ലക്ഷ്മി കോളേജിലാണ് ഷേക്സ്പിയർ ചലച്ചിത്രപ്രദർശനം സംഘടിപ്പിച്ചത്. 1993‐94 കാലത്താവണം. വൈകുന്നേരം ആറിനാണ് പ്രദർശനം. അപ്പോഴേക്കും ഇരുട്ടു വീണുതുടങ്ങും. ലക്ഷ്മി കോളേജ് വളപ്പിലെ വലിയ തണൽമരങ്ങളിൽ കിളികൾക്കൊപ്പം ഇരുട്ടും കൂടുകൂട്ടിത്തുടങ്ങും.
അത്രയും വിനീതവും നിസ്വവുമാകാൻ മറ്റൊരു ചലച്ചിത്രപ്രദർശനത്തിനും കഴിയുമായിരുന്നില്ല. ഒരു പാരലൽ കോളേജിലെ ഓടുമേഞ്ഞ പഴയ ക്ലാസ്മുറി. ഇളകിത്തുടങ്ങിയ ബെഞ്ചുകളിൽ പലയിടങ്ങളിലായി പത്തിരുപതു പേർ. നടുക്ക് ഒരു മേശപ്പുറത്ത് ഒരുക്കിവച്ച ടെലിവിഷൻ സെറ്റും വിസിഡി പ്ലെയറും. വൈകുന്നേരം ആറുമണി കഴിഞ്ഞ് ഇരുൾ വീണുതുടങ്ങുമ്പോൾ ചലച്ചിത്രപ്രദർശനം ആരംഭിക്കും.
മനുഷ്യഭാവനയുടെ ഉന്നതപ്രാകാരമെന്ന് പുകഴ്പെറ്റ ഷേക്സ്പിയറുടെ പ്രധാന നാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങളാണ് ടിവി സ്ക്രീനിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നത്. ചെറിയ സ്ക്രീൻ നന്നായി കാണാനായി കുറച്ചു കാണികൾ മുന്നോട്ട് ചേർന്നിരിക്കുന്നുണ്ടാവും. പ്രദർശനം ആരംഭിക്കുന്നതിനുമുൻപ് അന്നത്തെ ചലച്ചിത്രത്തെക്കുറിച്ച് ഒരു ചെറിയ വിവരണം. പ്രദർശനത്തിനിടയിൽ അരമണിക്കൂർ വൈദ്യുതി മുടങ്ങും. അതക്കാലത്തെ പതിവായിരുന്നു; പവർകട്ട്. ആ ഇടവേളകളിൽ മേശപ്പുറത്തെ മെഴുകുതിരിനാളത്തിന്റെ വെളിച്ചത്തിൽ എൻ ജി ഉണ്ണിക്കൃഷ്ണൻ മാഷ് ഷേക്സ്പിയർ നാടകങ്ങളുടെ സൂക്ഷ്മലോകങ്ങളിലേക്ക് വഴിതുറന്ന് സംസാരിക്കും. രാത്രി ഒൻപതുമണിയോടെയാണ് പ്രദർശനം അവസാനിക്കുക. ക്ലാസ്മുറിക്ക് പുറത്തെ വഴിവക്കിലെ അരണ്ടവെളിച്ചത്തിലേക്ക് ഇരുപതോളം വരുന്ന കാണികൾ ഓരോരുത്തരായി ഇറങ്ങിത്തിരിക്കും. അവരുടെ വീടുകളിലേക്കുള്ള അവസാന ബസ്സുകൾ അപ്പോൾ പുറപ്പെടാറായിട്ടുണ്ടാവും.
പീറ്റർ ബ്രൂക്കിന്റെ ‘കിങ്‌ലിയർ’ എന്ന ചിത്രത്തിലെ രംഗം
തൊണ്ണൂറുകളുടെ തുടക്കത്തിൽ പറവൂരിൽ സുഹൃത്തുക്കൾ ചിലർക്കൊപ്പം ചേർന്ന് സംഘടിപ്പിച്ച ഷേക്സ്പിയർ ചലച്ചിത്രോത്സവം ഇങ്ങനെയാണ് നടന്നത്. പുരോഗമനസാഹിത്യസംഘത്തിന്റെ പറവൂർ താലൂക്ക് സെക്രട്ടറിയായി ഞാൻ പ്രവർത്തിക്കുന്ന കാലത്താണ് അത് സംഘടിപ്പിച്ചത്. അപ്പോഴേക്കും മഹാരാജാസിലെ എം എ പഠനം കഴിഞ്ഞിരുന്നു. പഠനം കഴിഞ്ഞ് ഏറെക്കാലം വിദ്യാർഥിരംഗത്തെ സംഘടനാചുമതലകളിൽ ഞാൻ തുടർന്നുമില്ല. ഏറെ വൈകാതെ പറവൂരിൽ പാരലൽ കോളേജിൽ അധ്യാപകനായി. ലക്ഷ്മി കോളേജ് അന്ന് മൂവായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ്. പിയേഴ്സൺ മാഷിന്റെ നേതൃത്വത്തിൽ ധാരാളം സാംസ്കാരിക പരിപാടികൾ അവിടെ സംഘടിപ്പിക്കുമായിരുന്നു. പലതിലും ഞാനും പങ്കാളിയായി.
ലക്ഷ്മി കോളേജിലാണ് ഷേക്സ്പിയർ ചലച്ചിത്രപ്രദർശനം സംഘടിപ്പിച്ചത്. 1993‐94 കാലത്താവണം. വൈകുന്നേരം ആറിനാണ് പ്രദർശനം. അപ്പോഴേക്കും ഇരുട്ടു വീണുതുടങ്ങും. ലക്ഷ്മി കോളേജ് വളപ്പിലെ വലിയ തണൽമരങ്ങളിൽ കിളികൾക്കൊപ്പം ഇരുട്ടും കൂടുകൂട്ടിത്തുടങ്ങും. വീഡിയോ കാസെറ്റുകളുടെ പ്രതാപകാലമാണ്. സിഡികൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കോംപാക്റ്റ് ഡിസ്കുകൾ പ്രചാരത്തിലെത്തുന്നതേയുള്ളൂ. സിനിമകൾ ഏറിയ പങ്കും വീഡിയോ കാസെറ്റുകളായി ദിവസവാടകയ്ക്ക് ലഭിക്കും. പറവൂരിൽ മൂന്നോ നാലോ വീഡിയോ ലൈബ്രറികൾ ഉണ്ടായിരുന്നു. രണ്ടുപതിറ്റാണ്ടെങ്കിലും പ്രബലമായ വിനോദവാണിജ്യരൂപമായി വീഡിയോ കാസെറ്റുകളും വീഡിയോ ലൈബ്രറികളും നിലനിന്നു. അന്ന് വാണിജ്യസിനിമ/കലാസിനിമ എന്ന വിഭജനം അതിന്റെ അവശിഷ്ടജീവിതം നയിക്കുന്ന കാലമാണ്. എഴുപതുകളോടെ നിലവിൽ വന്ന കലാസിനിമ (Art Film) എന്ന സങ്കല്പം അവസാനചുവടുകൾ വയ്ക്കുന്ന കാലം. വീഡിയോ ലൈബ്രറികളിൽ വാണിജ്യസിനിമകളാവും ഏറിയ പങ്കും ഉണ്ടാവുന്നത്. എങ്കിലും മികച്ച സിനിമകളുടെ ശേഖരമുള്ള അപൂർവം വീഡിയോ ലൈബ്രറികളും ഉണ്ടായിരുന്നു. പറവൂരിലെ അത്തരമൊരു വീഡിയോ ലൈബ്രറിയിലാണ് ഷേക്സ്പിയർ നാടകങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ ഞാൻ കണ്ടത്. അഞ്ചോ ആറോ സിനിമകൾ ഉണ്ടായിരുന്നു. മാക്ബെത്ത്, കിങ്ലിയർ, ഒഥല്ലോ, ജൂലിയസ് സീസർ, റോമിയോ ആന്റ് ജൂലിയറ്റ് എന്നിവയാണ് പ്രദർശനത്തിനായി തെരഞ്ഞെടുത്തത് എന്നാണോർമ്മ. ഹാംലെറ്റിന്റെ കാസെറ്റ് ലഭിച്ചില്ല.
സ്‌റ്റുവർട്ട് ബർജിന്റെ ‘ജൂലിയസ് സീസറി’ൽ നിന്ന്
ഇന്നത്തേതുപോലെ വീഡിയോ പ്രൊജക്റ്ററുകൾ സുലഭമല്ലാത്തതുകൊണ്ട് വീഡിയോ പ്ലെയറുകളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. വലിയ പ്രദർശനത്തിനാവശ്യമായ പണം കണ്ടെത്താനും പ്രയാസമുണ്ടായിരുന്നു. പിയേഴ്സൺ മാഷിന്റെ വീട്ടിലെ ടെലിവിഷൻ സെറ്റാണ് ഉപയോഗിച്ചത്; മറ്റാരുടെയോ വീഡിയോ പ്ലെയറും. ആദ്യചിത്രം മാക്ബെത്തായിരുന്നു. റൊമൻ പൊളാൻസ്കി അതിനു നൽകിയ ചലച്ചിത്രഭാഷ്യം. പീറ്റർ ബ്രൂക്കിന്റെ കിങ്‌ലിയറും ഉണ്ടായിരുന്നു. ഓഴ്‌സൺ വെൽസ്, ലിയർ രാജാവായി വേഷമിട്ട ചിത്രം എന്നൊരു മങ്ങിയ ഓർമ്മയുണ്ട്. മറ്റ് ചിത്രങ്ങളുടെ സംവിധായകരെ പരിചയമുണ്ടായിരുന്നില്ല. സ്റ്റുവർട്ട് ബർജിന്റെ ജൂലിയസ് സീസറാണ് അക്കൂട്ടത്തിൽ പ്രദർശിപ്പിച്ചതെന്ന് പിൽക്കാലത്ത് മനസ്സിലായി. ചാൾട്ടൻ ഹെസ്റ്റൻ, മാർക്ക് ആന്റണിയായി വന്നത് അതിലായിരുന്നു. ലോറൻസ് ഒളിവിയർ നായകനായി അഭിനയിച്ച ഒഥല്ലോയും സ്റ്റുവർട്ട് ബർജിന്റേതായിരുന്നു. അക്കാലത്ത് ലോറൻസ് ഒളിവിയറിന്റെ പേരാണ് പുകഴ്‌പെറ്റിരുന്നത്. സ്റ്റുവർട്ട് ബർജിന്റെ ഒഥല്ലോ പല പുരസ്കാരങ്ങളും നേടിയിരുന്നു. പുറത്ത് ഏറെ പേരുകേട്ടതായിരുന്നുവെങ്കിലും ഞങ്ങൾ അക്കാര്യം മനസ്സിലാക്കിയിരുന്നില്ല.
രാത്രി ഏഴു മുതൽ ഒൻപതുമണി വരെയുള്ള സമയത്തിനിടയിൽ പവർകട്ട് വരുമ്പോൾ പ്രദർശനം തടസ്സപ്പെടാതിരിക്കണമെങ്കിൽ ജനറേറ്ററും മറ്റും സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. വീഡിയോ പ്രൊജക്റ്റർ സംഘടിപ്പിക്കാൻ പോലും പണമില്ലാത്ത അവസ്ഥയിൽ ഞങ്ങൾക്ക് അഞ്ചുദിവസം ജനറേറ്റർ വാടകയ്ക്ക് എടുക്കുക സാധ്യമായിരുന്നുമില്ല. അരമണിക്കൂർ ഇടവേള കഴിഞ്ഞ് തുടരാം എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ആ സമയത്ത് അന്നു പ്രദർശിപ്പിക്കുന്ന ചിത്രത്തിനാധാരമായ നാടകങ്ങളെക്കുറിച്ച് പ്രഭാഷണം നടത്താം എന്നു തീരുമാനിച്ചത്. അങ്ങനെ ഷേക്സ്പിയർ ചലച്ചിത്രാവിഷ്കാരങ്ങളും പ്രഭാഷണങ്ങളും ചേർന്ന ഒരു പ്രത്യേക ‘പാക്കേജ്’ വികസിച്ചുവന്നു. സംഘാടകരുടെ ദാരിദ്ര്യത്തെ മറികടക്കാനുള്ള കുറുക്കുവഴി. ആ കുറുക്കുവഴിയിൽ നിന്ന് ഷേക്സ്പിയർ നാടകങ്ങളുടെ ദുരന്തശോഭയിലേക്ക് പല വഴികൾ തുറന്നുകിടന്നു.
ഇരുട്ടുവീഴുമ്പോൾ, വൈകുന്നേരം ആറരയോടെയാണ് പ്രദർശനം തുടങ്ങുക. ചലച്ചിത്രം ആദ്യപകുതിയെത്തുമ്പോഴേക്കും വൈദ്യുതി മുടങ്ങും. തയ്യാറാക്കിവച്ച വലിയൊരു മെഴുകുതിരി ടെലിവിഷൻ സെറ്റിന് മുന്നിൽ കത്തിച്ചുവച്ച് അതിന്റെ അരണ്ടവെളിച്ചത്തിലേക്ക് ഞങ്ങൾ ചേർന്നിരിക്കും. ടെലിവിഷൻ സെറ്റിനടുത്തുള്ള ബഞ്ചിലിരുന്ന് ഉണ്ണികൃഷ്ണൻ മാഷ് സംസാരിച്ചു തുടങ്ങും. എല്ലാ ദിവസവും മാഷ് തന്നെയാണോ സംസാരിച്ചത് എന്നുറപ്പില്ല. നാടകീയവും ദൃഢവുമായ ശബ്ദത്തിലൂടെ മാഷ് ഷേക്സ്പിയറുടെ ഭാവനാലോകത്തിന്റെ ഗൂഢപഥങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോവും. പ്രാചീനമായ ഒരു നാടകരംഗത്തെ ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു അത്. രാത്രിയുടെ കനത്ത ഇരുട്ടുനിറഞ്ഞുനിൽക്കുമ്പോൾ, ചുറ്റും കൂടിയ പത്തോ ഇരുപതോ പേരോട് ഷേക്സ്പിയറുടെ വന്യമായ ഭാവനാലോകങ്ങളെക്കുറിച്ച് മാഷ് സംസാരിച്ചുകൊണ്ടിരുന്നു. മാഷ് ഉന്നതനായ കവിയെന്നതുപോലെ ഒരു നാടകകൃത്തും സംവിധായകനുമായിരുന്നു. പറവൂരിൽ അക്കാലത്തും പിൽക്കാലത്തും നടന്നിരുന്ന എല്ലാ നാടകോത്സവങ്ങളുടെയും മുൻനിരയിൽ മാഷ് ഭാര്യയോടൊപ്പം എത്തുമായിരുന്നു. കവിതയിലും നാടകത്തിലുമുള്ള ഈ ആന്തരികജീവിതം മാഷിന്റെ സംഭാഷണങ്ങളെ ഗഹനവും സാന്ദ്രവുമാക്കി.
ഉണ്ണികൃഷ്ണൻ മാഷ് മലയാളകവിതയിൽ നടന്നത് ഏറെ മുൻപിലാണ്. തന്റെ കാലത്തിന്റെയല്ല, വരാനിരിക്കുന്ന കാലത്തിന്റെ ഭാവുകത്വത്തിലാണ് മാഷ് നിലയുറപ്പിച്ചത്.
‘ഒരു കുരുവി ഒരു മരം’ എന്ന മാഷിന്റെ ആദ്യസമാഹാരം ലഭിച്ചപ്പോൾ അതിന്റെ രൂപസംവിധാനത്തിലെ കൗതുകമാണ് എന്നെ ആദ്യം ആകർഷിച്ചത്. കവിതയുടെ ഘനത്തെയും ഗഹനതയെയും കുറിച്ചുള്ള എല്ലാ പ്രഖ്യാപിതധാരണകളെയും ആ കവിതകളും അവയുടെ രൂപസംവിധാനവും മറികടക്കുന്നുണ്ടായിരുന്നു. അന്ന് പി രാമൻ ‘കനം’ എന്ന കാവ്യസമാഹാരവുമായി എത്തിയിട്ടില്ല. എങ്കിലും ഘനത്തിൽ നിന്ന് കനത്തിലേക്ക് ഉണ്ണികൃഷ്ണൻ മാഷ് നടന്നുകഴിഞ്ഞിരുന്നു. നിശിതമായ രാഷ്ട്രീയരൂപകങ്ങളിലൂടെ കാലത്തോട് സംസാരിക്കുന്ന കവിതകളുമായും മോഡേണിസം കൊടിയേറി നിൽക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ മാഷ് ഭാവിയിലേക്കുള്ള വഴിയിൽ കവിയായി നിന്നത്. മാഷിന്റെ സമകാലികത മറ്റൊരുതരമായിരുന്നു. അംഗംബനൊക്കെ പറയുന്നതുപോലെ വർത്തമാനകാലത്തിന്റെ വെളിച്ചത്തിലല്ല, അതിന്റെ ഇരുട്ടിലും ഇടർച്ചകളിലുമാണ് ഉണ്ണികൃഷ്ണൻ മാഷ് വേരാഴ്ത്തിയത്. പിൽക്കാലത്ത് കൂടുതൽ തെളിയാനിരിക്കുന്ന കവിതയായിരുന്നു മാഷിന്റേത്. ആധുനികാനന്തരം എന്ന് വിവരിക്കപ്പെട്ട കാലത്തെ കവികളിൽ പലരും മാഷിനെ വായിച്ചപ്പോൾ തങ്ങൾ എഴുതിയത് തങ്ങൾക്കുമുൻപേ ഇങ്ങനെയൊരാൾ എഴുതിയിരിക്കുന്നല്ലോ എന്ന് അത്ഭുതപ്പെട്ടു.
സ്വന്തം കാലത്തെയും അതിന്റെ ഭാവുകത്വത്തെയും കവിഞ്ഞുപോയ എഴുത്തിന് ഉണ്ണികൃഷ്ണൻ മാഷിന് വിലകൊടുക്കേണ്ടിവന്നിട്ടുണ്ട് എന്നാണെന്റെ തോന്നൽ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മുഖ്യധാരാ ഭാവുകത്വത്തിന് മാഷ് ഏറെയൊന്നും സ്വീകാര്യമായില്ല. പിൽക്കാലത്ത് ഉരുവംകൊണ്ട കാവ്യഭാവുകത്വമാകട്ടെ അദ്ദേഹത്തെ മുൻതലമുറക്കാരിലൊരാളായി പരിഗണിക്കുകയും ചെയ്തു.
സ്വന്തം കാലത്തെയും അതിന്റെ ഭാവുകത്വത്തെയും കവിഞ്ഞുപോയ എഴുത്തിന് ഉണ്ണികൃഷ്ണൻ മാഷിന് വിലകൊടുക്കേണ്ടിവന്നിട്ടുണ്ട് എന്നാണെന്റെ തോന്നൽ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മുഖ്യധാരാ ഭാവുകത്വത്തിന് മാഷ് ഏറെയൊന്നും സ്വീകാര്യമായില്ല. പിൽക്കാലത്ത് ഉരുവംകൊണ്ട കാവ്യഭാവുകത്വമാകട്ടെ അദ്ദേഹത്തെ മുൻതലമുറക്കാരിലൊരാളായി പരിഗണിക്കുകയും ചെയ്തു. പി രാമനെയും അനിതാതമ്പിയെയും അൻവർ അലിയെയും പി പി രാമചന്ദ്രനെയും മനോജ് കുറൂരിനെയും പോലുള്ള നമ്മുടെ വലിയ കവികൾ പലരും മാഷിനെ എത്രയും നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും പൊതുബോധത്തിൽ എൻ ജി മുൻകാലത്തിന്റെ കവിയായി തുടരുന്നു. വർത്തമാനത്തിൽ ജീവിക്കുകയും ഭാവിയിൽ ശ്വസിക്കുകയും ചെയ്ത ഒരു എഴുത്തുകാരനും ചിന്തകനും കൊടുക്കേണ്ടിവരുന്ന വലിയ വിലയാണത്. സി അയ്യപ്പൻ മാഷ് അക്കാലത്ത് മഹാരാജാസിലുണ്ടായിരുന്നു. മലയാളഭാവനയ്ക്കു മുകളിലെ ഭൂതാവേശമായി അയ്യപ്പൻ മാഷ് മാറാൻ പിന്നെയും കാലം കഴിയണമായിരുന്നു. ചരിത്രത്തിലെ വലിയൊരു ദിശാവ്യതിയാനമാണ് ഭൂഗർഭസ്ഫോടനം കൊണ്ടെന്നപോലെ ഭാവുകത്വത്തിന്റെ ഒരു പുതിയ ക്രമത്തെ തെളിയിച്ചുതരുക. അപ്പോൾ ഇതിവിടെയുണ്ടായിരുന്നല്ലോ എന്നും എന്നിട്ടും ഇതു കാണാതെപോയല്ലോ എന്നും ഭാവിചരിത്രം അത്ഭുതപ്പെടും. അങ്ങനെ ഭാവിക്ക് അത്ഭുതപ്പെടാൻ പാകത്തിൽ നമുക്കിടയിൽ ജീവിക്കുകയും കവിതയെഴുതുകയുമാണ് ഉണ്ണികൃഷ്ണൻ മാഷ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണെന്റെ തോന്നൽ.
ലക്ഷ്മി കോളേജിലെ ക്ലാസ്‌മുറികളിലൊന്നിൽ, അരണ്ട മെഴുകുതിരിവെളിച്ചത്തിൽ ഉണ്ണികൃഷ്ണൻ മാഷ് ഷേക്സ്പിയർ പ്രതിഭയുടെ വന്യവും വശ്യവുമായ ലോകങ്ങളിലൂടെ അയത്നലളിതമായി കടന്നുപോയി. മാഷിന്റെ ഭാവനയ്ക്ക് സ്വകീയമായ ഒരു നാടകീയതയുണ്ട്. ഇടയ്ക്ക് മുറിയുന്ന ചെറിയ വാക്യങ്ങൾ. അർധോക്തികൾ. വാക്കിന്റെ അനർഗളതയെ മാഷ് കാര്യമായി വകവച്ചിട്ടില്ല. വാക്കുകൾക്കിടയിലെ സൂക്ഷ്മലോകങ്ങളിലേക്കാണ് മാഷ് കണ്ണുനട്ടത്; കവിതയിലെന്നപോലെ പറച്ചിലിലും. അന്നത്തെ ഷേക്സ്പിയർ അവതരണങ്ങൾക്കിടയിലെപ്പോഴോ മാഷ് മാക്‌ബത്തിന്റെ ആത്മഭാഷണത്തെക്കുറിച്ച് പറഞ്ഞു. ഡിഗ്രിക്ക് പഠിച്ച സമയത്ത് ഞാനത് വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മനുഷ്യാവസ്ഥയുടെ പരമമായ നിരർഥകതയുടെ വാങ്മയമായി അതിനെയപ്പോൾ മനസ്സിലാക്കിയിരുന്നില്ല. അങ്ങനെയൊരാശയം ആ ആത്മഗതത്തെക്കുറിച്ച് കിട്ടിയതോടെ ആ ഭാഗം ഒരു പുതിയ ഭൂഖണ്ഡം പോലെ തിളങ്ങി. പിന്നീട് അതിന്റെ മാരകഭംഗിയിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതായി. ഒരു അന്ധകാരനദി ഒഴുകാൻ തുടങ്ങി.
രണ്ട്
മാക്ബത്ത് അഞ്ചാം അങ്കം അഞ്ചാം രംഗത്തിലാണ് അതിപ്രസിദ്ധിമായിത്തീർന്ന ആ ആത്മഗതമുള്ളത്. ലേഡിമാക്‌ബത്തിന്റെ മരണവിവരം അറിയിച്ച സെയ്റ്റനോടായി മാക്‌ബത്ത് പറഞ്ഞുതുടങ്ങുന്നതാണ്. പിന്നീടതൊരു ആത്മഗതമായി (soliloqui) പരിണമിക്കുന്നു. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ശൂന്യതാദർശനത്തിന്റെ (Nihilism) ഏറ്റവും വലിയ ആവിഷ്കാരമെന്ന് പല നിരൂപകരും ആ വാക്യങ്ങളെക്കുറിച്ച് പറഞ്ഞു. മനുഷ്യാസ്തിത്വത്തിന്റെ നിരർഥകത ആരെയും വിറകൊള്ളിക്കുന്ന വാക്കുകളിൽ ഷേക്സ്പിയർ അവിടെ എഴുതിച്ചേർത്തിരിക്കുന്നു. മാക്ബത്ത് അഞ്ചാം അങ്കം അഞ്ചാം രംഗത്തിലെ പതിനൊന്നു വരികൾ മനുഷ്യാസ്തിത്വത്തിന്റെ അന്തിമമായ നിരർഥകതയുടെ വെളിപാടുപുസ്തകമായി നമുക്കു മുന്നിൽ ഇങ്ങനെ തുറന്നു കിടക്കുന്നു.
“She should have died hereafter;
There would have been a time for such a world.
To-morrow and to-morrow and to-morrow
Creeps in this petty pace from day to day,
To the last syllable of recorded time;
And all our yesterdays have lighted fools
The way to dusty death. Out, Out, Brief candle!
Life is but a walking shadow; a poor player
That struts and frets his hour upon stage,
And then is heard no more. It is a tale
Told by an idiot, full of sound and fury
Signifying nothing ” (Macbeth vv 17- ‐ 28)
ഈ വാക്കുകളിൽ മനുഷ്യാവസ്ഥയുടെ നിത്യവിഷാദം അതിന്റെ മാരകരൂപം പ്രാപിച്ചിരിക്കുന്നു. അന്തിമമുഹൂർത്തത്തിൽ തന്നിലേക്കു തിരിഞ്ഞുനോക്കുന്ന ആരും ചെന്നുപെടാവുന്ന ഭയാനകമായ നിരർഥകത പടിപടിയായി മാക്ബത്തിനെ വലയം ചെയ്യുന്നത് നാമവിടെ കാണുന്നു. രാജ്ഞി മരിക്കേണ്ടിയിരുന്നത് പിന്നീടാണെന്ന ആദ്യവാക്യത്തിൽ അയാളുടെ കീഴടങ്ങാൻ തയ്യാറല്ലാത്ത ഇച്ഛയുടെ കൊടി ഉയർന്നുപാറുന്നുണ്ട്. ‘അത്തരമൊരു വാക്കിനു പറ്റിയ സമയം ഉണ്ടാകുമായിരുന്നു’ എന്ന തുടർന്നുവരുന്ന വാക്യത്തിലും അതു കാണാം. എന്നാൽ പിന്നാലെ നിരർഥകതയുടെ പദാവലികൾ ആ ആത്മഭാഷണത്തിൽ ഇരുട്ടുനിറയ്ക്കുന്നു:
“നാളെ, വീണ്ടും നാളെ, വീണ്ടും നാളെ
രേഖപ്പെടുത്തിയ കാലത്തിന്റെ അന്തിമാക്ഷരത്തിലേക്ക്
പതിഞ്ഞ വേഗത്തിൽ ഇഴയുന്നു.
നമ്മുടെ ഇന്നലെകളെല്ലാം
മടയന്മാർക്ക് മൃൺമയമൃത്യുവിലേക്കുള്ള
വഴിതെളിച്ചുകൊടുക്കുന്നു.
അണയുക, അണയുക,
ക്ഷണികമായ മെഴുതിരിനാളമേ!
ജീവിതം ചുവടുവയ്ക്കുന്ന നിഴൽ
അരങ്ങിലെ തന്റെ സമയമത്രയും
ഞെളിഞ്ഞും വെറിപിടിച്ചുനടന്നും
കഴിയുന്ന പാവം നടൻ.
പിന്നീടൊരിക്കലും കേൾപ്പോരില്ല.
അതൊരു വിഡ്ഢിപറഞ്ഞ കഥ
നിറയെ ശബ്ദവും രോഷവും
തീർത്തും അർഥശൂന്യം.’’
കാലത്തിന്റെ കളിക്കളത്തിൽ പാഴായിപ്പോകുന്ന മനുഷ്യജീവിതത്തിന്റെ പരമമായ നിരർഥകത ഇതുപോലെ മറ്റെവിടെയും പ്രകാശിതമായിട്ടില്ല. ഷേക്സ്പിയറുടെ ദുരന്തനാടകങ്ങളെക്കുറിച്ചുള്ള ആലോചനകളിലെല്ലാം ഈ ആത്മഗതം അതുല്യമായ സ്ഥാനം നേടി. എ സി ബ്രാഡ്ലി അടക്കമുള്ള ഷേക്സ്പിയർ പണ്ഡിതന്മാർ അതിനെ വീണ്ടും വീണ്ടും വ്യാഖ്യാനിച്ചു. വിജയോന്മത്തതയുടെയും യുദ്ധോന്മാദത്തിന്റെയും നടുവിൽ നിൽക്കുമ്പോഴാണ് മാക്ബത്ത് ഒരു വിലാപം കേൾക്കുന്നത്. ‘I have almost forgot the taste of fears’ എന്നയാൾ ആ സമയത്തും ഉദ്ധതനായി പ്രഖ്യാപിക്കുന്നുണ്ട്. ഭീകരതകൾ താൻ നിറയെ ഭക്ഷിച്ചിട്ടുണ്ട് എന്നും തന്റെ മാരകചിന്തകൾക്ക് പരിചിതമായിക്കഴിഞ്ഞ ഭീകരതയ്ക്ക് ഒരിക്കലും തന്നിൽ നടുക്കമുളവാക്കാനാവില്ലെന്നും പറയുന്ന മാക്ബത്തിനെ (‘I have supp’d full with horros;/Direness, familiar to my slaughterous thoughts, cannot once start me’)നാമവിടെ കാണുന്നു. അഞ്ചാം രംഗത്തിന്റെ തുടക്കത്തിൽ പുറംമതിലുകളിൽ കൊടികൾ തൂക്കിയിടാനാണ് അയാൾ ഉദ്ധതനായി ആവശ്യപ്പെടുന്നത്. തന്റെ കോട്ടയുടെ ശക്തി ശത്രുവിന്റെ ഉപരോധത്തെ പുച്ഛിച്ചുതള്ളുമെന്ന് അയാൾ പ്രഖ്യാപിക്കുന്നു. ക്ഷാമവും പനിയും തിന്നൊടുക്കുംവരെ ശത്രുസൈന്യം അവിടെ കിടക്കട്ടെയെന്ന അഹന്താനിർഭരമായ ആത്മാഭിമാനം അപ്പോഴയാളിലുണ്ട് (‘Hang out our banners on the out ward walls.../Our Castle’s strenght/will laught a seige to scorn; here let them lie/Till famine and ague eat them up’).
എല്ലാ ഭീകരതകളെയും കുടിച്ചുവറ്റിച്ച ആസുരതയുടെ കടൽക്കോളുപോലെയാണ് മാക്ബത്ത് ആ സന്ദർഭത്തിൽ നിലയുറപ്പിച്ചിരുന്നത്. ആ നില്പിന്റെ അടിയുലച്ചുകൊണ്ടാണ് അന്തപ്പുരത്തിൽ നിന്നുള്ള വിലാപത്തിന്റെ അകമ്പടിയോടെ ലേഡിമാക്ബത്തിന്റെ മരണവാർത്തയെത്തുന്നത്. അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും അത് മാക്ബത്തിനെ അല്പമൊന്നുലയ്ക്കുന്നുണ്ട്. ‘അവൾ പിന്നീടായിരുന്നു മരിക്കേണ്ടിയിരുന്നത്. ഈയൊരു വാക്കിന് കൂടുതൽ ഉചിതമായ സമയം ഉണ്ടാകുമായിരുന്നു’ എന്ന വാക്യത്തിൽ അയാളുടെ അന്തിമമായ പരാജയബോധം പതിയെ തലയുയർത്താൻ തുടങ്ങുന്നു. പിന്നാലെ, തീർത്തും അപ്രതീക്ഷിതമായി, വിഷാദത്തിന്റെ ഒരു ഇരുണ്ട ചക്രവാളം മാക്ബത്തിനെ വലയം ചെയ്യുന്നു.
എല്ലാ വിജയപ്രതാപങ്ങളെയും എല്ലാ വീരസാഹസങ്ങളെയും കാലം എന്ന മഹാന്ധകാളി നിഷ്‌പ്രഭവവും നിസ്വവുമാക്കിത്തീർക്കുന്നത് അയാൾ തിരിച്ചറിയുന്നു. പിന്നാലെ വരുന്ന അയാളുടെ ആത്മഗതം നിരർഥകതയുടെയും ലക്ഷ്യനാശത്തിന്റെയും പദാവലികളാൽ പൂരിതമായിരിക്കുന്നു. കാലത്തിന്റെ അന്തിമാക്ഷരത്തിലേക്ക് പതിയെപ്പതിയെ ദിനംതോറും ഇഴഞ്ഞെത്തുന്ന നാളെകൾ, മൃൺമയമൃത്യുവിലേക്കുള്ള വഴിതെളിക്കുകമാത്രം ചെയ്യുന്ന ഇന്നലെകൾ... ഭൂതവും ഭാവിയും അന്തിമമായ നിരർഥകതയിലേക്ക് ചുവടുവയ്ക്കുന്നതിന് നടുവിൽ ഞെളിഞ്ഞും വെറിപിടിച്ചും മേനിനടിച്ചും ആടിത്തിമർക്കുന്ന പാവം നടൻ. ചുവടുവയ്ക്കുന്ന വെറും നിഴൽ. താൻ അങ്ങനെയൊരാളായെന്ന തീവ്രമായ ബോധം മാക്ബത്തിന്റെ വാക്കുകളെ പരസ്പരവൈരുധ്യത്തിന്റെ മേളനമാക്കി മാറ്റുന്നത് നമുക്കവിടെ വായിക്കാം. പാവം നടൻ (poor player) എന്നതിന് തൊട്ടുപിന്നാലെ ഞെളിഞ്ഞും വെറിപിടിച്ചും(struts and frets) എന്ന് മാക്ബത്ത് പറയുമ്പോൾ അനുഭവങ്ങളുടെ അത്യന്തവിരുദ്ധലോകങ്ങൾ അവിടെ മുഖാമുഖം നിൽക്കുന്നു.
അഞ്ചാം രംഗത്തിന്റെ തുടക്കത്തിലെ അഹന്ത കൊടിയേറിയ വീരപ്രതാപങ്ങളിൽ നിന്ന് ആത്മസംഘർഷത്തിന്റെ പാതാളക്കയങ്ങളിലേക്ക് പതിച്ച മാക്ബത്തിന്റെ മനസ്സിനെ ഈ വാക്കുകൾ അവയുടെ ശബ്ദപരവും അർഥപരവുമായ വൈരുധ്യകൊണ്ട് ചേർത്തുവയ്ക്കുന്നുണ്ട്. ജീവിതത്തെയും മരണത്തെയും ഇരുളും വെളിച്ചവും തമ്മിലുള്ള മുഖാമുഖമായി അണിനിരത്തിയ മാക്ബത്തിലെ ഏറ്റവും സാന്ദ്രമായ ആഖ്യാനങ്ങളിലൊന്നായി ഈ ഭാഗം മാറിത്തീരുന്നത് അങ്ങനെയാണ്. ഇഴഞ്ഞെത്തുന്ന നാളെകളും അന്തിമമായ മരണത്തിലേക്ക് വഴിതെളിക്കുന്ന ഇന്നലെകളുടെ വെളിച്ചവും ചേർന്ന് തെളിക്കുന്ന ക്ഷണികപ്രകാശത്തിന്റെ കഥയായി ജീവിതം മാറുന്നു. ‘Out, Out, Brief Candle!’എന്ന മാക്ബത്തിന്റെ വാക്കുകൾ മരണമടഞ്ഞ പത്നിയെ മാത്രമല്ല സൂചിപ്പിക്കുന്നത്. മനുഷ്യവംശത്തിന്റെ ജീവചരിത്രം കൂടി ഷേക്സ്പിയർ അതിൽ കുറിച്ചുവച്ചിരിക്കുന്നു. തന്റെ ആത്മഗതത്തിന്റെ അവസാന വാക്യത്തിൽ മാക്ബത്ത് അത് നേരിട്ടുപറയുന്നുണ്ട്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ച് ഇക്കാലം വരെ പറയപ്പെട്ടതിൽ ഏറ്റവും ഗഹനമായൊരു വാക്യം ഷേക്സ്പിയർ അവിടെ എഴുതിച്ചേർത്തു. ‘അതൊരു വിഡ്‌ഢി പറഞ്ഞ കഥ; നിറയെ ശബ്ദവും രോഷവും. തീർത്തും നിരർഥകം’ (‘Tale told by an idiot/ full of sound and fury/Signifying nothing’). ഈ വാചകത്തിനൊടുവിലെ ‘Nothing’ എന്ന പദത്തോളം സാന്ദ്രമായി ജീവിതത്തിന്റെ നിരർഥകത മറ്റെവിടെയും സംഗ്രഹിക്കപ്പെട്ടിട്ടില്ല; അതിനു മുൻപും പിൻപും!
മൂന്ന്
പൊളാൻസ്കിയുടെ മാക്ബത്ത് പിന്നീടെനിക്ക് കാണാൻ കഴിഞ്ഞില്ല. എങ്കിലും മാക്ബത്തിലെ ഈ അതിപ്രസിദ്ധമായ ആത്മഗതം ലോകോത്തരനടന്മാർ ആവിഷ്കരിക്കുന്നത് കാണാൻ അവസരം കൈവന്നു. യുട്യൂബ് തുറന്നുതന്ന വഴിയാണ്. കറുപ്പിലും വെളുപ്പിലുമായി സിനിമ നിലകൊണ്ട കാലത്ത് അതിനെ കീഴടക്കിവാണ ഓഴ്‌സൺ വെൽസിനെപ്പോലെ ഒരു മഹാനടൻ മുതൽ ഇയാൻ മക്കെല്ലനും സ്റ്റീവൻ പാട്രിക്കും വരെയുള്ളവർ മാക്ബത്തിന്റെ ആത്മവിക്ഷോഭങ്ങളെ തങ്ങളുടെ ശബ്ദവും ശരീരവും കൊണ്ട് വ്യാഖ്യാനിക്കുന്നതിലൂടെ കടന്നുപോകാൻ പിൽക്കാലത്ത് അവസരം കിട്ടി; പൊളാൻസ്കിയുടെ മാക്ബത്ത് പിന്നീട് കാണാനായില്ലെങ്കിലും. അതിൽ മാക്ബത്ത് രാജാവായി അഭിനയിച്ച ജോൺ ഫിഞ്ച് ആ ആത്മഗതത്തിന്റെ വിളുമ്പിലൂടെ, ബോധാബോധങ്ങളുടെ നേർത്ത ഇടവരമ്പിലൂടെ, ഇടറിനീങ്ങുന്നത് കണ്ടു. അതുല്യമായ ഒരു സാഹിത്യപാഠം കൈവരിക്കുന്ന പ്രകടനാത്മകതയുടെ (performativity) ഭിന്നപ്രകാരങ്ങളെക്കുറിച്ചുള്ള ഒരു പാഠപുസ്തകമായിരുന്നു ആ ദൃശ്യഖണ്ഡങ്ങൾ. നമ്മുടെ അഭിനയവിദ്യാർഥികളും രംഗകലാപഠിതാക്കളും അക്ഷയഖനിപോലെ കാണേണ്ട ഒന്നാണതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ലോകചരിത്രവേദിയിലെയും നാടകവേദിയിലെയും മഹാരഥികളെല്ലാം തങ്ങളെ സ്വയം പരീക്ഷിച്ചുനോക്കിയ പാഠപുസ്തകമാണ് മാക്ബത്ത്. നിശ്ശബ്‌ദസിനിമയുടെ കാലത്ത് സ്റ്റുവർട്ട് ബ്ലാക്ടണിന്റെ സംവിധാനത്തിൽ വില്യം റാനൗസ് മാക്ബത്തായി രംഗത്തുവന്നതു മുതൽ അതു തുടങ്ങുന്നു. പിന്നീട് ഹെർബർട്ട് ബീർബോം ട്രീ, ഓഴ്‌സൺ വെൽസ്, മൗറിസ് ഇവാൻസ്, എറിക് പോർട്ടർ, ലോറൻസ് ഒളീവിയർ, ജോൺ ഫിഞ്ച്, ഇയാൻ മക്കെല്ലൻ, ജെറമി ബ്രറ്റ്, ജാസൻ കോണറി, സാം വർത്തിങ്ടൺ, പാട്രിക് സ്റ്റുവർട്ട്... അങ്ങനെ എത്രയോ പേർ. 2021‐ൽ ഡെൻസൽ വാഷിങ്ടൺ മാക്ബത്തായി വന്ന അവതരണമാണെന്നു തോന്നുന്നു ഈ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേത്. ജോൾ കോൻ സംവിധാനം ചെയ്ത ആ ചലച്ചിത്രഭാഷാന്തരത്തിലും (The Tragedy of Macbeth) മാക്ബത്തിന്റെ ചരിത്രജീവിതം അവസാനിക്കാനിടയില്ല. മനുഷ്യവംശത്തിന്റെ ഇരുണ്ട സ്വപ്നങ്ങളുടെ ശാശ്വതസ്മൃതിപോലെ ഇനിയുമെത്രയോ നൂറ്റാണ്ടുകളിൽ അത് പുതുരൂപങ്ങൾ കൈവരിക്കാനിരിക്കുന്നു.
മാക്ബത്ത് അഞ്ചാം അങ്കം അഞ്ചാം രംഗത്തിന്റെ ചലച്ചിത്രഭാഷ്യങ്ങളുടെ ഒരു പരമ്പര യുട്യൂബിൽ ലഭ്യമാണ്. ഇരുപത് മിനിറ്റിലധികം ദൈർഘ്യമുള്ള ഒന്ന്. വ്യത്യസ്ത കാലങ്ങളിലും വേഷഭൂഷകളിലുമായി പതിനഞ്ചോളം മഹാനടന്മാർ മാക്ബത്തിന്റെ സ്തോഭങ്ങളിലൂടെ കടന്നുപോകുന്നത് അതിൽ കാണാം. ഓഴ്‌സൺവെൽസ് മുതൽ മിഷേൽ ഫാസ്ബെൻഡർ വരെയുള്ളവരുടെ അതുല്യമായ പ്രകടനങ്ങൾ. ഓഴ്‌സൺ വെൽസിന്റെ ശബ്ദമാന്ത്രികതയോളം മികവ് ഇതിലെ മറ്റൊരവതരണത്തിനുമില്ല. സ്ക്രീനിൽ കറുപ്പിലും വെളുപ്പിലുമായി തെളിയുന്ന ചക്രവാളപ്പരപ്പിന്റെ പശ്ചാത്തലത്തിൽ അമർന്നുമുഴങ്ങുന്ന ശബ്ദത്തിൽ മാക്ബത്തിന്റെ ആത്മഗതം നാം കേൾക്കുന്നു. നിരർഥകതയുടെ മഹാകാവ്യം പോലെ അപ്പോൾ ആകാശപ്പരപ്പ് തുറന്നുകിടക്കുന്നു. ജാൻസ് കോണറിയുടേത് വേഗതയാർന്ന അവതരണമാണ്. ചടുലവും വികാരസാന്ദ്രവുമെങ്കിലും ആ ആത്മഗതത്തിന്റെ ദുരന്തഗൗരവം അതിലില്ല. നിക്കോൾ വില്യംസൺ അങ്ങേയറ്റം പതിഞ്ഞ താളത്തിൽ തുടങ്ങുന്നു. പിന്നീട് പൊടുന്നനെ അതിവേഗമാർജിക്കുന്നു. ഈ വ്യതിയാനം മാക്ബത്തിന്റെ ആത്മഗതത്തിന്റെ അഗാധതയെ പിടിച്ചെടുക്കുന്നതിൽ പരാജയപ്പെടുന്നതായി തോന്നി. ജോൺ ഫിഞ്ചിന്റേത് അങ്ങേയറ്റം ഉൾവലിഞ്ഞ ആത്മനിമന്ത്രണം പോലെയാണ്; മാക്ബത്തിന്റെ ഹൃദയഭാഷണംപോലെ. പരമമായ നിസ്സഹായതയ്ക്കും നിരാശയുടെ പാതാളമുനമ്പിനും മുന്നിലുള്ള മാക്ബത്തിന്റെ മനഃസ്തോഭം ഫിഞ്ചിന് ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ല. ആന്റണിഷേർ, ജോസഫ് വിൽസൺ, ജെറമി ബ്രറ്റ്, മിഷേൽ ഫാസ്ബെൻഡർ തുടങ്ങിയവരൊക്കെ ഈ ദൃശ്യഖണ്ഡവുമായി വരുന്നുണ്ട്. ബ്രറ്റിന്റെ അവതരണം അതിനാടകീയതയാൽ ശബ്ദമുഖരിതമായ ആത്മഗതമായി മാറിയിരിക്കുന്നു. മറുപുറത്ത്, ആന്റണിഷേറും ജോസഫ് വിൽസണും അതിനെ അതിസാധാരണതയാൽ നിഷ്പ്രഭമാക്കുകയും ചെയ്തു.
ഞാൻ കണ്ട അവതരണങ്ങളിൽ ഏറ്റവും ഗംഭീരമായി അനുഭവപ്പെട്ടത് ഇയാൻ മക്കെല്ലന്റെയും പാട്രിക് സ്റ്റുവർട്ടിന്റെയും അവതരണങ്ങളാണ്. രണ്ടും രണ്ടു വഴികളാണ്. രണ്ടു കാലസന്ദർഭങ്ങളിൽ അവതരിപ്പിക്കപ്പെടുന്നതുമാണ്. പാട്രിക് സ്റ്റുവർട്ടിന്റെ മാക്ബത്ത് പുതിയ കാലത്തിലെ പുനരാഖ്യാനമാണ്. ഇയാൻ മക്കെല്ലന്റേത് മധ്യകാല ദുരന്തനാടകവും. രണ്ടും അഭിനയമികവിന്റെയും ശബ്ദവിന്യാസത്തിന്റെയും അതുല്യമായ പാഠങ്ങളായി അവശേഷിക്കുന്നു. തന്റെ ഇരിപ്പിടത്തിൽ നിന്നനങ്ങാതെ, ഒരിക്കൽപോലും കണ്ണിമ ചിമ്മാതെയാണ്, മക്കെല്ലൻ ആ ആത്മഗതം അവതരിപ്പിക്കുന്നത്. ഓരോ വാക്കിലും കനം തൂങ്ങുന്ന ദുരന്തബോധം നാമവിടെ കാണുകയും കേൾക്കുകയും ചെയ്യുന്നു. അവസാനത്തെ ‘ ‘Nothing’എന്ന വാക്ക് അയാൾ ഉരുവിടുമ്പോൾ ജീവിതനൈരാശ്യത്തിന് കൈവന്ന അന്തിമമായ ശബ്ദരൂപമായി അത് നമ്മെ വലയം ചെയ്യും. പാട്രിക് സ്റ്റുവർട്ട് പുതിയ കാലത്തിന്റെ രംഗപടത്തിലേക്ക് പ്രാചീനമായ ദുരന്തബോധത്തെ തന്റെ പാതാളമുഴക്കം നിറഞ്ഞ ശബ്ദത്തിലൂടെ കൈപിടിച്ചു കൊണ്ടുവരുന്നു. ‘Nothing’എന്ന ആ അവസാന വാക്ക് അത്രത്തോളം മാരകമായി അതുവരെയും ഉച്ചരിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു.
പറവൂരിലെ പാരലൽ കോളേജിലെ പഴയ ക്ലാസ്മുറികളിലൊന്നിലിരുന്ന് ഷേക്സ്പിയറുടെ ദുരന്തനാടകങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ കാണുമ്പോൾ മനുഷ്യഭാവന താണ്ടിക്കടന്ന എക്കാലത്തെയും വലിയ തമോഗർത്തങ്ങളാണവയെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. കാലപ്രവാഹം പഴയ കാഴ്ചകൾക്കെല്ലാം പുതിയ അർഥം നൽകുന്നു. അതിലാളിത്യത്തിലെ ഗഹനതകൾ പതിയെപ്പതിയെ തെളിയുന്നു.
പറവൂരിലെ പാരലൽ കോളേജിലെ പഴയ ക്ലാസ്മുറികളിലൊന്നിലിരുന്ന് ഷേക്സ്പിയറുടെ ദുരന്തനാടകങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ കാണുമ്പോൾ മനുഷ്യഭാവന താണ്ടിക്കടന്ന എക്കാലത്തെയും വലിയ തമോഗർത്തങ്ങളാണവയെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. കാലപ്രവാഹം പഴയ കാഴ്ചകൾക്കെല്ലാം പുതിയ അർഥം നൽകുന്നു.
ലണ്ടനിലെ ഗ്ലോബ് തിയേറ്ററിന് മുന്നിൽ സുനിൽ പി ഇളയിടം
അതിലാളിത്യത്തിലെ ഗഹനതകൾ പതിയെപ്പതിയെ തെളിയുന്നു. കാൽനൂറ്റാണ്ടിനിപ്പുറം ലണ്ടനിലെ തെംസ് നദിയുടെ തീരത്തെ ഗ്ലോബ് തിയേറ്ററിൽ നിന്ന് ‘മിഡ്സമ്മർ നൈറ്റ്സ് ഡ്രീംസ്’ കണ്ട് പുറത്തിറങ്ങുമ്പോൾ മെഴുകുതിരി വെളിച്ചത്തിൽ കേട്ട പഴയ ആ ആത്മഗതം എന്തുകൊണ്ടോ മനസ്സിലുണ്ടായിരുന്നു.
“Life is but a walking shadow
A poor player
That struts and frets his hour upon stage
And then is heard nomore”
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..