട്ടമില്ല; ഇലയിടാൻ വരുന്നയാളോട് ആദ്യ നിർദേശം: ‘കീറാത്ത വലിയ ഇല’. തൊടുകറികൾ കൊണ്ടുവരുമ്പോൾ ‘കഷണംമാത്രം കുറച്ച്.’  പപ്പടം കൊണ്ടുവരുന്നയാളോട്  ‘നല്ല ചുമന്നത് നോക്കി ഒരെണ്ണം’... ഇങ്ങനെ മോര് കൂട്ടി സദ്യ അവസാനിപ്പിക്കുന്നതിൽവരെ  ചിട്ടയുടെ ഭംഗി. 
സാർഥകമായ അരനൂറ്റാണ്ടിന്റെ അരങ്ങനുഭവം മാടമ്പിയെ  കഥകളിചരിത്രത്തിൽത്തന്നെ അവഗണിക്കാനാകാത്ത സാന്നിധ്യമാക്കിയിട്ടുണ്ട്. പദങ്ങൾ നിശ്ചയമായും അരങ്ങിന്റെമാത്രം ഭാഗമാണെന്ന് വിശ്വസിക്കുന്നു അദ്ദേഹം. പല സംഗീതവഴികളുമായി താരതമ്യം ചെയ്തും ചേർത്തും ത്യജിച്ചുമുണ്ടാക്കിയ ശൈലിയാണ് കഥകളി സ്വീകരിച്ചത്. അരനൂറ്റാണ്ടുമുമ്പ് ആശാന്മാർ അരങ്ങുകളിൽ നിറഞ്ഞുപാടിയ ആ ശൈലി, അതേ രൂപത്തിൽ ഇന്ന് മാടമ്പിയുടെ കണ്ഠത്തിൽനിന്നുമാത്രമേ ഉയരൂ. ചിട്ടയിൽ പ്രശസ്തമായ കോട്ടയംകഥകൾ അതിന്റെ കൃത്യതയോടെ ആസ്വദിക്കണമെന്ന‌് ആഗ്രഹിക്കുന്നവർ ഇന്നും മാടമ്പിയെ വിളിക്കും, പാടാൻ. നമ്പീശനാശാനും മാമ്പുഴയും മറ്റും പകർന്നുകൊടുത്ത ശുദ്ധാലാപനം കാക്കുന്നതിൽ, കത്തിവേഷങ്ങൾക്ക് ഇരട്ടി പാടുമ്പോൾ ഒറ്റയടി പിടിച്ച് പാടുന്നതിൽ, താളംപിടിക്കുന്നതിലെ വ്യത്യസ്തതയിൽ, ഗമകങ്ങളുടെ നിയന്ത്രിത സഞ്ചാരങ്ങളിൽ, മറ്റു കലാകാരന്മാരെ അവരുടെ പ്രത്യേകതയോടുകൂടി അംഗീകരിക്കുന്നതിൽ, ശിഷ്യരെയും കൂടെപ്പാടുന്നവരെയും ചേർത്തുപിടിച്ച് ഉയർത്തുന്നതിൽ... ഒക്കെ ഈ മാടമ്പിച്ചിട്ട മാതൃകയാകുന്നു. 
കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരാലി, തിരൂർ നമ്പീശൻ എന്നിവരോടൊപ്പമാണ് മാടമ്പി സുബ്രഹ്‌മണ്യൻ നമ്പൂതിരി കലാമണ്ഡലത്തിൽനിന്ന‌് പഠിച്ചിറങ്ങിയത്. എമ്പ്രാന്തിരിയും ഹൈദരാലിയും കഥകളിസംഗീതത്തിൽ വലിയ മാറ്റങ്ങൾക്ക് നേതൃത്വം നൽകി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയവരാണ്. കഥകളിയെ ജനപ്രിയമാക്കാൻ ഏറെ അധ്വാനിച്ചവരും. അവരുടെ അത്തരം പരിഷ്കാരങ്ങളോടോ സമ്പ്രദായങ്ങളോടോ യോജിപ്പില്ലെങ്കിലും അതുല്യകലാകാരന്മാർ എന്ന നിലയിൽ മാടമ്പിക്ക് അവരോടെല്ലാം ആദരവേയുള്ളൂ. “ജനങ്ങൾ ഏറെ ആദരിച്ച കലാകാരന്മാരാണ‌് അവർ. അവർ ചെയ്തതിലും ശരിയുണ്ടെന്ന‌് വിശ്വസിക്കുന്നവർ ധാരാളം ഉള്ളതുകൊണ്ടാണല്ലോ അംഗീകരിക്കപ്പെട്ടത്. മാത്രമല്ല, യഥാർഥ കലാകാരന്മാൻ എന്ത‌ുചെയ്താലും അതിലൊരു വാസന സ്വാഭാവികം.’’ 
എന്നാൽ, കലാകാരന്റെ ഇഷ്ടം, അല്ലെങ്കിൽ കൂടുതൽ കൈയടി നേടാനുള്ള ശ്രമം, ആസ്വാദകർ ആവശ്യപ്പെടുംപോലെ പാടൽ ഇത്യാദി അത്യുത്സാഹങ്ങളൊന്നും യഥാർഥ കഥകളിസംഗീതത്തെ നിലനിർത്തില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. “കലയെ ആസ്വാദകരുടെ ഇഷ്ടത്തിന് അനുസരിച്ച് അഴിച്ചുവിടുകയല്ല വേണ്ടത്, ആസ്വാദകരെ കലയുടെ സ്വത്വത്തിലേക്ക് ആകർഷിക്കലാണ് വേണ്ടത്’’.  ഒരുപക്ഷേ, ഇനിയും സംവാദങ്ങൾ ഏറെ ആവശ്യമായ ഒരു പ്രശ്നംതന്നെയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. 
ചെമ്പൈ വൈദ്യനാഥഭാഗവതരിൽനിന്ന് സപ്തസ്വരങ്ങളുടെ പടികയറിയ മാടമ്പി അരനൂറ്റാണ്ടിനിടെ ഒരിക്കൽപ്പോലും അരങ്ങിന് അന്യനായിട്ടില്ല, പ്രശസ്തിയുടെ പ്രലോഭനങ്ങളിൽ ഭ്രമിച്ചിട്ടുമില്ല. കാൽമുട്ടിനുള്ള സ്വാധീനക്കുറവുമൂലം ഇപ്പോൾ പരിപാടികളൊന്നും കാര്യമായി ഏൽക്കുന്നില്ലെന്നുമാത്രം. ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ മാടമ്പിമനയിൽ ജനിച്ച അദ്ദേഹം ദീർഘകാലം കലാമണ്ഡലത്തിൽ അധ്യാപകനായി. ഇപ്പോഴും അവിടെ അതിഥിയായി ക്ലാസെടുക്കുന്നു. മക്കൾ നാലുപേരും വിവിധ സ്ഥലങ്ങളിലാണ‌്. ഭാര്യ ആര്യാദേവിയോടൊപ്പം ചെറുതുരുത്തിയിലാണ് താമസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top