25 December Wednesday

ദൃശ്യം 3 ; എ സഫിയ എപ്പിസോഡ്

വിനോദ് പായം vinodpayam@gmail.comUpdated: Sunday Nov 17, 2024

13 വയസ്സിൽനിന്ന്‌ 31കാരിയിലേക്കുള്ള സഫിയയുടെ സങ്കൽപ്പ ചിത്രം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ (AI) സാങ്കേതികവിദ്യയിൽ സൃഷ്‌ടിച്ചത്‌. ഗ്രാഫിക്‌സ്‌: സനൽ

മോഹൻലാൽ മാത്രമായതിനാലാണ്‌, അതല്ലെങ്കിൽ സിനിമാക്കഥ മാത്രമായതിനാലാണ്‌, വരുണിന്റെ കൊലപാതകത്തിൽനിന്ന്‌ അയാൾ രക്ഷപ്പെട്ടത്‌. സിനിമയേക്കാളും വലിയ ജീവിതത്തിൽ ഒരു കൊലപാതകിയും രക്ഷപ്പെടില്ല; അഥവാ കേരള പൊലീസ്‌ അതിനിട വരുത്തില്ല. അസ്സൽ ക്രൈം ത്രില്ലർ സിനിമ പോലെയാണ്‌ കുടക്‌ അയ്യങ്കേരിയിലെ സഫിയയുടെ കൊലപാതക വാർത്ത കേൾക്കുമ്പോൾ! പക്ഷേ, അവളുടെ വീട്ടുകാർക്കത്‌ കഥയല്ലല്ലോ, ചങ്കുപറിഞ്ഞു പോകുന്ന ഉള്ളുരുക്കംതന്നെയാണ്‌. 2006 മുതൽ 2024 നവംബർ 11 വരെ നീണ്ട സഫിയയെന്ന പെൺകുട്ടിയുടെ ജീവിതകഥ

അപ്രതീക്ഷിതമായ ട്വിസ്‌റ്റാണ്‌ എല്ലാ നല്ല സിനിമാക്കഥയ്‌ക്കും പിന്നിലുള്ളത്‌. പക്ഷേ, നമ്മൾ ശരിക്കും ജീവിച്ചു തീർക്കുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ ട്വിസ്‌റ്റുകൾ സൂപ്പർ നായകർപോലും താങ്ങില്ല. അത്തരം വഴിത്തിരിവുകളുടെ ദുരന്തജീവിതമാണ്‌, ഇന്ന്‌ ജീവിച്ചിരുന്നെങ്കിൽ 31 വയസ്സാകുമായിരുന്ന സഫിയ (13) ജീവിച്ചുതീർത്തത്‌. കർണാടക കുടക്‌ അയ്യങ്കേരിയിലെ മൊയ്‌തുവിന്റെയും അയിഷയുടെയും മകൾ സഫിയയുടെ കഥ അതുപോലെ പറഞ്ഞാൽ, ചിലപ്പോൾ വായനക്കാർക്ക്‌ ശ്വാസം മുട്ടും. സിനിമാക്കഥപോലെ പറഞ്ഞുകേട്ടാൽ ഉള്ളുരുക്കം കുറഞ്ഞേക്കാമെന്നുമാത്രം.

ദൃശ്യം 1
കാലം 2006, കർണാടകത്തിലെ കുടകിൽ അക്കാലം ദിവസക്കൂലി 80 രൂപമാത്രം. ഉപ്പ മൊയ്‌തുവിന്‌ പണിയും കുറവ്‌. ദാരിദ്ര്യം തിന്നുന്ന വീട്ടിലെ മൂത്തവൾ ആറാം ക്ലാസുകാരി സഫിയ. അവളെ വീട്ടുജോലിക്കായി അയച്ചാൽ, വരുമാനവും ആകും അവൾക്ക്‌ നല്ല ജീവിതവും കിട്ടുമെന്ന്‌ അയ്യങ്കേരിയിലെ മൊയ്‌തുവിനോടും ഭാര്യ അയിഷയോടും പ്രലോഭിപ്പിക്കുന്നു, ഏജന്റ്‌ മടിക്കേരി ദൊഡ്ഡപ്പള്ളിയിലെ മൊയ്‌തു. ‘‘അവൾ പോയാൽ അവിടത്തെ വീട്ടിലെ കുട്ടികൾക്കൊപ്പം കഴിയാം, വീട്ടുകാരിയെ ചെറിയ തോതിൽ സഹായിക്കാം, തുടർന്നു പഠിക്കാം, മദ്രസയിലും പോകാം...’’ ഇത്രയും കേട്ടതോടെ, നല്ല ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നോർത്ത്‌ കുടകിലെ മണ്ണിൽനിന്ന്‌ അടർത്തി, ആ മാർച്ചിൽ സഫിയയെ കാസർകോട്‌ മുളിയാർ മാസ്‌തിക്കുണ്ടിലെ കെ സി ഹംസയുടെ വീട്ടിലേക്ക്‌ എത്തിക്കുന്നു. ആറാം ക്ലാസുകാരിയിൽ കൗതുകം വിട്ടൊഴിഞ്ഞില്ല. ഇന്നും ബാക്കിയുള്ള അവളുടെ ഏക ഫോട്ടോയിൽ, പാതി മറഞ്ഞ ചുവന്ന തട്ടം നമ്മെ നോക്കി കൊളുത്തി വലിക്കുന്നുണ്ട്‌.

മുളിയാർ മസ്‌തിക്കുണ്ട്‌ സ്വദേശിയായ ഹംസ, ഗോവയിലെ വലിയ കരാറുകാരനാണ്‌. കാസർകോട്ടെ വീടിനേക്കാളും വലിയ വീടും പരിവാരങ്ങളും അയാൾക്ക്‌ അവിടെയുണ്ട്‌. സഫിയയുടെ രണ്ടാം പലായനം ഗോവയിലേക്ക്‌. ഹംസയുടെ കുട്ടികളെ പരിപാലിച്ച്‌, ഹംസയുടെ ഭാര്യ മൈമൂനയെ അടുക്കളയിൽ സഹായിച്ച്‌, അനാഥച്ചെടിയായി അവൾ വളർന്നു; അതോ തളർന്നോ...

ദൃശ്യം 2
കാലം 2006 ഡിസംബർ 20. ഗോവയിലെ കരാറുകാരൻ ഹംസ, കാസർകോട്ടെത്തി, കർണാടക കുടക്‌ അയ്യങ്കേരിയിലെ മൊയ്‌തുവിനെ ഫോൺ വിളിക്കുന്നു. മകൾ സഫിയ വന്നിട്ടുണ്ട്‌. കാണാൻ വരണം. ദീർഘകാലമായി മകളെ കണ്ടിട്ട്‌, അവളോടൊന്ന്‌ മിണ്ടിയിട്ട്‌, ചേർത്തൊന്ന്‌ കെട്ടിപ്പിടിച്ചിട്ട്‌! അവൾക്ക്‌, കുടകിൽമാത്രം കിട്ടുന്ന ഉപ്പിലിട്ട നെല്ലിക്ക ഏറെ ഇഷ്ടമാണ്‌. അവളതും നുണഞ്ഞാണ്‌ കഴിഞ്ഞ മാർച്ചിൽ ഹംസയുടെ കാറിൽ കാസർകോട്ടേക്ക്‌ പോയത്‌. കവറിൽ ഉപ്പിലിട്ട നെല്ലിക്കയുമായി ആ ഉപ്പ കാസർകോട്ടേക്ക്‌ തിരിച്ചു. മകൾ നെല്ലിക്ക ചവച്ച്‌ കണ്ണിലൂടെ പുളിയറിയിക്കുന്ന കാഴ്‌ചയെ ഓമനിച്ച്‌, മൊയ്‌തു മടിക്കേരി ചുരമിറങ്ങി.

മാസ്‌തിക്കുണ്ടിൽ പക്ഷേ, കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞിരുന്നു. മുറ്റത്ത്‌ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഫിയ എങ്ങോട്ടോ ഓടിപ്പോയത്രെ! എന്റെ സഫിയ എവിടെ എന്ന്‌ ചോദിച്ച ഉപ്പയോട്‌, ഹംസ പറഞ്ഞതങ്ങനെ! മൊയ്‌തുവിന്റെ നട്ടെല്ലിലൂടെ ഒരുവിറ പാഞ്ഞു. അതെങ്ങനെ ശരിയാകും. മകളെ കാണാൻ വരൂവെന്ന്‌ പറഞ്ഞതിനാലാണ്‌, നൂറുകിലോമീറ്റർ അപ്പുറത്തുനിന്ന്‌ ഞാൻ വന്നത്‌. എന്നിട്ട്‌ മകളിപ്പോൾ ഇല്ലെന്ന്‌! ചോക്കുവര മായുന്നപോലെ അവൾ മാഞ്ഞെന്ന്‌ എങ്ങനെ ഞാൻ വിശ്വസിക്കും. ഹംസയുടെ കോൺക്രീറ്റ്‌ മുറ്റത്തിന്റെ തിണ്ണയിലിരുന്ന്‌ മുള ചീന്തുംപോലെ മൊയ്‌തു നിലവിളിച്ചു.

അന്നുതന്നെ പരാതി നൽകാൻ ഹംസയ്‌ക്കൊപ്പം മൊയ്‌തുവും ആദൂർ പൊലീസ്‌ സ്‌റ്റേഷനിലെത്തി. എല്ലാം വിശദമായി കേട്ട പൊലീസ്‌ ‘ആളെ കാണാതായതിന്‌’ കേസെടുത്തു. ഹംസ എല്ലാം കൃത്യമായി പറയുന്നു. അയാളുടെ ഭാര്യ മൈമൂനയും എല്ലാം കൃത്യമായി പറയുന്നു. ഗോവയിൽനിന്ന്‌ ഞങ്ങൾ കാറിൽ മൂന്നുപേർ പുറപ്പെട്ടു. പിറകിലായിരുന്നു സഫിയ ഇരുന്നിരുന്നത്‌. വീട്ടിലെത്തി, അന്ന്‌ തങ്ങി, പിറ്റേന്നാണ്‌ ഉപ്പ മൊയ്‌തു വരുന്നത്‌. അതിന്‌ കുറച്ചുസമയം മുമ്പ്‌ സഫിയയെ കാണാതായി. ആദൂർ എഎസ്‌ഐ ബാരയിലെ ഗോപാലകൃഷ്‌ണൻ പ്രാഥമിക അന്വേഷണവുമായി ഇറങ്ങി. ഇന്നത്തെ പോലത്തെ സിസിടിവി ദൃശ്യങ്ങളൊന്നും വിപുലമല്ല. എങ്കിലും പറ്റാവുന്ന തെളിവുകളെല്ലാം പരിശോധിച്ചിട്ടും സഫിയ മാത്രമില്ല.

മകളില്ലെന്ന സത്യം ഭാര്യയോട്‌ പറയാൻ മൊയ്‌തു ഭയന്നു. ബക്രീദിന്‌ മകൾ വരുമെന്ന്‌ മൊയ്‌തു ഭാര്യ അയിഷയോട്‌ കള്ളം പറഞ്ഞു. സഫിയ അടക്കം മൂന്നുപേർ കാറിൽ വന്നതായി ഗോവ–- കർണാടക അതിർത്തി ചെക്കുപോസ്‌റ്റിൽ രേഖയുമുണ്ട്‌. ആ രേഖ ആദൂർ പൊലീസ്‌ ശേഖരിച്ചതോടെ സഫിയ കേരളത്തിലെത്തിയതായി ഉറപ്പിച്ചു!
എന്നാൽ, അഞ്ചുദിവസം കഴിഞ്ഞതോടെ, മകൾ നഷ്ടമായി എന്നൊരു ബോധ്യം മൊയ്‌തുവിനും ഭാര്യ അയിഷയ്‌ക്കും ഉണ്ടായി. മകൾക്കെന്തുപറ്റിയെന്ന ഉള്ളുരുക്കത്തിന്‌ ഉത്തരം വേണമെന്നവർ കാസർകോട്ടെത്തി ഉച്ചത്തിൽ ചോദിച്ചു. തേങ്ങി. അയിഷയുടെ വിലാപത്തിൽ ജനസാമന്യമുണർന്നു. കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ പന്തലിട്ട്‌ അയിഷ സത്യഗ്രഹമിരുന്നു. സർവകക്ഷി കർമസമിതി സഹായവുമായി ഒപ്പം ചേർന്നു. അവരുടെ വിലാപത്തിന്റെ  83–-ാം നാൾ, ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ വിടുന്നതായി അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ കുടുംബത്തെ അറിയിച്ചു. അന്നത്തെ കണ്ണൂർ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി കെ വി സന്തോഷിന്റെ (ഇപ്പോഴത്തെ മലപ്പുറം ക്രൈംബ്രാഞ്ച്‌ എസ്‌പി) നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

സഫിയ കേരളത്തിലെത്തിയോ എന്നുറപ്പിക്കുകയായിരുന്നു ആദ്യം  ക്രൈം ബ്രാഞ്ച്‌ സംഘം ചെയ്‌തത്‌. ആ അന്വേഷണത്തിൽത്തന്നെ ഞെട്ടിക്കുന്ന വസ്‌തുത മനസ്സിലായി. ഗോവ–- കർണാടക അതിർത്തി ചെക്കുപോസ്‌റ്റിലെ രേഖ വ്യാജമാണെന്ന്‌. മൂന്നുപേർ കാറിൽ യാത്രചെയ്‌തെന്ന രേഖ പിന്നീട്‌ എഴുതി ചേർത്തതാണെന്ന്‌ മനസ്സിലായി. ആ തിരുത്തലായിരുന്നു പിടിവള്ളി. അതെന്തിന്‌ ചെയ്‌തെന്ന അന്വേഷണം ചെന്നുനിന്നത്‌, ഗോവയിലെ കരാറുകാരനായ മുളിയാർ മാസ്‌തിക്കുണ്ടിലെ കെ സി ഹംസയുടെ വീട്ടുമുറ്റത്താണ്‌. ക്രൈം ബ്രാഞ്ചുസംഘം ഹംസയെയും ഭാര്യ മൈമൂനയെയും വേണ്ടതുപോലെ ചോദ്യം ചെയ്‌തപ്പോൾ സഫിയയെന്ന സത്യം മറനീക്കി അവസാനം പുറത്തുവന്നു. എന്നാൽ, തെളിവുകൾ തമ്മിൽ തമ്മിൽ ബന്ധിപ്പിക്കാൻ കാലം രണ്ടുവർഷം പിന്നെയുമെടുത്തു. ഒടുവിൽ 2008 ജൂലൈ ഒന്നിന്‌ ഹംസ, ഭാര്യ മൈമൂന, ഭാര്യാസഹോദരൻ കുമ്പള ആരിക്കാടി കുന്നിലെ അബ്ദുള്ള എന്നിവരെ ക്രൈം ബ്രാഞ്ച്‌ അറസ്റ്റ്‌ ചെയ്‌തു.

ദൃശ്യം 3
കാലം 2006 ഡിസംബർ 15. ഗോവയിലെ ഫ്ലാറ്റിൽ കഞ്ഞി വാർക്കുകയായിരുന്നു സഫിയ. കുഞ്ഞല്ലേ, അവൾക്കൊന്ന്‌ പാളിപ്പോയി; കൈ തെറ്റിവീണ്‌ തിളയ്‌ക്കുന്ന കഞ്ഞിക്കലം അപ്പാടെ ദേഹത്തു വീണ്‌ പൊള്ളി. കുട്ടിയായതിനാൽ, ആശുപത്രിയിൽ പോയാൽ, ബാലവേല നിരോധന നിയമപ്രകാരം കേസാകുമെന്ന്‌ ഹംസയും ഭാര്യ മൈമൂനയും ഭയന്നു. ചികിത്സ കിട്ടാതെ നരകയാതന സഹിച്ച്‌ സഫിയ ഫ്ലാറ്റിലെ മുറിയിൽ കഴിഞ്ഞു. ഭയന്നുപോയ ഹംസ, ഭാര്യാസഹോദരൻ അബ്ദുള്ളയെ വീട്ടിലേക്ക്‌ വിളിപ്പിച്ചു. മൂവരും ചേർന്ന്‌ ഡിസംബർ 15ന്‌ രാത്രി സഫിയയെ കൊലപ്പെടുത്തി. മുറിച്ച്‌ കഷണങ്ങളാക്കി ചാക്കിൽ കെട്ടിവച്ചു. പിറ്റേന്ന്‌ രാത്രി ഗോവ മല്ലോം മഹാദേവ ക്ഷേത്രപരിസരത്തുള്ള അണക്കെട്ട്‌ ഭാഗത്തേക്ക്‌ കൊണ്ടുവന്നു. ഹംസയുടെ പണിസ്ഥലമായ ഇവിടെ ഹിറ്റാച്ചി ഉപയോഗിച്ച്‌ ആഴത്തിൽ കുഴിയെടുത്ത്‌ ശരീരഭാഗങ്ങൾ കുഴിച്ചിട്ടു. വസ്‌ത്രങ്ങൾ ഫ്ലാറ്റിനടുത്തുതന്നെ കത്തിച്ചു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ ദൂരെ മറ്റൊരിടത്ത്‌ ഉപേക്ഷിച്ചു.

ഇത്രയും പ്രതികളുടെ കുറ്റസമ്മത മൊഴി. അവ ചികഞ്ഞപ്പോൾത്തന്നെ സഫിയയുടെ ശരീരഭാഗങ്ങൾ പൊന്തിവന്നു. തലയോട്ടിയും തുടയെല്ലും മറ്റുചില എല്ലുകഷണവും അണക്കെട്ട്‌ പരിസരത്ത്‌ ഹംസ ചൂണ്ടിക്കാണിച്ച സ്ഥലത്തുനിന്നുതന്നെ കിട്ടി. ഒന്നരവർഷം ഇരുളിൽ കഴിഞ്ഞ സഫിയയെന്ന സത്യം പതുക്കെ മറനീക്കി പുറത്തുവന്നു. ഒരു ഘട്ടത്തിൽ മിസിങ്‌ കേസ്‌ മാത്രമാകുമായിരുന്ന ഒരു കേസ്‌, അതും ദൃക്‌സാക്ഷികളില്ലാത്ത ഒരു കേസ്‌, പ്രതികളുടെ കുറ്റസമ്മത മൊഴിയും മറ്റു ശാസ്‌ത്രീയ അന്വേഷണ തെളിവുകളുംമാത്രം അന്വേഷക സംഘത്തെ വഴികാട്ടി.

തലയോട്ടി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ ഡോ. ഷെർലി മാത്യു സൂപ്പർ ഇംബോസിഷൻ പരിശോധന നടത്തി, സഫിയയുടേതുതന്നെയെന്ന്‌ ഉറപ്പിച്ചു. എല്ലുകളുടെ ഡിഎൻഎ പരിശോധനയും അനുകൂല തെളിവായി. തലയോട്ടിയുടെ സൂപ്പർ ഇംബോസിഷൻ തെളിവായി സ്വീകരിച്ച കേരളത്തിലെ രണ്ടാമത്തെ കേസാണ്‌ സഫിയ വധം.

സഫിയയുടെ ഭൗതികാവശിഷ്ടം ഏറ്റുവാങ്ങുന്ന ഉമ്മയും ബാപ്പയും

സഫിയയുടെ ഭൗതികാവശിഷ്ടം ഏറ്റുവാങ്ങുന്ന ഉമ്മയും ബാപ്പയും




ദൃശ്യം 4
കാലം 2015 ജൂലൈ 16. കേസും വിചാരണയും കഴിഞ്ഞ്‌ സഫിയക്ക്‌ നീതി ലഭ്യമായ ദിനം. ഒന്നാം പ്രതി മുളിയാർ മാസ്‌തിക്കുണ്ട്‌ കെ സി ഹംസയെ (52) കാസർകോട്‌ ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എം ജെ ശക്തിധരൻ മരണംവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. ഹംസ 10 ലക്ഷം രൂപ പിഴയും നൽകണം. ഇതിൽ എട്ടുലക്ഷം സഫിയയുടെ വീട്ടുകാർക്ക്‌ നൽകണം. മൂന്നാംപ്രതി ഹംസയുടെ ഭാര്യ മൈമൂനയ്‌ക്ക്‌ (48) ആറുവർഷം തടവും നാലാം പ്രതി മൈമൂനയുടെ സഹോദരൻ അബ്ദുള്ളയ്‌ക്ക്‌ (58) മൂന്നുവർഷം തടവും വിധിച്ചു. രണ്ടാം പ്രതി, സഫിയയെ കാസർകോട്ടെത്തിച്ച ഏജന്റ്‌ മൊയ്‌തുവിനെയും ആദൂർ സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപാലകൃഷ്‌ണനെയും തെളിവിന്റെ അഭാവത്തിൽ വെറുതെവിട്ടു.

സഫിയയുടെ മരണവും അതിന്റെ ശിക്ഷയും കോടതി പ്രഖ്യാപിച്ചെങ്കിലും, 18 വർഷം കഴിഞ്ഞിട്ടും, അവൾ കൊല്ലപ്പെട്ട കാരണവും കൊല്ലപ്പെട്ട രീതിയും ഇപ്പോഴും ഇരുളിൽത്തന്നെ. അതിന്റെ കാരണങ്ങൾ കണ്ടെത്താൻ എല്ലാ ശാസ്‌ത്രീയ വഴികളും അന്വേഷക സംഘം തേടി. ബംഗളൂരുവിലെ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിൽ പ്രതികളുടെ നുണപരിശോധന നടത്തിയെങ്കിലും ഹംസ പിടികൊടുത്തില്ല. മൈമൂനയും അബ്ദുള്ളയും ഒരുപോലെ പ്രതികരിച്ചെങ്കിലും ഹംസ പലതും മാറ്റിപ്പറഞ്ഞു. ബ്രയിൻ മാപ്പിങ്‌, നാർകോ അനാലിസിസ്‌ തുടങ്ങിയ പരിശോധനകൾക്ക്‌ പ്രതികൾ സമ്മതിച്ചതുമില്ല. ഷെർലി മാത്യുവിന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ, മാരകമായ മുറിവുകളാണ്‌ സഫിയയുടെ മരണകാരണമെന്ന്‌ പറയുന്നു. അതിൽ പൊള്ളലിന്റെ സൂചനകളില്ല. ചോറുവാർക്കലും പൊള്ളലും ബാലവേല  നിരോധനക്കഥയും എല്ലാം ഹംസ തയ്യാറാക്കിയ തിരക്കഥകളാണോ; ഇല്ല, ഇനിയും ആർക്കുമതറിയില്ല!!

ദൃശ്യം 5
കാലം 2024 നവംബർ 11.  എല്ലാം എല്ലാവരും മറന്നുതുടങ്ങിയിരുന്നു. പക്ഷേ; സഫിയയുടെ കുടുംബത്തിന്‌ അങ്ങനെയാകില്ലല്ലോ. അവരുടെ ആദ്യപുഷ്‌പമാണ്‌ സഫിയ. അവരുടെ ആദ്യ സന്തോഷങ്ങളുടെ വേരാണവൾ. അവൾക്ക്‌ മാന്യമായ അന്ത്യസംസ്‌കാരം വേണമെന്ന്‌ മൊയ്‌തുവും ആയിഷയും ആഗ്രഹിച്ചു. അതിൻപ്രകാരം കോടതിയിൽ അപേക്ഷ നൽകി. സഫിയ കേസിൽ ഗവ. പ്ലീഡറായ അഡ്വ. സി ഷുക്കൂർ മുഖാന്തരം നൽകിയ ഹർജിയിൽ സഫിയയുടെ, കോടതിയിൽ സൂക്ഷിച്ച തലയോട്ടി, കുടുംബത്തിന്‌ കൈമാറാൻ ഉത്തരവായി. അതുപ്രകാരം അവളുടെ ഉപ്പയും ഉമ്മയും കോടതിയിലെത്തി നവംബർ 11ന്‌  ഏറ്റുവാങ്ങി. സീതാംളോഗി മുഹിമ്മാത്ത്‌ പള്ളിയിൽ അന്ത്യകർമങ്ങൾ ചെയ്‌ത്‌, കുടക്‌ അയ്യങ്കേരി ജുമാമസ്‌ജിദിൽ കബറടക്കി.

കഴിഞ്ഞില്ല; മേൽക്കോടതി ഹംസയുടെ വധശിക്ഷ, ജീവപര്യന്തമായി കുറച്ചു. അയാളിപ്പോഴും ജയിലഴിയിലാണ്‌. ഭാര്യ മൈമൂനയുടെയും ഭാര്യാ സഹോദരൻ അബ്ദുള്ളയുടെയും ശിക്ഷ, മേൽക്കോടതികൾ റദ്ദാക്കി; അവരും പുറത്തിറങ്ങി. പക്ഷേ, മനസ്സാക്ഷിയെന്ന വലിയ ജയിലിൽ അവരും കഠിനതടവ്‌ അനുഭവിക്കുകയാകില്ലേ. ആയിരിക്കും തീർച്ചയായും ആയിരിക്കും.


നീറ്റലായി ആ മകളിപ്പോഴും

സഫിയ വധക്കേസിൽ ഒന്നാം പ്രതിക്ക്‌ വധശിക്ഷ വിധിച്ച വിധിയിലെ 122–-ാം പാരഗ്രാഫിൽ കോടതി ഇങ്ങനെ പറയുന്നു.
‘‘അവധിപോലും ഉപേക്ഷിച്ചാണ്‌ ഈ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂർ മുഴുവൻ സമയവും പ്രവർത്തിച്ചത്‌. മകളെ നഷ്ടപ്പെട്ട ആ ദമ്പതികളുടെ വിലാപം, സ്വന്തം കണ്ണീരായി അദ്ദേഹം ഏറ്റുവാങ്ങി. പല്ലും നഖവും ഉപയോഗിച്ച്‌ അദ്ദേഹം നീതിക്കായി പോരാടി’’

ആ ഓർമകളുടെ തിരയിളക്കം, സിനിമാ നടൻ കൂടിയായ ഷുക്കൂറിൽനിന്ന്‌ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ‘‘കേസിൽ പ്രത്യേക താൽപ്പര്യം വേണമെന്ന സർക്കാർ നിർദേശം മാത്രമാണ്‌ മുന്നിൽ. ക്രൈം ബ്രാഞ്ച്‌ ഏൽപ്പിച്ച കുറ്റപത്രംതന്നെ 1600 പേജിലധികം. രാവെളുക്കുവോളം അതിലെ അക്ഷരങ്ങളിൽ സത്യത്തെ പരതി. സഫിയ സ്വന്തം മകളായി നിറകണ്ണുകളോടെ മുന്നിൽ. മകൾ ഗോവയിലെ അണക്കെട്ട്‌ പ്രദേശത്തെ മണ്ണാഴത്തിൽ രക്ഷതേടി നിലവിളിക്കുന്നു!

ആ കേസിന്റെ കാലം, ഒരുതരം ജ്വരബാധയുടെ കാലമായിരുന്നു. വ്യക്തിപരമായ കാര്യത്തിന്‌ കോഴിക്കോട്‌ പോയപ്പോൾ, ചിന്താഭരിതമായ എന്റെ യാത്രയ്‌ക്കുമേൽ ഒരു കാർ വന്നിടിച്ചു. അന്നു കൈക്കുണ്ടായ പരിക്കിൽ വിശ്രമമെടുക്കാതെ വച്ചുകെട്ടിയാണ്‌ കോടതിയിൽ പോയത്‌. കോടതി അതിന്റെ ഉത്തരവിൽ എന്റെ പരിക്കും അവിശ്രമമായ പോരാട്ടവും എടുത്തുപറഞ്ഞത്‌ ഇന്നും ഓർക്കുന്നു.’’

 അഡ്വ. സി ഷുക്കൂർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top