30 October Wednesday

സനാതനധർമവും ശ്രീനാരായണധർമവും

സ്വാമി ശുഭാംഗാനന്ദUpdated: Thursday Oct 12, 2023


മനുഷ്യനെ സമ്പൂർണ മനുഷ്യത്വം ഉള്ളവനാക്കിത്തീര്‍ക്കുന്ന അല്ലെങ്കില്‍ ഒരു വിശ്വമാനവനാക്കിത്തീര്‍ക്കുന്ന മൂല്യങ്ങള്‍ എന്തെല്ലാമാണോ അതെല്ലാമാണ് യഥാർഥത്തില്‍ സനാതനധർമം എന്നറിയപ്പെടുന്നത്. സനാതനം എന്നാല്‍ ഒരുകാലത്തും നാശമില്ലാത്തത് അഥവാ ശാശ്വതമായത് എന്നാണർഥം. അതുകൊണ്ടുതന്നെ യാതൊരു കാലത്തും നാശമില്ലാത്തതാ കണമെങ്കില്‍ അഥവാ അനശ്വരമാകണമെങ്കില്‍ അത് നിരുപാധികമായിരിക്കണം.

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു

എന്നാല്‍ ഭൗതികതലത്തിലുള്ളതെല്ലാം ഉപാധിസംബന്ധമായവയാണ്. ഉപാധിസംബന്ധമായവയ്ക്കെല്ലാം വികാരീഭാവമുണ്ട്. പിറവി മുതല്‍ മറയല്‍ വരെയുള്ള ഷഡ്വികാരങ്ങള്‍ക്കെല്ലാം ആധാരമായി നിലകൊള്ളുന്നതും, മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്തതുമാകയാല്‍ ഒരിക്കലും നാശമില്ലാത്തതായ സനാതനധർമങ്ങളുടെ ലക്ഷണം നിത്യതയാണ്. ആ നിത്യതയെ പ്രാപിക്കുന്നതിലൂടെയും പരിപാലിക്കുന്നതിലൂടെയുമാണ് ഒരുവന്‍ സ്വതന്ത്രനും നീതിമാനും പ്രബുദ്ധനുമായ ഒരു സമഗ്രമനുഷ്യനായി രൂപാന്തരപ്പെടുന്നത്. അത്തരം ധർമങ്ങളെയാണ് ഓരോ കാലത്തും അവതാരപുരുഷന്‍മാരായി കടന്നു വന്നിട്ടുള്ള ഗുരുക്കന്‍മാര്‍ പ്രകാശിപ്പിച്ചും നിർവചിച്ചും കടന്നുപോയിട്ടുള്ളതെന്ന് ചിന്താശീലന്‍മാര്‍ക്ക് കാണാം.

ഭഗവാന്‍ ബുദ്ധന്‍ അഹിംസയ്ക്കും യേശുക്രിസ്തു ത്യാഗത്തിനും മുഹമ്മദ് നബി സാഹോദര്യത്തിനും കബീര്‍ദാസ് ഭക്തിയ്ക്കും പ്രാധാന്യം കൊടുത്തത് അവയെല്ലാം മനുഷ്യരാശിയെ നന്മയിലേക്കും മേന്മയിലേക്കും ഒരുപോലെ നയിക്കുന്ന സനാതന ധർമങ്ങളെന്ന നിലയ്ക്കാണ്. സനാതന ധർമങ്ങള്‍ക്ക് ജാതിയോ മതമോ ദൈവമോ ഇല്ല. അത് ആദിമ മനുഷ്യന്റെ ഉല്‍പ്പത്തിയോടെ തന്നെ ഉണ്ടായിട്ടുള്ളതാണെന്നതിനാല്‍ ആരാലും ഉണ്ടാക്കപ്പെട്ടതല്ല.

സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സമഭാവനയുടേയും തികഞ്ഞ പാരസ്പര്യമാണ് സനാതനധർമങ്ങളെ കാലാതിവര്‍ത്തിയും കാലാനുവര്‍ത്തിയുമാക്കുന്നത്. ഇവയില്‍ സ്നേഹമാണോ ശ്രേഷ്ഠം സാഹോദര്യമാണോ ശ്രേഷ്ഠം ത്യാഗമാണോ ശ്രേഷ്ഠം അതല്ല കാരുണ്യമാണോ ശ്രേഷ്ഠം എന്നന്വേഷിക്കുന്നത് തികച്ചും വ്യർഥമാണ്. എന്തെന്നാല്‍ ഇവയെല്ലാം തന്നെ ഒന്നിനോടൊന്ന് ചേര്‍ന്ന് ഒന്നായി നിലകൊള്ളുന്നവയാണ്.

ആ തിരിച്ചറിവിലാണ് ശ്രീനാരായണ ഗുരുദേവന്‍ സർവധർമ സമഭാവനയുടെ നിസ്തുലമായൊരു സമഗ്രദര്‍ശനം ലോകത്തിന്റെ ശ്രേയസ്സിനായി അവതരിപ്പിച്ചതും പ്രയോഗത്തില്‍ വരുത്താന്‍ പരിശ്രമിച്ചതും. മതാതീതമായ സനാതനധർമത്തിന്റെ അടിത്തറ എന്നത് ശുദ്ധവും സ്വതന്ത്രവുമായ ആത്മീയതയാണ്. എന്നാല്‍ മതങ്ങള്‍ ഓരോരോ കാലഘട്ടങ്ങളില്‍ ആത്മീയതയുടെ സ്വതന്ത്രതയെ അപഹരിച്ച് അതിനുമേല്‍ ആധിപത്യം സ്ഥാപിച്ചതോടെ ആത്മീയതയെ മതങ്ങള്‍ പലപ്രകാരത്തില്‍ മതങ്ങളുടെ വിളംബരത്തിനുതകുന്നതായി മാറ്റിയെടുത്തു.

ഈ സാഹചര്യം മുതലെടുത്ത് ഓരോ മതങ്ങളുടേയും ആചാര്യന്‍മാരും പുരോഹിതന്‍മാരും സനാതനധർമങ്ങളെ അവരവരുടെ  മതങ്ങള്‍ വിഭാവനം ചെയ്യുന്ന യുക്തിയ്ക്കും ചിന്തയ്ക്കും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ചേരുംവിധം രൂപമാറ്റം വരുത്തി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും മാനവികേതരമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പുനരവതരിപ്പിക്കുകയും ചെയ്തു. അതിന്റെയൊക്കെ ഫലമായിട്ടാണ് അനന്തരകാലത്ത് സനാതനധർമങ്ങൾക്കുമേല്‍ മതങ്ങളുടെ അവകാശസ്ഥാപനം ശക്തമായതും ചാതുർവര്‍ണ്യവും ജാതിവ്യവസ്ഥകളും അതിനോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടതും.

ഇന്ന് സനാതനധർമം എന്നറിയപ്പെടുന്ന ധർമങ്ങളില്‍ പലതും നിരുപാധികമല്ലാതായും സോപാധികമായും പുനരാവര്‍ത്തനം ചെയ്യപ്പെട്ടതാണ്. ഇങ്ങനെ സ്വതന്ത്ര ആത്മീയതയുടെ ഇന്ദ്രിയങ്ങളെന്ന് വിശേഷിപ്പിക്കാമായിരുന്ന സനാതനധർമ ങ്ങള്‍ അവയുടെ യഥാർഥ തലങ്ങളില്‍നിന്നും വേറിട്ട്‌, വർണാശ്രമങ്ങളാണ് അവയെന്ന് തെറ്റിദ്ധരിക്കപ്പെട്ടുപോയി എന്നതാണ് ഇന്നത്തെ അവസ്ഥ.

ചുരുക്കത്തില്‍ ഇന്ന് സനാതനധർമം എന്നറിയപ്പെടുന്ന ധർമങ്ങളില്‍ പലതും നിരുപാധികമല്ലാതായും സോപാധികമായും പുനരാവര്‍ത്തനം ചെയ്യപ്പെട്ടതാണ്. ഇങ്ങനെ സ്വതന്ത്ര ആത്മീയതയുടെ ഇന്ദ്രിയങ്ങളെന്ന് വിശേഷിപ്പിക്കാമായിരുന്ന സനാതനധർമ ങ്ങള്‍ അവയുടെ യഥാർഥ തലങ്ങളില്‍നിന്നും വേറിട്ട്‌, വർണാശ്രമങ്ങളാണ് അവയെന്ന് തെറ്റിദ്ധരിക്കപ്പെട്ടുപോയി എന്നതാണ് ഇന്നത്തെ അവസ്ഥ.

അതിനാല്‍ ഒരു മതങ്ങളുടേയും ഭാഗമല്ലാത്തതായിരുന്നതും എന്നാല്‍ എല്ലാ മതങ്ങള്‍ക്കും ഒരുപോലെ മൗലികമായി അനുരൂപമാക്കാമായിരുന്നതുമായ സനാതനധർമങ്ങളും സനാതനതത്വങ്ങളും മതാതീതമായി, ശുദ്ധവും സ്വതന്ത്രവുമായി,

ശിവഗിരിയിലെ പർണശാല

ശിവഗിരിയിലെ പർണശാല

സംരക്ഷിക്കപ്പെടണം. എങ്കില്‍ മാത്രമേ ഭാരതത്തിന്റെ ആര്‍ഷ സംസ്കാരം വിശ്വമാനവികതയുടെ പരിമളം പരത്തുന്നതായി പരിശോഭിക്കുകയുള്ളൂ. അതാണ് ഇന്നത്തെയെന്നല്ല എന്നത്തെയും ഭാരതത്തിന്റേയും ലോകത്തിന്റേയും ശ്രേയസ്സിനും പ്രേയസ്സിനും ആവശ്യമായിരിക്കുന്നത്. അതിന് വേണ്ടത് വിവാദത്തേക്കാള്‍ തത്വജ്ഞാനപ്രകാശനത്തിനുതകുന്ന മനപ്പാകതയും ഉള്‍ക്കാഴ്ചയുമാണ്.

ഭാരതത്തിന്റെ ഋഷിപരമ്പര ശരണീകരിച്ചിരുന്ന സനാതനധർമങ്ങളെ അതേവിധം ഈ ആധുനിക കാലത്തില്‍ നമുക്ക് ശരണീകരിക്കാനാവാത്തതാണ് വര്‍ത്തമാനകാലത്തിന്റെ ഏറ്റവും വലിയ ദുരന്തവും ദുഃഖവുമെന്ന് ഗുരുദേവന്‍ തിരിച്ചറിഞ്ഞിരുന്നു. സർവതന്ത്ര സ്വതന്ത്രവും സർവഭേദവിമുക്തവുമായ സനാതനധർമത്തിന്റെ ആകെപ്പൊരുളാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ വചനത്തിന്റെ ഉള്ളടക്കത്തിലുള്ളത്. നിവൃത്തി ധർമത്തേയും പ്രവൃത്തി ധർമത്തേയും ഇത്രമേല്‍ സമന്വയിപ്പിച്ച മറ്റൊരു ഗുരുവിനെ നമുക്ക് ചരിത്രത്തിലെവിടെയും കണ്ടെത്താനാവില്ല. അതുകൊണ്ടാണ് ഏകത്വസമീക്ഷയുടെ പ്രവാചകനായി ശ്രീനാരായണഗുരുദേവന്‍ വിശേഷിപ്പിക്കപ്പെടുന്നത്.

വിശ്വമാനവികമായ സനാതനധർമത്തിന്റെ സാരള്യതയും സൂക്ഷ്മതയും സമഗ്രതയും സ്വതന്ത്രതയും ഗുരുവിന്റെ ധർമസംഹിതകളില്‍ പലവുരു ഒത്തുചേരുന്നതായി തത്വാന്വേഷകര്‍ക്ക്  കാണാനാവും. അത് സ്വതന്ത്ര ആത്മീയതയുടെ പരിമളം അതിലുള്ളതുകൊണ്ടാണ്. ഹൈന്ദവ ധർമത്തേയോ മറ്റേതെങ്കിലും മതധർമങ്ങളേയോ സനാതനതത്വത്തിന്റെ ഭാഗമാക്കുന്നതിനെയോ കൂട്ടിക്കലര്‍ത്തുന്നതിനെയോ ശ്രീബുദ്ധനെപ്പോലെ തന്നെ ഗുരുദേവനും അനുകൂലിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിരുന്നില്ല.

ശുദ്ധവും സ്വതന്ത്രവും മതാതീതവുമായ സനാതനധർമങ്ങളുടെ ബലിഷ്ഠമായ അടിത്തറയിലാണ് ഭാരതത്തിന്റെയും ഭാരതീയരുടേയും ഒന്നാകലും നന്നാകലും ഊട്ടിയുറപ്പിക്കപ്പെട്ടിട്ടുള്ളതെന്ന സത്യം നാം മറന്നുകൂടാ. അഥവാ മറക്കുന്നതായാല്‍ അത് മൃതിയേക്കാള്‍ ഭയാനകമെന്നേ ഈ സന്ദര്‍ഭത്തില്‍ പറയാനാവുന്നുള്ളൂ. ഇത്തരം തിരിച്ചറിവിന്റെ വെളിച്ചത്തില്‍ സനാതനധർമങ്ങള്‍ക്ക് മേല്‍ വന്നുകൂടിയിട്ടുള്ളതും കൂടുന്നതുമായ മാനവികേതരമായ കൂട്ടിച്ചേര്‍ക്കലുകളെയേതും കണ്ടെത്തുവാനും വർജിക്കുവാനും നിരാകരിക്കുവാനുമുള്ള വിചാരവും വിവേകവും നമുക്കുണ്ടാകണം.

2500 കൊല്ലം മുമ്പ് സനാതനധർമത്തിന്റെ ഏറ്റവും വലിയ പ്രകാശകനായിരുന്നു ശ്രീബുദ്ധന്‍. ‘ഏഷ ധർമ സനാതന' എന്ന ബുദ്ധവചനം പ്രസിദ്ധമാണ്. ധർമത്തെ നേരാംവിധം പ്രകാശിപ്പിക്കാനും നിർവചിക്കാനും ആത്മസാക്ഷാത്‌കാരം നേടിയ ഗുരുക്കന്‍മാര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതിന്റെ ആധുനികമായൊരു സാക്ഷ്യമാണ് മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയില്‍, പ്രസേനജിത്ത് എന്ന രാജാവ് ശ്രീബുദ്ധനോട് പറയുന്ന, ‘സർവജ്ഞനല്ലോ ഭവാന്‍, ധർമം നിർവചിക്കേണ്ടതങ്ങല്ലോ' എന്ന സന്ദര്‍ഭത്തിലൂടെ നാം കാണുന്നത്.

ശ്രീനാരായണ ഗുരുദേവന്‍ ആധുനിക കാലഘട്ടത്തിന്റെ ധർമജ്ഞനായിരുന്നു. ധർമത്തെ വിട്ടൊരു തലം ഗുരുവിന്റെ വാക്കിലോ  വിചാരത്തിലോ പ്രവൃത്തിയിലോ ഉണ്ടായിരുന്നില്ല. നവോത്ഥാനത്തിന്റെ ദീപശിഖയേന്തുവാന്‍  1903ല്‍ ഗുരു സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റേയും ആത്മീയോത്ക്കര്‍ഷത്തിന്റെ നിത്യത പ്രകാശിപ്പിക്കുവാന്‍ രൂപം നല്‍കിയ ശ്രീനാരായണ ധർമസംഘത്തിന്റേയും ഹൃദയസ്ഥാനമായിരിക്കുന്നത് ധർമമാണ്. ധർമം ഗുരുദേവന് എന്തായിരുന്നുവെന്ന് അറിയണമെങ്കില്‍ ധർമത്തിന് ഗുരു നല്‍കിയിട്ടുള്ള നിർവചനം എന്താണെന്നറിയണം.

‘ധർമ ഏവ പരംദൈവം
ധർമ ഏവ മഹാധനം
ധർമ സർവത്ര വിജയീ
ഭവതു ശ്രേയസ്സേ നൃണാം'.

ധർമം തന്നെയാണ് പരമമായ ദൈവം. ധർമം തന്നെയാണ് മഹത്തായ ധനം. ധർമം എല്ലായിടത്തും എല്ലായ്‌പോഴും വിജയിച്ചരുളുന്നു. ധർമം മനുഷ്യര്‍ക്കെല്ലാം ശ്രേയസ്സിനായി ഭവിക്കട്ടെ. ധർമത്തിന് ഇതില്‍പ്പരം ഒരു നിർവചനമോ ഭാഷ്യമോ ഇനി വരാനില്ല. കാരണം അത്രമേല്‍ സൂക്ഷ്മവും സമഗ്രവുമാണിത്. ഇവിടെ സൂചിതമായിരിക്കുന്ന ധർമം എന്നത് ശുദ്ധസ്വരൂപത്തിലുള്ള സനാതനധർമം  തന്നെയാണ്.

ദേശകാലഭാഷാഭേദമെന്യേ മനുഷ്യരെയാകമാനം ഇണക്കുന്നതും പ്രസരിപ്പിക്കുന്നതും ഒന്നാക്കുന്നതും ധർമമാണ്. എവിടെയൊക്കെ മനുഷ്യരില്‍ ഭേദമോ വൈരമോ ഭിന്നതയോ വിവേചനമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ധർമത്തിന്റെ അഭാവത്താലാണ്.

ശിവഗിരി മഠം

ശിവഗിരി മഠം

ദേശകാലഭാഷാഭേദമെന്യേ മനുഷ്യരെയാകമാനം ഇണക്കുന്നതും പ്രസരിപ്പിക്കുന്നതും ഒന്നാക്കുന്നതും ധർമമാണ്. എവിടെയൊക്കെ മനുഷ്യരില്‍ ഭേദമോ വൈരമോ ഭിന്നതയോ വിവേചനമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അത് ധർമത്തിന്റെ അഭാവത്താലാണ്.

ശരിയായ ധർമമെന്നത്   ആത്മാഭിന്നമാണ്. അതില്‍ മതത്തിേന്റയോ വർണത്തിന്റേയോ ജാതിയുടേയോ പൗരോഹിത്യത്തിന്റേയോ മറ്റേതെങ്കിലുമോ കലര്‍പ്പുണ്ടായാല്‍ അത് ആത്മഭിന്നമാണ്. അതുകൊണ്ടാണ് ധർമമാണ് ലോകത്തെ നടത്തുന്നതെന്ന് ഗുരുദേവന്‍ പറഞ്ഞത്. ഈ സത്യമറിയാത്തവരാണ് സനാതനധർമത്തെ വർണാശ്രമമെന്ന് പറഞ്ഞും വ്യാഖ്യാനിച്ചും സമൂഹ മനസ്സില്‍ വിഷം ചീറ്റുന്നത്.

മനുഷ്യരെ പല തട്ടില്‍പ്പെടുത്തുന്ന ഇത്തരക്കാര്‍  മനുഷ്യന്‍ ഒരു ജാതി എന്ന സത്യത്തെ അറിയാതെ ഈ ജന്മം പാഴാക്കിക്കളയുന്നല്ലോ എന്നത് ഖേദിപ്പിക്കുന്നതാണ്.  

ഭാരതം ലോകത്തിന് അല്ലെങ്കില്‍ മനുഷ്യരാശിക്ക് നല്‍കിയിട്ടുള്ള എക്കാലത്തേയും ഉദാത്തവും മഹത്തരവുമായിട്ടുള്ള ദാര്‍ശനിക സംഹിതയാണ് സനാതനധർമങ്ങള്‍. ശുദ്ധവും സ്വതന്ത്രവും മാനവികവുമായ സനാതനധർമങ്ങള്‍ ഏകത്വദര്‍ശനമാണ് വിഭാവനം ചെയ്യുന്നത്.

‘സത്യമേവ ജയതേ നാനൃതം' എന്ന ആര്‍ഷഭാരതത്തിന്റെ ആപ്തവാക്യം പ്രകാശിപ്പിക്കുന്നത് തന്നെ സനാതനധർമത്തിന്റെ ആകെപ്പൊരുളാണ്. ധർമം പ്രകാശിക്കുകയും പുലരുകയും ചെയ്യുന്നിടത്താണ് സത്യം ജയിക്കുന്നത്. ഭാരതത്തിന്റെ മഹിതമായ ഇതിഹാസങ്ങളും പുരാണങ്ങളും  ദാര്‍ശനിക മീമാംസകളും ഒക്കെ തലമുറകള്‍ തലമുറകളായി കൈമാറുന്നത് ഈ അമര സന്ദേശത്തിന്റെ കാലാതീതമായ കരുതലും ഭദ്രതയുമാണ്.

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിൽ

സ്വാമി ശുഭാംഗാനന്ദ ശിവഗിരി മഠത്തിൽ

ഭാരതം വിഭാവനം ചെയ്യുന്ന സനാതനധർമം പ്രധാനമായും രണ്ടുവിധത്തിലാണുള്ളത്. അതിലൊന്ന് ബ്രഹ്മമീമാംസയിലൂടെ വെളിവാകുന്ന നിവൃത്തിലക്ഷണത്തിലുള്ളതാണ്. മറ്റൊന്ന് ധർമമീമാംസയിലൂടെ വെളിവാകുന്ന പ്രവൃത്തിലക്ഷണത്തിലുള്ളതുമാണ്.

ഇങ്ങനെ നിവൃത്തിപരവും പ്രവൃത്തിപരവുമായിരിക്കുന്ന ധർമങ്ങളെ നിത്യാനിത്യവസ്തുവിവേകം ചെയ്ത് പ്രകാശിപ്പിച്ചവരാണ് ഭാരതത്തിലെ ഗുരുക്കന്‍മാര്‍. അതുകൊണ്ടാണ് ഭാരതീയ ഗുരുക്കന്‍മാരുടെ സനാതന ധർമഭാവനകള്‍ക്ക് പാശ്ചാത്യ പൗരസ്ത്യ ചിന്താധാരകള്‍ക്കപ്പുറമുള്ള കാലദേശാതീതത്വം കൈവന്നത്.

നൂറുകൊല്ലം മുമ്പ് 1924ല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച് ഗുരുദേവന്‍ വിളിച്ചുചേര്‍ത്ത സർവമതസമ്മേളനത്തില്‍ സത്യവ്രതസ്വാമികള്‍ വായിച്ച പ്രൗഢമായ സ്വാഗതപ്രസംഗം ഗുരുവിന്റെ ഉപദേശത്താലും സമ്മതത്താലും തയ്യാറാക്കപ്പെട്ടതായിരുന്നു. ഈ സന്ദര്‍ഭത്തില്‍  അതിന്റെ അവസാനഭാഗത്തു നിന്നുദ്ധരിക്കുന്ന ഈ ഭാഗം നമ്മള്‍ കേള്‍ക്കാതെ പോയിക്കൂട.

‘ആത്മജ്ഞാനവർധനയ്ക്ക് അധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്‍മാര്‍ അവരുടെ ബുദ്ധിയേയും ശക്തിയേയും ധനത്തേയും സമുദായസാമ്രാജ്യം വിപുലമാക്കാനുള്ള അധ്വാനത്തില്‍ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് നാം ഇന്ന് കാണുന്നത്. 

ഇതിന് നിവാരണോപായം ഒന്നേ ഉള്ളൂ. ലോകത്തില്‍ ഇതേവരെ ഉണ്ടായിട്ടുള്ള മതങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമേതെന്ന് രാമനുവേണ്ടി കൃഷ്ണന്‍ തീരുമാനിക്കുന്ന സമ്പ്രദായം ഉപേക്ഷിച്ച് ഭിന്ന മതങ്ങള്‍ പഠിച്ചറിഞ്ഞ ശേഷം രാമനുവേണ്ടി രാമനും കൃഷ്ണനുവേണ്ടി കൃഷ്ണനും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാമകൃഷ്ണന്‍മാര്‍ക്ക് നല്‍കണം.' ആ സ്വാതന്ത്ര്യത്തിലൂടെയാണ് യഥാർഥത്തില്‍ നമ്മള്‍ സ്വതന്ത്രരാകേണ്ടത് .

(ശ്രീനാരായണ ധർമ
സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആണ്‌ ലേഖകൻ)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top