ലോകത്ത് സമുദ്രങ്ങളിൽ പ്ലാസ്റ്റിക് അടിഞ്ഞു കിടക്കുന്ന അഞ്ച് മേഖലയാണുള്ളത്. അതിൽ ഏറ്റവും വലുതാണ് ‘ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്'. 16 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വലിപ്പം. അതായത് ഫ്രാൻസിന്റെ മൂന്നുമടങ്ങ് വിസ്തീർണം. കാലിഫോർണിയ- ഹവായി തീരങ്ങളുടെ മധ്യത്തിലാണ് ഈ ഭീമൻ പ്ലാസ്‌റ്റിക് മാലിന്യക്കൂമ്പാരം കാണപ്പെടുന്നത്. ഇവിടെനിന്നാണ് പ്ലാസ്റ്റിക് നശിപ്പിക്കാൻ കഴിവുള്ള പ്രത്യേകതരം ഫംഗസുകളെ കണ്ടെത്തിയത്.
പാരൻജ്യോഡോന്റിയം ആൽബം
നെതർലൻഡ്‌സിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീ റിസർച്ചും വിവിധ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ പഠനത്തിൽ പാരൻജ്യോഡോന്റിയം ആൽബം (Parengyodontium album) ഫംഗസിന് പ്ലാസ്‌റ്റിക് നശിപ്പിക്കുന്നതിന് ശേഷിയുണ്ടെന്ന് കണ്ടെത്തി. സമീപകാലത്ത് പ്രസിദ്ധീകരിച്ച ഈ പഠനം ശാസ്‌ത്രലോകം ചർച്ച ചെയ്യുകയാണ്.
എൻജിയോഡോന്റിയം ആൽബം എന്ന പേരിലും അറിയപ്പെടുന്ന ഇവയെ ഈർപ്പം നിറഞ്ഞ മാലിന്യങ്ങളിലും പഴകിയ ഭിത്തികളിലും പേപ്പറിലും ചണങ്ങളിലുമൊക്കെയാണ് സാധാരണയായി കാണാറുള്ളത്. വെളുത്ത നിറത്തിലാണ് ഇവയുടെ കോളനികൾ കാണപ്പെടുക. വായുവിൽക്കൂടി സ്പോറുകൾ പടർത്തി പ്രത്യുൽപ്പാദനം നടത്തുന്ന ഇവയ്ക്ക് മിനുസമാർന്നതും വൃത്താകൃതിയിലുമുള്ള ബീജങ്ങളുണ്ട്. ശിഖരംപോലുള്ള ഫംഗസിന്റെ ഘടനയിൽ (Hyphae) ‘കൊണിഡിയോജീനസ്’ എന്ന കോശങ്ങളെ വഹിക്കുന്നതായി കാണാം. സ്പോറുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം കോശങ്ങളാണിത്. മനുഷ്യനിർമിത ചുറ്റുപാടുകളിൽ തഴച്ചു വളരാൻ കഴിവുള്ള ഈ പൂപ്പലുകൾ ദുർബലമായ പ്രതിരോധശേഷിയുള്ള വ്യക്തിയുടെ ശരീരത്തിൽ എത്തിയാൽ ഗുരുതര രോഗാവസ്ഥയ്‌ക്ക് കാരണമാകും.
പ്ലാസ്റ്റിക് നശിപ്പിക്കുന്ന രീതി
സമുദ്രത്തിൽ അടിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഏറ്റവും അധികം പോളിയെത്തലീൻ ഗണത്തിൽപ്പെടുന്നവയാണ്. പോളിയെത്തിലീൻ പ്ലാസ്റ്റിക്കുകളെ വിഘടിപ്പിച്ച് കാർബൺ ഡയോക്സൈഡ് ആക്കി മാറ്റിയാണ് ഈ ഫംഗസുകൾ പ്ലാസ്റ്റിക്കിനെ നശിപ്പിക്കുന്നത്. ലബോറട്ടറിയിൽ നടത്തിയ പരീക്ഷണത്തിൽ പാരൻജ്യോഡോന്റിയം ആൽബം ഫംഗസിനൊപ്പം പോളിൻയെത്തിലീൻ പ്ലാസ്റ്റിക്കും കാർബൺ-13 എന്ന ഐസോടോപ്പും ചേർത്ത് ഒമ്പതു ദിവസം ഇൻകുബേറ്റ് ചെയ്തു. ഒരേ എണ്ണം പ്രോട്ടോണുകളും ഇലക്ട്രോണുകളും എന്നാൽ വ്യത്യസ്ത എണ്ണം ന്യൂട്രോണുകളുമുള്ള രാസമൂലകങ്ങളെയാണ് ഐസോടോപ്പുകൾ എന്ന് വിളിക്കുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ പ്രതിദിനം 0.05 ശതമാനം പോളിയെത്തിലീനെ ഫംഗസുകൾ വിഘടിച്ച് കാർബൺ ഡയോക്സൈഡ് ആക്കി മാറ്റിയതായി കണ്ടെത്തി. അൾട്രാവയലറ്റ് വികിരണത്തിനു വിധേയമായ പോളിയെത്തിലീനെയാണ് ഫംഗസ് അധികവും നശിപ്പിച്ചതെന്നും മനസ്സിലാക്കി. അതിനാൽ സമുദ്ര ഉപരിതലത്തിൽ അടിയുന്ന പ്ലാസ്റ്റിക്കുകളെ ഫലപ്രദമായി നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
ശ്വസനസമയത്ത് മനുഷ്യൻ പുറന്തള്ളുന്ന അളവിന് തുല്യമായ കാർബൺ ഡയോക്‌സൈഡാണ് ഫംഗസുകളും പ്ലാസ്റ്റിക് നശിപ്പിക്കുമ്പോൾ പുറന്തള്ളുന്നത്. അതുകൊണ്ടുതന്നെ പാരിസ്ഥിതിക ആഘാതവും വളരെ കുറവാണ്. വളരെക്കുറച്ച് ഫംഗസുകളിൽ മാത്രമേ ഇത്തരം കഴിവ് കണ്ടെത്തിയിട്ടുള്ളൂ. ആസ്പാർജിലസ് റ്റുബെൻജെൻസിസ് (Aspergillus tubingensis), ആസ്പർജില്ലസ് ടെറിയസ് (Aspergillus terreus), പെസ്റ്റല്ലോറ്റിയൊപ്സിസ് (Pestalotiopsis) ഇവയാണ് മറ്റു പ്ലാസ്റ്റിക് തീനി ഫംഗസുകൾ. പെസ്റ്റല്ലോറ്റിയൊപ്സിസ് എന്ന ഫംഗസിനെ 2011-ൽ ആമസോൺ വനത്തിൽനിന്ന് കണ്ടെത്തിയതാണ്. ഓക്സിജൻ ലഭ്യമായതും അല്ലാത്തതുമായ സാഹചര്യങ്ങളിൽ വളരാൻ ഇവയ്ക്ക് ശേഷിയുണ്ട്. അതിനാൽ ആഴക്കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.
ആഗോള പ്ലാസ്റ്റിക് ഉൽപ്പാദനവും ഉപയോഗവും സമീപവർഷങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും ഒമ്പതു ശതമാനം പ്ലാസ്റ്റിക് വസ്തുക്കൾ മാത്രമേ പുനരുപയോഗം ചെയ്യപ്പെടുന്നുള്ളൂ. അതുകൊണ്ട് പ്രകൃതി സൗഹാർദപരമായ ഇത്തരം മാർഗങ്ങൾ പ്ലാസ്റ്റിക് മലിനീകരണത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..