കാൽ നൂറ്റാണ്ട് മുമ്പ് ഹ്യൂഗോ ഷാവേസ് വെനസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റപ്പോൾ സഹായത്തിനുണ്ടായിരുന്നത് ക്യൂബ മാത്രം. തെക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ മറ്റൊരു രാജ്യത്തും ഇടതുപക്ഷം അധികാരത്തിന്റെ അയലത്തുപോലുമില്ല. കേരളത്തിന്റെ മൂന്നിലൊന്ന് പോലും ജനസംഖ്യയില്ലാത്ത ക്യൂബയാകട്ടെ അയലത്തുള്ള സാമ്രാജ്യത്വഭീമനാൽ ഏതുനിമിഷവും അട്ടിമറിക്കപ്പെടാമെന്ന് ഭീഷണിയിലും. ക്യൂബയ്‌ക്ക് താങ്ങായിയിരുന്ന സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലും സോഷ്യലിസ്റ്റ് സർക്കാരുകൾ അട്ടിമറിക്കപ്പെട്ടിട്ട് പതിറ്റാണ്ട് പോലും തികഞ്ഞിരുന്നില്ല. ആ വേളയിലാണ് ലാറ്റിനമേരിക്കയിലാകെ പ്രത്യാശ പകർന്ന് വെനസ്വേലയിലെ അരുണോദയം. അമേരിക്കയുടെ അടുക്കളത്തോട്ടമായി പരിഗണിക്കപ്പെട്ടിരുന്ന മേഖലയിൽ അതോടെ ചുവപ്പുതരംഗം വീശി. വിവിധ രാജ്യങ്ങളിൽ ഇടതുപക്ഷസർക്കാരുകൾ അധികാരത്തിലെത്തി.
വെനസ്വേലയിൽ ഷാവേസിന്റെ വിജയം മുതലാളിത്ത ലോകത്തിനുണ്ടാക്കുന്ന തകർച്ച അമേരിക്കയും കൂട്ടാളികളും മുൻകൂട്ടി കണ്ടു. അത് തടയാൻ പട്ടാളത്തിൽ ചില ഉന്നതരെ ഉപയോഗിച്ച് ഷാവേസിനെ അട്ടിമറിക്കുന്നതടക്കം പല കുതന്ത്രങ്ങളും പയറ്റി. 1999 ഏപ്രിലിൽ അട്ടിമറിക്കാർ ഷാവേസിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി വലതുപക്ഷ ഇടക്കാല സർക്കാർ രൂപീകരിച്ചു. ആ നീക്കത്തിന് രണ്ട് ദിവസംപോലും ആയുസുണ്ടായില്ല. ഒരു പതിറ്റാണ്ടോളമായി ഷാവേസിന്റെ വിശ്വസ്‌ത സഖാവായി ഒപ്പമുണ്ടായിരുന്ന യുവ തൊഴിലാളി നേതാവ് നിക്കോളാസ് മഡൂറോയുടെയും മറ്റും നേതൃത്വത്തിൽ ജനങ്ങൾ തെരുവിലിറങ്ങിയപ്പോൾ അമേരിക്കൻ പിന്തുണയോടെ അട്ടിമറിക്കിറങ്ങിയവർക്ക് തോൽവി സമ്മതിക്കേണ്ടിവന്നു.(പിന്നീട് ബ്രസീലിലും ബൊളിവിയയിലും മറ്റും പലരൂപത്തിൽ അമേരിക്കൻ പാവകളുടെ അട്ടിമറി ലോകം കണ്ടു) കൂടുതൽ കരുത്തനായാണ് ഷാവേസ് അധികാരത്തിൽ തിരിച്ചെത്തിയത്. നിർണായകമായ ഓരോ തീരുമാനവും ഹിതപരിശോധനയ്‌ക്ക് വിട്ട് ജനങ്ങളുടെ അംഗീകാരം നേടിയ ശൈലി അദ്ദേഹത്തെ ബഹുഭൂരിപക്ഷത്തിനും പ്രിയങ്കരനാക്കി. അതുവരെ വൻകിട മുതലാളിമാർ കൊള്ളയടിച്ച എണ്ണ–- പ്രകൃതിവാതക സമ്പത്ത് ജനക്ഷേമത്തിന് ഉപയോഗിച്ചത് ഷാവേസിനെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും അജയ്യരാക്കി.
അർബുദബാധിതനായി അകാലത്തിൽ ഷാവേസ് വിടവാങ്ങിയതോടെയാണ് 2013ൽ മഡൂറോ ആദ്യം പ്രസിഡന്റായത്. അവസരം മുതലാക്കി വെനസ്വേലയ്‌ക്കെതിരെ ക്രൂരമായ ഉപരോധമടക്കം സാമ്പത്തികയുദ്ധവും ദുഷ്‌പ്രചരണവും തീവ്രമാക്കി അമേരിക്കയും യൂറോപ്യൻ കൂട്ടാളികളും. വെനസ്വേലയുടെ എണ്ണസമ്പത്ത് ജനക്ഷേമത്തിന് ഉപയോഗിക്കുന്നതുപോലും ദുഷ്‌കരമാക്കിയുള്ള കർക്കശ ഉപരോധം. തുടർന്നുണ്ടായ പ്രതിസന്ധി വെനസ്വേലയിലെ ജനജീവിതത്തെ ബാധിച്ചെങ്കിലും തകരാതെ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകാൻ മഡൂറോയ്‌ക്കായി. ആ ജനവിശ്വാസമാണ് മൂന്നാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാൻ കരുത്തായത്. എങ്കിലും ഈ ജനവിധിയെ അമേരിക്കയും വെനസ്വേലയിലെ ശിങ്കിടികളും അംഗീകരിക്കില്ല എന്നുറപ്പ്. ജനങ്ങളെ അണിനിരത്തി അതിനെ നേരിടാനായിരിക്കും മഡൂറോ ശ്രമിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..