05 November Tuesday

ഒറ്റയ്ക്കല്ല കൂടെയുണ്ട് ലോകം

അജിൻ ജി രാജ്‌ ajinraj790@gmail.comUpdated: Sunday Jul 28, 2024



വംശവെറിയിൽ മുങ്ങിത്താണ ദക്ഷിണാഫ്രിക്കൻ ജനതയെ മോചിപ്പിക്കാൻ നെൽസൺ മണ്ടേല ആശ്രയിച്ചത്‌ സ്‌പോർട്‌സിനെ ആയിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യനാൾ നേരേ പോയത്‌ ജൊഹന്നാസ്‌ബർഗിലെ ഫുട്‌ബോൾ സ്‌റ്റേഡിയത്തിലേക്ക്‌, 1994 മെയ്‌ 10ന്‌. എല്ലിസ്‌ പാർക്കിൽ ദക്ഷിണാഫ്രിക്ക സൗഹൃദമത്സരത്തിൽ സാംബിയയെ 2–-1 ന്‌ തോൽപ്പിക്കുന്നതിനു സാക്ഷിയായി. പ്രസിഡന്റിന്റെ വസതിയിൽ വിശിഷ്ടാതിഥികളും വിജയാഘോഷങ്ങളും കാത്തിരിക്കെ ഇതൊന്നും വകവയ്‌ക്കാതെ മണ്ടേല ഫുട്‌ബോൾ കാണാനെത്തി. എന്തിന്‌ ഇത്ര തിടുക്കമെന്നും ഇതെന്ത്‌ കാര്യത്തിനെന്നും ചോദിച്ചവരോട്‌ മണ്ടേല പ്രതികരിച്ചു ‘ഇത്രയുംകാലം ഈ രാജ്യത്തെ അത്‌ലീറ്റുകൾ ചെയ്‌ത ത്യാഗം ജനം അറിയേണ്ടതുണ്ട്‌. അവരോടുള്ള കടപ്പാട്‌ അറിയിക്കാനാണ്‌ ഇന്നിവിടെ എത്തിയത്‌. ഇനിയൊരിക്കലും അവർക്ക്‌ ഇരുട്ടിൽ ഇരിക്കേണ്ടിവരില്ല’. വർണവിവേചനം മൂർച്ഛിച്ച കാലത്ത്‌ ലോക കായിക ഭൂപടത്തിൽ ദക്ഷിണാഫ്രിക്ക ഉണ്ടായിരുന്നില്ല.1964 മുതൽ 1992 വരെ ഒളിമ്പിക്‌സ്‌ ഉൾപ്പെടെ പ്രധാന മത്സരങ്ങളിൽ വിലക്കായിരുന്നു. രാജ്യത്തിന്റെ അധികാരം ഏറ്റെടുത്തശേഷം സാമൂഹ്യമാറ്റത്തിന്‌ സ്‌പോർട്‌സ്‌ മണ്ടേല പ്രധാന ഉപാധിയാക്കി. ഫുട്‌ബോളും റഗ്‌ബിയും ക്രിക്കറ്റും അത്‌ലീറ്റിക്‌സുമെല്ലാം പ്രോത്സാഹിപ്പിച്ചു. കറുത്തവനെന്നും വെളുത്തവനെന്നുമുള്ള ബോധ്യം മായ്‌ച്ചുകളഞ്ഞു. ഒരു ടീം ഒരു രാജ്യം എന്ന മുദ്രാവാക്യം ആഫ്രിക്കൻ രാജ്യത്തെ ഇളക്കിമറിച്ചു.

മണ്ടേല നയിച്ച വഴി പിന്തുടരുകയാണ്‌ ഒളിമ്പിക്‌സും. സ്‌പോർടിസിന്‌ എല്ലാ മുറിവുകളെയും ഉണക്കാനാകുമെന്നും വീണുപോയവരുടെ കൈപിടിച്ചുയർത്താമെന്നും ഓരോ ഒളിമ്പിക്‌സും നമ്മളോട്‌ പറയുന്നു. പാരിസും വ്യത്യസ്തമല്ല. തുടർച്ചയായ മൂന്നാംതവണയും അഭയാർഥികളുടെ ടീം ഒളിമ്പിക്‌സിന്‌ എത്തുന്നത്‌ മനോഹര നിമിഷമാണ്‌. 10 കോടിയിലധികം അഭയാർഥികളാണ്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ പുതിയ കണക്കുപ്രകാരം ലോകത്തുള്ളത്‌. യുദ്ധവും പട്ടിണിയും കാരണം പിറന്നമണ്ണിൽനിന്നും പലായനം ചെയ്യേണ്ടിവന്നവർ. കാലിനടിയിലെ മണ്ണ്‌ ഒലിച്ചുപോയവർ. ഊരും പേരും മറവികളിലേക്ക്‌ മാഞ്ഞുപോയ ഈ ജനകോടികളെ ഒരുമിപ്പിക്കുകയാണ്‌ ഒളിമ്പിക്‌സ്‌. വിലാസം ഇല്ലത്തവരുടെ വിലാസമാകാൻ, നമ്മളൊന്നാണ്‌ എന്നുറക്കെ പ്രഖ്യാപിക്കാൻ പാരിസ്‌ വേദിയാകുന്നു. 206 രാജ്യമാണ്‌ വിശ്വകായിക മാമാങ്കത്തിൽ പോരിനിറങ്ങുന്നത്‌. അമേരിക്കയും ചൈനയും ഇന്ത്യയും തുടങ്ങി 85,000 മാത്രം ജനസഖ്യയുള്ള അൻഡോറ ഉൾപ്പെടെ മേളയുടെ ഭാഗമാണ്‌. പല കാരണത്താൽ ഈ കൊടിക്കീഴിൽ അണിചേരാൻ കഴിയാത്തവരെ ചേർത്തുനിർത്തുകയാണ്‌ ഒളിമ്പിക്‌സ്‌. പാരിസിലെ 207–-ാമത്തെ ടീം അഭയാർഥികളുടേതാണ്‌. 36 അംഗങ്ങളാണ്‌ ഉള്ളത്‌. 12 ഇനത്തിൽ സാന്നിധ്യമറിയിക്കും. 23 പുരുഷന്മാരും 13 വനിതകളും. 11 രാജ്യത്തുനിന്നുള്ളവർ പല കാരണത്താൽ മറ്റ്‌ 15 രാജ്യത്തിലേക്ക്‌ കുടിയേറിയതാണ്‌. അവിടെ അഭയാർഥി പരിരക്ഷയും കിട്ടി. അത്‌ലീറ്റിക്‌സ്‌, ബാഡ്‌മിന്റൺ, ബോക്‌സിങ്‌, ബ്രേകിങ്‌, കനോയിങ്‌, ജുഡോ, ഷൂട്ടിങ്‌, നീന്തൽ, ത്വയ്‌കോണ്ടോ, ഭാരദ്വോഹനം, ഗുസ്‌തി, സൈക്ലിങ്‌ എന്നീ ഇനങ്ങളിൽ അഭയാർഥി അത്‌ലീറ്റുകൾ കളത്തിലെത്തും. രാജ്യാന്തര ഒളിമ്പിക്‌ സമിതിയാണ്‌ (ഐഒസി) ടീമിനെ സജ്ജരാക്കിയത്‌. ഐഒസിയുടെ പതാകയ്‌ക്ക്‌ കീഴിലാണ്‌ മാർച്ച്‌പാസ്റ്റിൽ അണിനിരന്നത്‌.

2016 റിയോ ഒളിമ്പിക്‌സ്‌ മുതലാണ്‌ അഭയാർഥികൾക്കായി പ്രത്യേക ടീം ഐഒസി ഒരുക്കിയത്‌. പലായനം ചെയ്യേണ്ടിവന്ന അത്‌ലീറ്റുകൾക്ക്‌ ഒളിമ്പിക്‌സ്‌ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ അത്‌ വേദിയായി. നിറത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ച്‌ മാനവികതയെന്ന മഹാസന്ദേശം നൽകി. റിയോയിൽ പത്ത്‌ അത്‌ലീറ്റുകളാണ്‌ പങ്കെടുത്തത്‌. 2020 ടോക്യോയിൽ അത്‌ 29 പേരായി. പാരിസിൽ വീണ്ടും ഉയർന്നു. ഐഒസിയുടെ അഭയാർഥി സ്‌കോളർഷിപ്‌ നേടിയ അത്‌ലീറ്റുകളിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഇത്തവണ 24 രാജ്യത്തുനിന്നുള്ള 73 പേരായിരുന്നു യോഗ്യതാ റൗണ്ടിൽ.

‘ലോകമാനമുള്ള അഭയാർഥികളുടെ പ്രത്യാശയുടെ പ്രതീകമാണ്‌ ഈ അത്‌ലീറ്റുകൾ. എല്ലാവർക്കും തുല്യ അവകാശമുണ്ടെന്നും അഭയാർഥി പ്രശ്‌നം ശ്രദ്ധിക്കപ്പെടാനും ഒളിമ്പിക്‌സിലെ അവരുടെ പങ്കാളിത്തം കാരണമാകും’–- -2016ൽ ആദ്യമായി അഭയാർഥി ടീമിനെ അവതരിപ്പിച്ച്‌ രാജ്യാന്തര ഒളിമ്പിക്‌ സമിതി പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പ്രഖ്യാപിച്ചു.

പല കഥകൾ, ഒരേ ജീവിതം
36 അഭയാർഥി അത്‌ലീറ്റുകൾക്കും പറയാൻ കഥകൾ പലതുണ്ട്‌. ഭൂരിഭാഗംപേരും മരണത്തെ മുഖാമുഖം കണ്ടു. കൂടെപ്പിറപ്പുകൾ വെന്തെരിയുന്നത്‌ നിസ്സഹയരായി നോക്കിനിന്നു. വെടിയൊച്ചയും തീഗോളങ്ങളും അവരുടെ കാതിൽനിന്നും കണ്ണിൽനിന്നും അകന്നിട്ടില്ല. വംശീയ വെറിയൻമാരാലും യുദ്ധക്കൊതിയൻമാരാലും കണ്ണീരോടെ പലായനം ചെയ്യേണ്ടിവന്നവർ. ഇതവരുടെ കഥയാണ്‌.

താച്ച്‌ലോവിനി ഗബ്രിയേസോസ്‌
ആഫ്രിക്കൻ രാജ്യമായ എറിട്രിയിൽനിന്നും കലാപത്തെത്തുടർന്ന്‌ സിനായ്‌ മരുഭൂമി താണ്ടി താച്ച്‌ലോവിനി ഗബ്രിയേസോസ്‌ ഇസ്രയേലിൽ എത്തിയത്‌ കാൽനടയായാണ്‌. ഈ പോരാട്ടവീര്യം ഗബ്രിയേസോസിനെ മാരത്തൺ ഓട്ടക്കാരനാക്കി. ‘ഭൂതകാലമാണ്‌ എന്നെ കരുത്തുറ്റവനാക്കിയത്‌. ഇന്നെനിക്ക്‌ ഒന്നിനെയും ഭയമില്ല. എല്ലാ നാടും ജന്മനാടായി കാണുന്നു’–- തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിന്‌ എത്തുന്ന ഇരുപത്താറുകാരൻ പറയുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എറിട്രിയയിൽനിന്ന്‌ 12–-ാം വയസ്സിലാണ്‌ ഗബ്രിയേസോസ്‌ ജീവനുംകൊണ്ടോടിയത്‌. ആഭ്യന്തര കലാപത്താൻ നാട്‌ കത്തുന്ന സമയം. അയൽക്കാരും ബന്ധുക്കളും വെന്തുമരിക്കുന്നതുകണ്ട്‌ മനസ്സ്‌ നിശ്ചലമായി. കൂട്ടുകാരോടൊപ്പം മൂന്നു ദിവസം നടന്ന്‌ ഇത്യോപ്യയിൽ എത്തി.  മനുഷ്യക്കടത്തുകാരുടെ കുത്തിനിറച്ച ട്രക്കിൽ സുഡാനിൽ എത്തി. രണ്ടു ദിവസം ശ്വാസംപോലും കിട്ടാത്ത അവസ്ഥയായിരുന്നു. പിന്നീട്‌ സിനായ്‌ മരുഭൂമിയിലൂടെ പൊള്ളുന്ന യാത്ര. ബന്ധുവഴിയാണ്‌ ഇസ്രയേലിൽ കുടിയേറാൻ കഴിഞ്ഞത്‌. അഭയാർഥി പരിരക്ഷ കിട്ടിയതോടെ മാരത്തണിൽ എത്തി. ഒളിമ്പിക്‌ യോഗ്യതാ മാർക്ക്‌ കടന്ന ആദ്യ അഭയാർഥി അത്‌ലീറ്റെന്ന പെരുമയുമായാണ്‌  ടോക്യോയിൽ എത്തിയത്‌. 16–-ാം സ്ഥാനത്താണ്‌ അവസാനിപ്പിച്ചത്‌. ഇത്തവണ മെഡൽ സ്വപ്നംകണ്ടാണ്‌ വരവ്‌. വനിതാ സൈക്കിൾ താരം എയെരു ഗബ്രുവിനും സമാന അനുഭവമാണ്‌. 2020ൽ കലാപത്തെത്തുടർന്ന്‌ ഇത്യോപ്യയിൽനിന്ന്‌ ഫ്രാൻസിലേക്ക്‌ കുടിയേറിയതാണ്‌ ഇരുപത്തേഴുകാരി. പാരിസിൽ റോഡ്‌ റേസിങ്ങിലാണ്‌ പങ്കെടുക്കുന്നത്‌.

നിഗാരയും മനീഷയും
തോൽക്കാൻ മനസ്സില്ലാത്ത രണ്ട്‌ അഫ്‌ഗാൻ പെൺകുട്ടികളെക്കുറിച്ചാണ്‌, നിഗാര ഷഹീനും മനീഷ തലാഷും. താലിബാൻ കാരണം നാടുവിടേണ്ടിവന്ന രണ്ട്‌ ജീവിതങ്ങൾ. ജുഡോ താരമാണ്‌ നിഗാര. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സാണ്‌. ടോക്യോയിലും അഭയാർഥി നിരയിലായിരുന്നു. ബാല്യകാലത്ത്‌ ആഭ്യന്തരയുദ്ധത്തെ തുടർന്നായിരുന്നു നാടുവിട്ടത്‌. പാകിസ്ഥാനിൽ ജീവിച്ചു. പിന്നീട്‌ റഷ്യയിലും. വിദ്യാഭ്യാസത്തിനായി വീണ്ടും പിറന്ന മണ്ണിലെത്തി. 2021ൽ താലിബാൻ അധികാരമേറ്റതോടെ അപകടത്തിലായി. പെൺകുട്ടികൾ വീട്ടിൽനിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ ഉത്തരവിട്ട ഭരണാധികാരികളുള്ള നാട്ടിൽ നിഗാരയ്‌ക്ക്‌ സ്ഥാനമില്ലായിരുന്നു. സ്വപ്നങ്ങൾ അവസാനിക്കുകയാണെന്ന്‌ ഉറപ്പായതോടെ മുപ്പത്തൊന്നുകാരി ക്യാനഡയിലേക്ക്‌ രക്ഷപ്പെട്ടു.

അഫ്‌ഗാനിലെ ആദ്യ വനിതാ ബ്രേക്‌ ഡാൻസറാണ്‌ മനീഷ. കാബൂളിലെ ഡാൻസിങ്‌ ക്ലബ്ബിൽ കുട്ടിക്കാലം മുതൽക്കേ അവൾ പതിവുകാരിയായി. പെൺകുട്ടി ഡാൻസ്‌ ചെയ്യരുതെന്ന ഭീഷണിയും കൊലവിളിയുമായി പലരുമെത്തി. പക്ഷേ, അവൾ കുലുങ്ങിയില്ല. എന്നാൽ, താലിബാൻ ഭരണം ഏറ്റെടുത്തതോടെ രക്ഷയില്ലാതായി. മുന്നിൽ മരണം മാത്രമായിരുന്നു. കൂട്ടുകാരോടോപ്പം പാകിസ്ഥാനിലേക്ക്‌ അഭയംതേടി ആദ്യം. രേഖകൾ ഒന്നുമില്ലാതെ ഒളിവിൽ കഴിഞ്ഞു. 2022ൽ ഉറ്റച്ചങ്ങാതിമാർ വഴി സ്‌പെയ്‌നിൽ എത്തി. കുടിയേറ്റ പരിഗണന ലഭിച്ചു. അതോടെ ജീവിതം തിരിച്ചുപിടിച്ചു. ഉന്മേഷത്തോടെ ഡാൻസ്‌ തുടർന്നു. കുടുംബത്തെയും സ്‌പെയ്‌നിൽ എത്തിച്ചു. അഭയാർഥി ടീമിലെ ഏക ബ്രേക്‌ ഡാൻസറാണ്‌ അവൾ. ‘ഇതെന്റെ വിജയമാണ്‌. ഈ മഹാമേളയിൽ പങ്കെടുക്കുക എന്നതിലും വലുതായി മറ്റൊന്നുമില്ല. നിങ്ങളുടെ സ്വപ്നങ്ങൾ ആർക്കുമുന്നിലും അടിയറ വയ്‌ക്കരുത്‌’–- മനീഷ പറയുന്നു.

ദോറിയൻ കെലെറ്റെല
ഒളിമ്പിക്‌സിലെ ഏറ്റവും ആകർഷണ ഇനമായ 100 മീറ്ററിലെ ഏക അഭയാർഥി സാന്നിധ്യം. കോംഗോയിലാണ്‌ ദോറിയൻ ജനിച്ചത്‌. 17–-ാം വയസ്സിൽ വംശീയ കലാപത്തിൽ അച്ഛനും അമ്മയും കൊല്ലപ്പെട്ടു. ഒരുവർഷത്തോളം അഭയാർഥി ക്യാമ്പിലായിരുന്നു. കൂട്ടിന്‌ ആരുമില്ല. ഉറ്റവരെയെല്ലാം കലാപത്തിൽ നഷ്ടമായി. ഐക്യരാഷ്‌ട്ര സംഘടനയുടെ പദ്ധതിയിൽ ഉൾപ്പെട്ടാണ്‌ കുടിയേറ്റക്കാരനായി പോർച്ചുഗലിൽ എത്തിയത്‌. 18–-ാം വയസ്സിൽ. പുതിയ നാട്‌, ഭാഷ, സംസ്‌കാരം. നെഞ്ചിൽ അണയാത്ത തീയും. ഒരു കൗമാരക്കാരന്‌ സഹിക്കാവുന്നതിലും വലുതായിരുന്നു അത്‌. പക്ഷേ, ദോറിയൻ പതറിയില്ല. ഓട്ടത്തിലായിരുന്നു അവന്റെ ശ്രദ്ധ. പോർച്ചുഗലിലെ പ്രധാന ഫുട്‌ബോൾ ക്ലബ്ബായ സ്‌പോർട്ടിങ്‌ ലിസ്‌ബണുമൊന്നിച്ച്‌ പരിശീലനത്തിലേർപ്പെട്ടു. മികവുള്ള സ്‌പ്രിന്ററായുള്ള വളർച്ച അവിടെനിന്ന്‌ തുടങ്ങി. ‘ഓർമകളെ പിന്നിലാക്കുന്നതു പോലെയാണ്‌ എനിക്ക്‌ ഓട്ടം. അപ്പോൾ ഞാനെല്ലാം മറക്കുന്നു. പുതിയ വെളിച്ചത്തിലേക്ക്‌ അടുക്കുന്നതായി തോന്നും’–- ഇരുപത്താറുകാരൻ മനസ്സ്‌ തുറന്നു. ഇത്‌ രണ്ടാം ഒളിമ്പിക്‌സാണ്‌. ടോക്യോയിൽ പ്രാഥമിക റൗണ്ടിൽ 10.33 സെക്കൻഡിൽ ഓടി മികച്ച വ്യക്തിഗത സമയം കണ്ടെത്തി. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.

ലൂണ സോളമൻ
ഇറ്റാലിയൻ ട്രിപ്പിൾ ഒളിമ്പിക്‌ ചാമ്പ്യൻ നികോളോ കാംപ്രിയാനിയെ പരിചയപ്പെട്ടതാണ്‌ ലൂണയുടെ ജീവിതം മാറ്റിമറിച്ചത്‌. കലാപത്തെത്തുടർന്ന്‌ 2015ലാണ്‌ എറിട്രിയയിൽനിന്ന്‌ സ്വിറ്റ്‌സർലൻഡിലേക്ക്‌ കുടിയേറിയത്‌. സ്വിസ്സിലെ ലൊസെയ്‌നിൽനിന്നാണ്‌ കാംപ്രിയാനിയെ കാണുന്നത്‌. ഷൂട്ടിങ്ങിൽ അപ്രതീക്ഷിതമായല്ല ലൂണയെത്തിയത്‌. എല്ലാം തീരുമാനിച്ചുറപ്പിച്ചായിരുന്നു. ജീവിതത്തിൽ പച്ചപിടിക്കാനൊരു മാർഗം. അതാണവൾക്ക്‌ ഷൂട്ടിങ്‌. നാലുവയസ്സുള്ള മകനെ അന്തസ്സോടെ വളർത്തണം. നന്നായി പഠിപ്പിക്കണം. ആഫ്രിക്കൻ രാജ്യത്തുനിന്നും എല്ലാം ഉപേക്ഷിച്ചാണ്‌ വെളിച്ചംതേടി യൂറോപ്പിൽ എത്തിയത്‌. അവിടെയും കീഴടങ്ങാൻ കഴിയുമായിരുന്നില്ല. കാംപ്രിയാനിക്ക്‌ കീഴിൽ തെളിഞ്ഞ പ്രൊഫഷണലായി. ടോക്യോ ഒളിമ്പിക്‌സിലും അഭയാർഥി ടീമിന്റെ ഭാഗമായി. ഇത്തവണ പ്രതീക്ഷയോടെയാണ്‌. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ്‌ പൊന്ന്‌ വെടിവച്ചിടാനിറങ്ങുന്നത്‌.

ആദ്യ മെഡൽ തേടി
മൂന്നാം ഒളിമ്പിക്‌സിന്‌ എത്തുമ്പോൾ അഭയാർഥി ടീമിന്‌ ഒറ്റ ലക്ഷ്യംമാത്രം. ഒരു മെഡൽ. റിയോയിലും ടോക്യോയിലും വെറുംകൈയോടെയാണ്‌ മടങ്ങിയത്‌. ‘ഈ മഹത്തായ വേദിയിൽ എത്തിയാൽത്തന്നെ ജയിച്ചുകഴിഞ്ഞു, പക്ഷേ, അത്‌ പോരാ. ഒരു മെഡൽ കൊണ്ട്‌ ഞങ്ങൾക്ക്‌ ലോകത്ത്‌ പലതും പറയാനുണ്ട്‌’–-മാർച്ച്‌പാസ്റ്റിൽ അഭയാർഥികളെ നയിച്ച തായ്‌ക്വോണ്ടോ താരം യാഹിയ അൽ ഗോതാനി പ്രതീക്ഷയിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top