ചെറുപ്പകാലം മുതൽ ദിശാബോധവും വീക്ഷണവുമുള്ള വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം നേട്ടങ്ങളുടേതായിരുന്നു. രാഷ്ട്രീയരംഗത്തെന്ന പോലെ പഠനത്തിലും ഒരുപോലെ മികവുതെളിയിച്ചു.
ഹൈദരാബാദിലെ നൈസാം കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർഥിയായിരുന്നു സീതാറാം. അക്കാലത്താണ് തെലങ്കാന സംസ്ഥാനത്തിനുവേണ്ടി ആദ്യപ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത്. ഇക്കാരണത്താൽ വിദ്യാഭ്യാസം ഏറെക്കാലം തടസപ്പെട്ടു. പിന്നീട് അച്ഛൻ സർവേശ്വര സോമയാജുലുവിന് ഡൽഹിയിൽ കേന്ദ്ര സർവീസിലേക്ക് മാറ്റം ലഭിച്ചപ്പോൾ അവിടെ പഠനം തുടർന്നു. ഡൽഹിയിൽ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന് പഠനം പുനരാരംഭിച്ച അടുത്ത വർഷം സിബിഎസ്ഇ അഖിലേന്ത്യാ പരീക്ഷയിൽ ഒന്നാംറാങ്ക് സീതാറാമിനായിരുന്നു. പരീക്ഷയിൽ ഉന്നത വിജയം നേടിയതോടെ മകനെക്കുറിച്ച സീതാറാമിന്റെ മാതാപിതാക്കൾക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്കപ്പുറം സ്വന്തം താത്പര്യങ്ങൾ തിരിച്ചറിഞ്ഞിരുന്നു ആ കൗമാരക്കാരൻ.
കാലാന്തരത്തിൽ ധനതത്വശാസ്‌ത്രം പഠിച്ച് അധ്യാപകൻ ആകണമെന്ന ആഗ്രഹം യെച്ചൂരി പൂർത്തിയാക്കി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിഎ ഇക്കണോമിക്സും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഇക്കണോമിക്സും നേടി. ബിരുദാനന്തബിരുദത്തിന് സീതാറാം നേടിയ മാർക്ക് മറികടക്കാൻ ഏറെ നാൾ ആർക്കും കഴിഞ്ഞിരുന്നില്ല. പിന്നീട് ജെഎൻയുവിൽ തന്നെ പിഎച്ച്ഡിയ്ക്ക് ചേർന്നു. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായതോടെ ഗവേഷണം മുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..