26 December Thursday

ഫൊസ്സെ ; നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദം

എമിൽ മാധവിUpdated: Friday Oct 6, 2023

The Nobel Prize X ( twitter)


നാടകകൃത്തിന് പുരസ്‌കാരം ലഭിക്കുന്നു എന്നതാണ് ഈ വർഷത്തെ നോബേൽ സമ്മാനത്തെ സവിശേഷമാക്കുന്ന ഒന്ന്. മോറിസ് മേറ്റർ ലിങ്ക്, സാമുവൽ ബക്കറ്റ്, ഹരോൾഡ് പിന്റെർ, ബെർണാഡ് ഷാ, ലൂയി പിരാന്തലോ, ദാരിയോ ഫോ തുടങ്ങി അത്ര ചെറുതല്ലാത്ത ഒരു നിര തന്നെ നാടകരചനയിലൂടെ നേരത്തെ നോബൽ സമ്മാനത്തിന് അർഹരായിട്ടുണ്ട്. ചിലപ്പോഴൊക്കെ ലോകത്തിന്റെ വെളിച്ചം നാടകകൃത്തിലേക്ക് എത്തുന്നത് ഇത്തരം ബഹുമതികളിൽ കൂടിയാണ്.

ഇന്ന് ലോകം യോൺ ഫൊസ്സേ എന്ന പേരിലേക്ക് വന്നടിയുന്ന ദിവസമാണ്. ഒരു നാടക കൃത്തിനെ ലോകം പരിചയപ്പെടുന്ന ദിവസം. എന്നാൽ യോൺ ഫോസ്സേ തൊണ്ണൂറുകളിൽതന്നെ തന്റെ സാന്നിധ്യം യൂറോപ്യൻ നാടക വേദികളിൽ അറിയിച്ചു തുടങ്ങിയിരുന്നു. സാറാ കെയിനെപ്പോലുള്ള നാടക കൃത്തുകൾ നിലവിലുള്ള രചനാ പദ്ധതികളെ തൊണ്ണൂറുകളിൽ വെല്ലുവിളിച്ച് തുടങ്ങിയപ്പോൾ സമകാലികനായി  ഫൊസ്സേയും  തന്റെ രചനകളുമായി നാടകലോകത്തേക്ക്‌ എത്തുന്നുണ്ട്.

ഫ്രഞ്ച് പത്രം le monde യോൺ ഫൊസ്സേയെ വിശേഷിച്ചത് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ സാമുവൽ ബെക്കറ്റ്  എന്നാണ്. നിശബ്ദതയുടെ ഭാഷ അറിയുന്ന ഒരാളെ, ആ ഭാഷ അരങ്ങിൽ പ്രയോഗിക്കുന്ന ഒരാളെ മറ്റെന്ത്‌ വിളിക്കാൻ.

അരങ്ങെഴുത്തിൽ സ്ഥല സങ്കൽപ്പങ്ങളെ പല രീതിയിൽ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് ഫൊസ്സേ. വാക്കുകൾക്ക് ഇടയിലുള്ള സ്ഥലം, പ്രേക്ഷർക്ക് ചുറ്റുമുള്ള സ്ഥലം തുടങ്ങി രചനയിൽ വ്യത്യസ്ഥമായ സമീപനങ്ങൾകൊണ്ട് കൂടിയാണ് ഫൊസ്സേ വ്യത്യസ്ഥനാവുന്നത്. ഫൊസ്സെ പറയുന്നുണ്ട്, 

"ഞാൻ എഴുതുന്നത് മനുഷ്യർക്കിടയിലെ ബന്ധങ്ങളേക്കുറിച്ചാണ്, അവർക്കിടയിലുള്ള സ്ഥലങ്ങളെക്കുറിച്ച്, ഒരർഥത്തിൽ ഒഴിഞ്ഞ ഇടങ്ങളേക്കുറിച്ച്. ബെക്കറ്റിയൻ ശൈലിയിൽനിന്നും പുതിയ കാലത്തേക്ക്‌ വളരുന്ന എഴുത്തായും, വാക്കുകളെക്കുറിച്ചും നിശബ്ദതയേക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള നവ ചിന്തകളായും ഫൊസ്സെയുടെ രചനകളെ വിലയിരുത്തുന്നു.

ഫൊസ്സെയുടെ രചനാചിന്തകളെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്ന് വായിക്കാൻ ശ്രമിച്ചാൽ അത് ഇങ്ങനെയാണ്.  ജീവിതത്തിൽ മനോഹരമായാത് ഒരു ചിത്രത്തിൽ മോശമാവാം. കാരണം ചിത്രത്തിൽ അത്രയധികം സൗന്ദര്യം ആവശ്യമില്ല. ഒരു നല്ല ചിത്രത്തിൽ അല്പം മോശപ്പെട്ട ചിലത് വേണം. ഒരു തുള്ളി ഇരുട്ട് ഉണ്ടെങ്കിലേ അത് തിളങ്ങൂ.

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി ലോകം ഫൊസ്സെയെ വായിക്കട്ടെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top