24 November Sunday

എന്റെ ശബ്ദസ്വപ്നങ്ങൾ-എസ് ശാരദക്കുട്ടിയുടെ ആകാശവാണി അനുഭവങ്ങൾ

എസ് ശാരദക്കുട്ടിUpdated: Tuesday Oct 17, 2023

മേനക ഓപ്പോൾ സിനിമയിലെ റേഡിയോ ഗാനരംഗത്തിൽ


എസ്  ശാരദക്കുട്ടി

എസ് ശാരദക്കുട്ടി

“When you listen to radio, you are a witness of the everlasting war between idea and appearance, between time and eternity, between the human and the divine,”
‐Herman Hesse .

ശബ്ദമാധ്യമം എന്ന നിലയിൽ ആകാശവാണിയുടെ പ്രാധാന്യം അനുഭവിച്ചറിയാത്തവർ എന്റെ തലമുറയിൽ ഉണ്ടാവില്ല. ആകാശവാണി എന്നത് ഒരാഘോഷമായിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ. രാവിലെ ഉണരുന്നത് തന്നെ ആകാശവാണിയുടെ  signature tune  കേട്ടാണ്. എന്റെ കുട്ടിക്കാലത്ത്  റേഡിയോ നിലയത്തിന്റെ ഗേറ്റ് തുറക്കുന്ന ശബ്ദമാണ് ശിവരഞ്ജിനി രാഗത്തിൽ ഞാൻ കേട്ടു കൊണ്ടിരുന്നത്. ഞങ്ങളുടെ പ്രഭാതം പൊട്ടിവിടരുന്ന ശബ്ദമതായിരുന്നു.

ഓർമയിലെ ആദ്യം കണ്ട റേഡിയോയുടെ പുറത്ത് ചുവന്നു തുടുത്ത ഒരാൺകുഞ്ഞിന്റെ മനോഹരമായ ചിത്രമുണ്ടായിരുന്നു. ചൂണ്ടുവിരൽ കീഴ്ച്ചുണ്ടിൽ ചേർത്തു പിടിച്ച് എന്തോ ആലോചനയിലെന്നപോലെയിരിക്കുന്ന ആ നുണക്കുഴിച്ചന്തത്തിനടുത്തായി മർഫി എന്ന് ഇംഗ്ലീഷിൽ എഴുതിയിരുന്നു.

ഗോതമ്പുനിറത്തിൽ പായ കെട്ടിയതു പോലെയായിരുന്നു ആ റേഡിയോയുടെ ഉടലഴക്. റേഡിയോയിൽ തുടങ്ങി റേഡിയോയിൽ തീരുന്ന ആ ദിവസങ്ങളെ കുറിച്ച് എത്ര ഓർമകളാണ് !! കേൾവിയുടേത് തികച്ചും സ്വകാര്യമായ ഒരു ലോകമാണ്. തികച്ചും സ്വകാര്യമായ മറ്റൊരു സംസ്കാരമാണത്. ഒരേ റേഡിയോയുടെ മുന്നിലിരിക്കുന്നവർ ഭാവനയിൽ ചെന്നുപെടുന്നത് വിചിത്രങ്ങളും വിഭിന്നങ്ങളുമായ ലോകങ്ങളിലാണ്.

ഞാൻ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിന്റെ പരിധിയിൽപ്പെട്ട ശ്രോതാവായതിനാൽ ഈ ലേഖനത്തിൽ കൂടുതലായും ആ നിലയം പ്രക്ഷേപണം ചെയ്യുന്ന പരിപാടികളാണ് പരാമർശിക്കപ്പെടുന്നത്. സംഗീതത്തിന്റെ വലുതായ ഒരു ലോകം സാധാരണ മലയാളിക്കു തുറന്നുകൊടുത്തത് റേഡിയോയും ആകാശവാണിയുമാണ്.

അക്കാലത്ത് ജനതയുടെ സംഗീതാഭിരുചി വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചത് ആകാശവാണിയുടെ വിവിധ നിലയങ്ങളാണ്. മാത്രമല്ല, വിവിധ് ഭാരതി, ശ്രീലങ്ക സ്‌റ്റേഷനുകൾക്കും കേരളത്തിൽ സ്ഥിരം ശ്രോതാക്കളുണ്ടായിരുന്നു. ‘നാളെ മൂന്റു മുപ്പതു വരേക്കും നമസ്കാരം പറയുന്നത് സരോജിനി ശിവലിംഗം' എന്ന തമിഴ് മണമുള്ള മലയാളശബ്ദം കേൾക്കാത്ത ദിവസങ്ങൾ കേരളത്തിനുണ്ടായിരുന്നില്ല.

എം ജി രാധാകൃഷ്ണൻ

എം ജി രാധാകൃഷ്ണൻ

ലളിതസംഗീതപാഠത്തിൽ എം ജി രാധാകൃഷ്ണൻ പഠിപ്പിച്ച ഗാനങ്ങൾ കേൾക്കാനും പഠിക്കാനുമായി പേനയും ബുക്കുമെടുത്ത് റേഡിയോക്കു മുന്നിലിരുന്നിട്ടുണ്ട്. മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി, പൂമുണ്ടും തോളത്തിട്ട്, ഘനശ്യാമസന്ധ്യാ ഹൃദയം, ഓണക്കോടിയുടുത്തു മാനം … അങ്ങനെ എത്ര അനശ്വരഗാനങ്ങൾ. 'ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും ഒരു ദ്വാപരയുഗസന്ധ്യയിൽ’, ഘശ്യാമ സന്ധ്യാ ഹൃദയം, യമുനേ യമുനേ സ്വരരാഗഗായികേ… ഇവയെല്ലാം ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രിയമായിരുന്നു.

റേഡിയോ ഒരു കാലത്ത് മലയാളമുൾപ്പെടെയുള്ള എല്ലാ ചലച്ചിത്രങ്ങളിലെയും നിത്യസാന്നിധ്യമായിരുന്നു. നഗരത്തിൽ നിന്ന് കയ്യിലൊരു റേഡിയോയുമായി ഗ്രാമത്തിലേക്കെത്തുന്ന നായകനും നായകന്റെ ശബ്ദം റേഡിയോയിൽ കേട്ട് പ്രണയമറിയുന്ന നായികയുമൊക്കെ സിനിമകളിലെ നിത്യക്കാഴ്‌ചകളായിരുന്നു. ‘വെള്ളിച്ചിലങ്കയണിഞ്ഞൊരു പെണ്ണ് വള്ളുവനാടൻ പെണ്ണ്' എന്ന കാട്ടുതുളസിയിലെ പാട്ട് തുടങ്ങുന്നത് ശാരദയുടെ അടുത്തേക്ക് റേഡിയോയുമായി പാടിവരുന്ന സത്യനിലാണ്.

 ‘ആഭിജാത്യ’ത്തിൽ  ശാരദ റേഡിയോ ഗായികയുടെ വേഷത്തിൽ

‘ആഭിജാത്യ’ത്തിൽ ശാരദ റേഡിയോ ഗായികയുടെ വേഷത്തിൽ

പ്രണയത്തിന്റെ പ്രധാന സൂചകമായി മലയാളചലച്ചിത്രങ്ങൾ റേഡിയോയെ ധാരാളമായി ഉപയോഗിച്ചു. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, വൈക്കത്തഷ്ടമി നാളിൽ, വൃശ്ചിക രാത്രി തൻ അരമന മുറ്റത്തൊരു, പൊട്ടിക്കാൻ ചെന്നപ്പോൾ പൂമ്പൊടി ചോദിച്ചു, ഹർഷ ബാഷ്പം തൂകി, മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടത്ത് തുടങ്ങി എത്രയോ ഗാനങ്ങളിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് റേഡിയോ ആണ്.

റേഡിയോ സ്റ്റേഷനും റെക്കോർഡിങ്ങും ട്രാൻസ്മിറ്ററും ഒക്കെ ഞാനാദ്യമായി കാണുന്നത് ആഭിജാത്യം സിനിമയിലാണ്. ഗായകരും പ്രണയികളുമായ കഥാപാത്രങ്ങൾ (മധുവും ശാരദയും) ചേർന്നുള്ള ഗാന ചിത്രീകരണമാണ് വൃശ്ചികരാത്രി തൻ അരമന മുറ്റത്തൊരു എന്ന പാട്ടിന്റെ രംഗത്തുള്ളത്.

ആകാശവാണി തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട്.. ആദ്യം പ്രാദേശിക വാർത്തകൾ.. തുടർന്ന് ഡൽഹിയിൽ നിന്നുള്ള മലയാള വാർത്തകൾ. ‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ', ഗോപൻ, സുഷമ, പ്രതാപൻ, വിഷ്ണു  . ഇവർക്ക് പേരുകളും ശബ്ദങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. മുഖമില്ലായിരുന്നു. ആ ശബ്ദങ്ങളാണ് അവരെ തിരിച്ചറിയാൻ ഞങ്ങളെ പ്രാപ്തരാക്കിയിരുന്നത്.

ഭാര്യമാർ സൂക്ഷിക്കുക  സിനിമയിൽ റേഡിയോ ഗായകനായി പ്രേം നസീർ

ഭാര്യമാർ സൂക്ഷിക്കുക സിനിമയിൽ റേഡിയോ ഗായകനായി പ്രേം നസീർ

ഇവരിൽ പ്രതാപനും വിഷ്ണുവും ദേശീയ വാർത്തകളായിരുന്നു വായിച്ചതെന്നാണ് ഓർമ. അങ്ങനെ വാർത്തകൾ അതിശയോക്തികളും ആവേശങ്ങളുമില്ലാതെ എന്നാൽ താളാത്മകമായ കേൾവി സുഖം പകർന്ന് ഞങ്ങളെ ചേർത്തിരുത്തി. ഞായറാഴ്ച ഉച്ചക്ക് ഊണ്' വിളമ്പി കഴിക്കാൻ തുടങ്ങുമ്പോൾ കൗതുകവാർത്തകൾ തുടങ്ങും.

‘കൗതുകവാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ' എന്ന പ്രത്യേക ഈണത്തിനായി കാത്തിരുന്ന നട്ടുച്ചകൾ. വാർത്തകളുടെ കൗതുകത്തേക്കാൾ രാമചന്ദ്രന്റെ അവതരണത്തിലെ കൗതുകമായിരുന്നു പരിപാടിയുടെ ആകർഷണം.

അവധി ദിവസങ്ങളിലാണ് രാവിലെ 9 മണിക്കു ശേഷം തമിഴ് ചൊൽ മാലൈ ഉണ്ടാവുക. തമിഴ്നാട്ടിൽ നിന്നുള്ള വിശേഷങ്ങളും ചെറു നാടകങ്ങളും പാട്ടുകളും ഒക്കെ ചേർത്തുള്ള ഈ പരിപാടി കേട്ടുകേട്ടാണ് ഞാൻ തമിഴ് ഭാഷ പഠിച്ചുതുടങ്ങിയത്. തൊട്ടടുത്ത് തമിഴ് ബ്രാഹ്മണരുടെ വീടുകൾ ധാരാളമായുണ്ടായിരുന്നതിനാൽ ഞങ്ങളുടെ അന്തരീക്ഷത്തിൽ എപ്പോഴും തമിഴ് ഭാഷ ഉണ്ടായിരുന്നു.

ഉങ്കൾ വിരുപ്പം, പല്ലാണ്ട് വാഴ്ത്തുകൾ എന്നിങ്ങനെ തമിഴ് പരിപാടികൾ ഭാഷകളും ദേശങ്ങളും തമ്മിലുള്ള അടുപ്പം വർധിപ്പിച്ചു. കോട്ടയത്തെ തുണിക്കടകളിൽ ജോലിക്കു വരുന്നവർ ഏറെയും അന്നത്തെ മദ്രാസിൽ നിന്നുള്ളവരായിരുന്നു. അവരുടെ വീടുകളിൽ നിന്ന് തുടർച്ചയായി തമിഴ് ചൊൽ മാലൈ കേൾക്കാമായിരുന്നു.

ആറ്‌ മണിക്ക് വന്ദേമാതരം, തുടർന്ന് സുഭാഷിതം, ഉദയഗീതം, പ്രഭാതഭേരി, പ്രാദേശികവാർത്തകൾ, ലളിത സംഗീതപാഠം അങ്ങനെ ഞങ്ങളുടെ സമയമാപിനിയായിരുന്നു ആകാശവാണി.

വാർത്തകൾ തുടങ്ങുന്ന സമയം നോക്കിയാണ് കൃത്യനിഷ്ഠക്കാരനായിരുന്ന അച്ഛൻ വാച്ചിന് കീ കൊടുത്തിരുന്നത്.റേഡിയോ ഓൺ ചെയ്തു വെച്ചാണ് ഞങ്ങൾ ബസ്സിനൊപ്പവും ട്രെയിനിനൊപ്പവും ഓടിയെത്തിയിരുന്നത്. ഓടുന്ന വഴിയിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും മുറുക്കാൻ കടകളിലും തുടർന്നുള്ള റേഡിയോ  പരിപാടികൾ കേട്ടുകൊണ്ടാണ് ഓട്ടം.

വാർത്തകൾ തുടങ്ങുന്ന സമയം നോക്കിയാണ് കൃത്യനിഷ്ഠക്കാരനായിരുന്ന അച്ഛൻ വാച്ചിന് കീ കൊടുത്തിരുന്നത്.റേഡിയോ ഓൺ ചെയ്തു വെച്ചാണ് ഞങ്ങൾ ബസ്സിനൊപ്പവും ട്രെയിനിനൊപ്പവും ഓടിയെത്തിയിരുന്നത്. ഓടുന്ന വഴിയിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും മുറുക്കാൻ കടകളിലും തുടർന്നുള്ള റേഡിയോ  പരിപാടികൾ കേട്ടുകൊണ്ടാണ് ഓട്ടം. ഞാനോടുമ്പോൾ കൂടെ ഓടുന്ന കൂട്ടുകാരി. പ്രവൃത്തിദിനങ്ങളിൽ രാവിലെയും വൈകിട്ടും, അവധിദിനങ്ങളിൽ പകൽമുഴുവനും ഞങ്ങളുടെ സഹചാരി റേഡിയോ തന്നെയായിരുന്നു.

 യേശുദാസ്

യേശുദാസ്

എന്തെല്ലാം കഥകളും പൊട്ടവിശ്വാസങ്ങളുമാണ് റേഡിയോയുമായി ബന്ധപ്പെടുത്തി ഞങ്ങളുടെ പ്രായത്തിലെ കുട്ടികൾ അന്ന് സൃഷ്ടിച്ചു കൊണ്ടിരുന്നത്. അതിലൊന്നാണ് ശിവരഞ്ജിനിയുടെ ഈണത്തിൽ ഗേറ്റ് തുറക്കുന്ന റേഡിയോ നിലയത്തിലെ ഗേറ്റ്മാൻ. അയാൾ വന്ന് ഗേറ്റ് തുറന്നാലേ വന്ദേമാതരം തുടങ്ങാനാകൂ. അയാൾ ഒരിക്കൽ പോലും ലേറ്റായിട്ടില്ല. ഈ ചെറിയ പെട്ടിയിൽ യേശുദാസ് എങ്ങനെ, എപ്പോൾ കയറിക്കൂടുന്നു എന്നത് വലിയ സംശയമായിരുന്നു. ആരും കാണാതെ വരുകയും പോവുകയും ചെയ്യുന്നതു കൊണ്ടാണ് ഗന്ധർവ്വൻ എന്ന് വിളിക്കുന്നതെന്ന് ഒരു കൂട്ടുകാരി പറഞ്ഞു.

അനശ്വര നടൻ സത്യന്റെ മരണദിവസത്തെ റേഡിയോ അനുഭവം ഞാൻ മറക്കില്ല. അന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. സ്കൂളിൽ പെട്ടെന്ന് മൈക്കിലൂടെ ഹെഡ് മാസ്റ്ററുടെ ഒരു അനൗൺസ്മെന്റ്. ‘മലയാളത്തിന്റെ അഭിമാന ഭാജനമായ നടൻ സത്യൻ ഓർമയായി. എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനമാചരിക്കുക.' ഇന്നും മറക്കാത്ത അനൗൺസ്മെന്റ്. സ്കൂളാകെ മൗനം. ഉച്ചക്കുള്ള ബ്രേക്കിൽ സ്കൂളിലെ അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ സത്യന്റെ ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ചലച്ചിത്രഗാന പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്തത് സ്കൂളിൽ കേൾപ്പിച്ചു.

നടൻ സത്യന്റെ അന്ത്യരംഗം

നടൻ സത്യന്റെ അന്ത്യരംഗം

ഉച്ചക്കുള്ള break  സമയത്ത് കുട്ടികളും അധ്യാപകരും നിശ്ശബ്ദരായി ആ പാട്ടുകൾ കേട്ടിരുന്നു. ‘അഗ്നിപർവ്വതം പുകഞ്ഞു ഭൂചക്രവാളങ്ങൾ ചുവന്നൂ മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നൂ'  എന്ന പാട്ട് ഇത്രയും വേദനയോടെ മറ്റൊരിക്കലും കേട്ടിട്ടില്ല.‘...ഗരുഡാ ഹേ ഗരുഡാ ചുവന്ന ചിറകുമായ്‌ താണു പറന്നീ പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ, എടുത്തുകൊള്ളൂ’ എന്ന ഭാഗമെത്തിയപ്പോൾ ഞങ്ങളുടെ അധ്യാപിക സാരിത്തുമ്പു കൊണ്ട് മുഖം പൊത്തിക്കരഞ്ഞത് ഇന്നും ഓർമയിലുണ്ട്.

സത്യന്റെ മരണത്തിലാണ് ഞാനാദ്യമായി ഒരു മരണഘോഷയാത്രയുടെ തത്സമയ പ്രക്ഷേപണവും കേൾക്കുന്നത്. നാഗവള്ളി ആർ എസ് കുറുപ്പിന്റെ ശബ്ദമായിരുന്നു അന്ന് കേട്ടത് എന്ന് ഞാൻ ഊഹിക്കുന്നു.

നാഗവള്ളി  ആർഎസ് കുറുപ്പ്‌

നാഗവള്ളി ആർഎസ് കുറുപ്പ്‌

വികാരഭരിതമായിരുന്നു ആ വിവരണം.

ഞങ്ങളുടെ സ്കൂൾ, റേഡിയോയുടെ സഹായത്തോടെ സത്യനെ ഏറ്റവും വേദനാഭരിതമായ വികാരവായ്പോടെ യാത്രയയച്ചത് ഞാനിന്നും ഓർക്കുന്നു. കേരളത്തിൽ മറ്റേതെങ്കിലും സ്ഥാപനം ഇത്രക്കൊരു ആദരവ് ആ അനശ്വര കലാകാരന് നൽകിയിട്ടുണ്ടോ എന്നറിയില്ല. ആ സ്‌കൂളിലെ അന്നത്തെ ഹെഡ്മാസ്റ്റർ എന്റെ അച്ഛനായിരുന്നു എന്നത് ഏറ്റവും അഭിമാനകരമായ വസ്തുതയാണ്.

വാർത്താ മാധ്യമമായും വിനോദത്തിനും വിജ്ഞാനത്തിനും നാം ആശ്രയിച്ചിരുന്നത് റേഡിയോയെ ആണ്. ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്ന റേഡിയോ കുഞ്ഞുപെട്ടി. ഓരോ ബാന്റ് മാറി മാറി ഞെക്കിയാൽ ഷോർട്ട് വേവ് കിട്ടുമെന്നും സിലോണിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ കേൾക്കാമെന്നും അറിയുന്നതൊക്കെ മറ്റൊരു ഭൂഖണ്ഡം കണ്ടെത്തുന്ന ആഹ്ലാദത്തിലായിരുന്നു.

റേഡിയോ നാടകങ്ങൾ, ചലച്ചിത്ര ശബ്ദരേഖകൾ, ലളിതസംഗീത പാഠം, രഞ്ജിനി എന്ന നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാന പരിപാടി, ബാലലോകം യുവവാണി, മഹിളാലയം, വയലും വീടും, വിദ്യാഭ്യാസരംഗം, ഗാന്ധിമാർഗം, ദേശീയ സംഗീത പരിപാടി ഇങ്ങനെ അകലാനനുവദിക്കാതെ റേഡിയോ കൂടെപ്പിടിച്ചു നിർത്തി. ആകാശവാണി വാർത്താവിഭാഗം തയ്യാറാക്കുന്ന പ്രത്യേക വാർത്താപരിപാടിയായ വാർത്താതരംഗിണിയുടെ signature tune ഇന്നും ഒരു ഗൃഹാതുരസ്മരണയാണ്.

ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അന്ന് ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന പി ഗംഗാധരൻ നായരാണ് ആകർഷകമായ ഇത്തരം സിഗ്‌നേച്ചർ ട്യൂണുകൾആകാശവാണി തിരുവനന്തപുരം നിലയത്തിനു വേണ്ടി തയ്യാറാക്കിയത് എന്നാണ്. ഇന്നും പുതുമ നഷ്ടപ്പെടാതെ ശ്രോതാക്കളെ ആഹ്ലാദിപ്പിക്കുന്ന സംഗീതം. യുവവാണിക്കും മഹിളാലയത്തിനും രഞ്ജിനിക്കും ഒക്കെയുണ്ട് വ്യത്യസ്തതയുള്ള സിഗ്‌നേച്ചർ ട്യൂണുകൾ. ഇതിനെല്ലാമായി ആ കൊച്ചുപെട്ടിയുടെ ചുറ്റിനും കൂടിയ അക്കാലം ആർക്കാണ് മറക്കാൻ കഴിയുക....

ഫോട്ടോ: ബിനുരാജ്‌

ഫോട്ടോ: ബിനുരാജ്‌

ആദ്യ റേഡിയോ വീട്ടിൽ വന്നപ്പോൾ അച്ഛൻ ആളെ നിർത്തി പണിയിപ്പിച്ച റേഡിയോസ്റ്റാൻഡ് ഒരാഡംബരവസ്തു പോലെ മുൻവശത്തെ ഹാളിൽ പ്രധാനസ്ഥാനത്ത് കൊണ്ടു വെച്ചു. എന്തൊരുത്സവമായിരുന്നു അന്ന്.

ആദ്യ കാലങ്ങളിൽ കുട്ടികളുടെ പരിപാടികളായിരുന്നു കൂടുതൽ ശ്രദ്ധിച്ചിരുന്നത്. രശ്മിയും ബാലലോകവും. ‘കുഞ്ഞൂഞ്ഞാപ്പക്ഷി ഇത്തിക്കൊമ്പിലിരുന്നു മുട്ടയിട്ടു. ആ മുട്ട ഉരുണ്ടു താഴെ വീണു…,' എന്നു തുടങ്ങുന്ന മാതിരി  നീണ്ടു നീണ്ടു നീണ്ടുപോകുന്ന കഥകൾ രശ്മി അവതരിപ്പിക്കുന്ന റേഡിയോ ചേച്ചി പറഞ്ഞു തരുമായിരുന്നു. കുറച്ചു കൂടി മുതിർന്നപ്പോൾ ബാലലോകം അമ്മാവനായി കൂട്ടുകാരൻ. ഞങ്ങൾക്കുമുണ്ടായിരുന്നു ഒരു റേഡിയോ ക്ലബ്.

കോട്ടയം വിശ്വഭാരതി റേഡിയോ ക്ലബ്ബിലെ കൂട്ടുകാരയച്ച കത്ത്, കഥ, കവിത എന്നിവ കിട്ടി എന്ന് ബാലലോകം അമ്മാവൻ പറയുന്നതു കേൾക്കാനായി ഞങ്ങളുടെ ഞായറാഴ്ചകൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു. വിശ്വഭാരതി, നവരശ്മി, ചൈതന്യ എന്നെല്ലാമുള്ള പല പേരുകളിൽ നാടെങ്ങും കുട്ടികളുടെ ബാലലോകം ക്ലബുകൾ ഉണ്ടായിരുന്നു.

മലയാളത്തിലെ മുഖ്യധാരാ ആനുകാലിക പ്രസിദ്ധീകരണങ്ങൾ അവരുടെ ബാലമാസികകൾ വിഭാവനം ചെയ്യുന്നതിനൊക്കെ എത്രയോ മുൻപായിരുന്നു ഈ ബാലലോകങ്ങൾ സജീവമായിരുന്നത്. കേൾവിയിലൂടെ കാഴ്ചയുടെ അന്തരീക്ഷമുണ്ടാക്കുകയാണ് റേഡിയോ ചെയ്യുന്നത്.

ശബരിമല മകരവിളക്കും നെഹ്രുട്രോഫി വള്ളംകളിയും ഞങ്ങൾ കണ്ടത് റേഡിയോയിലൂടെയാണ്. സന്ധ്യക്ക് കുളി കഴിഞ്ഞ് ശുഭ്രവസ്ത്രം ധരിച്ചാണ് അമ്മുമ്മ മകരവിളക്ക് തത്സമയ കമന്ററി കേൾക്കാനിരിക്കുന്നത്.  നാഗവള്ളി ആർ എസ് കുറുപ്പും ശ്യാമളാലയം കൃഷ്ണൻ നായരുമാണ് എന്റെ ഓർമയുടെ തുടക്കം മുതലുള്ള തത്സമയ കമന്ററിക്കാർ.

ഭക്തിയുടെ ഗിരിശൃംഗങ്ങളിൽ എത്തിക്കുന്നതാണ് അവരുടെ അവതരണം. പി ഡി ലൂക്കിന്റെ പ്രത്യേകതരം അവതരണരീതിയിൽനെഹ്രുട്രോഫി വള്ളംകളി കാണുമ്പോൾ പുന്നമടക്കായലിനരികിലെ പവലിയനിലാണെന്ന ആവേശമനുഭവിച്ചു. ചുണ്ടൻ വള്ളവും ചുരുളൻ വള്ളവും തുഴച്ചിൽകാരുടെ ആവേശവും കാണികളുടെ ആരവവും ഒരൊറ്റയാളുടെ തൊണ്ടയിൽ നിന്നാണ് ഞങ്ങൾ അറിഞ്ഞത്.

‘അകത്തും വെള്ളം പുറത്തും വെള്ളം സർവ്വത്ര വെള്ളം…കാരിച്ചാലാണോ കാവാലമാണോ … അയ്യോ ആരാണ് മുന്നിൽ  .. കാണികൾ സമ്മർദത്തിന്റെ മുൾമുനയിൽ... 'ഓരോ ശ്രോതാവിനെയും അയാൾക്കിഷ്ടപ്പെടുന്ന വള്ളത്തിന്റെ തുഞ്ചത്തിരുത്തി ജഉ ലൂക്കിന്റെ വിവരണശേഷി. തലനാരിഴക്ക് കാരിച്ചാൽ മുൻപിൽ കയറിയാൽ കാവാലം ഫാൻസിന് നിരാശ. റേഡിയോക്കു മുന്നിലുമുണ്ട് പവലിയനിലും പുന്നമടക്കായലിന്റെ ഇരുകരയിലുമുള്ളത്ര ആൾക്കൂട്ടം.

ഷീല

ഷീല

ഞങ്ങളുടെ ബാല്യത്തിന്റെ വള്ളംകളി പി ഡി  ലൂക്കിന്റെയും നാഗവള്ളി ആർ എസ് കുറുപ്പിന്റെയും ശ്യാമളാലയത്തിന്റെയും ശബ്ദപ്രവാഹത്തിലായിരുന്നു. ഇന്നത്തെ തലമുറയുടെ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരന്റെ ആവേശത്തിമിർപ്പ് കാണുമ്പോൾ ഇവരെയെല്ലാം ഓർമവരും. നൂറ്റാണ്ട് പിന്നിടുന്ന ആകാശവാണി അനുഭവത്തിൽ  ഏറ്റവുമധികം ആസ്വദിച്ചിട്ടുള്ളത് ഇത്തരം തത്സമയ പ്രക്ഷേപണങ്ങളായിരുന്നു.

സിനിമാതാരങ്ങളുടെ ഇഷ്ട ചലച്ചിത്രഗാനങ്ങൾ കേൾപ്പിക്കുന്ന ചിത്രവാണി എന്ന പ്രത്യേകപരിപാടി വിശേഷ ദിവസങ്ങളിൽ ഉണ്ടാകുമായിരുന്നു. ചലച്ചിത്രതാരങ്ങൾ അവരുടെ ചലച്ചിത്രാനുഭവങ്ങളും വ്യക്ത്യനുഭവങ്ങളും പറയുന്നതിനിടയിൽ ആ അനുഭവവുമായി ബന്ധപ്പെട്ട പാട്ടുകൾ വെക്കും.

ഷീല, ശാരദ, ജയഭാരതി, ശ്രീവിദ്യ, പ്രേംനസീർ, പി ഭാസ്കരൻ, അടൂർ ഭാസി, കെ പി  ഉമ്മർ ഒക്കെ അവതരിപ്പിച്ച ചിത്രവാണി ഇന്നും എനിക്കോർമ്മയുണ്ട്.

അന്ന് ആകാശവാണിയല്ലാതെ നമുക്ക് സിനിമാതാരങ്ങളുടെ വിശേഷങ്ങളറിയാൻ മറ്റൊരുപാധിയും ഇല്ലായിരുന്നു. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനചിത്രീകരണത്തിനിടയിൽ ഷീലയുടെ കാലിൽ അട്ട കടിച്ചിറുക്കി ചോര ഒഴുകി വന്ന അനുഭവം പറഞ്ഞിട്ടാണ് ഷീല ആ പാട്ട് പ്രക്ഷേപണം ചെയ്തത്.

അന്ന് ആകാശവാണിയല്ലാതെ നമുക്ക് സിനിമാതാരങ്ങളുടെ വിശേഷങ്ങളറിയാൻ മറ്റൊരുപാധിയും ഇല്ലായിരുന്നു. പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ എന്ന ഗാനചിത്രീകരണത്തിനിടയിൽ ഷീലയുടെ കാലിൽ അട്ട കടിച്ചിറുക്കി ചോര ഒഴുകി വന്ന അനുഭവം പറഞ്ഞിട്ടാണ് ഷീല ആ പാട്ട് പ്രക്ഷേപണം ചെയ്തത്. ആ പാട്ട് എപ്പോൾ കേട്ടാലും ചിത്രവാണി ഓർമവരും. ആകാശവാണിയുടെ സ്മരണികയിൽ പ്രിയതാരങ്ങൾ ചിത്രവാണി അവതരിപ്പിക്കുന്ന ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. കൈയിൽ കടലാസ് എടുത്ത് മെഗാഫോണിനടുത്ത് പിടിച്ച് ചുരുട്ടിക്കൂട്ടി ശബ്ദമുണ്ടാക്കിയാൽ കാറ്റും ഇടി മിന്നലുമുണ്ടാകുന്ന ശബ്ദം കേൾപ്പിക്കാൻ കഴിയുമെന്ന് പി ഭാസ്കരൻ പറഞ്ഞതും ഇത്തരമൊരു പരിപാടിയിലാണ്.

പി ഭാസ്കരൻ

പി ഭാസ്കരൻ

പരിമിതമായ സൗകര്യങ്ങളിൽ മികച്ച സിനിമകൾ ഉണ്ടാക്കിയ കഥകൾ കേട്ടിരുന്നിട്ടുണ്ട്. ചലച്ചിത്ര ശബ്ദരേഖകളാണ് മറ്റൊരു പ്രധാന ഇനം. ടി ആർ  ഓമനയുടെ ചിത്രവാണിയിൽ, അവർ ശാരദക്കു ശബ്ദം കൊടുത്ത അനുഭവങ്ങൾ വിവരിച്ചത് ഇന്നും ഓർമയിൽ.

'എന്നും രാത്രി യേശുദാസിന്റെ പഴയ ഗാനങ്ങള്‍ പാടിത്തന്ന്‌ എന്നെ ഉറക്കുന്ന പ്രിയപ്പെട്ട ഭര്‍ത്താവിനും ഞങ്ങളുടെ മകന്‍ സ്വാതിതിരുനാളിനും വേണ്ടി ‘സുറുമയെഴുതിയ മിഴികളേ' എന്ന ഗാനം കേള്‍പ്പിക്കണം’. ഹരിപ്പാട് നിന്നും ശോഭന. ഒരിക്കൽ ആകാശവാണിയിലെ ഓർമച്ചെപ്പ് എന്ന പരിപാടിയില്‍  കേട്ടത്. സ്വപ്നജാലകം എന്നും ഓർമച്ചെപ്പ് എന്നും ഉള്ള പേരുകളിൽ ശ്രോതാക്കളുടെ പ്രിയപ്പെട്ട പഴയ ഗാനങ്ങൾ തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്യുന്നത് കേട്ടാണ് രാവിലെ അമ്മ പ്രഭാത ഭക്ഷണം കഴിക്കുക.

അമ്മയെവിടെയോ അവിടെ അമ്മയുടെ പ്രിയപ്പെട്ട പോക്കറ്റ് റേഡിയോയും ഉണ്ടാകും. കാഴ്ച നഷ്ടപ്പെട്ടതിനു ശേഷം അമ്മയുടെ കണ്ണും കാതും റേഡിയോ ആയിരുന്നു. ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന എന്റെ സഹോദരൻ എസ് ഗോപാലകൃഷ്ണന്റെ സുഹൃത്തുക്കൾ വീട്ടിലെത്തുമ്പോൾ ശബ്ദം കൊണ്ട് മാത്രമാണ് അമ്മ അവരെ തിരിച്ചറിഞ്ഞിരുന്നത്.

വാസുദേവല്ലേ, ചാർളിയല്ലേ, നാരായണൻ നമ്പൂതിരി അല്ലേ, ശ്രീകണ്ഠൻ നായരല്ലേ, ഉണ്ണിക്കൃഷ്ണനുണ്ണിത്താനല്ലേ എന്ന് പേരു വിളിച്ച് സംസാരിക്കുമായിരുന്നു.

ഉച്ചക്ക് ഒരു മണിക്കായിരുന്നു രഞ്ജിനി എന്ന ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാന പരിപാടി. ഒരു പക്ഷേ ഏറ്റവും കൂടുതൽ ശ്രോതാക്കൾ ആസ്വദിക്കുന്ന പരിപാടിയും അതു തന്നെ ആയിരുന്നിരിക്കും. സ്വന്തം പേരും പ്രിയപ്പെട്ടവരുടെ പേരും ചേർത്ത നീണ്ട ലിസ്റ്റ് റേഡിയോയിലൂടെ വായിച്ചു കേൾക്കുവാനുള്ള കൗതുകമാണ് രഞ്ജിനിയിലേക്ക് ശ്രോതാക്കളെ അടുപ്പിച്ചു നിർത്തുന്ന ഒരു ഘടകം.

ആകാശവാണിക്കു മാത്രം സ്വന്തമായ അലഭ്യങ്ങളും അപൂർവ്വങ്ങളുമായ ഗാനശേഖരത്തിൽ നിന്ന് നമ്മുടെ ഒക്കെ ഓർമയിൽ ചിറകടിക്കുന്ന ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാനുള്ള അഭിരതി രഞ്ജിനിയെ ഇന്നും ശ്രോതാക്കളുടെ പ്രിയപ്പെട്ട പരിപാടിയാക്കി നിലനിർത്തുന്നു.

സിനിമാരംഗത്തുള്ള പ്രതിഭകൾ, എഴുത്തുകാർ, അഭിനേതാക്കൾ,  രാഷ്ടീയ നേതാക്കൾ,  കലാകാരന്മാർ, സിവിൽ സെർവന്റ്സ്, ഉന്നതോദ്യോഗസ്ഥർ, സാധാരണക്കാർ ഇങ്ങനെ എല്ലാ വിഭാഗത്തിലും പെട്ട പ്രമുഖരുമായുള്ള അഭിമുഖ

തൃശൂർ  ആകാശവാണിയ്‌ക്കു വേണ്ടി   പി ജെ ആന്റണിയുമായി കെ വി മണികണ്‌ഠൻ നായർ അഭിമുഖം നടത്തിയപ്പോൾ  (ഫോട്ടോ കടപ്പാട്‌: ഡി പ്രദീപ്‌കുമാർ)

തൃശൂർ ആകാശവാണിയ്‌ക്കു വേണ്ടി പി ജെ ആന്റണിയുമായി കെ വി മണികണ്‌ഠൻ നായർ അഭിമുഖം നടത്തിയപ്പോൾ (ഫോട്ടോ കടപ്പാട്‌: ഡി പ്രദീപ്‌കുമാർ)

സംഭാഷണങ്ങളാണ് അന്നത്തെ മറ്റൊരു പ്രിയപ്പെട്ട ആകാശവാണിപരിപാടി. മാർക്ക്‌ ട്വയിൻ അഭിമുഖങ്ങളെ പറ്റി പറഞ്ഞത് ‘‘അസുഖകരമായ കണ്ടുപിടിത്തം'' എന്നാണ്.

സാഹിത്യ അഭിമുഖങ്ങൾക്ക് വലിയ ഒരു നിലയും വിലയും ഉണ്ടാക്കിത്തന്നത് മലയാളത്തിൽ ആകാശവാണി തന്നെയാണ്. ഇന്നും എത്ര ശ്രദ്ധയോടെയും ഗൗരവത്തോടെയുമാണ് ആകാശവാണി എഴുത്തുകാരുമായുള്ള അഭിമുഖങ്ങൾ ആസൂത്രണം ചെയ്യുന്നത്.

ആകാശവാണിയിൽ സാഹിത്യ അഭിമുഖവും ഒരു മികച്ച കലാരൂപം തന്നെയാണ്.  അനായാസമല്ല ആ പ്രക്രിയ. താൻ അഭിമുഖം ചെയ്യുന്ന സബ്ജെക്റ്റ് എഴുതിയിട്ടുള്ളതത്രയും അഭിമുഖകാരൻ വായിച്ചിരിക്കണം.

ഉരുവിട്ടു മനഃപാഠമാക്കിയ ചോദ്യങ്ങൾക്ക് പകരം എഴുത്തുകാരന്റെ ഉത്തരങ്ങളെ പിന്തുടർന്നുകൊണ്ട് വേണം അഭിമുഖകാരൻ സഞ്ചരിക്കേണ്ടത്. സൂക്ഷ്‌മ സംവേദനക്ഷമതയുള്ള ജാഗ്രതയുള്ള വായനക്കാരനാകണം അഭിമുഖം ചെയ്യുന്നയാൾ.

അയാളുടെ ചോദ്യങ്ങൾ വിശകലനം, സംവാദം (വിവാദം അല്ല), കഥാകഥനം എന്നിവ എഴുത്തുകാരനിൽ ഉണർത്തണം. കേൾക്കാനുള്ള ക്ഷമയുണ്ടാകണം. പറയാനനുവദിക്കണം. അനാവശ്യ വിവാദങ്ങൾ കൊണ്ട് സംഭാഷണങ്ങളുടെ ഗൗരവം ചോർത്തിക്കളയാതിരിക്കണം

. അങ്ങനെ വരുമ്പോൾ, അഭിമുഖം ചെയ്യപ്പെടുന്നയാൾ വായനക്കാരനെ വ്യവസ്ഥകൾക്കും പ്രതിപാദ്യവിഷയങ്ങൾക്കും അപ്പുറത്തേക്ക് കൊണ്ടുപോകുന്നു. അപ്പോൾസൂക്ഷ്‌മാവലോകനങ്ങൾക്ക് ഇടം കിട്ടുന്നു. അഭിമുഖകാരൻ ഒരു നല്ല ആതിഥേയനായി പ്രവര്‍ത്തിക്കുന്നു. മിഥ്യാപ്രശംസകനാകാതെ ശ്രദ്ധാലുവും വീണ്ടുവിചാരമുള്ളവനുമാകുന്നു. അതിന്നത്തെ കാലത്ത് ഒരു അപൂർവതയാണ്. പക്ഷേ ഈ കാലത്തും ആകാശവാണി, ദൃശ്യമാധ്യമങ്ങളേക്കാൾ ജാഗ്രത സൂക്ഷിക്കുന്നുണ്ട്.

തകഴിയും  കേശവദേവുമൊക്കെ സംസാരിക്കുന്നത് കേട്ടിരിക്കുന്നത് ഒരനുഭവമാണ്. ആകാശവാണിയുടെ ആർക്കൈവ്സ് എന്നാൽ അതൊരു സാംസ്കാരിക കലവറ തന്നെയാണ്. അന്നു നടത്തിയ വലിയ അഭിമുഖങ്ങളിൽനിന്ന് അടർത്തിയെടുത്ത ചെറിയ ബൈറ്റുകൾ ഇപ്പോഴും ഇടക്കിടെ പ്രക്ഷേപണം ചെയ്യാറുണ്ട്. ബാലാമണിയമ്മയുടെയും കുട്ടികൃഷ്ണമാരാരുടെയും ജി ശങ്കരക്കുറുപ്പിന്റെയും ഒക്കെ അനുഭവങ്ങൾ അവരുടെ സ്വന്തം ശബ്ദത്തിൽ ഇന്നും കേൾക്കാൻ കഴിയുന്നു.

കാൽ നൂറ്റാണ്ട് പിന്നിടുന്ന തന്റെ ആകാശവാണി അനുഭവങ്ങളിൽ ഏറ്റവും ആത്മസംതൃപ്തി തന്നത് അഭിമുഖസംഭാഷണങ്ങളായിരുന്നു എന്ന് ആകാശവാണിയിൽ നിന്നു വിരമിച്ച പ്രീതി ജോസഫ് ഒരിക്കലെഴുതി.

നെടുമുടി വേണു

നെടുമുടി വേണു

നെടുമുടി വേണുവുമായി നടത്തിയ ഒരു മുഖാമുഖത്തെ കുറിച്ചവർ പറയുന്നതു കേൾക്കൂ:  'സ്വന്തം വായനയുടെ  ഉരകല്ലുകൾ പോലെ  ഈ  മുഖാമുഖങ്ങൾ എന്നെ നിരന്തരം പരീക്ഷിക്കുകയും പരുവപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു.

ഓരോ റിക്കോഡിങ്ങിനും മുമ്പു നല്ലൊരു ഹോം വർക്  നിർബന്ധമായും ചെയ്തിരുന്നു. പ്രത്യേകിച്ച് നെടുമുടി വേണുവിനെപ്പോലുള്ള കുലപതികൾക്കരികെ ഇരിക്കേണ്ടി വരുമ്പോൾ അതനിവാര്യമായിരുന്നു  താനും. എങ്കിൽപ്പോലും ചിലപ്പോൾ നാവ്പിഴ സംഭവിക്കാം. എത്ര ലാളിത്യത്തോടെയാണ്, എത്ര സൗമ്യതയോടെയാണ്‌ അദ്ദേഹം ഓരോ മറുപടിയും തന്നു കൊണ്ടിരുന്നത്. വായ്ത്താരികൾ, കവിതകൾ, നാടൻ പാട്ടുകൾ, ചലച്ചിത്ര ഗാനങ്ങൾ, താളപ്പെയ്ത്തുകൾ, അങ്ങനെ സംഗീതസാന്ദ്രമായിരുന്നു ആ അഭിമുഖം.’

അന്ധരായ കാണികൾക്കു വേണ്ടിയാണ് താൻ നാടകങ്ങളെഴുതുന്നതെന്ന് റേഡിയോ നാടകകൃത്തായ കെ പത്മനാഭൻ നായർ ഒരിക്കലെഴുതി. മനസ്സിന്റെ കണ്ണുകൾക്കു മുന്നിലാണ് റേഡിയോ നാടകങ്ങൾ അരങ്ങേറുന്നത്. ഏതിരുട്ടിലും ശബ്ദം കൊണ്ടു മാത്രം ഞങ്ങളുടെ കാലം തിരിച്ചറിഞ്ഞിരുന്ന കുറെ രൂപങ്ങളുണ്ട്.

കെ ജി സേതുനാഥ്, ടി എൻ ഗോപിനാഥൻ നായർ, ടി ആർ  സുകുമാരൻ നായർ, കെ ജി ദേവകിയമ്മ, ടി പി രാധാമണി ഒന്നും രൂപം കണ്ടാലെനിക്കറിയില്ല. പക്ഷേ ശബ്ദം ഏതിരുട്ടത്തും മനസ്സിലാകും. കെ ജി ദേവകിയമ്മക്ക് തൊണ്ണൂറു വയസ്സും ടി പി രാധാമണിക്ക് 18 വയസ്സും എന്നാണ് ഒരു കാലത്ത് വിശ്വസിച്ചിരുന്നത്. കണ്ടതും കേട്ടതും എന്ന സാമൂഹ്യോപഹാസ പരിപാടിയിലെ വായിൽ പല്ലില്ലാത്ത വൃദ്ധനായ അമ്മാവനെ ഒരിക്കൽ തിരുവനന്തപുരം റേഡിയോ സ്റ്റേഷനിൽ വെച്ച് കണ്ട് ഞെട്ടിയിട്ടുണ്ട്. സുമുഖനും യുവാവും സർവ്വോപരി ഗായകനുമായ ജി ശ്രീറാം ആയിരുന്നു അത്.

കൈനിക്കര സഹോദരന്മാരുടെയും സി എൻ ശ്രീകണ്ഠൻ നായരുടെയും കെ ടി  മുഹമ്മദിന്റെയും സി എൽ ജോസിന്റെയും എൻ എൻ പിള്ളയുടെയും നാടകങ്ങൾ റേഡിയോയാണ് പരിചയപ്പെടുത്തിയത്. ഹിന്ദി സാഹിത്യകാരനായ പ്രേംചന്ദിന്റെ സേവാസദനം മഹിളാലയത്തിൽ തുടർ നാടകമായി അവതരിപ്പിച്ചത് കേൾക്കാൻ കാത്തിരുന്ന ദിവസങ്ങൾ ഇന്നും ഓർമയുണ്ട്. നാടകവാരം ഇപ്പോഴും എല്ലാ വർഷവും മുടങ്ങാതെ കേൾക്കാറുണ്ട്.

' റേഡിയോ കഥയും കലയും’ എന്ന പേരിൽ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ചരിത്രം എഴുതിയ കെ എ ബീന,  റേഡിയോ സാങ്കേതികമായും മറ്റു നിലകളിലും മാറ്റത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുവാൻ തുടങ്ങിയ കാലത്തെ അതിന്റെ മുഴുവൻ ചരിത്ര പ്രാധാന്യത്തോടെയും വിവരിക്കുന്നുണ്ട്.

സ്‌കൂൾ പ്രവേശനോത്സവത്തിന്റേയും വിദ്യാരംഭത്തിന്റേയും ഒക്കെ തത്സമയ പ്രക്ഷേപണം തുടങ്ങിയത് കെ എ മുരളീധരൻ തിരുവനന്തപുരത്ത് സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴാണ്.പനച്ചിക്കാട് ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽനിന്ന് വിദ്യാരംഭച്ചടങ്ങുകൾ തത്സമയം പ്രക്ഷേപണം ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകളും അടുത്ത വർഷം മുതൽ ലൈവായി പ്രക്ഷേപണം ചെയ്തു തുടങ്ങി.

സ്‌കൂൾ പ്രവേശനോത്സവത്തിന്റേയും വിദ്യാരംഭത്തിന്റേയും ഒക്കെ തത്സമയ പ്രക്ഷേപണം തുടങ്ങിയത് കെ എ മുരളീധരൻ തിരുവനന്തപുരത്ത് സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴാണ്.പനച്ചിക്കാട് ക്ഷേത്രം, തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽനിന്ന് വിദ്യാരംഭച്ചടങ്ങുകൾ തത്സമയം പ്രക്ഷേപണം ചെയ്തു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭച്ചടങ്ങുകളും അടുത്ത വർഷം മുതൽ ലൈവായി പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇതൊരു മത ചടങ്ങായല്ല ആകാശവാണി പ്രക്ഷേപണം ചെയ്തുപോന്നത്.

വിദ്യാരംഭ ചടങ്ങുകളുടെ തത്സമയ പ്രക്ഷേപണം,

 വി എം ഗിരിജ

വി എം ഗിരിജ

കവി വി എം ഗിരിജ അവതരിപ്പിച്ചിരുന്നത് വലുതായ ഒരു സാംസ്കാരികാനുഭവം തന്നെയായിരുന്നു. കാവ്യലോകങ്ങളിലൂടെ, അക്ഷരവഴികളിലൂടെ, ദേവാലയ ചരിത്രത്തിലൂടെ, പ്രദക്ഷിണ വഴികളിലൂടെ, വിദ്യാഭ്യാസത്തിന്റെ നാൾവഴികളിലൂടെ ഒക്കെ ഗിരിജക്കൊപ്പം സഞ്ചരിക്കുന്നത് വിശേഷപ്പെട്ട ഒരനുഭൂതിയാണ്.

തന്റെ സ്വതസ്സിദ്ധമായ പ്രശാന്ത ഭാവത്തിൽ ഗിരിജ സഞ്ചരിക്കുമ്പോൾ ശ്രോതാവെന്ന നിലയിൽ ഞാനെത്തിച്ചേർന്നിട്ടുള്ള ഉദാത്തമായ ആ ആത്മീയാനുഭൂതിയെ കുറിച്ച് ഗിരിജയോട് നേരിട്ട് തന്നെ പറഞ്ഞിട്ടുമുണ്ട്.

ഞായാറാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12.40 ന് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവർ പങ്കെടുക്കുന്ന ‘റേഡിയോ സ്മരണകൾ' പരിപാടിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് എം വി ശശികുമാറിന്റെ ക്ഷണമനുസരിച്ച് ഞാനും പങ്കെടുത്തിട്ടുണ്ട്. ശശികുമാറായിരുന്നു ഇങ്ങനെ ഒരു പരിപാടി ആദ്യമായി നിർദേശിച്ചതെന്ന് ആകാശവാണിയുടെ പ്രക്ഷേപണ ചരിത്രം എഴുതുമ്പോൾ ഡി പ്രദീപ് കുമാർ സൂചിപ്പിച്ചിട്ടുണ്ട്.

ശ്രോതാക്കളുടെ കത്തുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള എഴുത്തുപെട്ടി ഏറെ ജനപ്രിയത നേടിയ പ്രോഗ്രാമായിരുന്നു. ചേട്ടനും ചേച്ചിയുമിരുന്ന് രസകരമായ സംഭാഷണങ്ങളിലൂടെ ശ്രോതാക്കളുടെ കത്തുകൾ വായിക്കും.

പത്മരാജൻ

പത്മരാജൻ

പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങളെ ഗൗരവത്തോടെ സമീപിച്ചിരുന്ന ഈ പരിപാടി, ശ്രോതാക്കളുമായി തമാശകൾ പങ്കിട്ട് നർമരസ പ്രധാനമായാണ് മുന്നോട്ടു പോകുന്നത്.

ശ്രോതാക്കളുടെ കൈയക്ഷരത്തെ കുറിച്ചും ഭാഷാശൈലിയെ കുറിച്ചും ഒക്കെയുള്ള അഭിനന്ദനങ്ങളും കുറിക്കു കൊള്ളുന്ന പരിഹാസങ്ങളും ഒക്കെയുള്ള എഴുത്തുപെട്ടി ആകാശവാണിയുടെ ഏറ്റവും മികച്ച ജനസമ്പർക്ക പരിപാടി ആയിരുന്നു.

എം രാമചന്ദ്രൻ, ടി എൻ സുഷമ,സുഷമ, വിജയലക്ഷ്മി, ശ്രീദേവി, ശ്രീകണ്ഠൻ, ഹക്കിം കൂട്ടായി, അനിൽ ചന്ദ്രൻ, ജോൺ സാമുവൽ, ചന്ദ്രിക, രാജേശ്വരി മോഹൻ, സരസ്വതിയമ്മ, ഷീലാ രാജ്, സി എസ് രാധാദേവി, ബൈജു ചന്ദ്രൻ, തങ്കമണി, ശ്രീകുമാർ മുഖത്തല,… റേഡിയോ തുറന്ന്  മലയാളികൾ കാതോർത്തിരുന്ന എത്രയെത്ര ശബ്ദങ്ങൾ !!  വേണു നാഗവള്ളിയും ജി വേണുഗോപാലും എം ജി രാധാകൃഷ്ണനും പത്മരാജനും അടങ്ങിയ എത്രയോ പ്രതിഭകളെയാണ് ആകാശവാണി മലയാള സിനിമക്ക് സംഭാവന നൽകിയത് !  . ഗാന്ധിജിയുടെ ആദ്യ റേഡിയോ പ്രക്ഷേപണത്തെ കുറിച്ച് ഇങ്ങനെ ഒരു കുറിപ്പ് വായിക്കാനിടയായത് വലിയ കൗതുകമായി.

പി പത്മരാജനും വേണു നാഗവള്ളിയും (നിൽക്കുന്നവരിൽ വലത്തുനിന്ന്‌ മൂന്നും നാലും)ആകാശവാണിയിൽ അനൗൺസർമാരായിരുന്ന കാലത്ത്‌ (ഫോട്ടോ കടപ്പാട്‌ ഡി പ്രദീപ്‌കുമാർ)

പി പത്മരാജനും വേണു നാഗവള്ളിയും (നിൽക്കുന്നവരിൽ വലത്തുനിന്ന്‌ മൂന്നും നാലും)ആകാശവാണിയിൽ അനൗൺസർമാരായിരുന്ന കാലത്ത്‌ (ഫോട്ടോ കടപ്പാട്‌ ഡി പ്രദീപ്‌കുമാർ)

1947 നവംബർ 12ന് ദീപാവലി ദിനത്തിലായിരുന്നു ഡൽഹിയിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് ഗാന്ധിജി ആദ്യമായി സന്ദർശിച്ചത്. രാജ്കുമാരി അമൃത് കൗറിനൊപ്പമാണ് അദ്ദേഹം ബ്രോഡ്കാസ്റ്റിംഗ് ഹൗസിലെത്തിയത്.

ഗാന്ധിയുടെ മരണശേഷം 1948 ഫെബ്രുവരി 22ലെ ‘ദി ഇന്ത്യൻ ലിസണർ' പ്രസിദ്ധീകരിച്ച ഈ സംഭവത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: 'ബിർള ഹൗസിലെ അദ്ദേഹത്തിന്റെ പ്രാർത്ഥനാ യോഗ പ്രസംഗങ്ങൾക്ക്, ഉചിതമായ രീതിയിൽ, പ്രാർത്ഥനാ യോഗാന്തരീക്ഷം സ്റ്റുഡിയോയിൽ സൃഷ്ടിച്ചു. ഗാന്ധി ആദ്യം റേഡിയോയോട് ലജ്ജിച്ചു; ഏറെ പ്രേരണയ്ക്ക് ശേഷമാണ് അദ്ദേഹം ആകാശവാണിയിലെ സ്റ്റുഡിയോകളിൽനിന്ന് തന്റെ ശബ്ദം പ്രക്ഷേപണം ചെയ്യാൻ സമ്മതിച്ചത്.

എന്നാൽ സ്റ്റുഡിയോയിൽ എത്തിയ നിമിഷം അദ്ദേഹം പറഞ്ഞു: ഇതൊരു അത്ഭുത ശക്തിയാണ്. ഞാൻ ‘ശക്തി'യെ കാണുന്നു, ദൈവത്തിന്റെ അത്ഭുതശക്തി’. അദ്ദേഹം 20 മിനിറ്റ് സംസാരിച്ചു, അദ്ദേഹത്തിന്റെ ശബ്ദം അസാധാരണമാംവിധം വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശത്തെ തുടർന്ന് വന്ദേമാതരത്തിന്റെ റെക്കോർഡ് ചെയ്ത സംഗീതം ഉണ്ടായിരുന്നു.’ ആകാശവാണി എല്ലാദിവസവും രാവിലെ 7.10 ന് മുടങ്ങാതെ പ്രക്ഷേപണം ചെയ്യാറുള്ള ഗാന്ധിമാർഗം കേൾക്കുക എന്നാൽ സമാധാനത്തിലേക്ക് ഉണരുക എന്നാണർഥം.

ഗാന്ധിജി

ഗാന്ധിജി

ഭരത് ഗോപിയും നെടുമുടി വേണുവും മുരളിയും ഒക്കെ അവതരിപ്പിച്ചിരുന്ന മൊഴിയാം ഒരു കഥ ആകാശവാണി പരിപാടികളിൽ ഞാൻ മുടങ്ങാതെ കേൾക്കുമായിരുന്നു.

മലയാളത്തിന്റെ മികച്ച നടന്മാർ മാത്രമല്ല സാഹിത്യ കൃതികളുടെ ഗൗരവമുള്ള വായനക്കാർ കൂടി ആയിരുന്നതിനാൽ ഇവരുടെ കഥാവതരണത്തിന് ദൃശ്യചാരുതയും ഏറിയിരുന്നു. മലയാളത്തിലെ എത്രയോ പ്രശസ്തമായ കഥകൾ മൊഴിയാം ഒരു കഥയിലൂടെ വീണ്ടും ആകാശവാണി ഹൃദ്യമധുരമായ അനുഭവമാക്കിത്തന്നു !.

പതിവായി അനന്തപുരി എഫ്‌ എം കേൾക്കുക എന്റെ ‘നല്ല ശീല'ങ്ങളിൽ ഒന്നായിരുന്നു.. ഓരോ മണിക്കൂർ ഇടവിട്ട് വാർത്തകൾ കേൾക്കാം, ഗൃഹാതുരമാക്കുന്ന  സിനിമാപാട്ടുകൾ, കവിതകൾ,  കഥകൾ, ചരിത്രം, ശാസ്ത്രം, പ്രധാന അറിയിപ്പുകൾ, മഴക്കാലത്ത് രോഗനിർവ്യാപനത്തിനുള്ള നിർദേശങ്ങൾ ഇങ്ങനെ മികച്ച സമയങ്ങളാണ് അനന്തപുരി എഫ്‌ എം സമ്മാനിച്ചു കൊണ്ടിരുന്നത്.

ശനിയാഴ്ച രാവിലെ തോറുമുള്ള കഥാനേരത്തിൽ  മലയാറ്റൂർ രാമകൃഷ്ണന്റെ 'ജഡ്ജി' എന്ന നല്ല കഥ ഒ ടി പ്രകാശ് എത്ര ഹൃദ്യമായാണ് വായിച്ചത്.. എം ടി യുടെ ‘കാല'മെന്ന നോവലിന്റെ വായനയും മറക്കാനാകാത്ത അനുഭവമായിരുന്നു.

ഫോട്ടോ: ജഗത്‌ലാൽ

ഫോട്ടോ: ജഗത്‌ലാൽ

അനന്തപുരി എഫ് എം നിർത്തലാക്കിയ വാർത്ത എത്ര വേദനയോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത് ! പാട്ടും വാർത്തകളും കഥകളും നർമവുമായി തിരക്കിട്ട റോഡുകളിലൂടെ അനന്തപുരി എഫ് എമ്മിനൊപ്പം ഡ്രൈവ് ചെയ്യുന്നവർ നഗരത്തിലെ ഗതാഗതക്കുരുക്കോ വഴിയിലെ മറ്റു മാർഗതടസ്സങ്ങളോ അറിഞ്ഞില്ല. 45 ലക്ഷത്തോളം ശ്രോതാക്കളെ ഒറ്റദിവസത്തെ ആ നടപടിയിലൂടെ അധികൃതർ വഞ്ചിച്ചു കളഞ്ഞു.

ശ്രോതാക്കളുടെ ഭാഗത്തു നിന്ന് അനന്തപുരി എഫ്‌ എം ന്റെ വിവിധ്ഭാരതി ഹിന്ദിവല്‍ക്കരണം അവസാനിപ്പിക്കുന്നതിനും ആകാശവാണിയുടെ പ്രാദേശിക നിലയങ്ങൾക്കു മേൽ പിടിമുറുക്കിയതിനെതിരായും ഉള്ള ശക്തമായ പ്രതിഷേധങ്ങളെ അധികൃതർ അവഗണിക്കുകയാണുണ്ടായത്.. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാവുമ്പോള്‍ നേരിട്ട്  ഇടപെടുവാന്‍ പ്രാപ്തമായ നിലയിലേക്കു എല്ലാ പ്രാദേശിക റേഡിയോ നിലയങ്ങളും സജ്ജീകരിക്കേണ്ടതുണ്ട് എന്നവർ ആവശ്യപ്പെട്ടു.

രാത്രി എട്ടു മണിക്കു ശേഷം എല്ലാ കേരള നിലയങ്ങളും ഒരേ പരിപാടി റിലേ ചെയ്യുന്ന പിന്തിരിപ്പന്‍ ഏര്‍പ്പാടുകളോട് ശ്രോതാക്കൾ പൂർണമായും എതിരായിരുന്നു.

കേന്ദ്രത്തിന്റെ രഹസ്യ അജന്‍ഡകള്‍ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴവിടെ നടക്കുന്നത്. ഓൺലൈനില്‍ റേഡിയോ നിലയങ്ങള്‍ പുനഃ പ്രക്ഷേപണ സാധ്യതകള്‍ ഉപയോഗിച്ചു 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന തരത്തിൽ തയ്യാറാകേണ്ടിയിരിക്കുന്നു.

അധികാര പ്രമത്തതക്കും ഭരണകൂടത്തിന്റെ ദുഷ്‌പ്രഭുത്വത്തിനും കമ്പോളത്തിന്റെ നിയമങ്ങൾക്കും മുഴുവനായങ്ങു കീഴടങ്ങിക്കൊടുക്കാൻ തയ്യാറാകാത്തവർക്ക് മറ്റെന്തെല്ലാം പ്രലോഭനങ്ങളുണ്ടായാലും റേഡിയോയുമായുള്ള സൗഹൃദം ഉപേക്ഷിക്കാനാവില്ല.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top