20 September Friday

എസ്‌ പി നമ്പൂതിരി ; മൊഴിമുത്തുകളുടെ ഖനിജം

സുരേഷ്‌ ഗോപി sureshgopidbi@gmail.comUpdated: Sunday Jul 28, 2024


ജീവിതത്തിലെ ചില അപൂർവ സന്ദർഭങ്ങളെ വിശേഷിപ്പിക്കാനായി ചില മഹത്‌ വചനങ്ങളോ വാക്യങ്ങളോ തേടുന്നവരാണ്‌ നാം. പ്രമുഖരും പ്രശസ്‌തരുമായവരുടെ വാചകങ്ങളോ പ്രയോഗങ്ങളോ പ്രസംഗത്തിലെ ഉദ്ധരണിയോ ചരിത്രമായിത്തന്നെ മാറാറുണ്ട്‌. കാലത്തെ അതിജീവിക്കുന്ന അവയെ മൊഴിമുത്തുകൾ അല്ലെങ്കിൽ മഹത്‌വചനം എന്നാണല്ലോ വിളിക്കാറുള്ളത്‌. പ്രസംഗങ്ങളിലും ലേഖനങ്ങളിലും കുറിപ്പുകളിലുമെല്ലാം എടുത്തുപയോഗിക്കാൻ അനുയോജ്യമായ വാചകങ്ങൾ കുറിച്ചുവയ്‌ക്കുന്ന സ്വഭാവം വിഖ്യാതരായ പലരുടെയും ശീലമാണ്‌. സന്ദർഭത്തിനു ചേരുന്ന അത്തരം മൊഴിമുത്തുകളുടെ ബൃഹത്‌ ശേഖരംതന്നെ കിട്ടിയാലോ. 35,000ത്തോളം  മൊഴിമുത്തുകളുടെ ശേഖരം തയ്യാറാക്കിയിരിക്കുകയാണ്‌ എഴുത്തുകാരനും സംസ്‌കൃത ആയുർവേദ പണ്ഡിതനും സാംസ്‌കാരിക പ്രവർത്തകനുമായ കോട്ടയം കുറിച്ചിത്താനത്തെ ശ്രീധരൻ പരമേശ്വരൻ നമ്പൂതിരി എന്ന എസ്‌ പി നമ്പൂതിരി. വയസ്സ്‌ തൊണ്ണൂറിലേക്ക്‌ കടക്കുമ്പോഴും എഴുത്തുവഴികളിൽ എസ്‌ പിക്ക്‌ നവചൈതന്യം.

മൊഴികൾ 35,000
ഗാന്ധിജി അടക്കം ലോകം കണ്ട പ്രമുഖരുടെയെല്ലാം ശ്രദ്ധേയമായ വാക്കുകൾ എസ്‌ പിയുടെ ശേഖരത്തിലുണ്ട്‌. നെപ്പോളിയൻ, വോൾട്ടയർ, ഷേക്‌സ്‌പിയർ, തിരുവള്ളുവർ, മിൽട്ടൺ, മാർക്‌സ്‌, എഴുത്തച്ഛൻ, ബാർണാഡ്‌ ഷാ, കീറ്റ്‌സ്‌, മൊണ്ടസ്‌ക്യൂ തുടങ്ങി ലോകപ്രതിഭകൾ ഉൾപ്പെടുന്ന ആ പട്ടികയ്‌ക്ക്‌ കാലദേശങ്ങളില്ല. പഴമൊഴികളും ചൊല്ലുകളും പുസ്‌തകങ്ങളിൽനിന്നുള്ള ഉദ്ധരണികൾവരെ അക്കൂട്ടത്തിലുണ്ട്‌. വേദങ്ങളും പുരാണങ്ങളും ബൈബിളും ഖുർആനും  ഭഗവദ്‌ഗീതയും തുടങ്ങി മതം, സാംസ്‌കാരികം, സാമ്പത്തികം, ശാസ്‌ത്രം അടക്കം എല്ലാ മേഖലകളിലും എസ്‌ പിയുടെ കണ്ണെത്തിയിട്ടുണ്ട്‌. അനുസ്യൂതമൊഴുകുന്ന ജീവിതനദിയുടെ ആഴങ്ങളിൽനിന്നു ശേഖരിച്ച ആ മൊഴിമുത്തുകളാണിവ. ഇന്റനെറ്റിന്റെ അനന്തസാധ്യതകൾ നിർമിതബുദ്ധിയുടെ നവതലങ്ങളിലേക്കുകൂടി വ്യാപിക്കുന്ന ഇക്കാലത്ത്‌, ഏറെ പണിപ്പെട്ട്‌ പുസ്‌തകങ്ങളിൽനിന്നും ഓർമയിൽനിന്നുമെല്ലാം എസ്‌ പി ശേഖരിച്ചെടുത്ത പതിറ്റാണ്ടുകളുടെ പ്രയത്‌നമാണ്‌ അച്ചടിരൂപത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്‌. അതിനായി പ്രസാധകനെയും കാത്തിരിപ്പാണദ്ദേഹം. അമൂല്യമായ ഒരു ഗ്രന്ഥമായിരിക്കുമിതെന്ന കാര്യത്തിൽ സംശയമില്ല. എത്രയോ വർഷങ്ങളുടെ പ്രയത്‌നംകൊണ്ടാണ്‌ 35,000 മൊഴിമുത്തുകൾ ശേഖരിച്ചത്‌.

വിസ്‌തൃതം, കർമ മണ്ഡലം
വിശ്രമമില്ലാത്ത മനസ്സിനുടമയാണ്‌ എസ്‌ പി നമ്പൂതിരി. വിസ്‌തൃതമായ കർമമണ്ഡലത്തിൽ സജീവമാണ്‌ അദ്ദേഹം. എഴുത്ത്‌, യാത്ര, വായന, സാമൂഹ്യപ്രവർത്തനം, ആയുർവേദം  തുടങ്ങി എസ്‌ പി വ്യാപരിക്കുന്ന മേഖലകൾക്ക്‌ പരിധിയില്ല. സംസ്‌കൃതമായാലും യാത്രാവിവരണമായാലും ചരിത്രമായാലും അനുഭവത്തിന്റെ പിൻബലത്തിൽ അദ്ദേഹം സംസാരിക്കും. ഓർമയുടെ നേർത്ത അടരുകളിലേക്കുപോലും ഇറങ്ങിച്ചെന്ന്‌ ഭൂതകാലത്തെ വർത്തമാനത്തിലേക്ക്‌ വിവർത്തനം ചെയ്യും.
ആയുർവേദാചാര്യനും മഹാകവിയുമായിരുന്ന മഠം ശ്രീധരൻനമ്പൂതിരിയുടെ മകനാണ്‌ എസ്‌ പി നമ്പൂതിരി. അമ്മ തലയാറ്റുംപിള്ളി ഇല്ലത്ത് നങ്ങേലി അന്തർജനം. സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും സജീവമായി. കമ്യൂണിസ്റ്റ്പാർടി എറണാകുളത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന നവലോകം പത്രത്തിന്റെ പത്രാധിപസമിതിയിൽ അംഗമായിരുന്നു. ചെറുകാട്, എം ആർ ബി മുതലായ പ്രഗത്ഭരോടൊപ്പം പ്രവർത്തിച്ചു.  ഇ എം എസ്‌, എ കെ ജി, സി ഉണ്ണിരാജ, എൻ ഇ ബലറാം, സി അച്യുതമേനോൻ എന്നിവരടക്കമുള്ള പ്രമുഖരുമായി അടുത്തിടപഴകാൻ അവസരമുണ്ടായി. പിന്നീട്‌ കുടുംബതൊഴിലായ ആയുർവേദത്തിൽ സജീവമായി. ദീർഘകാലം  ശ്രീധരി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ അമരത്ത്‌ പ്രവർത്തിച്ചു.

എസ്‌ പിയുടെ പിതാവ്‌ മഠം  ശ്രീധരൻ നമ്പൂതിരിക്ക്‌ ഉള്ളൂർ, വള്ളത്തോൾ, സർദാർ കെ എം പണിക്കർ, അപ്പൻ തമ്പുരാൻ, പി വി  കൃഷ്ണവാര്യർ, വടക്കുംകൂർ, വൈദ്യൻ പി എസ് വാര്യർ എന്നിവരുമായൊക്കെ അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എസ്‌ പിക്കും കവിത, യാത്രാവിവരണം, കഥകൾ എന്നിവയൊക്കെ അനായാസം വഴങ്ങി. "ഓപ്പോൾ' എന്ന കഥാസമാഹാരവും  "ഒരു നൂറ്റാണ്ടിന്റെ നൊമ്പരം' , "പൂണൂൽ പൊട്ടിച്ചിടട്ടെ ഞാൻ' എന്നീ കവിതാസമാഹാരങ്ങളും "മഹാക്ഷേത്രങ്ങളിലൂടെ', "നന്നയ്യഭട്ടിന്റെ നാട്ടിൽ', "ലങ്കാദർശനം',"ഡച്ചുസാമ്രാജ്യത്തിന്റെ ഹൃദയഭൂമിയിൽ', "ആംഗലസാമ്രാജ്യം',"യൂറോപ്യൻ സ്മരണകൾ' എന്നീ യാത്രാവിവരണങ്ങളും, "പെറ്റമ്മയും പോറ്റമ്മയും ഒരു നമ്പൂതിരിക്കഥ'യെന്ന ആഖ്യായികയും "ഹൃദയസാന്ത്വന'മെന്ന ആത്മകഥയും  പ്രസിദ്ധീകരിച്ചു. ശബരിമല–- സുപ്രീംകോടതി വിധിയും അനുബന്ധചിന്തകളും, വയലാർ രാമവർമ വ്യക്തിയും കവിയും എന്നീ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചു. പത്തു വർഷമായി മൊഴിമുത്തുകൾ  എന്ന പേരിലുള്ള മഹത്‌ വാക്യസമാഹാരം (എൻസൈക്ലോപീഡിയ ഓഫ് ക്വൊട്ടേഷൻസ്)   നിർമിക്കുന്നതിനുള്ള  ശ്രമത്തിലേർപ്പെട്ടിരിക്കുകയായിരുന്നു എസ്‌ പി. ലോകമെമ്പാടുമുള്ള പ്രഗൽഭചിന്തകരുടെ ചിന്തകൾ മലയാളിക്ക് പരിചയപ്പെടുത്തുകയാണ്‌ ലക്ഷ്യം. പതിനഞ്ച് വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും സന്ദർശനാനുഭവങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്.

എല്ലാത്തിനും മുന്നിൽ
സുപ്രീംകോടതിയിൽ ശബരിമല സ്ത്രീപ്രവേശനവിഷയത്തിൽ നടന്ന കേസിൽ വ്യക്തിയെന്ന നിലയിൽ കക്ഷിചേർന്നു. ശബരിമലയുടെ ബുദ്ധമതപശ്ചാത്തലവും ചരിത്രവും കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഭരണഘടനാ ബെഞ്ചിൽ ആനുപാതിക വനിതാ പ്രാതിനിധ്യം ആവശ്യപ്പെട്ടത്‌ കോടതി ഭാഗികമായി അംഗീകരിക്കുകയും  ഇന്ദു മൽഹോത്രയെന്ന  ഒരു വനിതാ ജഡ്ജിയെ ബെഞ്ചിലുൾപ്പെടുത്തുകയും ചെയ്തു. നമ്പൂതിരിസമുദായത്തിലെ നവോത്ഥാന നായകരുടെ പിൻമുറക്കാരുടെ  കൂട്ടായ്മയായ‘ നമ്മളൊന്ന്’ പ്രസ്ഥാനത്തിന്റെ ഉപദേശകസമിതി ചെയർമാൻ, നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ്‌, പൂത്തൃക്കോവിൽ ക്ഷേത്രത്തിന്റെയും കാരിപ്പടവത്ത് കാവ് ദേവീ ക്ഷേത്രത്തിന്റെയും ട്രസ്റ്റി എന്നീ നിലകളിലും എസ്‌ പി  പ്രവർത്തിക്കുന്നു.

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപരിഷ്കർത്താവും ഗ്രന്ഥകാരനുമായ മോഴികുന്നം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ പുത്രി പരേതയായ ശാന്തയാണ് പത്നി. ആയുർവേദ ഡോക്ടർമാരായ ഡോ. മഞ്ജരിയും ഡോ. ശൈലിയും മക്കൾ. ശ്രീധരിയെന്ന ആയുർവേദ സമുച്ചയം മക്കളെയേൽപ്പിച്ചു വായനയും എഴുത്തും യാത്രകളുമായി കഴിയുകയാണ്‌ എസ്‌ പി. മൊഴിമുത്തുകൾ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകൃതമാകുന്ന ദിനം കാത്തിരിക്കുകയാണ്‌ അദ്ദേഹം. ഏറെക്കാലത്തെ പ്രയത്‌നത്തിന്റെ വിലയുണ്ട്‌ അതിന്‌. ബുദ്ധന്റെ സാർവദേശീയഭാവമാണ്‌ തനിക്കെന്ന്‌ കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചുവന്ന അനുഭവങ്ങളുടെ വെള്ളിനൂലുകൾ തടവിക്കൊണ്ട്‌ എസ്‌ പി നമ്പൂതിരി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top