22 December Sunday

ജെഎൻയുവിൽനിന്ന് ഉയർന്ന ചെന്താരകം

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


1960 കളുടെ രണ്ടാംപകുതിയിൽ ഹൈദരാബാദിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കെ മലയാളിവേരുകളുള്ള വിദ്യാർഥിനേതാവ്‌ ജോർജ്‌ റെഡ്ഡിയുടെ പ്രസംഗങ്ങളിൽനിന്നാണ്‌ സീതാറാം യെച്ചൂരി ഇടതുപക്ഷ ആശയങ്ങളെക്കുറിച്ച്‌ ആദ്യം മനസ്സിലാക്കുന്നത്‌. തിരുവിതാംകൂറുകാരിയായിരുന്ന ലീല വർഗീസിന്റെയും ആന്ധ്ര ചിറ്റൂർ സ്വദേശിയായ ചല്ല രഘുനാഥ്‌ റെഡ്ഡിയുടെയും മൂത്തമകനാണ്‌ ജോർജ്‌. ഒസ്‌മാനിയ സർവകലാശാലയിൽനിന്ന്‌ ന്യൂക്ലിയർ ഫിസിക്‌സിൽ സ്വർണമെഡലോടെ ബിരുദാനന്തരബിരുദം നേടിയ ആ തീപ്പൊരി വിദ്യാർഥിനേതാവ്‌ 1972ൽ കോളേജ്‌ ക്യാമ്പസിൽ ആർഎസ്‌എസ്‌ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ജോർജിന്റെ പ്രസംഗങ്ങളിൽനിന്ന്‌ ലഭിച്ച രാഷ്‌ട്രീയ ബാലപാഠങ്ങൾക്കുശേഷം ഡൽഹി സെന്റ്‌ സ്റ്റീഫൻസ്‌ കോളേജിലെ ധനതത്വശാസ്‌ത്ര അധ്യാപകനായിരുന്ന പങ്കജ്‌ ഗാംഗുലിയാണ്‌ സീതാറാമിന്റെ രാഷ്‌ട്രീയ തത്വശാസ്‌ത്രധാരണകൾ ബലപ്പെടുത്തിയത്‌.

എങ്കിലും എംഎയ്ക്ക് ജെഎൻയുവിൽ ചേർന്നതോടെയാണ് തന്റെ രാഷ്ട്രീയചിന്തകൾക്ക് വ്യക്തമായ രൂപം കൈവന്നതെന്ന്‌ സീതാറാം പറഞ്ഞിട്ടുണ്ട്‌. മാർക്സിസത്തെക്കുറിച്ച് ശരിയായ ധാരണ കൈവന്നു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ സജീവമായി. 1973ൽ പ്രകാശ് കാരാട്ട് ജെഎൻയു യൂണിയൻ ചെയർമാനായ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിനുവേണ്ടിയായിരുന്നു ആദ്യ രാഷ്‌ട്രീയപ്രസംഗങ്ങൾ. പ്രകാശ് കാരാട്ടുമായുള്ള അടുപ്പം അക്കാലത്ത് തുടങ്ങിയതാണ്.

അടിയന്തരാവസ്ഥക്കാലത്ത്‌ പത്തുമാസത്തിനുള്ളിൽ മൂന്നുതവണ ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി. മൂന്നുതവണയും ചെയർമാനായി ജയിച്ചത് സീതാറാമാണ്. 1978ൽ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. മലയാളിയോ ബംഗാളിയോ അല്ലാത്ത ആദ്യ എസ്എഫ്ഐ പ്രസിഡന്റാണ് സീതാറാം. "പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തിയത് അക്കാലത്താണ്. ക്യാമ്പസിലെ ഏറ്റവും സമർഥരായ വിദ്യാർഥികളാണ് എസ്എഫ്ഐയിൽ അണിനിരന്നത്. 1984ൽ 32–-ാംവയസ്സിൽ  സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായ സീതാറാം, അടുത്തവർഷം 12–-ാം പാർടി കോൺഗ്രസിൽ സിസി അംഗമായി. പ്രകാശ് കാരാട്ട്, ബുദ്ധദേബ് ഭട്ടാചാര്യ, ബിമൻ ബസു, മണിക് സർക്കാർ തുടങ്ങി 15 പേർ അന്ന്‌ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top