ചവറ
‘വാതിൽപ്പഴുതിലൂടെൻ
മുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോകേ’
ചവറ നമ്പ്യാടിക്കൽ വീട്ടിലെത്തുന്ന ആർക്കും ഒരു നിമിഷം വീടിനകത്ത് ഒ എൻ വിയെ കാണാം. പല കവിതകളിൽ ചലച്ചിത്രഗാനങ്ങളിൽ കണ്ടുമറന്ന ഈ വീടും പരിസരവും മാത്രമല്ല എഴുത്തുപുരയും ആ കാവ്യസപര്യയുടെ സ്മാരകമായി നിലനിൽക്കുന്നു. ഇന്ന് ഈ വീട് ഒ എൻ വി കുറുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.
റോഡില്‍നിന്ന് നമ്പ്യാടിക്കല്‍ വീട്ടിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും മതിലിൽ കവിയുടെ പ്രശസ്ത വരികള്‍ എഴുതിവച്ചിട്ടുണ്ട്. വീടിന്റെ മുറ്റത്താകട്ടെ ‘അമ്മ' എന്ന കവിതയുടെ ശില്‍പ്പ മാതൃകയും കാണാം. 138 വര്‍ഷം പഴക്കമുള്ള വീട്ടില്‍ പഴയ കട്ടില്‍, ചാരുകസേര, അലമാര എന്നിവയോടൊപ്പം കവിയുടെയും അമ്മയുടെയും ബന്ധുക്കളുടെയും വിവിധ ഘട്ടങ്ങളിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും സംരക്ഷിച്ചിരിക്കുന്നു.
പതിനഞ്ച് വയസ്സിൽ ആദ്യ കവിത എഴുതിയത് മുതൽ 27 വയസ്സുവരെ നിത്യവും വീടിനോടു ചേർന്നുള്ള എഴുത്തുമുറി ഒ എൻ വി ഉപയോഗിച്ചിരുന്നു. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുവേണ്ടി എഴുതിയ ‘പൊന്നരിവാള്‍ അമ്പിളിയില്‍' ഉൾപ്പെടെ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഈ മുറിയിലിരുന്നാണ്. എം എന്‍ ഗോവിന്ദന്‍നായര്‍, സി അച്യുതമേനോന്‍, ആര്‍ സുഗതന്‍, ദേവരാജന്‍ മാസ്റ്റര്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രശസ്തർ അദ്ദേഹത്തെ സന്ദർശിച്ചിരുന്നതും ഈ എഴുത്തുപുരയിലാണ്. പിന്നീട് ജീവിതം തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടെങ്കിലും മാസത്തിൽ രണ്ടുതവണ ഒ എൻ വി നമ്പ്യാടിക്കൽ വീട്ടിലെത്തിയിരുന്നു. നാട്ടിലെത്തിയാൽ കവിയ്ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുപുരയിലാണ് ഏറെ നേരവും ചെലവഴിക്കുക. 42 സെന്റ് വസ്തുവില്‍ എഴുത്തുമുറിയോടു ചേര്‍ന്നുള്ള വീട്ടില്‍ മൂത്തസഹോദരി രാധമ്മയുടെ മകന്‍ ജ്യോതികുമാറും കുടുംബവുമാണ് ഇപ്പോൾ താമസം. എങ്കിലും ഒ എ ൻവിയുടെ ഓർമകളുറങ്ങുന്ന മണ്ണ് പുതുതലമുറയ്ക്ക് പ്രിയ കവിയുടെ നിത്യസ്മാരകമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..