29 December Sunday

ഇനിയുമുണ്ട്‌ ജീവസ്സുറ്റ ജീവിതം

ഡോ. കെ എസ് രവികുമാർ dr.ksravikumar@gmail.comUpdated: Sunday Dec 29, 2024


തൊണ്ണൂറ്റൊന്നാം വയസ്സിൽ അന്തരിക്കുമ്പോഴും മലയാളത്തിലെ ഏറ്റവും യുവത്വമുള്ള എഴുത്തുകാരൻ എം ടി വാസുദേവൻനായരായിരുന്നു.  ലോകത്തെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ കഥകളിലൂടെ നടത്തിയ സ്നേഹസ്പർശംകൊണ്ട് ഒരു മഹാസാമ്രാജ്യം സൃഷ്ടിച്ചു. സാധാരണ മനുഷ്യരുടെ പച്ചജീവിതത്തിന്റെ കഥകളാണ് അദ്ദേഹം എഴുതിയത്. എം ടി എന്തെഴുതിയാലും അതിൽ ജീവിതത്തിന്റെ തുടിപ്പും വൈകാരികതയും നിറഞ്ഞുനിന്നു. അതേസമയം, താൻ ജീവിക്കുന്ന കാലത്തിന്റെയും ലോകത്തിന്റെയും ചലനങ്ങൾ ഉൾച്ചേർക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.  

എട്ടാം വയസ്സുമുതൽ നാട്ടിലെ ഗ്രന്ഥശാലയിൽ നിത്യസന്ദർശകനായിരുന്ന ഞാൻ എട്ടാം ക്ലാസിലായപ്പോഴേക്കും എം ടി വാസുദേവൻനായരുടെ അതുവരെ പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങളിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം വായിച്ചു. ‘കാലം’ ആണ് അന്ന്‌ ഒടുവിൽ വായിച്ചത്. വായിക്കാൻ കിട്ടാതിരുന്നത്, ആദ്യത്തെ കഥാസമാഹാരമായ ‘രക്തം പുരണ്ട മൺതരികൾ’.  ഷെൽഫുകളിലൊക്കെ തെരഞ്ഞിട്ടും അത്  കിട്ടിയില്ല. ഏറെ ആഗ്രഹിച്ച പുസ്തകം കിട്ടാനെന്തു വഴി എന്നാലോചിച്ച് കുറെ നടന്നു. അതിനിടെ ബൈൻഡ് ചെയ്യാൻ മാറ്റിവച്ചിരുന്ന പഴയ പുസ്തകങ്ങൾക്കിടയിൽനിന്ന് പുറന്താൾ പോയ ആ പുസ്തകം അപ്രതീക്ഷിതമായി കിട്ടി. അപ്പോഴുണ്ടായ സന്തോഷം പറയാനാകില്ല. 1970ലാണ്‌ സംഭവം. ആ കണക്കിൽ അഞ്ചര പതിറ്റാണ്ടിലേറെയായി എം ടിയുടെ രചനാലോകത്തെ ഞാൻ പിന്തുടരുന്നു.

മലയാളചെറുകഥാശതാബ്ദിയുടെ ഭാഗമായി ഡിസി ബുക്സ് പുറത്തിറക്കിയ 100 വർഷം 100 കഥ സമാഹരിച്ചതും ആമുഖപഠനം എഴുതിയതും ഞാനാണ്‌. പുസ്തകപ്രകാശനം നടന്നത് 1991 ഡിസംബർ 30ന് കോഴിക്കോട് ടൗൺ ഹാളിൽ. വൈക്കം മുഹമ്മദ് ബഷീർ പ്രകാശനം. എം ടി വാസുദേവൻനായർ അധ്യക്ഷൻ. ഡിസി കിഴക്കേമുറിയോടൊപ്പം അന്നു രാവിലെ മാതൃഭൂമി ഓഫീസിലെത്തി എം ടിയെ ആദ്യമായി നേരിൽ കണ്ടു. ഞങ്ങളോട് സംസാരിക്കുന്നതിനിടയിൽ എം ടി കൗതുകത്തോടെ പുസ്തകം മറിച്ചുനോക്കിക്കൊണ്ടിരുന്നു. 50 പുറത്തോളം വരുന്ന വിശദമായ ഒരാമുഖപഠനം ആ പുസ്തകത്തിന് ഞാനെഴുതിയിരുന്നു. ആ പഠനത്തിന്റെ സമാപനഭാഗത്ത് ചെറുകഥയിൽ കേരളീയമായ ആഖ്യാനശൈലി സാക്ഷാൽക്കരിക്കേണ്ടതിനെപ്പറ്റി പരാമർശിച്ചിരുന്നു. അവിടെ എം ടി കൂടുതൽ ശ്രദ്ധിച്ചതായി തോന്നി. തലയുയർത്തി എന്നെ നോക്കി. ഒന്നും പറഞ്ഞില്ല. അന്നത്തെ അധ്യക്ഷപ്രസംഗത്തിൽ ആ ആശയം എം ടി സ്പർശിച്ചു. ഞാൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടാൻ ആ പുസ്തകം നിമിത്തമായി.

അടുത്ത കൊല്ലം മാതൃഭൂമിയുടെ വാർഷികപ്പതിപ്പിൽ മലയാളചെറുകഥയെക്കുറിച്ച് വിശദമായ ലേഖനമഴുതാൻ എന്നെ ചുമതലപ്പെടുത്തി. അത് തൃപ്തികരമായതുകൊണ്ടാകണം അതിനടുത്ത വാർഷികപ്പതിപ്പിൽ കഥയിലെ വാചികപാരമ്പര്യത്തെക്കുറിച്ച്‌ എഴുതാൻ ആവശ്യപ്പെട്ടത്. ഇതിനിടെ ആഴ്ചപ്പതിപ്പിൽ ലേഖനങ്ങളും പുസ്തകനിരൂപണങ്ങളും എഴുതി. അക്കാലത്തുതന്നെ തുഞ്ചൻപറമ്പിൽ നടന്ന കഥാപാരമ്പര്യത്തെക്കുറിച്ചുള്ള ദേശീയ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാനും ക്ഷണം ലഭിച്ചു. അദ്ദേഹം കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡിലുണ്ടായിരുന്നപ്പോൾ എന്നെ മലയാളം ഉപദേശകസമിതിയിലേക്ക് നോമിനേറ്റ് ചെയ്തു. അങ്ങനെയും അദ്ദേഹത്തിന്റെ ചില സ്നേഹസ്പർശങ്ങൾ.

ഞാൻ എഴുതിയ ചെറുകഥാപഠനങ്ങളെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആ പഠനങ്ങളുടെ ഭാഗമായി പുറത്തുവന്ന പുസ്തകങ്ങളിൽ രണ്ടെണ്ണം എം ടിയുടെ കഥാസാഹിത്യത്തെക്കുറിച്ചുള്ളതാണ്. എം ടിയുടെ ചെറുകഥകളെക്കുറിച്ചു മാത്രമുള്ള പഠനഗ്രന്ഥമാണ് ചിന്ത പ്രസിദ്ധീകരിച്ച എം ടി അക്ഷരശിൽപ്പി. എം ടിയുടെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചുള്ള സവിശേഷപഠനങ്ങളാണ് പുസ്തകപ്രസാധകസംഘം പ്രസിദ്ധീകരിച്ച കുന്നിൻമുകളിലെ ബംഗ്ലാവ്.

ലോകസാഹിത്യത്തിലെ  മിക്കവാറും പ്രഗത്ഭരായ കഥയെഴുത്തുകാർക്ക് എഴുതാനുള്ള വിഭവങ്ങളുടെ വലിയ ഖനിയായിരുന്നു ബാല്യാനുഭവങ്ങൾ. എം ടിയെ സംബന്ധിച്ചും അങ്ങനെയാണ്. അദ്ദേഹം തന്റെ കുട്ടിക്കാലത്തെയും അന്നത്തെ ജീവിതപരിസരങ്ങളെയും ചുറ്റുപാടുമുള്ള മനുഷ്യരെയും ആധാരമാക്കി ധാരാളം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എം ടിയുടെ തറവാടായ മാടത്ത് തെക്കേപ്പാട്ടും ജന്മഗ്രാമമായ കൂടല്ലൂരും പ്രസിദ്ധമായി. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും പഞ്ഞക്കർക്കടകത്തിൽ വിരുന്നു വന്ന ശങ്കുണ്യേട്ടനുമൊക്കെ വായനക്കാർ മറക്കാത്ത ചിരംജീവികളായിത്തീർന്നു. ഒപ്പം കൂടല്ലൂർ എന്ന നിളാതീരഗ്രാമം മലയാളികൾക്ക് ഏറെ പരിചിതമായ ഒരു ഭാവനാസ്ഥലമായി മാറി. എം ടിയുടെ ആത്മസ്പർശിയായ കുറിപ്പുകളിൽ കുട്ടിക്കാലംമുതലേ എഴുത്തുകാരനാകാൻ ആഗ്രഹിച്ച ഒരു കുട്ടിയുടെ വാശിയോടെയുള്ള തീവ്രതപസ്സിന്റെ ചിത്രമുണ്ട്. നിരന്തരം വായിക്കുകയും എഴുതുകയും എഴുത്തിന്റെ ലോകത്ത്  മുദ്ര പതിപ്പിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്ത കുട്ടി. ഇടമുറിയാത്ത ആ തപസ്സിന്റെ ഫലമായി ഉണ്ടായതാണ് എം ടി എന്ന എഴുത്തുകാരന്റെ അനുപമമായ രചനകളും അതിലൂടെ അദ്ദേഹം ആർജിച്ച അതുല്യസ്ഥാനവും.

ആദ്യചെറുകഥയെക്കുറിച്ച് കാഥികന്റെ പണിപ്പുരയിൽ എം ടി പറയുന്നുണ്ട്. ഫിഫ്ത് ഫോമിലെത്തിയ ഉടനെയാണ്. നേരിട്ടുകണ്ട ഒരു സംഭവത്തിൽനിന്ന് പ്രചോദിതനായാണ് അതെഴുതിയത്. രണ്ടു കാലുമില്ലാത്ത ഒരു മനുഷ്യനെ ചെറിയ ഉന്തുവണ്ടിയിലിരുത്തി തെരുവിലൂടെ തള്ളിക്കൊണ്ടുപോയി ഒരാൾ പിച്ച വാങ്ങുന്നത്‌ കണ്ടു. ആ കാഴ്ചയിൽനിന്നാണ് ഉന്തുവണ്ടി എന്ന് പേരിട്ട ആ കഥ രൂപംകൊണ്ടത്. അത് പുരോഗമനസാഹിത്യത്തിന്റെ കാലമായിരുന്നു. തെണ്ടികളുടെയും അന്ധരുടെയും മറ്റും ജീവിതത്തെ ഇതിവൃത്തമാക്കിയ ധാരാളം രചനകൾ വന്നുകൊണ്ടിരുന്ന ഘട്ടമാണ്. അത്തരം ചില കഥകൾ വായിച്ചതിന്റെ പരോക്ഷപ്രേരണയും അതിന്റെ രചനയ്ക്കു പിന്നിൽ ഉണ്ടാകാമെന്ന്‌ കഥാകാരൻതന്നെ പറയുന്നു. അന്ന് സ്കൂളിൽ വരുത്തിയിരുന്ന പ്രസിദ്ധീകരണമായിരുന്ന ചക്രവാളത്തിന് ആ കഥ അയച്ചു. ഏറെ നാൾ കാത്തിരുന്നു. വിശേഷിച്ച് ഒന്നും സംഭവിച്ചില്ല. താൻ കണ്ടതും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top