പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും കേരളം അതിശക്തമായ നവോത്ഥാന മുന്നേറ്റങ്ങളുടെ വേദിയായി. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്‌ഠയോടെ (1888) അസാധാരണ ഗതിവേഗം ആർജിച്ച നവോത്ഥാന മുന്നേറ്റം വടക്കൻമേഖലയിലേക്കും വ്യാപിച്ചു.
ഈയിടെ കോഴിക്കോട് റീജ്യണൽ ആർക്കൈവ്സിൽനിന്ന് ലഭിച്ച 108 വർഷം പഴക്കമുള്ള രേഖയിലെ പരാമർശങ്ങളും സൂചനകളും കോഴിക്കോട് കേന്ദ്രീകരിച്ച് ശക്തിപ്പെട്ട ഒരു വ്യാപാര മധ്യവർഗവും മിഷണറിമാർ സ്ഥാപിച്ച മലബാർ ക്രിസ്‌ത്യൻ കോളേജും എങ്ങനെയാണ് മലബാറിലെ സാംസ്‌കാരിക പൊതുമണ്ഡലത്തെ ആധുനികവൽക്കരിച്ച് മുന്നേറിയത് എന്നതിനുള്ള ശക്തമായ തെളിവുകളാണ്.
1911-ൽ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ ഇന്ത്യാ സന്ദർശനവേളയിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയും അതിന്റെ ഭാഗമായി 4.2.1911 തിങ്കളാഴ്‌ച, ഡെപ്യൂട്ടി കലക്ടറും ഇംഗ്ലീഷ് ഉദ്യോഗസ്ഥരും നാട്ടുപ്രമാണികളും പങ്കെടുത്ത യോഗത്തിൽ കോഴിക്കോട്ടെ തിയ്യപ്രമാണിയായ കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ എഴുതിയ കത്ത് ചർച്ചയ്‌ക്കെടുത്തു. സന്ദർശനസ്‌മരണ നിലനിർത്താൻ ശ്രീകണ്ഠേശ്വര ക്ഷേത്രം കമ്മിറ്റിയുടെ പേരിൽ ബിജിഎം കോളേജിലെ സ്‌കൂൾ അവസാന വർഷ പരീക്ഷയിൽ മികച്ച വിജയം നേടുന്ന തിയ്യ സമുദായത്തിലെ, അല്ലെങ്കിൽ തിയ്യ സമുദായത്തേക്കാൾ താണ സമുദായങ്ങളിലെ വിദ്യാർഥിക്ക് വർഷം 15 രൂപയിൽ കുറയാത്ത പാരിതോഷികം ഏർപ്പെടുത്താൻ അനുവദിക്കണമെന്നുള്ള രാരിച്ചൻ മൂപ്പന്റെ അഭ്യർഥനയാണ് രേഖയുടെ ഉള്ളടക്കം. (മലബാർ ക്രിസ്‌ത്യൻ കോളേജ് അറിയപ്പെട്ടിരുന്നത് ബിജിഎം കോളേജ് അഥവാ ബാസൽ ജർമൻ മിഷൻ കോളേജ് എന്ന പേരിലാണ്. ഒന്നാം ലോകയുദ്ധകാലത്ത് ഇംഗ്ലണ്ടും ജർമനിയും വിരുദ്ധചേരികളിലായി യുദ്ധം ചെയ്യുന്ന സന്ദർഭത്തിൽ മലബാറിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ നടപടികൾ ഭയന്നാണ് പേര് മാറ്റിയത്. 1919ൽ ബാസൽ മിഷൻ കോളേജിന്റെ ഭരണം മദ്രാസ് ക്രിസ്‌ത്യൻ കോളേജ് ഏറ്റെടുത്തതോടെയാണ് മലബാർ ക്രിസ്‌ത്യൻ കോളേജായത്)
110 വർഷം പിന്നിട്ട മലബാർ ക്രിസ്‌ത്യൻ കോളേജ്
‘വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം മലബാറിൽ പ്രാവർത്തികമാക്കാനുള്ള പ്രായോഗിക നടപടികൂടിയാണ് രാരിച്ചൻ മൂപ്പൻ നിർവഹിച്ചത്. അയിത്തവും അനാചാരങ്ങളും പ്രബലമായ കാലത്ത്, മലബാർ ക്രിസ്‌ത്യൻ കോളേജ് അതിന്റെ പ്രാരംഭവർഷങ്ങളിൽത്തന്നെ താഴ്‌ന്ന ജാതിക്കാരായി പരിഗണിക്കപ്പെട്ട തിയ്യർക്കും അവരേക്കാൾ താഴ്‌ന്ന വിദ്യാർഥികൾക്കും പ്രവേശനം നൽകിയിരുന്നു. ഈ കാലത്താണ് (1911–-1913) സഹോദരൻ അയ്യപ്പൻ ഈ കോളേജിൽ പഠിച്ചത്. അയ്യപ്പനിലെ സാമൂഹ്യ പരിഷ്‌കർത്താവിനെ രൂപപ്പെടുത്തിയതിൽ കോളേജിന്റെയും കോഴിക്കോടിന്റെയും സാംസ്‌കാരികവും ധൈഷണികവുമായ അന്തരീക്ഷവും പങ്കുവഹിച്ചിട്ടുണ്ട്.
തിയ്യർക്കും മറ്റ് അവർണർക്കും പ്രവേശനം നൽകിയിരുന്ന ഇതേ കാലത്ത്, തളിക്ഷേത്ര റോഡിലൂടെ ഈ വിഭാഗങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. രാരിച്ചൻ മൂപ്പന്റെ പാരിതോഷികത്തിന്റെ മൂല്യം എത്രയെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. 1934 ജനുവരി 13ന് ഹരിജൻ ഫണ്ട് സ്വീകരിക്കുന്നതിന് മഹാത്മാഗാന്ധി മലബാർ ക്രിസ്‌ത്യൻ കോളേജിൽ എത്തിയപ്പോൾ മറ്റ് വിദ്യാർഥികൾക്കൊപ്പം ദളിതരായ വിദ്യാർഥികൾക്കും തുല്യ പ്രാധാന്യം നൽകിയിരുന്നതായി അന്നത്തെ പ്രിൻസിപ്പൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ
വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ ആധുനികതയിലേക്ക് ആനയിച്ചത് നവോത്ഥാന പ്രസ്ഥാനമായിരുന്നു. അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്‌ഠിച്ച ശ്രീനാരായണ ഗുരുവിന്റെ സമരാഹ്വാനം വടക്കേ മലബാറിൽ തിയ്യ പ്രമാണിമാർക്കും ബുദ്ധിജീവികൾക്കുമിടയിൽ ചലനമുണ്ടാക്കി. അവർ മലബാറിലേക്ക് ഗുരുവിനെ ക്ഷണിച്ചു കൊണ്ടുവന്നു എന്നുമാത്രമല്ല തലശേരിയിലും (ജഗന്നാഥ ക്ഷേത്രം–- 1908) കോഴിക്കോട്ടും (ശ്രീകണ്ഠേശ്വര ക്ഷേത്രം–- 1910) കണ്ണൂരും (സുന്ദരേശ്വര ക്ഷേത്രം–- 1916) പുതിയ ക്ഷേത്രങ്ങൾ തിയ്യ സമുദായത്തിനായി നിർമിക്കാൻ ആവേശത്തോടെ ഇറങ്ങിപ്പുറപ്പെട്ടു.
കോഴിക്കോട്ടെ ശ്രീകണ്ഠേശ്വര ക്ഷേത്ര നിർമിതിക്ക് മുന്നിട്ടിറങ്ങിയ പ്രധാനി കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പനായിരുന്നു. ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ശിവഗിരി സന്ദർശിച്ച് ഗുരുവിനെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ക്ഷേത്രനിർമിതിക്ക് അദ്ദേഹം സ്ഥലം നൽകിയതിനു പുറമെ ആയിരത്തൊന്ന് രൂപ (1911ൽ പവൻ സ്വർണത്തിന്റെ വില ഏതാണ്ട് നാലുരൂപ) സംഭാവനയും നൽകി. ക്ഷേത്രം നിർമിക്കാൻ മുന്നിട്ടിറങ്ങി. അതോടെ സവർണ യാഥാസ്ഥിതികർ മാത്രമല്ല, സ്വസമുദായത്തിലെ പഴമക്കാരും എതിർത്തു. മലബാർ ക്രിസ്‌ത്യൻ കോളേജിലെ ഒരു ദളിത് വിദ്യാർഥിക്ക് രാരിച്ചൻ മൂപ്പൻ സ്വന്തം മക്കൾക്കൊപ്പം ഇരുത്തി ഉച്ചഭക്ഷണം നൽകിയത് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. 1917 മെയ് 29ന് സഹോദരൻ അയ്യപ്പൻ ചെറായിൽ നടത്തിയ പന്തിഭോജനത്തിന്റെ മുൻ മാതൃക ഒരുപക്ഷേ, രാരിച്ചൻ മൂപ്പന്റേതാകാം.
തിയ്യ സമുദായത്തിലെയോ താണ സമുദായത്തിലെയോ വിദ്യാർഥികള്‍ക്ക് വര്‍ഷത്തില്‍ പതിനഞ്ച് രൂപയില്‍ കുറയാത്ത പാരിതോഷികം ഏര്‍പ്പെടുത്താനുള്ള രാരിച്ചന്‍ മൂപ്പന്റെ അഭ്യർഥന
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാകുമ്പോഴേക്കും കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്വാധീനവും ഉയർന്ന സാമ്പത്തിക ശേഷിയുമുള്ള ഒരു പ്രബലവിഭാഗമായി തിയ്യ സമുദായത്തിലെ ചില കുടുംബങ്ങളും വ്യക്തികളും വളർന്നുവന്നിരുന്നു. ആർക്കൈവ്സ് രേഖകൾ പ്രകാരം 1851ൽ കോഴിക്കോട് നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും മദ്യവിൽപ്പനയുടെ കുത്തകാവകാശവും കോഴിക്കോട് താലൂക്കിന്റെയും പ്രാന്തപ്രദേശങ്ങളുടെയും കടവ് കുത്തകാവകാശവും രാരിച്ചൻ മൂപ്പന്റെ മുൻഗാമിയായ കല്ലിങ്കൽ കുഞ്ഞിക്കോരു മൂപ്പന് ബ്രിട്ടീഷ് ഭരണകൂടം നൽകി. സാമ്പത്തികമായി ഉന്നതി നേടിയെങ്കിലും സാമൂഹ്യശ്രേണിയിൽ ഇവർ താഴെ തട്ടിലായിരുന്നു. അതുകൊണ്ട് കൊളോണിയൽ ഭരണം തുറന്നുവച്ച അനുകൂല ഘടകങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട്, അവരുടെ സാംസ്‌കാരിക അടയാളങ്ങളെ പുണർന്നുകൊണ്ടായിരുന്നു സാമൂഹ്യ ഉച്ചനീചത്വങ്ങളെ മറികടക്കാൻ ശ്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..