അഭിനയ മോഹമായിരുന്നു രഞ്ജിത്തിന്റെ ഉള്ളിലെന്നും. നാടകവേദികളിൽ കർട്ടൻ വലിക്കുമ്പോഴും കഥാപാത്രമായി തിളങ്ങാനായിരുന്നു താൽപ്പര്യം. കെട്ടിയാടിയ ജീവിതവേഷങ്ങളുടെ അനുഭവം കരുത്താക്കി നാടകത്തിലും അതിലൂടെ സിനിമയിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് ഈ നാട്ടിൻപുറത്തുകാരൻ.
കണ്ണൂർ ജില്ലയിലെ ചാവശേരിയിൽ കാഞ്ഞിരംകരി എന്ന ഗ്രാമത്തിൽനിന്ന് സിനിമയിലേക്കുള്ള രഞ്ജിത്തിന്റെ യാത്ര എളുപ്പമായിരുന്നില്ല. ഹൈസ്കൂൾ പഠനകാലത്ത് ബാലസംഘം പ്രവർത്തനമാണ് രഞ്ജിത്തിലെ കലാകാരനെ തട്ടിയുണർത്തിയത്. ഇരിട്ടി ഏരിയയിലെ വേനൽത്തുമ്പി കലാജാഥയിൽ അംഗമായതോടെ അഭിനയത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കി. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനകാലത്ത് നാടകങ്ങളിലും വേഷമിട്ടു. 2004ൽ എസ്എസ്എൽസി കഴിഞ്ഞപ്പോൾ ഒരു ജോലി വേണമെന്നായി. തുടർന്നുള്ള ഒന്നരവർഷം മാഹിയിലെ ബാറിൽ ക്ലീനിങ് ബോയ് ആയി. പിന്നീട് ആറുമാസം പുണെയിലെ ഓട്ടോറിക്ഷ കമ്പനിയിലും ജോലിചെയ്തു. അവിടുള്ളവർ പറഞ്ഞതനുസരിച്ച് വീണ്ടും പഠിക്കാൻ തീരുമാനിച്ചു. പ്ലസ്ടു പഠനകാലത്തും മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിലെ ഡിഗ്രി പഠനകാലത്തും കലോത്സവങ്ങളിൽ സജീവമായി. കണ്ണൂർ സർവകലാശാലാ കലോത്സവത്തിൽ തെരുവുനാടകത്തിൽ മികച്ച നടനായി.
നാടകത്തോടുള്ള അടങ്ങാത്ത ആഗ്രഹംകാരണം അശോകൻ കതിരൂരിന്റെ "പെരുമലയൻ' നാടകവേദികളിൽ കർട്ടൻ വലിക്കാൻ കൂടെപ്പോയി. പതിയെ നാടകത്തിൽ വേഷമിടാനും അവസരം ലഭിച്ചു. ഇതിനിടെ വേനൽത്തുമ്പിയുടെ കണ്ണൂർ ജില്ലാ പരിശീലകനുമായി.
പ്രൊഫഷണൽ നാടകം പഠിക്കണമെന്ന് തോന്നിയതോടെ 27–-ാം വയസ്സിൽ സ്കൂൾ ഓഫ് ഡ്രാമയിൽ പ്രവേശനം നേടി. ഇവിടെനിന്നാണ് സിനിമയിലേക്കുള്ള വഴി തുറക്കുന്നത്. വിശുദ്ധ രാത്രികളാണ് അഭിനയിച്ച ആദ്യചിത്രം. പിന്നീട് നിവിൻപോളി നായകനായ പടവെട്ട് സിനിമയിലും വേഷം ലഭിച്ചു. ഇതിന്റെ അസി. ഡയറക്ടറായും പ്രവർത്തിച്ചു.
വയസ്സെത്രയായി, കുണ്ഡലപുരാണം, പേരില്ലൂർ പ്രീമിയർ ലീഗ്, ഒരു സർക്കാർ ഉൽപ്പന്നം തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. അമിതാഭ് ബച്ചൻ, രജനീകാന്ത്, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ തുടങ്ങിയവർ വേഷമിട്ട തമിഴ് ചിത്രം വേട്ടയ്യനിലും സാന്നിധ്യമറിയിച്ചു. ഒരുജാതി ജാതകം, പൊന്മാൻ, മീശ തുടങ്ങിയവ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്.
സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പിലൂടെ നാട്ടിൽ കലാപരിശീലനവും നൽകുന്നുണ്ട്. മലപ്പട്ടത്തെ നാട്ടുകാരെവച്ച് "വിതയ്ക്കുന്നവന്റെ ഉപമ' നാടകവും ഊരത്തൂരിലെ കുട്ടികളെവച്ച് "രാക്ഷസന്റെ പൂന്തോട്ടം' നാടകവും സംവിധാനംചെയ്തു. ഹ്രസ്വചിത്രം നിർമിക്കുന്നതിന് ആറളം ഫാമിലെ കുട്ടികൾക്ക് പരിശീലകനുമായി.
തന്റെ ജീവിതം മറ്റുള്ളവർക്ക് കഷ്ടപ്പാടായി തോന്നുമെങ്കിലും പാഷനിലേക്കുള്ള യാത്ര ആസ്വാദ്യകരമാണെന്ന് രഞ്ജിത്ത് പറയുന്നു. എം വി ലക്ഷ്മണന്റെയും കൊച്ചുമണിയുടെയും മകനാണ്. സുഹന്യ ദാസാണ് ഭാര്യ. മകൾ കാർത്തിക. രോഷിത്ത്, രശ്മി എന്നിവർ സഹോദരങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..