16 December Monday

നോവുണങ്ങാതെ ; ഓർമകളിൽ ജ്വലിച്ച്‌ യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

 

അതിരുകളില്ലാത്ത സാഹോദര്യം : പിണറായി വിജയൻ
സാർവദേശീയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ്‌ നേതാക്കളുമായി ഏറ്റവും അടുത്ത ബന്ധമാണ്‌ യെച്ചൂരി പുലർത്തിയിരുന്നത്‌. ജനറൽ സെക്രട്ടറിയാകുന്നതിന്‌ മുമ്പുതന്നെ അദ്ദേഹം മറ്റ്‌ രാജ്യങ്ങളിലെ സഹോദര പാർടികളുമായി സുഹൃദ്‌ബന്ധം പുലർത്തിയിരുന്നു. പലരാജ്യങ്ങളിലെ പ്രശ്‌നങ്ങളിൽ ഇടപെടാനും അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വിദ്യാർഥിയായിരുന്ന കാലംമുതൽക്കുതന്നെ യെച്ചൂരിയുടെ നേതൃശേഷി അംഗീകരിക്കപ്പെട്ടിരുന്നു. തുടർച്ചയായി മൂന്നുതവണ ജെഎൻയു വിദ്യാർഥിയൂണിയൻ പ്രസിഡന്റാകാൻ കഴിഞ്ഞ റെക്കോഡ്‌ അദ്ദേഹത്തിന്‌ സ്വന്തമാണ്‌. ധിഷണാവൈഭവംകൊണ്ട്‌ ഇന്ത്യയിലെ ബുദ്ധിജീവികളിൽ  പ്രമുഖനായിരുന്നുവെങ്കിലും അത്തരത്തിലൊരു ഭാവം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.

തനിക്ക്‌ വ്യത്യസ്‌ത അഭിപ്രായമുള്ള വിഷയങ്ങളെ സംബന്ധിച്ച്‌ ചർച്ച ചെയ്യുമ്പോൾ പ്രകോപിതനാകാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. യെച്ചൂരിക്ക്‌ നേരിട്ടറിയാവുന്ന നിരവധി പാർടി പ്രവർത്തകർ കേരളത്തിലുണ്ട്‌. കേരളത്തിൽ സിപിഐ എം വളർന്നതിന്‌ നേതൃപരമായ പങ്ക്‌ അദ്ദേഹത്തിനുണ്ട്‌. യെച്ചൂരിയുടെ വിയോഗം സിപിഐ എമ്മിനുമാത്രമല്ല, ഇന്ത്യയുടെ ഇന്നത്ത സാഹചര്യത്തിൽ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കെല്ലാം വലിയ നഷ്‌ടമാണെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
 

ഇന്ത്യ കണ്ട പ്രതിഭാധനരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാൾ : എം വി ഗോവിന്ദൻ
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്ന ഇന്ത്യ കണ്ട പ്രതിഭാധനരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  നന്നായി വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന, ദാർശനികവും സംഘടനാപരവും പ്രായോഗികവുമായ കാര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന പ്രതിഭാശാലിയായ കമ്യൂണിസ്റ്റ്‌ ആയിരുന്നു യെച്ചൂരി. ദേശീയ രാഷ്‌ട്രീയത്തിൽ ശരിയായ ദിശാബോധത്തോടുകൂടി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ വേണ്ടിയുള്ള നിർദ്ദേശങ്ങളും നിലപാടുകളും കൂട്ടായ്‌മകളും സൃഷ്‌ടിച്ചു കൊണ്ടാണ്‌ യെച്ചൂരി പ്രവർത്തിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കനത്ത നഷ്‌ടം : എസ്‌ രാമചന്ദ്രൻപിള്ള
സീതാറാം യെച്ചൂരിയുടെ നിര്യാണം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും മാത്രമല്ല മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്‌ടമാണെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള. അതിസമർഥനായ രാഷ്‌ട്രീയ നേതാവായിരുന്നു യെച്ചൂരി. ഇടതുപക്ഷ രാഷ്‌ട്രീയ കക്ഷികൾക്ക്‌ പുറമേ മതനിരപേക്ഷ ജനാധിപത്യ രാഷ്‌ട്രിയ കക്ഷികളുമായി സൗഹൃദം പുലർത്താനും ഒരുമിച്ച്‌ പ്രക്ഷോഭ സമരങ്ങളിൽ പങ്കെടുക്കാനും സാമർഥ്യപൂർവം ഇടപെട്ടു.

രാഷ്‌ട്രപതിയെ തിരുത്തിയ നേതാവ്‌ : പന്ന്യൻ രവീന്ദ്രൻ
രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിലും അഗാധ പാണ്ഡിത്യമുള്ള നേതാവാണ്‌ യെച്ചൂരിയെന്ന്‌ പന്ന്യൻ രവീന്ദ്രൻ. രാജ്യസഭാംഗമായിരുന്നപ്പോൾ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിൽ ഭേദഗതി ഉന്നയിച്ച്‌ അംഗീകരിപ്പിക്കാൻ അദ്ദേഹത്തിനായി. ഇടതുപക്ഷ, മതേതര പ്രസ്ഥാനങ്ങളുമായി യോജിക്കാവുന്ന എല്ലാ പാർടികളുമായും നേരിട്ട്‌ ചർച്ച നടത്തി ഒപ്പംകൊണ്ടുവരാൻ അദ്ദേഹത്തിനായെന്നും പന്ന്യൻ അനുസ്മരിച്ചു.

ആ ചിത്രം ഇന്നും ആവേശം : പി സി വിഷ്‌ണുനാഥ്‌
വിദ്യാർഥിയായിരുന്നകാലം മുതൽ സീതാറാം യെച്ചൂരിയുടെ പ്രവർത്തനങ്ങൾ ആവേശമായിരുന്നുവെന്ന്‌ എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥ്‌. ‘ഇന്ത്യയിലെ സർവശക്തയായ പ്രധാനമന്ത്രി എന്നറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധിയുടെ വീടിനുമുന്നിലെത്തി, അവർക്കെതിരായ പ്രമേയം വായിക്കുന്ന ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവായ യെച്ചൂരിയുടെ ചിത്രം ഇന്നും ആവേശം നിറയ്‌ക്കുന്നതാണ്‌. ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്റെ അടുത്ത സുഹൃത്തായിരുന്നു യെച്ചൂരി. ബിജെപി അജയ്യരായി തീരും എന്ന്‌ കരുതിയകാലഘട്ടത്തിൽ ‘ഇന്ത്യാകൂട്ടായ്‌മ’ രൂപീകരിക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌’–-വിഷ്‌ണുനാഥ്‌ പറഞ്ഞു.

ഭരണഘടനാ 
സംരക്ഷണത്തിന്‌ 
മുന്നിൽനിന്നു : രാമചന്ദ്രൻ കടന്നപ്പള്ളി
ഭരണഘടനയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനുള്ള ദേശീയ മുന്നേറ്റത്തിൽ മുൻനിരയിൽനിന്ന നേതാവാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അദ്ദേഹത്തിന്റെ അനിവാര്യമായ സാന്നിധ്യം വർത്തമാനകാല സാഹചര്യത്തിൽ നമുക്ക്‌ ആവശ്യമായിരുന്നു. യെച്ചൂരിയുടെ നഷ്ടമുണ്ടാക്കിയ വ്യാപ്തി വാക്കുകൾക്ക്‌ അതീതമാണ്.

രാഷ്‌ട്രീയത്തിലെ 
ബൗദ്ധിക തേജസ്സ്  : എൻ ജയരാജ്‌
ഇന്ത്യൻ രാഷ്ട്രീയത്തിൽ ബൗദ്ധികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത നേതാവാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ കേരള കോൺഗ്രസ്‌ നേതാവ്‌ എൻ ജയരാജ്‌ എംഎൽഎ പറഞ്ഞു. മികച്ച വാഗ്‌മിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്നു. ചടുലമായി തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്‌ രാജ്യം എക്കാലവും ഓർക്കും. വർഗീയതയിൽനിന്ന്‌ രാജ്യത്തെ രക്ഷിക്കാൻ വലിയ വെളിച്ചവും സാധ്യതയും നൽകിയ നേതാവായിരുന്നു യെച്ചൂരി.

വർഗീയതയ്ക്കെതിരായ പ്രതിരോധം : മാത്യു ടി തോമസ്‌
വർഗീയശക്തികളെ ജനകീയമായി പ്രതിരോധിക്കാൻ നേതൃത്വം നൽകിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ്‌. പ്രതിലോമ ശക്തികളുടെ കടന്നുവരവ്‌ പ്രതിരോധിക്കാൻ തയ്യാറായവരെയെല്ലാം സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഭാവിക്കായുള്ള നിരന്തര പോരാട്ടത്തിന്റെ ചരിത്രമാണ്‌ യെച്ചൂരിയുടെ ജീവിതം. പ്രത്യയശാസ്ത്ര അടിത്തറയിൽനിന്ന്‌ പ്രായോഗിക രാഷ്ട്രീയത്തെ അവതരിപ്പിക്കാനായി. മാതൃകാപപൊതുപ്രവർത്തന ജീവിതമാണ്‌ അദ്ദേഹം കാഴ്ചവെച്ചത്.

രാജ്യത്തിന്റെ 
കാവൽഭടൻ  : മോൻസ്‌ ജോസഫ്‌
ഇന്ത്യയുടെ രാഷ്ട്രീയഭാവി അപകടത്തിലാകുമ്പോൾ രാജ്യത്തിന്റെ കാവൽഭടനായിനിന്ന നേതാവാണ്‌ സീതാറാം യെച്ചൂരിയെന്ന്‌ കേരള കോൺഗ്രസ്‌ ജനറൽ സെക്രട്ടറി മോൻസ്‌ ജോസഫ്‌ പറഞ്ഞു. അവസരോചിതമായ ഇടപെടലിലൂടെ രാജ്യത്തിന്റെ നിലനിൽപ്പ്‌ ഭദ്രമാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ ധീരനേതൃത്വം ചരിത്രം സാക്ഷ്യപ്പെടുത്തും.

രാജ്യത്തിന്റെ 
സ്പന്ദനം 
മനസ്സിലാക്കിയ നേതാവ്‌ :
കാസിം ഇരിക്കൂർ
രാജ്യത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.  രാജ്യത്തെ രാഷ്ട്രീയപരമായി നിയന്ത്രിച്ച, വർത്തമാനകാലത്തെ പ്രത്യേക സാഹചര്യത്തിൽ അതിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു യെച്ചൂരി.

മതനിരപേക്ഷതയ്‌ക്കായി ഉഴിഞ്ഞുവച്ച 
ജീവിതം : കെ എസ്‌ സനൽകുമാർ
ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുംവേണ്ടി  ഉഴിഞ്ഞുവച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ആർഎസ്‌പി കേന്ദ്രകമ്മിറ്റി അംഗം കെ എസ്‌ സനൽകുമാർ.  യെച്ചൂരിയുടെ വാക്കും പ്രവൃത്തിയും മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്‌മക്ക്‌ വലിയ സംഭാവന നൽകുന്നതായിരുന്നു. ഇന്ത്യാ കൂട്ടായ്‌മ രൂപീകരിക്കാൻ ആ വാക്കുകൾ സഹായകമായി.

ജനാധിപത്യ 
മുന്നേറ്റത്തിന്‌ കനത്ത നഷ്ടം : ബിനോയ്‌ ജോസഫ്‌
മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്ക്‌ കനത്ത നഷ്ടമാണ്‌ സീതാറാം യെച്ചൂരിയുടെ വേർപാടെന്ന്‌ കേരള കോൺഗ്രസ്‌ (സ്കറിയ തോമസ്‌) ചെയർമാൻ ബിനോയ്‌ ജോസഫ്‌. സമകാലീന രാഷ്‌ട്രീയത്തിൽ വലിയ വിടവാണ്‌ സംഭവിച്ചത്‌. പ്രവർത്തിച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു യെച്ചൂരി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top