21 December Saturday

വീണ്ടും വരുന്നു കേരളത്തിന്റെ സൈൻസ്‌

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 29, 2024

 

ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കുമായി ഒരു മേള എന്ന കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരുടെ  ആശയത്തിൽനിന്നാണ്‌ സൈൻസ്‌ മേളയുടെ തുടക്കം. ഫിലിം സൊസൈറ്റികളുടെ ദേശീയ സംഘടനയായ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ്‌ ഇന്ത്യ (എഫ്‌എഫ്‌എസ്‌ഐ) -കേരള ഘടകമാണ്‌ സംഘാടകർ. 2005ൽ ഇത്തരം ഒരു ആശയം യാഥാർഥ്യമാക്കുമ്പോൾ ഇന്ത്യയിൽ ഡോക്യുമെന്ററി/ഹ്രസ്വചലച്ചിത്രങ്ങൾക്കായി സ്ഥിരസ്വഭാവമുള്ള ഒരു മേള ഇല്ലായിരുന്നു. ഈ വിഭാഗത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ട മേള രണ്ടു വർഷത്തിൽ ഒരിക്കൽ സംഘിടിപ്പിച്ചിരുന്ന മിഫ് (മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) ആയിരുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഫിലിം ഡിവിഷനായിരുന്നു സംഘാടകർ. അതിനാൽത്തന്നെ രാഷ്‌ട്രീയ ഇടപെടൽ വ്യാപകമായിരുന്നു. സ്വതന്ത്ര സിനിമാപ്രവർത്തകരുടെ സിനിമകൾ സ്വാഭാവികമായി തിരസ്‌കരിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം ബദൽ എന്ന നിലയിൽക്കൂടിയാണ്‌ സൈൻസ്‌ ആരംഭിക്കുന്നത്‌. മേള ആരംഭിച്ചത്‌ സിനിമ ഡിജിറ്റലിലേക്ക്‌ മാറുന്ന ഘട്ടത്തിലായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കി ഡിജിറ്റൽ സിനിമകളുടെ മേളയായാണ്‌ സൈൻസ്‌ ആരംഭിച്ചത്‌. ഡിജിറ്റൽ സിനിമകളാണ്‌ ആദ്യ പതിപ്പുമുതൽ പ്രദർശിപ്പിച്ചത്‌. 19 വർഷം പിന്നിട്ട മേളയുടെ 17–-ാം പതിപ്പാണ്‌ തിരൂരിൽ ഒക്‌ടോബർ ഒന്നുമുതൽ അഞ്ചുവരെ നടക്കുന്നത്‌. തിരുവനന്തപുരത്ത്‌ കലാഭവൻ തിയറ്ററിലാണ്‌ ആദ്യ വർഷങ്ങളിൽ മേള നടന്നത്‌. പിന്നീട്‌ പാലക്കാട്, എറണാകുളം, തൃശൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലായി നടന്നു.


 

ഇന്ന്‌ സംസ്ഥാന സർക്കാരിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സാമ്പത്തിക സഹകരണം ലഭിക്കുന്നുണ്ട്‌. ആദ്യ കാലത്ത്‌ മേള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഈ ഘട്ടത്തിൽ മേളയുടെ തുടർ നടത്തിപ്പിനെക്കുറിച്ച്‌ ചർച്ചയുണ്ടായി. അപ്പോഴാണ്‌ മേളയിൽ ജൂറി ചെയർമാനായി എത്തിയ സയിദ്‌ മിർസ മേള തുടരേണ്ടതിന്റെ ആവശ്യകത സംഘാടകരെ ഓർമപ്പെടുത്തിയത്‌. ഇന്ത്യയിൽ ഇത്തരത്തിൽ ഒരു മേളയില്ല. സ്വതന്ത്ര സിനിമാ പ്രവർത്തകർക്ക്‌ അവരുടെ ഡോക്യുമെന്ററി സിനിമകൾ കാണിക്കാനൊരു ഇടം നിലനിൽക്കണമെന്ന്‌ മിർസ ആവശ്യപ്പെട്ടു. ഉള്ള പണംകൊണ്ട്‌ മേള നടത്തിയാൽ മതിയെന്നു പറഞ്ഞ അദ്ദേഹം ഇതൊരു ‘ഓട്ടോറിക്ഷ’ ഫെസ്റ്റിവലായെങ്കിലും നടത്തണമെന്നാണ്‌ സംഘാടകരുമായുള്ള സംസാരത്തിനിടയിൽ പറഞ്ഞത്‌. മേളയ്‌ക്ക്‌ വരുന്ന അതിഥികൾക്കും സിനിമക്കാർക്കും സഞ്ചരിക്കാൻ കാറൊന്നും നൽകണ്ട, അവർ ഓട്ടോറിക്ഷയിൽ വരട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. അങ്ങനെ സൈൻസിന്‌ സംഘാടകർക്കിടയിൽ ‘ഓട്ടോറിക്ഷ’ മേള എന്നൊരു പേരുംവന്നു.

മത്സരവിഭാഗത്തിലൂടെ തുടക്കം
2005ൽ മേളയുടെ ആദ്യ പതിപ്പുമുതൽതന്നെ ഡോക്യുമെന്ററികൾക്കും ഹ്രസ്വ ചിത്രങ്ങൾക്കും പ്രാധാന്യം നൽകി ദേശീയ മത്സരവിഭാഗം ഉൾപ്പെടുത്തി. 2006ൽ സയിദ് മിർസ അധ്യക്ഷനും ബീനപോളും എം ആർ രാജനും അംഗങ്ങളുമായ ജൂറിക്ക്‌ മുന്നിലേക്കാണ് ഹോബം പബൻകുമാർ സംവിധാനം ചെയ്ത മണിപ്പുരി ഡോക്യുമെന്ററി അഫ്‌സ്‌പ 1958 വരുന്നത്. അന്ന്  ജൂറി സുപ്രധാന നിർദേശം മുന്നോട്ട് വച്ചു. ഭരണകൂടത്തിന്റെ അടിച്ചമർത്തൽ, മനുഷ്യാവകാശം, പരിസ്ഥിതി പ്രശ്നങ്ങൾ, ലിംഗനീതി, സ്വത്വപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളെ തീവ്രതയോടെയും ആഴത്തിലും വിശകലനം ചെയ്യുന്ന ഡോക്യുമെന്ററി/ ഹ്രസ്വചലച്ചിത്രത്തിന് ‘സിനിമ ഒഫ് റെസിസ്റ്റൻസ്‌’ എന്ന പുരസ്കാരവും ഏറ്റവും ധീരമായ പരീക്ഷണം നടത്തുന്ന ഡോക്യുമെന്ററി/ ഹ്രസ്വചലച്ചിത്രത്തിന് ‘സിനിമ എക്സ്പിരിമെന്റ’ പുരസ്കാരവും ഏർപ്പെടുത്തണം. 2007 മുതൽ മേളയിൽ ഈ പുരസ്‌കാരങ്ങളുണ്ട്‌. നിലവിൽ ഇവ രണ്ടും കൂടാതെ മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം  എന്നീ ദേശീയ പുരസ്കാരങ്ങൾക്കൊപ്പം മികച്ച മലയാള ചിത്രത്തിന് എഫ്‌എഫ്‌എസ്‌ഐ പുരസ്കാരവും നൽകും. 50,000 രൂപ-യും പ്രശസ്തിപത്രവും സി എൻ കരുണാകരൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് ദേശീയ പുരസ്കാരം.


 

പ്രവർത്തകരെ സൃഷ്ടിച്ച മേള
സൈൻസ് ചലച്ചിത്രമേളയിൽ ആദ്യമായി അവാർഡുകൾ ലഭിച്ച പലരും പിന്നീട്‌ ഈ മേഖലയിൽ പ്രശസ്‌തരായി. ഹോബം പബൻകുമാർ,  ഉള്ളൊഴുക്ക് സംവിധാനം ചെയ്‌ത ക്രിസ്‌റ്റോ ടോമിയുടെ ഹ്രസ്വചിത്രം കാമുകി തുടങ്ങി നിരവധി ചിത്രങ്ങളുടെ ആദ്യ പ്രദർശന വേദി സൈൻസാണ്‌. നിധി തുളി, ഹോബം പബൻകുമാർ, ഷെറി, ബാബു കാമ്പ്രത്ത്, റജുല ഷാ തുടങ്ങി ഇന്ന്‌ പ്രശസ്‌തരായ നിരവധി ചലച്ചിത്രകാരന്മാരുടെ പ്രധാനപ്പെട്ട ആദ്യ പുരസ്കാരങ്ങൾ ലഭിച്ച ഇടംകൂടിയാണ്‌ സൈൻസ്‌ മേള.  
സുപ്രിയോ സെൻ, വസുധാ ജോഷി, രഞ്ജന് പാലിത്ത്, പരോമിതാ വോറ, കെ പി ജയശങ്കർ, അഞ്ജലി മൊണ്ടേറോ, സുരഭി ശർമ, ലീന മണിമേകലൈ, ആർ പി അമുതൻ, നന്ദൻ സക്‌സേന, സഞ്ജയ് കാക്ക്, അനിർബൻ ദത്ത തുടങ്ങി പ്രഗത്ഭരായ ചലച്ചിത്രകാരന്മാർ സൈൻസിന്റെ ഭാഗമായവരാണ്.

അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യ ജൂറി ചെയർമാൻ. സയിദ്‌ മിർസ, മണി കൗൾ, കുമാർ ഷഹാനി, ഗിരീഷ് കാസറവള്ളി, സുമ ജോസൻ, നിരൂപകരായ അശോക് റാണെ, അമൃത് ഗാംഗർ, ഡോക്യുമെന്ററി സംവിധായകരായ മധുശ്രീ ദത്ത, രാകേശ്‌ ശർമ, ലളിത് വചാനി, ദീപ ധൻരാജ്, ആർ വി രമണി, സുപ്രിയോ സെൻ, ഛായാഗ്രാഹകൻ കെ ജി ജയൻ തുടങ്ങിയവർ വിവിധ കാലങ്ങളിൽ മേളയുടെ ജൂറി അധ്യക്ഷരായിരുന്നു. ദേശീയപുരസ്കാരം നേടിയ നിരൂപകനും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ  ഡോ. സി എസ് വെങ്കിടേശ്വരൻ 2013–- 2022 വരെ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്നു. ലോകത്തെ വിവിധ ചലച്ചിത്രമേളകളുടെ സംഘാടകനും ജൂറി അംഗവുമായ പ്രേമേന്ദ്ര മജൂംദാറാണ്‌ നിലവിലെ ആർട്ടിസ്റ്റിക് ഡയറക്ടർ.

ആനന്ദ്‌ പട്‌വർധൻ 2008ൽ സൈൻസ്‌ വേദിയിൽ

ആനന്ദ്‌ പട്‌വർധൻ 2008ൽ സൈൻസ്‌ വേദിയിൽ


 

ഇത്തവണ 133 ചിത്രം
ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെ തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല ക്യാമ്പസിലെ ചിത്രശാല, രംഗശാല തിയറ്ററുകളിൽ നടക്കും. രാകേശ് ശർമ സംവിധാനം ചെയ്ത ഫൈനൽ സൊലൂഷനാണ്‌ ഉദ്ഘാടനചിത്രം. 133 ചിത്രമാണ് മേളയിലുള്ളത്. 26 ഡോക്യുമെന്ററിയും 18 ഹ്രസ്വചിത്രവും ജോൺ എബ്രഹാം ദേശീയപുരസ്കാരത്തിനായി മത്സരിക്കും. മേളയിലെ ഫോക്കസ് എന്ന മത്സരേതര വിഭാഗത്തിൽ 16 ഡോക്യുമെന്ററിയും 30 ഹ്രസ്വചിത്രവും പ്രദർശിപ്പിക്കും. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാൾസ് കൊറിയ ഫൗണ്ടേഷൻ ഓരോ വർഷവും നടത്തുന്ന നഗരി ചലച്ചിത്രമേളയിൽനിന്ന് തെരഞ്ഞെടുത്ത 19 ചിത്രത്തിന്റെ പാക്കേജും മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ പ്രേമേന്ദ്ര മജുംദാർ ക്യുറേറ്റ് ചെയ്ത 10 അന്തർദേശീയ ചിത്രത്തിന്റെ പാക്കേജും ആർ പി അമുതൻ ക്യുറേറ്റ് ചെയ്ത സിനിമകളും മേളയുടെ ഭാഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top