ചരിത്രത്തിനൊപ്പം നടന്ന പോരാട്ടവീര്യത്തിന് പാതി വഴിയിൽ പൂർണ വിരാമം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി. ജീവശ്വാസത്തെക്കാളും വലുതായി കണ്ട ചെങ്കൊടി പുതച്ച് നിത്യനിദ്ര. ജീവിതംപോലെ, ജീവനറ്റ ശരീരവും പുതുതലമുറയ്‌ക്ക് ഇനി പാഠമാകും.
പോരാട്ടങ്ങളും ജയിൽജീവിതവും പാർലമെന്റിൽ മുഴങ്ങിക്കേട്ട ഘനഗംഭീര ശബ്ദവും ഇനി ഉജ്വലമായ ഓര്‍മകള്‍. ജനക്കൂട്ടത്തിനു നടുവിൽ നാട്യങ്ങളില്ലാതെ ഉയർന്നുനിന്ന ആ വിപ്ലവനക്ഷത്രത്തിന്റെ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞത് മനുഷ്യപ്പറ്റുമാത്രമാണെന്ന് ചരിത്രം രേഖപ്പെടുത്തും.
നേരിന്റെ വിയർപ്പുമണമുള്ള മുദ്രാവാക്യങ്ങൾ, മണ്ണിന്റെ മണം പേറുന്ന രാഷ്ട്രീയ സമവാക്യങ്ങൾ, സഭാതലത്തിൽ പ്രോജ്വലിച്ച വാഗ്‌മിത്വം, ജനങ്ങളുടെ കൈയകലത്തിൽ നിറഞ്ഞുനിന്ന രാഷ്ട്രീയ ജീവിതം എന്നിവയ്ക്കാണ് തിരശ്ശീല വീണത്.
തെറ്റുകളെ എതിർത്തു തോൽപ്പിക്കാന്‍ മുന്നില്‍നിന്നു. ശരികൾക്കുവേണ്ടി വാദിക്കുന്ന മനുഷ്യർക്കായി തൊണ്ടപൊട്ടുമാറ് ഉറക്കെ കലഹിച്ചു. ചെന്നെെയിൽ ജനിച്ച് ഹെെദരാബാദിൽ വളർന്ന യെച്ചൂരി പഠനകാലംമുതൽ വിപ്ലവ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. മാർക്സിസ്റ്റ് സൈദ്ധാന്തികനായ യെച്ചൂരി അസാധാരണമായ നേതൃശേഷിയുടെ പര്യായമായി മാറി. ആ പ്രത്യയശാസ്ത്ര വ്യക്തതയാണ് സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറി പദവിയിലേക്ക് ഉയർത്തിയത്. അവസാന ശ്വാസംവരെ യെച്ചൂരി പാർടിയെ കരുത്തോടെ നയിച്ചു. പ്രിയ സഖാവിന്റെ വിയോഗത്തിൽ, ചെങ്കൊടി താഴ്‌ത്തിക്കെട്ടി സിപിഐ എം അനുശോചനം പ്രകടിപ്പിക്കുന്നു.
മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഇനിയും പോരിനിറങ്ങാം. അതാവും സീതാറാം യെച്ചൂരിയെന്ന പോരാളിക്ക് അർപ്പിക്കാവുന്ന ആദരാഞ്ജലി. മാർഗദീപമായി യെച്ചൂരിയുടെ വാക്കും പ്രവൃത്തിയും ജ്വലിച്ചുനിൽക്കും, കനൽസൂര്യനായി...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..