പാലക്കാടിന് തലയെടുപ്പേകുന്ന കോട്ടയിലൂടെ നടക്കുമ്പോൾ ഇന്നും നിലയ്‌ക്കാത്ത വെടിയൊച്ചകൾ കേൾക്കുംപോലെ. 1969ൽ സപ്‌തകക്ഷി സർക്കാർ വിശ്വാസം തെളിയിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കുനേരെ പൊലീസ് നിറയൊഴിച്ചപ്പോൾ നാലുയുവാക്കളാണ് കോട്ടമൈതാനത്ത് പിടഞ്ഞുവീണത്. കോട്ടയെപ്പോലെ കരുത്തിൽ ജനാധിപത്യ സംരക്ഷണത്തിന് കാവൽനിന്ന മണ്ണാണ് പാലക്കാട്.
വൈവിധ്യങ്ങളുടെ വിശാലതയെ ഹൃദയത്തിലേറ്റിയ ഭൂമിക. വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ സങ്കലനം ഇവിടെ കാണാം. ഇന്ത്യൻ – അറബിക് വാസ്തുവിദ്യയും യൂറോപ്യൻ സാങ്കേതികയും സമന്വയിക്കുന്ന പാലക്കാട് കോട്ട അതിന്റെ വലിയ തെളിവാണ്. കൽപ്പാത്തി, നൂറണി, കൊടുന്തിരപ്പുള്ളി തുടങ്ങി അഗ്രഹാര ഗ്രാമങ്ങളും വടക്കന്തറ, പുത്തൂർ തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളും മഞ്ഞക്കുളം പള്ളി, മേപ്പറമ്പ്, കള്ളിക്കാട് തുടങ്ങിയ ജുമാമസ്‌ജിദുകളും സുൽത്താൻപേട്ട് സെന്റ് സെബാസ്റ്റ്യൻ ചർച്ചും സെന്റ് റാഫേൽസ് കത്തീഡ്രലും ജൈനിമേടിലെ ജൈനക്ഷേത്രവുമെല്ലാം സംസ്‌കാരങ്ങളുടെ സംഗമഭൂമിയായി പാലക്കാടിനെ മാറ്റുന്നതിലെ ഉദാഹരണങ്ങളാണ്. വാളയാർ ചുരവും കാർഷികഭൂപ്രദേശവുമാണ് ഈ സങ്കരസംസ്‌കാരത്തിന്റെ പ്രധാന കാരണം.
ജനാധിപത്യവിരുദ്ധ കൂട്ടുകെട്ടുകളെയും വർഗീയ ശക്തികളെയും ഒരുമിച്ച് എതിർത്ത നാട് കൂടിയാണിത്. 1960ൽ കോൺഗ്രസ് –- ലീഗ് –- ജനസംഘം അവിശുദ്ധ കൂട്ടുകെട്ടിലൂടെ പട്ടാമ്പിയിൽ ഇ എം എസ് നമ്പൂതിരിപ്പാടിനെ തോൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ജനം ഒന്നായി ചെറുത്തു. അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവരെ പട്ടാമ്പിയിലെത്തി പ്രചാരണം നടത്തിയിട്ടും ഇ എം എസ് 7322 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. -1971ൽ പാലക്കാട് ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായിരുന്ന എ കെ ഗോപാലനെ (എ കെ ജി) തോൽപ്പിക്കാനും വീണ്ടും അവിശുദ്ധ കൂട്ടുകെട്ടുണ്ടായി. കോൺഗ്രസും ജനസംഘവും ഒന്നിച്ചുനിന്നു. സ്വതന്ത്രനായി ടി സി ഗോവിന്ദനെ മത്സരത്തിനിറക്കി. എന്നാൽ അന്ന് 52256 വോട്ടിന് എ കെ ജി ജയിച്ചു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ ഡീലുകളോടും ഒരിക്കൽക്കൂടി "നോ'പറയാൻ ഒരുങ്ങുകയാണ് പാലക്കാട്. നാലുവർഷംമുമ്പ് ജയിപ്പിച്ച നാടിനെ ഉപേക്ഷിച്ച് പോയ മുൻ എംഎൽഎയ്‌ക്കും വടകരയുടെ മറവിൽ അണിയറയിൽ "ധാരണ' നടത്തിയവർക്കുമുള്ള മറുപടി ജനവിധിയിലൂടെ നൽകാൻ കാത്തിരിക്കുകയാണ് പാലക്കാട്ടുകാർ.
മൂന്ന് മുഖ്യമന്ത്രിമാർ
1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മൂന്ന് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്‌ത ജില്ലയാണ് പാലക്കാട്. മൂന്ന് പേരും ഇടതുപക്ഷവും. 1967ൽ പട്ടാമ്പിയിൽനിന്ന് ജയിച്ച ഇ എം എസ് നമ്പൂതിരിപ്പാട് ജില്ലയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയായി. 1980ൽ മലമ്പുഴയിൽ നിന്ന് ജയിച്ച ഇ കെ നായനാരായിരുന്നു രണ്ടാമത്തെ മുഖ്യമന്ത്രി. 2006ൽ അതേ മലമ്പുഴയുടെ പ്രതിനിധിയായെത്തിയ വി എസ് അച്യുതാനന്ദൻ മൂന്നാമത്തെ മുഖ്യമന്ത്രിയുമായി. മൂന്ന് പേരും ജില്ലയിൽ നിന്ന് ജയിച്ച് പ്രതിപക്ഷ നേതാവുമായിട്ടുണ്ട്.
ഇടതോരം
ഇടതുപക്ഷ –- മതനിരപേക്ഷ മനസ്സാണ് പാലക്കാടിന്. പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് പാലക്കാട് നിയോജക മണ്ഡലം. കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, കച്ചവടക്കാർ, സർക്കാർ ഉദ്യോസ്ഥർ തുടങ്ങിയവർ തിങ്ങിപ്പാർക്കുന്നയിടം. പാലക്കാട് നിയോജകമണ്ഡലത്തിൽ ഇതുവരെ 17 തെരഞ്ഞെടുപ്പുകൾ നടന്നു. അഞ്ചുതവണ എൽഡിഎഫും ഏഴുതവണ യുഡിഎഫും ജയിച്ചു. അഞ്ചുതവണ സ്വതന്ത്രരും. സിപിഐ എമ്മിന്റെ എം വി വാസു 1965ലും ആർ കൃഷ്‌ണൻ 1967ലും 1970ലും പാലക്കാട്ടുനിന്ന് നിയമസഭയിലെത്തി.1977 വരെ ആർ കൃഷ്‌ണനായിരുന്നു എംഎൽഎ. 1996ൽ സിപിഐ എമ്മിലെ ടി കെ നൗഷാദും 2006ൽ കെ കെ ദിവാകരനും മണ്ഡലത്തിൽ നിന്ന് ജയിച്ചു. മൂന്നു തവണ സ്വതന്ത്രനായും ഒരു തവണ യുഡിഎഫ് പ്രതിനിധിയായും സി എം സുന്ദരം വിജയിച്ചിട്ടുണ്ട്.
ധീരസ്‌മരണ
ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ കേരളം കണ്ട ശക്തമായ സമരങ്ങളിൽ ഒന്നായിരുന്നു 1969 ഡിസംബർ ഒന്നിന് പാലക്കാട് കോട്ടമൈതാനത്ത് നടന്നത്. 1967ൽ- അധികാരത്തിൽവന്ന- ഐക്യമുന്നണിയി-ലെ- ചില പാർടിക-ളെ- അടർത്തിയെടുത്ത് സർക്കാരിനെ- അട്ടിമറിച്ച് സപ്‌തകക്ഷി സർക്കാർ വന്നു. എന്നാൽ ആ കുറുമുന്നണിയ്ക്ക് നി-യമസഭയിൽ ഭൂ-രി-പക്ഷമുണ്ടാ-യിരുന്നില്ല. നിയമസഭയിൽ ഭൂരിപക്ഷം -തെളിയിക്കണ-മെ-ന്ന്- ആ-വ-ശ്യ-പ്പെ-ട്ട് 1969 ഡിസംബർ ഒന്നിന്- സംസ്ഥാന വ്യാപകമാ-യി- സിപിഐ എം കലക്ടറേ-റ്റു-കൾ ഉപരോ-ധിച്ചു.- അന്ന് പാലക്കാട് കലക്ടറേറ്റ്- പ്രവർത്തിച്ചിരു-ന്ന-ത് കോട്ട-യ്ക്കുള്ളിലായിരുന്നു. കോട്ടയ്ക്കകത്തെ- സർക്കാർ- ഓഫീസുകൾ സ്തംഭിപ്പിച്ച് പതിനായിരങ്ങൾ ഉപരോധം-- തു-ടങ്ങി. വൈകിട്ട് ഉപരോധം അ-വസാനിപ്പിക്കാൻ അഞ്ചുമിനിറ്റ് ബാക്കിയിരിക്കെ - മുന്നറിയിപ്പില്ലാ-തെ- പൊലീസ് വെടിവച്ചു. കൊടുവായൂർ കണ്ണങ്കോട് സുകുമാരൻ, കണ്ണാടി പാണ്ടിയോട് രാജൻ, കൊടുമ്പ് ഓലശേരി മാണിക്യൻ, പല്ലശ്ശന താമരപ്പാടം ചെല്ലൻ എന്നീ- നാല് സിപിഐ എം പ്രവർത്തകർ കോ-ട്ടയ്‌ക്കുമു-ന്നിൽ പിടഞ്ഞുവീണു.
അഞ്ചുവിളക്കും ആത്മാഭിമാനവും
പാലക്കാടിന്റെ ആത്മാഭിമാനത്തിന്റെ സ്മാരകമാണ് അഞ്ചുവിളക്ക്. സംയുക്ത മദ്രാസ് സംസ്ഥാനത്തെ ആദ്യത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പുലിക്കാട് രത്നവേലു ചെട്ടിയാർ. ബ്രിട്ടിഷുകാരനായ മലബാർ കലക്ടർ പാലക്കാട് എത്തിയപ്പോൾ വെള്ളക്കാരായ ഉദ്യോഗസ്ഥർ നിറഞ്ഞിരിക്കുന്ന വേദിയിൽ രത്നവേലു ചെട്ടിയാർ ഹസ്തദാനം നൽകി. ഇതിൽ രോഷാകുലനായ കലക്ടർ പരസ്യമായി കൈ കഴുകി. അപമാനിതനായതിൽ മനംനൊന്ത ചെട്ടിയാർ ജീവനൊടുക്കി. ഇതിൽ പ്രതിഷേധിച്ച നാട്ടുകാർ ചെട്ടിയാർ മരിച്ച് ഒരുവർഷം പൂർത്തിയായപ്പോൾ ഒരുസ്‌മാരകം പണികഴിപ്പിച്ചു. മണ്ണെണ്ണവിളക്കിൽ രാത്രി ജ്വലിക്കുന്ന ദീപസ്‌തംഭം. ആ സ്‌മാരകം ബ്രിട്ടിഷുകാർ തകർത്തു. ഇതറിഞ്ഞ ജനങ്ങൾ പ്രതിഷേധം കനപ്പിച്ചതോടെ മദ്രാസ് ഗവർണർ ജോർജ് സ്റ്റാൻലി ഗ്രേറ്റ് അഞ്ചുതലയുള്ള വിളക്ക് സ്ഥാപിച്ചു. ഇന്ന് നഗരത്തിലെ പ്രതിഷേധങ്ങളെല്ലാം അവസാനിക്കുന്നത് അഞ്ചുവിളക്കിനുമുന്നിലാണ്.
ചരിത്രമുറങ്ങുന്ന തെരുവുകൾ
നാൽപ്പതിലധികം തെരുവുകളാണ് നഗരത്തിൽ മാത്രമുള്ളത്. തുന്നലുകാർ തിങ്ങിപ്പാർത്തിരുന്ന തുന്നൽതെരുവ്, അരിവ്യാപാരികളുടെ കേന്ദ്രമായിരുന്നു അരീക്കര തെരുവ്, ടിപ്പുവിന്റെ പീരങ്കിപ്പട കേന്ദ്രീകരിച്ചിരുന്ന പീരങ്കിതെരുവ്, പട്ടാളത്തെരുവ്, പൂക്കച്ചവടത്തിന്റെ കേന്ദ്രമായ പൂക്കാര തെരുവ് (പിന്നീടിത് മേട്ടുപ്പാളയം സ്‌ട്രീറ്റായി മാറി), എണ്ണ വിൽപ്പനക്കാരുടെ കേന്ദ്രമായിരുന്ന എണ്ണക്കൊട്ടിൽ സ്‌ട്രീറ്റ്, ഗോഡൗൺ തെരുവായ വലിയങ്ങാടി, എരുമകളുടെ കച്ചവടം നടന്നിരുന്ന എരുമക്കര തെരുവ്, പൊരിക്കാര തെരുവ്, നെയ്‌ക്കാര തെരുവ്, കോഴിക്കാര തെരുവ്, മേളക്കാര തെരുവ്, എഴുത്തുകാര തെരുവ്... എന്നിങ്ങനെ നീളുന്നു പേരുകൾ.
തലയുയർത്തി വിക്ടോറിയ
ഇ എം എസ്, എം ടി വാസുദേവൻ നായർ, ഒ വി വിജയൻ, ടി എൻ ശേഷൻ, ഒ രാജഗോപാൽ, ഇ ശ്രീധരൻ ഉൾപ്പെടെ ഗവ. വിക്ടോറിയ കോളേജിലെ പൂർവവിദ്യാർഥികളുടെ നിര നീണ്ടതാണ്. 1886ൽ വിദ്യാലയമായി തുടങ്ങിയ വിക്‌ടോറിയ 125 വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ കോളേജുകളിൽ ഒന്നാണ്. നാക്കിൽ "എ' ഗ്രേഡും എൻഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്ത് 82–-ാം സ്ഥാനവുമാണ്. കോളേജിന്റെ അക്കാദമിക് സൗകര്യങ്ങളുയർത്താനായി എൽഡിഎഫ് സർക്കാരുകൾ മികച്ച രീതിയിലുള്ള പിന്തുണയാണ് നൽകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15.79 കോടി രൂപ ചെലവഴിച്ച് കോളേജിൽ പുതിയ രണ്ട് അക്കാദമിക ബ്ലോക്കുകൾ നിർമിച്ചു. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് എല്ലാവരും വിശേഷിപ്പിച്ച വിക്ടോറിയ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മിന്നും വിജയമാണ് എസ്‌എഫ്‌ഐ നേടിയത്. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സണെയാണ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ അഗ്‌നി ആഷിഖ് യൂണിയൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. മാറ്റത്തിന് പാലക്കാട് തയ്യാറെടുത്തുകഴിഞ്ഞുവെന്ന വിദ്യാർഥികളുടെ വിളംബരമായിരുന്നു വിക്‌ടോറിയ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ഫലം. മേഴ്‌സി കോളേജ്, പിഎംജി എച്ച്‌എസ്‌എസ്, മോയൻ ഗേൾസ് എച്ച്‌എസ്‌എസ്, മിഷൻ സ്‌കൂൾ തുടങ്ങി നിരവധി മികവിന്റെ കേന്ദ്രങ്ങളാണ് മണ്ഡലത്തിലുള്ളത്.
സമ്പന്നം, സാംസ്‌കാരിക പൈതൃകം
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, എം ഡി രാമനാഥൻ, പാലക്കാട് പരമേശ്വര ഭാഗവതർ, മുണ്ടായ രാമഭാഗവതർ, കെ വി നാരായണസ്വാമി, പാലക്കാട് മണി അയ്യർ, സി എസ് കൃഷ്ണയ്യർ തുടങ്ങി നിരവധി സംഗീത പ്രതിഭകൾക്ക് ജന്മം നൽകിയ മണ്ണാണ് പാലക്കാട്. കല പ്രദർശിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ ജനകീയ വേദികളുണ്ടിവിടെ. 100 വർഷം മുമ്പ് 1924ൽ ആരംഭിച്ച കൽപ്പാത്തി ത്യാഗരാജോത്സവം, പുത്തൂർ തിരുപുരായ്ക്കൽ നൃത്ത സംഗീതോത്സവം, മണപ്പുള്ളിക്കാവ്, വടക്കന്തറ, യാക്കര തുടങ്ങിയ അമ്പലങ്ങളിലെ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന സംഗീത –- നൃത്ത പരിപാടികൾ, സ്വരലയയുടെ നൃത്ത സംഗീതോത്സവം, സ്വാമി സംഗീത സഭ തുടങ്ങിയവയെല്ലാം ആയിരങ്ങളുടെ സാന്നിധ്യത്തിലാണ് സംഘടിപ്പിക്കുന്നത്. തൃപ്‌തി ആർട്‌സ്, ടാപ്പ, തമ്പ്, നവരംഗ്, തെരുവ് നാടകസംഘങ്ങൾ, ക്യാമ്പസ് തിയറ്റർ സംഘങ്ങൾ, പുത്തൂർ, മാട്ടുമന്ത, വലിയപാടം എന്നിവടങ്ങളിലെ നാടകസംഘങ്ങളും നാടകവേദിക്ക് വലിയ സംഭാവന നൽകിയവരാണ്. കണ്ണ്യാർക്കളി, പൊറാട്ടുനാടകം, കുമ്മാട്ടിക്കളി, പൂതൻചിറ തുടങ്ങിയവയും പാലക്കാടിന്റെ ബഹുസ്വരതയുടെ മുഖങ്ങളാണ്. എന്നാൽ ഒരുകാലത്ത് ജില്ലയിൽ പതിവായി നാടകങ്ങളും സാംസ്‌കാരിക പരിപാടികളും നടന്നിരുന്ന ടൗൺഹാൾ ഇന്ന് അസ്ഥികൂടം മാത്രമായ സ്‌മാരകമാണ്. മുൻ എംഎൽഎയുടെ അനാസ്ഥയാണ് ടൗൺഹാളിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം. പാലക്കാടിന്റെ സാംസ്കാരിക മുഖം കൂടുതൽ പ്രശോഭമാക്കാൻ എൽഡിഎഫ് സർക്കാർ 68 കോടി രൂപ ചെലവിൽ വി ടി ഭട്ടതിരിപ്പാട് സ്‌മാരകത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
ആരവങ്ങൾ ഉയരുമോ
ഗ്യാലറിയിലിരുന്ന് ആർപ്പുവിളിക്കുന്ന കാണികൾ, ഫുട്‌ബോളിന് പിന്നിൽ ആവേശത്തോടെ കുതിക്കുന്ന താരങ്ങൾ. ഒരുകാലത്ത് പാലക്കാട് മുനിസിപ്പൽ സ്‌റ്റേഡിയം ഇങ്ങനെയായിരുന്നു. 1988-ൽ ദേശീയ ജൂനിയർ ഫുട്ബോൾ മത്സരത്തോടെയാണ് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്‌റ്റേഡിയം ശ്രദ്ധയാകർഷിച്ചത്. 1991-ൽ അണ്ടർ–-23 ഫുട്‌ബോൾ മത്സരത്തിനും രണ്ടുതവണ അന്തർജില്ലാ ഫുട്ബോൾ മത്സരത്തിനും വേദിയായി. സംസ്ഥാന കായികമത്സരത്തിനും ഒരുതവണ വേദിയായി. എന്നാൽ നഗരസഭയ്‌ക്ക് കൈമാറിയതോടെ തകർച്ച തുടങ്ങി. ഇപ്പോൾ സർക്കസും പരിപാടികളും നടത്താനാണ് സ്‌റ്റേഡിയം ഉപയോഗിക്കുന്നത്. സ്‌റ്റേഡിയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്താൻ രണ്ടാം പിണറായി സർക്കാർ 40 കോടിയാണ് അനുവദിച്ചത്. എന്നാൽ ക്രഡിറ്റ് സംസ്ഥാനസർക്കാരിന് പോവുമോയെന്ന് പേടിച്ച് ബിജെപി ഭരിക്കുന്ന നഗരസഭ പദ്ധതി ഇല്ലാതാക്കുകയാണ്.
നാടിന്റെ മെഡിക്കൽ കോളേജ്
2014 സെപ്‌തംബർ 20ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് പാലക്കാട് മെഡിക്കൽ കോളേജ് ഉദ്‌ഘാടനം ചെയ്‌തത്. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഉദ്‌ഘാടനമെങ്കിലും മെഡിക്കൽ കോളേജിന് ഒരു അടിസ്ഥാന സൗകര്യവും ഒരുക്കിയില്ല. ഇരുന്നൂറോളം പേരെ പിൻവാതിലിലൂടെ നിയമിച്ചു. മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതിനാൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി. ഇതോടെ വിദ്യാർഥികളുടെ പഠനം പാതിവഴിയിലായി. വിദ്യാർഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റണമെന്ന ഉത്തരവ് വന്ന സമയത്താണ് 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്നത്. സ്ഥാപനം നിലനിർത്താൻ എല്ലാ സൗകര്യവും ഒരുക്കാമെന്ന ഉറപ്പിൽ വീണ്ടും അംഗീകാരം നേടി. 340 കോടി ചെലവിട്ട് പ്രധാന കെട്ടിടം നിർമിച്ചു. ഇതുവരെ അഞ്ചു ബാച്ചുകളാണ് ഇവിടെനിന്ന് പഠനം പൂർത്തിയാക്കിയത്. കൂടാതെ ഓപ്പറേഷൻ തിയറ്റർ, കിടത്തി ചികിത്സ തുടങ്ങി എല്ലാ സൗകര്യങ്ങളുമൊരുക്കി.
വ്യവസായ ആസ്ഥാനമാകും
കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കഞ്ചിക്കോട് സ്‌മാർട്ട് സിറ്റി ഉയരുന്നതോടെ കേരളത്തിന്റെ വ്യവസായ ആസ്ഥാനമായി പാലക്കാട് മാറും. 3815 കോടിയുടെ പദ്ധതിയാണിത്. കാർഷികമേഖലയ്ക്ക് ഉൾപ്പെടെ വലിയ കുതിപ്പുണ്ടാകും. ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങളുണ്ടാകും. പദ്ധതിക്ക് ആവശ്യമുള്ള ഭൂമിയുടെ 80 ശതമാനവും ഏറ്റെടുത്തു. തുടർപ്രവർത്തനങ്ങളും പൂർത്തിയാക്കി. ചരിത്രത്തിലാദ്യമായാണ് പദ്ധതി യാഥാർഥ്യമാക്കാനുള്ള ഡിപിആർ ഉൾപ്പെടെയുള്ളവ സമർപ്പിച്ച് സംസ്ഥാന സർക്കാർ അംഗീകാരം വാങ്ങിയത്. ഫാർമസ്യൂട്ടിക്കൽ നിർമാണമേഖലയ്‌ക്കാണ് സ്‌മാർട്ട് സിറ്റിയിൽ പ്രാമുഖ്യം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..