തിരുവനന്തപുരം
29–-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൺട്രി ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അർമേനിയൻ സിനിമകളാണ്. 100–-ാം വാര്‍ഷികത്തിന്റെ തിളക്കത്തിലാണ് അർമേനിയന്‍ സിനിമ. അവർക്കുള്ള ആദരമായാണ് ഏഴ് സിനിമകളുടെ പ്രദർശനം. ലോസ്‌റ്റ് ഇൻ അർമേനിയ എന്ന ചിത്രത്തിന്റെ സംവിധായകൻകൂടിയായ സെർജേ അവേദിക്യാൻ സംസാരിക്കുന്നു.
സിനിമയുടെ 100–-ാം വർഷം ആഘോഷിക്കുകയാണ്
അർമേനിയ. അവിടത്തെ
സിനിമയെക്കുറിച്ച് പറയാമോ
ഏകദേശം മുപ്പത് ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള കൊച്ചുരാജ്യമാണ് അർമേനിയ. 1924 ലാണ് ആദ്യ സിനിമ പുറത്തുവരുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള നിശബ്ദ സിനിമയായിരുന്നു അത്. നമോസ് എന്നായിരുന്നു പേര്. ആദ്യ ശബ്ദ ചിത്രമായ പെപ്പൊ പുറത്തുവരുന്നത് 1935 ലാണ്. അമ്പതുകളിലും അറുപതുകളിലും നിരവധി ക്ലാസിക്കൽ ചിത്രങ്ങൾ വന്നു. പതിയെ ക്ലാസിക്കൽ അല്ലാത്ത ചിത്രങ്ങളും വരാൻ തുടങ്ങി. അർമേനിയയിലേക്ക് കുടിയേറിയവരും അർമേനിയക്കാരായ കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളും യുദ്ധങ്ങളുമൊക്കെയായിരുന്നു എന്റെ സിനിമകൾ. ഫ്രാൻസിൽനിന്ന് പതിനഞ്ചാം വയസ്സിലാണ് അച്ഛനമ്മമാരോടൊപ്പം അർമേനിയയിൽ മടങ്ങി എത്തിയത്.
എത്രത്തോളം സിനിമകൾ
വർഷത്തിൽ അർമേനിയയിൽ
ഇറങ്ങുന്നുണ്ട്
കൊച്ചുരാജ്യമായതിനാൽ ഫീച്ചർ സിനിമകളും അനിമേഷൻ സിനികളുമൊക്കെയായി പത്തുമുതൽ പതിനഞ്ചോളം സിനിമകള്‍ മാത്രമാണ് വർഷത്തിൽ ഇറങ്ങുന്നത്. യുവസംവിധായകർ അമേരിക്ക, കാനഡ, ഫ്രഞ്ച്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് സിനിമ എടുക്കുന്നുണ്ട്. അതല്ലാതെ വലിയ മുതൽമുടക്കിൽ ചിത്രമെടുക്കാനുള്ള സാഹചര്യമില്ല. ഈ പ്രതിസന്ധിയെ കോ പ്രൊഡക്‌ഷനിലൂടെയാണ് പുതിയ തലമുറയിലെ സംവിധായകർ മറികടക്കുന്നതെന്ന് പറയാം. തുറന്ന മനസ്സുള്ളവരും ഏതുരാജ്യക്കാരുമായി ചങ്ങാത്തം കൂടുന്നവരുമാണ് അർമേനിയക്കാർ.
ഇന്ത്യൻ സിനിമകൾ
കാണാറുണ്ടോ
ഇന്ത്യൻ സിനിമകൾ കാണാറുണ്ട്. ഇഷ്ടമാണ്. ബച്ചന്റെയൊക്കെ സിനിമകൾ കണ്ടിട്ടുണ്ട്. ബോളിവുഡ് സിനിമകൾ കണ്ടശേഷം റീജണൽ സിനിമകളും ക്ലാസിക്കൽ സിനിമകളും കാണാൻ ശ്രമിച്ചു. വർഷത്തിൽ നിരവധി സിനിമകൾ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ റീജണൽ സിനിമകളും ശക്തമാണല്ലോ.
കേരള രാജ്യാന്തര
ചലച്ചിത്രമേളയെ കുറിച്ച്
നല്ല സംഘാടനമാണ് ഇവിടെ കാണാൻ കഴിയുന്നത്. സിനിമ കാണാനെത്തിയ ആളുകളിൽ വലിയ താൽപ്പര്യവും ആകാംക്ഷയും കണ്ടു (ടാഗോർ തിയറ്ററിനു മുന്നിൽ സ്ഥാപിച്ച കൂറ്റൻ സിനിമാ ഷെഡ്യൂളിൽ തിക്കി തിരക്കി നോക്കുന്ന ആളുകളെ അഭിനയിച്ചു കാണിക്കുകയും ചെയ്‌തു). തുറന്ന മനസ്സുള്ളവരെയാണ് ചുറ്റും കാണുന്നത്. (ഇതാദ്യമാണ് കേരളത്തിൽ വരുന്നതെന്ന് പറഞ്ഞ അദ്ദേഹം സന്തോഷംകൊണ്ട് തിരുവനന്തപുരം എന്ന് അക്ഷരസ്‌ഫുടതയോടെ പറയാനും ശ്രമിച്ചു).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..