കഥാപ്രസംഗം എന്ന കലാ രൂപത്തെ ജനകീയമാക്കിയ വി സാംബശിവന്റെ വിയോഗ ത്തിന് കാൽനൂറ്റാണ്ട്
ഉറക്കമൊഴിഞ്ഞ് ഉണർന്നിരിക്കാൻ കൂടിയുള്ളതായിരുന്നു പണ്ടത്തെ രാത്രികൾ. സാഹിത്യത്തിന്റെ ഉൾവെളിച്ചങ്ങൾക്കും അപ്പുറം കലയുടെയും സംസ്‌കാരത്തിന്റെയും തീക്ഷ്‌ണ വഴികളിലൂടെ മലയാളികൾ സഞ്ചരിച്ചത് അത്തരം ഉറങ്ങാത്ത രാവുകളുടെ ചിറകിലേറിയായിരുന്നു. പുരോഗമനാശയങ്ങളിലൂന്നിയ നാടകങ്ങളായിരുന്നു ഇക്കാര്യത്തിൽ ഏറെ മുന്നിലെങ്കിലും പലപ്പോഴും അരങ്ങുവാണിരുന്നത് കഥാപ്രസംഗമായിരുന്നു.
ചെലവു കുറഞ്ഞ ആ കലാരൂപത്തിന്റെ ജനപ്രിയതയ്‌ക്ക് കാരണങ്ങൾ പലതാകാമെങ്കിലും ഒന്ന് നിശ്ചയം, വി സാംബശിവൻ എന്ന അതുല്യ കലാകാരന്റെ വിലപ്പെട്ട സംഭാവനകൾ! അദ്ദേഹം വെട്ടിത്തെളിച്ച വഴിയിലൂടെ സഞ്ചരിക്കുകയെന്ന ആയാസരഹിതമായ ദൗത്യം മാത്രമേ പിൻഗാമികൾക്ക് ഉണ്ടായിരുന്നുള്ളൂ. പലരും കടന്നുവന്നിട്ടും കടന്നുപോയിട്ടും വേനലറിയാത്ത വൻമരംപോലെ സാംബശിവൻ പടർന്നുപന്തലിച്ചു നിന്നു.
കഠിനംകുളം പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിൽവച്ചാണ് ഞാൻ ആദ്യമായി സാംബശിവന്റെ കഥാപ്രസംഗം കേൾക്കുന്നത്. വീട്ടുകാരോടും അയൽക്കാരോടുമൊപ്പം വളരെ ദൂരം നടന്നാണ് അവിടെ എത്തിയത്. ‘വിലയ്‌ക്കുവാങ്ങാം’ എന്ന കഥയിൽ പതിവുപോലെ സാംബശിവൻ തന്റെ രാഷ്ട്രീയം സരസമായി വിളമ്പാൻ തുടങ്ങിയപ്പോഴാണ് "ആന വിരണ്ട'ത്. ചില സാമൂഹ്യവിരുദ്ധർ ആന വിരണ്ടെന്ന് വെറുതെപറഞ്ഞ് ആളുകളെ ഓടിക്കുകയായിരുന്നു. ആളുകൾ നാലുവഴിക്കും ചിതറി. കുട്ടികൾ ഉൾപ്പെടെ പലർക്കും പരിക്കേറ്റു. ഒരു ചെറുപ്പക്കാരൻ കിണറ്റിൽ വീണ് മരിച്ചു. നിരാശയോടെ മടങ്ങുമ്പോൾ സംഭവത്തിലെ പ്രതിയെ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ കയറി കണ്ടത് ഇന്നും ഓർക്കുന്നു. ലോക്കപ്പിൽ തലയും താഴ്‌ത്തിയിരുന്ന കൊമ്പൻ മീശക്കാരനായ അയാൾ മദ്യപിച്ച് ലക്കുകെട്ടിരുന്നു. കഥ പൂർത്തിയായിരുന്നില്ലെങ്കിലും ആ കഥാകഥന ശൈലിയും ശബ്‌ദവൈഭവവും ഒടുങ്ങാത്ത ലഹരിയായി മനസ്സിൽ കയറി.
കുറച്ചുകാലം കഴിഞ്ഞ് കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് ‘നെല്ലിന്റെ ഗീതം’ എന്ന കഥ കേട്ടു. അന്നാണ് കാഥികനെ നേരാംവണ്ണം കാണുന്നത്. ചുരുണ്ട മുടിയും ചടുലമായ കണ്ണുകളും ചുറുചുറുക്കുമുള്ള ചെറുപ്പക്കാരൻ. മുരുക്കുംപുഴയിൽ പോയി വയലാറിന്റെ കവിതയെ അധികരിച്ചുണ്ടാക്കിയ "ആയിഷ'യും കേട്ടു. പേടിച്ചരണ്ട ആയിഷയുടെ മുഖവും ബാപ്പ അദ്രുമാന്റെ രൗദ്ര ഭാവവും കാഥികനിൽ കണ്ട് അതിശയിച്ചിരുന്നുപോയി. അപ്പോഴേക്കും ആരാധന ഉൻമാദമായി. ക്ലാസിൽ ഇരിക്കുമ്പോൾ പാടിയാടുന്ന കാഥികന്റെ രൂപം മനസ്സിൽ തെളിഞ്ഞുവരും. ആ പാട്ടുകൾ കാണാപാഠം പഠിച്ചുനടന്നതുകൊണ്ട് പരീക്ഷയിലെല്ലാം അന്തസ്സായി തോറ്റു.
വീട്ടിൽ വരുത്തിയിരുന്ന ദേശാഭിമാനി പത്രത്തിൽ എല്ലാ ദിവസവും സാംബശിവന്റെ പരിപാടി എവിടെ, ഏതുസമയം എന്ന അറിയിപ്പ് ഉണ്ടാകുമായിരുന്നു. ഒരുദിവസം രാവിലെ പത്രം തുറന്നപ്പോൾ സന്തോഷവാർത്ത, സംക്രാന്തി എന്ന കഥാപ്രസംഗത്തിന്റെ ഉദ്ഘാടനവും അവതരണവും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ! എ പി കളയ്‌ക്കാടിന്റെ നോവലാണ് അവലംബം. ഉദ്ഘാടകൻ ഇ കെ നായനാർ. ഉദ്ഘാടനയോഗവും കഥാപ്രസംഗവുമെല്ലാം കഴിയുമ്പോൾ തിരിച്ചുവരാൻ അവസാന ബസുപോലും കിട്ടില്ലെന്നത് ഗൗനിച്ചില്ല. എന്റെ "സാംബൻ ആരാധന' നല്ലവണ്ണം അറിയാവുന്ന അച്ഛൻ പോകാൻ അനുവദിച്ചു. (ഒരു സമയത്ത് അദ്ദേഹത്തിന്റെയടുക്കൽ കഥാപ്രസംഗം പഠിക്കാൻ എന്നെ അയച്ചാലോ എന്നുവരെ അച്ഛൻ ചിന്തിച്ചിരുന്നു). ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ആണ്ടു എന്ന ബാല്യകാല സുഹൃത്തുമൊത്ത് സന്ധ്യയോടെ നഗരത്തിലേക്ക് തിരിച്ചു. നായനാരുടെ നർമഭാഷണവും സാംബന്റെ കഥാപ്രസംഗവുമെല്ലാം ആസ്വദിച്ചു. ശേഷിച്ച രാത്രി നിന്നും ഇരുന്നും തമ്പാനൂർ ബസ് സ്റ്റാൻഡിൽ നേരം വെളുപ്പിച്ചു.
റെയിൻബോ എന്ന കഥാപ്രസംഗം കേട്ടത് അളിയൻ ഗൾഫിൽനിന്ന് കൊണ്ടുവന്ന ടേപ്പ്റെക്കോർഡറിലാണ്. ഗൾഫ് നാടുകളിൽ അപ്പോഴേക്കും സാംബശിവന്റെ കഥകൾ ഒരു നാദവസന്തമായി പടർന്നിരുന്നു. ഏറ്റവും കൂടുതൽ തവണ കേട്ട കഥ "അനീസ്യ'യായിരുന്നു. ചാന്നാങ്കരയിലും കഠിനംകുളത്തും മാത്രമല്ല, റേഡിയോയിലൂടെയും പലതവണ കേട്ടു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ സൗജന്യമായി "അനീസ്യ' അവതരിപ്പിച്ചെന്ന് കേട്ടിട്ടുണ്ട്. സാംബശിവന്റെ മകനും ഇപ്പോൾ കഥാപ്രസംഗരംഗത്തുള്ള വസന്ത്കുമാർ സാംബശിവനുവേണ്ടി പ്രീഡിഗ്രി പ്രവേശനത്തിന് ചെന്നപ്പോൾ പ്രിൻസിപ്പലായിരുന്ന അയിക്കരയച്ചൻ ആവശ്യപ്പെട്ടതാണത്രെ അനീസ്യ അവതരിപ്പിക്കാൻ. "അന്ന കരീനിന' ബന്ധുവീട്ടിലെ കാസെറ്റിലും "ഉയിർത്തെഴുന്നേൽപ്പ്' ഓണക്കാലത്ത് റേഡിയോയിലുമാണ് കേട്ടത്.
അടിയന്തരാവസ്ഥക്കാലത്ത് 18 മാസം ജയിൽവാസം അനുഭവിക്കേണ്ട ദുര്യോഗവും കാഥികനുണ്ടായി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകൾ ഒടുങ്ങിയപ്പോൾ പ്രസ്ഥാനത്തിനും പ്രത്യയശാസ്‌ത്രത്തിനുംവേണ്ടി പൂർവാധികം ശക്തിയായി അദ്ദേഹം നിലകൊണ്ടു.
കഥാപ്രസംഗത്തോടും നാടകത്തോടുമുള്ള കമ്പമെല്ലാം കൈമോശം വന്ന് ഞാനപ്പോഴേക്കും പുസ്തകങ്ങളുടെയും വായനയുടെയും വിശാലമായ ലോകത്തേക്ക് തട്ടകം മാറ്റിയിരുന്നു. ഒടുവിലൊരുനാൾ പ്രവാസകാലത്തെ വിരസവേളയിൽ നിന്നുമുണർന്ന് കൂട്ടുകാരോടൊപ്പം വാരാന്ത്യ പാർട്ടിക്കായി ഒരുങ്ങുമ്പോൾ ആ മരണവാർത്ത എന്നെത്തേടി വന്നു. പ്രകാശപൂർണവും ശബ്‌ദസൗഭഗവുമായ അനേകം വേദികൾ ഒന്നിച്ച് ഒറ്റയടിക്ക് ഇരുട്ടിലാണ്ടപോലെ ശൂന്യത മനസ്സിൽ നിറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..