ഇടതുപക്ഷത്തിന്റെ നിർണായക പിന്തുണയിൽ 2004ൽ രൂപീകരിച്ച ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സീതാറാം യെച്ചൂരി നടത്തിയത് ചരിത്രപരമായ ഇടപെടലുകൾ. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഐ എമ്മിന്റെ മാർഗനിർദേശത്തിന്റെയും പ്രേരണയുടെയും ഫലമായി ജനക്ഷേമപരമായ ഒട്ടേറെ നിയമങ്ങളും പദ്ധതികളും ആ സർക്കാർ നടപ്പാക്കി. അതിനെല്ലാം പിന്നിൽ യെച്ചൂരിയുടെ സംഭാവന അനിഷേധ്യം. പൊതുമിനിമം പരിപാടി നടപ്പാക്കുന്നതിൽ കോൺഗ്രസ് നേതൃത്വം മടിച്ചുനിന്ന ഘട്ടത്തിലെല്ലാം സർക്കാരിനെ നേർവഴിയിൽ നയിക്കാനും യെച്ചൂരി ഇടപെട്ടു
തൊഴിലുറപ്പ് പദ്ധതി നിയമം
ഒന്നാം യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടിയിലെ പ്രധാന വാഗ്‌ദാനം. കോൺഗ്രസിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും ഒരു വിഭാഗത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല. യുപിഎ–- ഇടതുപക്ഷ ഏകോപനസമിതിയിൽ യെച്ചൂരി പദ്ധതിക്കായി ശക്തിയുക്തം വാദിച്ചു. കോൺഗ്രസിന് വഴങ്ങേണ്ടിവന്നു. 2005 സെപ്‌തംബറിൽ പാർലമെന്റ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കി. പദ്ധതി നിർവഹണം വൈകിയപ്പോൾ ഇടതുപക്ഷം സമ്മർദം തുടർന്നു. രാജ്യവ്യാപകമായി നിലവിൽ വന്നത് 2008 ഏപ്രിലിൽ.
വനാവകാശനിയമം
വനഭൂമിയിൽ ആദിവാസികളുടെ അവകാശങ്ങൾ ഉറപ്പിക്കുന്ന 2006ലെ വനാവകാശനിയമം കേന്ദ്രം കൊണ്ടുവന്നത് സിപിഐ എമ്മിന്റെ ശക്തമായ സമ്മർദത്തിൽ. കോർപറേറ്റുകൾക്ക് വനഭൂമിയും വനവിഭവങ്ങളും തീറെഴുതുന്നത് ഒരു പരിധിവരെ തടയാൻ സഹായകമായ നിയമം. 2006 ഡിസംബറിൽ പാർലമെന്റിന്റെ ഇരുസഭയും ബിൽ പാസാക്കിയെങ്കിലും നിയമം വിജ്ഞാപനം ചെയ്യുന്നത് യുപിഎ സർക്കാർ നീട്ടി. സിപിഐ എം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കത്തയച്ചു. പാർലമെന്റിൽ യെച്ചൂരി ശക്തമായി ഇടപെട്ടു.
വിവരാവകാശനിയമം
ഭരണനിർവഹണത്തിൽ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിവരാവകാശനിയമം (ആർടിഎ) 2005 ഒക്ടോബറിലാണ് നിലവിൽ വന്നത്. വിവരാവകാശനിയമം യാഥാർഥ്യമാക്കിയതിൽ സിപിഐ എമ്മിന് വലിയ പങ്കുണ്ട്. പിന്നീട്, നിയമത്തിൽ വെള്ളംചേർക്കാനുള്ള ഭേദഗതി നീക്കങ്ങൾ ചെറുക്കാനായി ഉയർന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിൽ യെച്ചൂരിയുടെ പങ്ക് പ്രധാനം.
വിദ്യാഭ്യാസ അവകാശ നിയമം
സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയമാണ് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമെന്ന വാഗ്‌ദാനമായി പരിണമിച്ചത്. എല്ലാ പൗരർക്കും വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടിൽ ഇടതുപക്ഷം ഉറച്ചുനിന്നു. 2009 ആഗസ്‌തിൽ പ്രാബല്യത്തിൽ വന്ന നിയമത്തിന് പിന്നിലും യെച്ചൂരിയുടെ പങ്ക് നിസ്‌തുലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..