കേരള സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഇടപെടലുകളാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്. മറ്റുപലയിടങ്ങളിലേയും നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ണ്ണ ജനവിഭാഗത്തില്‍നിന്ന് അത് രൂപപ്പെട്ട് മറ്റ് വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായത്. മനുഷ്യരെല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാട് പൊതുവില്‍ മുന്നോട്ടുവയ്ക്കുക, അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സമൂഹ്യ ഘടകങ്ങളെ തട്ടിമാറ്റുക എന്നതായിരുന്നു ഇതിന്റെ സവിശേഷത. ഫ്യൂഡല്‍ ഉല്‍പ്പാദന ബന്ധങ്ങളില്‍നിന്ന് ആധുനിക ലോകത്തേക്കുള്ള പാതതുറക്കാനുള്ള സാംസ്കാരിക മുന്നേറ്റമായി പൊതുവില്‍ ഇത് മാറുകയായിരുന്നു.
കേരളത്തിലുണ്ടായ ഈ നവോത്ഥാന മുന്നേറ്റത്തില്‍ സവിശേഷമായ സ്ഥാനമാണ് അയ്യൻകാളിക്കുണ്ടായിരുന്നത്. അക്കാലത്തെ തിരുവിതാംകൂറിലും അടിമ സമാനമായ ജീവിതമാണ് ദളിത് ജനവിഭാഗങ്ങള്‍ക്കുണ്ടായിരുന്നത്. ഈ അനീതിക്കെതിരായുള്ള പോരാട്ടത്തില്‍ നിന്നാണ് അയ്യൻകാളി ഉയര്‍ന്നുവന്നത്. അദ്ദേഹത്തിന് കേവലം 22 വയസ്സ് പ്രായമുള്ളപ്പോഴാണ് അയിത്തജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് പൊതുവഴികളില്‍ പ്രവേശനമില്ലാതിരുന്ന കാലത്ത് 1895 ല്‍ ദളിത് യുവാക്കളെ സംഘടിപ്പിച്ച് പൊതു വഴിയിലൂടെ നടന്നുകൊണ്ട് ഒരു പ്രതിരോധ പ്രസ്ഥാനം രൂപപ്പെടുത്തിയത്.
സവര്‍ണ്ണ വിഭാഗങ്ങള്‍ അക്കാലത്ത് ആഡംഭരത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന വില്ലുവണ്ടിയെ അദ്ദേഹം അവകാശപോരാട്ടത്തിന്റെ അടയാളമാക്കി മാറ്റി. സ്വന്തമായി സജ്ജീകരിച്ച വില്ലുവണ്ടിയിലേറി വെങ്ങാനൂരിലെ തെരുവിലൂടെ അയ്യൻകാളി നടത്തിയ സഞ്ചാരം അധഃസ്ഥിതരുടെ മുന്നേറ്റത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളില്‍ ഒന്നാണ്.
പി എസ് ജലജയുടെ പെയിന്റിംഗ്
അയ്യൻകാളി നയിച്ച ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെ ഫലമായി ദളിതർക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് 1890þല്‍ പ്രഖ്യാപനം വന്നു. തുടര്‍ന്ന് സ്കൂള്‍ വിദ്യാഭ്യാസത്തിനും മാറ് മറയ്ക്കരുതെന്ന നീതിക്കും അടിയായ്മയുടെ ചിഹ്നമായ കല്ലുമാല ധരിക്കണമെന്ന കീഴ്വഴക്കത്തിനുമെല്ലാമെതിരെയുള്ള സമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഇതിനായി 1905 ല്‍ സാധുജന പരിപാലന സംഘത്തിന് രൂപം നല്‍കി. അടിച്ചമര്‍ത്തപ്പെടുന്ന ജാതി വിഭാഗങ്ങള്‍ക്ക് സാധുജനം എന്ന് പേര് നല്‍കിയതിലൂടെ തൊഴിലെടുക്കുന്നവരുടെ ഐക്യമെന്ന കാഴ്ചപ്പാടിന്റെ പ്രഖ്യാപനവും രൂപവും കൂടിയായി അത് മാറി.
നിയമങ്ങള്‍ മനുസ്മൃതിയുടെ നീതിക്കനുസരിച്ചാണ് നടക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവയ്ക്കെതിരായി പ്രതിരോധം ഉയര്‍ത്തി. ശ്രീമൂലം പ്രജാസഭയിലെ അംഗമെന്ന നിലയില്‍ അടിച്ചമര്‍ത്തപ്പെടുന്ന ജാതിവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം പോരടിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളില്‍ രൂപപ്പെട്ടുവന്ന കലയേയും പാരമ്പര്യങ്ങളേയും മുന്നോട്ടു കൊണ്ടുപോകുന്നതിന് അയ്യൻകാളിപ്പട എന്ന പേരില്‍ കലാകാരന്മാരുടെ ഒരു സംഘം രൂപീകരിച്ചു.
‘സാധുജനപരിപാലിനി’ എന്ന പേരിൽ ഒരു പ്രസിദ്ധീകരണ സംഘത്തിന് തന്നെ അയ്യൻകാളി നേതൃത്വം നല്‍കി. ഇന്ത്യയിലെ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്നവരുടെ ആദ്യമുഖ പത്രമെന്നും ഇതിനെ വിശേഷിപ്പിക്കാം. അയിത്തത്തിനെതിരായി നിലപാടെടുത്ത എല്ലാ വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരെയും യോജിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ കൂടിയായിരുന്നു അത്. അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം പൊതുസമൂഹത്തിന്റെ ആവശ്യമാണ് എന്ന കാഴ്ചപ്പാടുകൂടിയായിരുന്നു ഇതിന്റെ പിന്നില്‍.
1907ല്‍ അയിത്ത ജാതിക്കാര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെങ്കിലും അത് നടപ്പിലാക്കപ്പെടുകയുണ്ടായില്ല. ഇതിനെതിരേയും സുശക്തമായ സമരം അയ്യൻകാളി നടത്തി. മണ്ണില്‍ പണിയെടുക്കുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ കൃഷിയിടങ്ങളിലെല്ലാം ‘മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. കര്‍ഷകത്തൊഴിലാളികള്‍ ഇതിന്റെ ഭാഗമായി പണിമുടക്കിലേക്ക് നീങ്ങി
. ഇത് കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സമരചരിത്രത്തിലെ സുപ്രധാനമായ അധ്യായമായിരുന്നു; ആദ്യത്തേതും ‘‘അധ്വാനത്തിന് ന്യായമായ കൂലി, ആഴ്ചയില്‍ ഒരുദിവസം വിശ്രമം” എന്ന മറ്റൊരു സുപ്രധാന മുദ്രാവാക്യം കൂടി ഇതില്‍ മുന്നോട്ട് വെക്കപ്പെട്ടു. ഒടുവില്‍ അതും ഫലപ്രാപ്തിയില്‍ എത്തി. തൊഴിലാളി സംഘടനകളെക്കുറിച്ചുള്ള അവബോധം ഇല്ലാതിരുന്ന കാലത്ത് ജാതീയമായ വിമോചനത്തിന് സാമ്പത്തികമേഖലയിലെ സമരം നിര്‍ണായകമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നടത്തിയ അയ്യൻകാളിയുടെ ഈ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.
സാമൂഹ്യനീതിയും വര്‍ഗപരമായ അടിച്ചമര്‍ത്തലിന്റെ പ്രശ്നങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഈ നിലപാട് പിന്നീട് മുന്നോട്ടുകൊണ്ട്പോയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതിനാലാണ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരം നടത്തുമ്പോള്‍ തന്നെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ പോരാട്ടത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകള്‍ കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ചത്.
കേരളത്തില്‍ അക്കാലത്ത് ഉയര്‍ന്നുവന്ന നവോത്ഥാന മുന്നേറ്റങ്ങളെയെല്ലാം പിന്തുണച്ചുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തിച്ചു. അതോടൊപ്പം തന്നെ ഇത്തരം സമരങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നല്‍കുന്ന നിലയുമുണ്ടായി. ഇതില്‍ എടുത്തുപറയേണ്ടതാണ് പാലിയം സമരം. ആ സമരത്തിലാണ് ജി. വേലായുധന്‍ രക്തസാക്ഷിത്വം വരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടമ്പൂരില്‍ നടന്ന സമരവും ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. നവോത്ഥാനപരമായ ഇത്തരം കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ള സമരങ്ങള്‍ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിക്കൊണ്ട് നടത്തുന്നതിന് കമ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചു.
ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ തൊഴിലാളികളുടെ കൂലിക്കൂടുതലിന് വേണ്ടിയുള്ള സമരവും കമ്യൂണിസ്റ്റ് പാർട്ടി നടത്തി. അടിസ്ഥാനജനവിഭാഗത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ഈ നിലപാട് മറ്റെല്ലാ മേഖലകളിലും വികസിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്ക് വഹിച്ചു.
ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തില്‍ ‘രണ്ടിടങ്ങഴി’ പോലുള്ള നോവലുകള്‍ ഉണ്ടാകുന്നത്; ‘ചാത്തന്‍ പുലയനെപ്പോലുള്ളവരെ നായകരാക്കി അവതരിപ്പിച്ചുകൊണ്ട് നിലവിലുള്ള സൗന്ദര്യസങ്കല്‍പനങ്ങളെ ആധുനികമായി പുതുക്കിപ്പണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കാനായി. ഇത്തരത്തില്‍ ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടം നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ കമ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുത്തു.
ജന്മിത്വത്തിന്റെ സാംസ്കാരിക രൂപങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം തന്നെ അതിന് അടിസ്ഥാനമായി നില്‍ക്കുന്ന സാമ്പത്തിക രംഗത്തെ അഴിച്ചുപണിയുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും പാർട്ടി മുഴുകി. ജന്മിത്വ വിരുദ്ധ സമരങ്ങളുടെ പരമ്പര തന്നെ രൂപപ്പെടുത്തുന്നതിന് പാർട്ടി നേതൃത്വപരമായ പങ്ക് വഹിച്ചു. ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ആവശ്യങ്ങളെ ഏറ്റെടുത്തുകൊണ്ട് പാർട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വമ്പിച്ച ജനപിന്തുണ ആര്‍ജ്ജിക്കുന്നതിന് ഇടയാക്കി. ഇതിന്റെ അടിത്തറയില്‍ 1957 ല്‍ നടന്ന കേരളത്തിലെ ഒന്നാമത്തെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാരത്തില്‍ വരാവുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഭരണത്തില്‍ ലഭിച്ച ഈ സാധ്യതയെ ഉപയോഗപ്പെടുത്തി ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതിനുള്ള നിയമപരമായ ഇടപെടലും ഇതോടൊപ്പം മുന്നോട്ടുവച്ചു.
1957 ലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഭൂപരിഷ്കരണവും വിദ്യാഭ്യാസബില്ലും അധികാരവികേന്ദ്രീകരണ പരിശ്രമങ്ങളും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള ഇടപെടലും എല്ലാം കേരളത്തെ ജനാധിപത്യപരമായി പുനഃക്രമീകരിക്കുന്നതിനുള്ള ശ്രദ്ധേയമായ ഇടപെടലുകളായിരുന്നു. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളെ പ്രതിരോധിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ വലതുപക്ഷ ശക്തികള്‍ സജീവമാക്കി.
ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ക്കുന്നതിനും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ വലതുപക്ഷ വല്‍ക്കരിക്കുന്നതിനും ഒക്കെ നടത്തിയ പരിശ്രമങ്ങള്‍ ഇതിന്റെ ഫലമായിരുന്നു. 1957 ല്‍ മിച്ചഭൂമിയായി കണ്ടിരുന്ന ഭൂമിയുടെ 15 ശതമാനത്തോളം മാത്രം പിന്നീട് വിതരണം ചെയ്താൻ ഇടയാക്കിയത് ഈ വലതുപക്ഷ ഇടപെടലിന്റെ ഫലമായിട്ടായിരുന്നു.
കര്‍ഷകത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അയ്യൻകാളി നടത്തിയ പോരാട്ടത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിനും സാധ്യമായി. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ വേതനം കിട്ടുന്നതിനും കിടപ്പാടം ലഭിക്കുന്നതിനും വേണ്ടി നടത്തിയ സമരങ്ങള്‍ കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളാണ്. 1970 ല്‍ ഭൂമിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങള്‍ അതിനകം നിര്‍മിക്കപ്പെട്ട നിയമത്തെ പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിന് ഇടയാക്കി.
60 വയസ്സായ കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിക്കുന്ന തീരുമാനം 1980 ല്‍ എൽഡിഎഫ് സര്‍ക്കാരാണ് നടപ്പിലാക്കിയത്. മിച്ചഭൂമി കണ്ടെത്തി ദളിത് ജനവിഭാഗങ്ങള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യുന്നതിനുള്ള പലതരത്തിലുള്ള സമരങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നടപ്പിലാക്കി. ഇങ്ങനെ നവോത്ഥാന ആശയങ്ങളെയും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലാണ് ഇത്തരം സ്ഥിതിവിശേഷം ഉണ്ടാക്കിയത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ കേരളത്തിലെ ദളിതരുടെ ജീവിതം ഏറെ മുന്നാക്കമാണ് എന്ന് കാണാം. നവോത്ഥാന പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഇത്. എന്നാല്‍ കേരളത്തിലെ മറ്റ് വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ ദളിത് ജനവിഭാഗങ്ങളുടെ ജീവിതം ഏറെ പിന്നാക്കമാണ് എന്നു കാണാം. ഇതിന് പ്രധാനപ്പെട്ട കാരണം ചരിത്രപരമായിതന്നെ ഭൂവുടമസ്ഥതയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു ദളിത് വിഭാഗം എന്നതാണ്. ഫ്യൂഡലിസത്തിന്റെയും അതിനു കീഴിലുള്ള ഉല്‍പാദനത്തിന്റേയും ആധിപത്യത്തിന്റേയും ഉപാധിയായി നിലനിന്ന ജാതിഘടനയും കൊടിയ ദുരന്തമാണ് ദളിത് വിഭാഗങ്ങള്‍ക്ക് നല്‍കിയത്.
ഇതിനു പുറമേ ആധുനിക മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങളും വേണ്ടത്ര ദളിത് വിഭാഗങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ഇടത്തരം വര്‍ഗം ദളിത് വിഭാഗങ്ങളില്‍നിന്ന് ഇന്നും ഉയര്‍ന്നുവന്നിട്ടില്ല. സംവരണത്തിന്റെയും മറ്റും പിന്‍ബലത്തില്‍ ചുരുക്കം ചില ഉദ്യോഗസ്ഥ വിഭാഗങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. ദളിത് വിഭാഗത്തിന്റെ പ്രശ്നം സവിശേഷ പ്രാധാന്യത്തോടെ കാണുക എന്നത് നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. അതുകൊണ്ടാണ് സംവരണത്തിന്റെ പ്രശ്നം വരുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളിലുള്ളതുപോലെ ക്രീമിലെയര്‍ വ്യവസ്ഥ ദളിത് വിഭാഗങ്ങള്‍ക്ക് ബാധകമാക്കാന്‍ പറ്റില്ലെന്ന നിലപാട് സിപിഐ എം സ്വീകരിക്കുന്നത്.
ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ ആ വിഭാഗത്തിനിടയില്‍ സ്വത്വബോധം ഉയര്‍ത്തി മുന്നോട്ടുവരുന്ന വിഭാഗങ്ങളും ഉണ്ട്. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട് എന്ന് കാണുമ്പോള്‍ തന്നെ ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങളല്ല ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത് എന്നും കാണേണ്ടതുണ്ട്. പാർട്ടി പരിപാടി ഈ കാര്യം ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്:
‘‘വോട്ട് ബാങ്കുകള്‍ ശക്തിപ്പെടുത്തുകയെന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്.
സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ജാതിയടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താന്‍ നിരവധി ജാതിനേതാക്കളും ബൂര്‍ഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മര്‍ദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവര്‍ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വര്‍ഗപ്രശ്നങ്ങളെയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തെയും അവര്‍ അവഗണിക്കുന്നു.” (പാർട്ടി പരിപാടി 5.11)
ദളിത് ജനവിഭാഗത്തിലെ പ്രശ്നം പരിഹരിക്കുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് ശരിയായ തരത്തിലുള്ള ഭൂപരിഷ്കരണം നടപ്പിലാക്കുക എന്നതാണ്. എന്നാല്‍ ദളിത് ജനവിഭാഗത്തിന്റെ പേരുപറഞ്ഞ് മറ്റു സംസ്ഥാനങ്ങളിൽ അധികാരത്തില്‍ വരുന്ന പാർട്ടികള്‍ പോലും അത്തരം പരിഷ്കാരത്തിന് മുതിരുന്നില്ല എന്നു കാണാനാകും.
ദളിതരുടെ പ്രശ്നങ്ങള്‍ ദളിതര്‍ക്ക് മാത്രമേ മനസിലാകൂ എന്ന നിലയില്‍ സ്വയം സംഘടിക്കലിന്റേയും സ്വത്വബോധത്തിന്റെയും വികാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സ്വത്വവാദികൾ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ട്. ഈ രാഷ്ട്രീയ നിലപാട് ഫലത്തില്‍ ദളിത് ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രൂപപ്പെടേണ്ട വിശാലമായ ബഹുജനഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനും ദളിത് ജനവിഭാഗങ്ങളെ പൊതുപ്രസ്ഥാനങ്ങളില്‍ നിന്നും അകറ്റുന്നതിനും മാത്രമേ ഇടയാക്കൂ. ഇത്തരത്തിലുള്ള ജനങ്ങള്‍ക്കിടയിലെ ശിഥിലീകരണം ഭരണ വര്‍ഗത്തിന് ആവശ്യമാണ്. അതുകൊണ്ട് സ്വത്വരാഷ്ട്രീയത്തെ എല്ലാ നിലയിലും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന സമീപനം വലതുപക്ഷം സ്വീകരിക്കുന്നുണ്ട്.
ദളിത് ജനവിഭാഗങ്ങളുടെ ജീവിതത്തിന് വര്‍ത്തമാനകാലത്ത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നായി ആഗോളവല്‍ക്കരണ നയങ്ങള്‍ മാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലയും സാമൂഹ്യസുരക്ഷാ പദ്ധതികളും തകര്‍ക്കപ്പെടുന്നതിലൂടെ വിദ്യാഭ്യാസത്തിനും തൊഴിലിനും ഉള്ള ദളിത് ജനവിഭാഗങ്ങളുടെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്.
ദളിത് രാഷ്ട്രീയം അധികാരത്തിലെ പങ്കാളിത്തത്തിന്റെ പ്രശ്നം സജീവമായി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്തിനുവേണ്ടിയാണ് അധികാരം എന്നതും അവ ആര്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നതും ഏറെ പ്രധാനമാണ്. ദളിത് രാഷ്ട്രീയത്തിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ ചാതുര്‍വർണ്യത്തിന്റെ വക്താക്കളായ ബി.ജെ.പിയുമായി ചേര്‍ന്നുകൊണ്ട് ദളിത് രാഷ്ട്രീയ പാർട്ടികള്‍ മാറുന്ന അവസ്ഥ ഉയര്‍ന്നുവന്നിട്ടുണ്ട്. അധികാര പങ്കാളിത്തത്തിന്റെ പ്രശ്നം ഇത്തരത്തില്‍ അധഃപതിക്കുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. അധികാരം ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന പ്രശ്നം ഗൗരവമായി കടന്നുവരുന്നുണ്ട്.
ജാതീയമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നവരെ സംബന്ധിച്ചിടത്തോളം ജാതി നിലനില്‍ക്കുക എന്നത് അവരുടെ രാഷ്ട്രീയമായ നിലനില്‍പിന്റെ അടിസ്ഥാനമാണ്. അതിനാല്‍ ജാതി നിർമാർജനത്തിനുള്ള പ്രായോഗിക പദ്ധതികള്‍ നടപ്പിലാക്കാതിരിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ജാതീയമായ വിഭജനം തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിന്റെ മുന്നോട്ട് പോക്കിന് തടസം സൃഷ്ടിക്കുന്നതാണ്. അതിനാല്‍ ജാതി രഹിതമായ സമൂഹം എന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്. അതിനാലാണ് ജാതീയതയെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികള്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വെക്കുന്നതും ജാതി രാഷ്ട്രീയക്കാര്‍ക്ക് അത്തരം പദ്ധതികള്‍ ഇല്ലാതെ പോകുന്നതും.
ദളിത് ജനവിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായ ഇടപെടലുകള്‍ നടക്കേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും ഉള്‍പ്പടെയുള്ള വികാസം ഇതിന് പ്രധാനമാണ്. പാര്‍പ്പിടം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നവും പരിഹരിക്കേണ്ടതുണ്ട്.
ഈ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ലൈഫ് പദ്ധതിയും പൊതുവിദ്യാഭ്യാസ യജ്ഞവും ആര്‍ദ്രം പോലുള്ള പദ്ധതികളും നടപ്പിലാക്കിയിട്ടുള്ളത്. അതിദാരിദ്ര്യമുള്ള കുടുംബങ്ങളെ കണ്ടെത്തി അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശക്തമായി ഇടപെടുന്നത്. സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള ഊന്നലുകള്‍ നവോത്ഥാന മുന്നേറ്റത്തിന് ശേഷം കേരളത്തില്‍ നടക്കേണ്ട ശരിയായ മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.
സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരം മാത്രം നടത്തിയാല്‍ വര്‍ഗസമരം വിജയിക്കുകയില്ല. വര്‍ഗസമരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടല്ലാതെ സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സമരവും വിജയിക്കുകയില്ല. ഈ അന്യോന്യബന്ധം കണ്ടുകൊണ്ട് ഇടപെടുക എന്നത് മര്‍മ്മപ്രധാനമായ കാര്യമാണ്. ഈ കാര്യം പാർട്ടി പരിപാടിയില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്:
‘‘ദളിത് ജനതയില്‍ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ ഭാഗമാണ് എന്നതിനാല്‍ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥകയ്ക്കുമെതിരായ ഐക്യം തൊഴിലാളിവര്‍ഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ് ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം.” (പാർട്ടി പരിപാടി 5.12)
ദളിത് വിമോചനത്തിനായി അയ്യൻകാളി അന്ന് മുന്നോട്ട് വെച്ച കാഴ്ചപ്പാടുകള്‍ കൂടി സ്വാംശീകരിച്ചുകൊണ്ടാണ് പാർട്ടി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നവോത്ഥാന കാലത്ത് അതിനൊപ്പം നിലകൊണ്ട ബൂര്‍ഷ്വാസി വര്‍ത്തമാനകാലത്ത് ഫ്യൂഡല്‍ ശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങളുമായി സന്ധി ചെയ്ത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടപെടുന്ന പ്രവണതയും മുന്നോട്ടുവയ്ക്കുകയാണ്.
സാമൂഹ്യനീതിയേയും സാമ്പത്തികമായ തുല്യതയെയും അടിസ്ഥാനപ്പെടുത്തി മുന്നോട്ടുപോകുന്ന തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ വിശ്വാസി – അവിശ്വാസി ധ്രുവീകരണമുണ്ടാക്കി തകര്‍ക്കുന്നതിനുള്ള ഇടപെടലും വർത്തമാനകാലത്ത് നടക്കുകയാണ്. ഇതിനെ നേരിട്ട് മുന്നോട്ടുപോവുക എന്നത് അയ്യൻകാളി ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതി പ്രാവര്‍ത്തികമാക്കുന്നതിന് അനിവാര്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..