30 October Wednesday

ഇടവപ്പാതിയില്‍ നിന്ന് തുലാവര്‍ഷത്തിലേക്ക്‌

ഡോ. ശംഭു കുടുക്കശ്ശേരിUpdated: Sunday Oct 22, 2023

മഴക്കണക്കുകളിൽ ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30 വരെ തെക്കുപടിഞ്ഞാറൻ കാലവർഷ (ഇടവപ്പാതി)മായും ഒക്ടോബർ മുതൽ -ഡിസംബർ വരെ വടക്കുകിഴക്കൻ കാലവർഷ (തുലാവർഷ)മായും കണക്കാക്കുന്നു. കേരളത്തിൽ ഇടവപ്പാതി മഴ ഇക്കുറി 34 % കുറവായിരുന്നു. 14 ജില്ലകളിൽ നാല്‌ ജില്ലകളിൽ മാത്രമേ സാധാരണരീതിയിൽ മഴ ലഭ്യമായുള്ളൂ.(ടേബിൾ കാണുക) വയനാട്, ഇടുക്കി ജില്ലകളിലാണ്‌ വലിയതോതിൽ മഴക്കുറവ്‌ ഉണ്ടായത്‌. യഥാക്രമം  55%, 54% മഴക്കുറവാണ്‌ ഇരു ജില്ലകളിലും രേഖപ്പെടുത്തിയത്‌. അസാധാരണമായ അന്തരീക്ഷ പ്രതിഭാസങ്ങളാൽ  ബിപർ ജോയ് തീവ്രചുഴലിക്കൊടുങ്കാറ്റും ഡൽഹിയിലും ഉത്തരാഖണ്ഡിലും അതി തീവ്രമഴയും ഇടവപ്പാതിക്കാലത്ത്‌ ഉണ്ടായി.

മഴക്കണക്കും 23 ന്യൂനമർദ വ്യൂഹങ്ങളും


അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഉടലെടുത്ത 23 ന്യൂനമർദമേഖലാ വ്യൂഹങ്ങൾ ഇക്കുറി ഇന്ത്യൻ മഴക്കണക്കുകളെ നിയന്ത്രിച്ചു. ദീർഘകാല ശരാശരിയായ 868.6 മില്ലിമീറ്റർ മഴയുടെ 94.4  ശതമാനമായ 820 മില്ലിമീറ്റർ മഴയാണ്‌ തെക്ക്‌ പടിഞ്ഞാറൻ കാലവർഷക്കാലത്ത്‌ ഇന്ത്യയിലാകമാനമായി ലഭിച്ചത്‌. വടക്കുപടിഞ്ഞാറൻ, മധ്യ, കിഴക്കൻ, തെക്കൻ ഉപദ്വീപ് എന്നീ  മേഖലകളിൽ യഥാക്രമം അതത്‌ ശരാശരിയുടെ 101, 100.4, 82, 92 ശതമാനത്തിൽ മഴ ലഭ്യമായി. ഒരാഴ്‌ച വൈകി ജൂൺ എട്ടിന്‌ കേരളംതൊട്ട ഇടവപ്പാതി ജൂലൈ രണ്ടോടെ രാജ്യത്തെ മുഴുവൻ കാലവർഷക്കുടക്കീഴിലാക്കി.  സെപ്തംബർ 30ന്‌ വടക്കുപടിഞ്ഞാറെ ഇന്ത്യയിൽനിന്ന്‌ ഇടവപ്പാതി പിൻവാങ്ങിത്തുടങ്ങുകയും ചെയ്തു. ഒക്ടോബർ15 ഓടെ തെക്കേ ഇന്ത്യയൊഴിച്ച് മറ്റെല്ലായിടത്തുനിന്നും ഇടവപ്പാതി പിൻവാങ്ങിയിരുന്നു.  19ന്‌ രാജ്യത്തുനിന്ന്‌ പൂർണമായി കാലവർഷം പിൻവാങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാവകുപ്പ്‌ വ്യക്തമാക്കി.

 



മൗറീഷ്യസ്‌ ഭാഗത്തെ നിമ്നമർദത്തളർച്ച, ദക്ഷിണാർധഗോളത്തിലെ അന്തരീക്ഷച്ചുഴികളുടെ ഉത്തരാർധഗോളത്തിലേയ്ക്കുള്ള തള്ളിക്കയറ്റം, തെക്കുപടിഞ്ഞാറൻ കാലവർഷക്കാറിന്റെ വടക്കൻ മധ്യ അറബിക്കടൽ മേഖലകളിലേയ്ക്കുള്ള വിസ്ഥാപനം, തുടർന്നുള്ള അറബിക്കടൽ നിമ്നമർദ പ്രദേശവും അതുവഴിയുള്ള മേഘ രൂപീകരണ സംവഹന പ്രക്രിയയുമായിരുന്നു കേരളത്തിൽ ഇടവപ്പാതി മഴയുടെ കുറവിന്‌  കാരണമായത്‌. പസഫിക്ക്‌ സമുദ്രത്തിലെ ചൂടാകൽ പ്രതിഭാസമായ എൽ നിനോ ദക്ഷിണാർധഗോള മർദത്തളർച്ചയെ ഏറെ സ്വാധീനിച്ചു. ഇക്കാര്യം കാലാവസ്ഥാവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്‌. തെക്കുപടിഞ്ഞാറൻ കാറ്റിന്റെ  പിൻവാങ്ങൽ പൂർണമാവുകയും വടക്കുകിഴക്കൻ കാറ്റ് (3-–-4 കിലോമീറ്റർ ഉയരംവരെ) അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യുമ്പോഴാണ്‌  തുലാവർഷം കേരളത്തിൽ എത്തിയതായി കണക്കാക്കുക. ഒക്ടോബർ 18 മുതൽ വടക്കുകിഴക്കൻകാറ്റ്‌ കേരളത്തിൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ, സെപ്‌തംബർ അവസാനം മുതൽ  തുലാവർഷ സമാനമായ ഇടിമിന്നൽമഴ സംസ്ഥാനത്ത്‌ ലഭ്യമായിരുന്നു. ഒക്ടോബർ 1 മുതൽ 21 വരെ 230.3 മില്ലിമീറ്റർ മഴ കേരളത്തിൽ ലഭിച്ചു എന്നതും പ്രത്യേകതയാണ്‌. ഏഴ്‌ ശതമാനം അധികമഴ. തിരുവനന്തപുരം ജില്ലയിൽ മാത്രം  ഈ കാലയളവിൽ 114 ശതമാനം അധികമഴ(397.5 മില്ലിമീറ്റർ)ലഭിച്ചു. പത്തനംതിട്ടയിൽ 73 ശതമാനം അധികമഴയും. പോയവർഷം തുലാവർഷക്കാലത്ത്‌ 476.2 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.

തലസ്ഥാനത്തെ അതിതീവ്രമഴ

തുലാവർഷത്തിന്‌  മുന്നോടിയിൽ ഒക്ടോബർ 14- നും 15 നും തുടർച്ചയായി പെയ്‌തിറങ്ങിയ അതിതീവ്രമഴ തിരുവനന്തപുരം നഗരത്തിന്റെ  പലഭാഗത്തും വെള്ളപ്പൊക്കത്തിന്‌ കാരണമായി. അപ്രതീക്ഷിത മഴ ഒറ്റരാത്രി കൊണ്ട്‌ താഴ്‌ന്ന പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. ന്യൂനമർദമോ അതിതീവ്രന്യൂനമർദമോ ചുഴലിക്കാറ്റിന്റെ സ്വാധീനമോ ഇല്ലാതെ തന്നെ ഒക്ടോബർ 14ന്‌ രാത്രി എട്ടോടെ തുടങ്ങി പിറ്റേന്നു രാവിലെവരെ ഇടമുറിയാതെപെയ്ത മഴ  കാൽ നൂറ്റാണ്ടിനിടയിലെ റെക്കോഡായി. തിരുവനന്തപുരം വിമാനത്താവളത്തിൽ 211.4 മില്ലീമീറ്റർ തീവ്രമഴയാണ്‌ ഈ സമയത്ത്‌ രേഖപ്പെടുത്തിയത്‌. നഗരത്തിലും സമീപ പ്രദേശങ്ങളിലുമായുള്ള ഏട്ടു മഴമാപിനികളിൽ ഏഴെണ്ണത്തിലും 115.6 മില്ലിമീറ്ററിനുമുകളിൽ മഴ രേഖപ്പെടുത്തി.

ചക്രവാത അന്തരീക്ഷച്ചുഴികൾ


തിരുവനന്തപുരത്ത്‌ ഉണ്ടായ അസാധാരണമായ മഴയ്‌ക്ക്‌ കാരണം രണ്ട്‌ ചക്രവാതച്ചുഴികളായിരുന്നു.
കേരളത്തിൽ ഒക്ടോബർ 1, 2 തീയതികളിൽ മഴ ശക്തമായി (ശരാശരിയുടെ നാല്‌  മടങ്ങ്) രുന്നു. ഇതിനുകാരണം തെക്കൻ ഉപദ്വീപ്‌ പ്രദേശത്തിനുസമീപം അറബിക്കടലിലും കരയിലും ബംഗാൾ ഉൾക്കടലിലും പടിഞ്ഞാറൻകാറ്റിൽ ഏതാണ്ട് മൂന്ന്‌ കിലോമീറ്റർ ഉയരത്തിൽവരെ കാണപ്പെട്ട മൂന്ന്‌ ന്യൂനമർദപ്പാത്തികളായിരുന്നു.

ഒക്ടോബർ ഒന്നുമുതൽ 15 വരെയുള്ള ദിവസങ്ങളിൽ 3ന്‌ അതിതീവ്രമഴയും 5ന്‌ സാധാരണ മഴയും 7ന്‌ മഴക്കുറവും ആയിരുന്നു. തിരുവനന്തപുരത്ത് 14–-15 നുണ്ടായ അതിതീവ്രമഴയ്ക്കു മുമ്പുള്ള 4 ദിനങ്ങളിലും മഴ സാധാരണ രീതിയിലായിരുന്നു. 13ന് കന്യാകുമാരിക്കുസമീപം ഉടലെടുത്ത ആറ്‌ കിലോമീറ്ററിലേറെ വ്യാപ്‌തിയുള്ള ചക്രവാത അന്തരീക്ഷച്ചുഴിയും കേരളത്തിനോടടുത്ത്‌ അറബിക്കടലിൽ 14ന്‌ രൂപം കൊണ്ട മറ്റൊരു ചക്രവാത അന്തരീക്ഷച്ചുഴിയുമായിരുന്നു 14ന്‌ രാത്രിമുതൽ തിരുവനന്തപുരത്തുണ്ടായ അതിതീവ്രമഴയ്‌ക്ക്‌ കാരണമായത്‌.  

ഈ ചക്രവാതച്ചുഴിക്കാറ്റുകളിലൂടെ ദക്ഷിണാർധഗോളത്തിൽനിന്നും അറബിക്കടലിൽനിന്നും ബംഗാൾ ഉൾക്കടലിൽനിന്നും തെക്കൻ ഉപദ്വീപു കടന്ന്‌ അറബിക്കടൽ വഴിയും  ഊഷ്മ- ആർദ്രതാ വ്യത്യാസമുള്ള വായു പിണ്ഡങ്ങൾ കൂടിച്ചേർന്നതും മഴയുടെ തീവ്രത കൂട്ടി. ഇരുചുഴികളുടെ സ്വാധീനത്താൽ രാത്രി 9 വരെയും 12 മുതൽ പിറ്റേദിവസം പുലർച്ചെ ഒരു മണിവരെയും ഉണ്ടായ രണ്ട്‌ ഇടിമിന്നൽ മേഘക്കൂട്ടവും (thunderstorm) മഴവ്യാപ്തിയെ തീവ്രമാക്കി. ആദ്യ ഇടിമിന്നൽക്കൂട്ടത്തിൽ നാലും  രണ്ടാമത്തെ കൂട്ടത്തിൽ മൂന്നും ഇടിമിന്നൽ മേഘങ്ങൾ (thunder clouds) കാണപ്പെട്ടു. ഇത്തരം പ്രതിഭാസങ്ങൾ കേരളത്തിൽ അപൂർവമാണ്‌.

എന്നാൽ, മണിക്കൂറിൽ 10 സെന്റിമീറ്ററിലധികം മഴ ലഭ്യമാക്കുന്ന മേഘവിസ്‌ഫോടന (cloudburst) പ്രതിഭാസം ഉണ്ടായില്ല എന്നതും പ്രത്യേകതയാണ്‌. താഴ്‌ന്ന കിഴക്കൻകാറ്റിന്റെ വേഗത സെക്കൻഡിൽ 2.5 മീറ്ററിൽ താഴെയായിരുന്നത്‌  ഇടിമിന്നൽമേഘക്കൂട്ടങ്ങളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചു. ഇതുമൂലം ഖനീഭവിച്ച മഴമേഘങ്ങൾ മറ്റു ഭാഗങ്ങളിലേക്ക്‌ നീങ്ങാതെ തലസ്ഥാന നഗരിക്കുചുറ്റും നിലയുറപ്പിച്ച്‌ അതിതീവ്രമഴയായി പെയ്‌തിറങ്ങുകയായിരുന്നു.

കാലാവസ്ഥാവ്യതിയാനങ്ങളാണ്‌ ഇത്തരം അന്തരീക്ഷ പ്രതിഭാസങ്ങൾക്ക് കാരണം. ഇവയെ പറ്റി കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top