ജീവൻ കൈയിൽപിടിച്ചാണ് ട്രെയിൻ യാത്ര. അകത്ത് കയറിപ്പറ്റാൻ ഗുസ്‌തി പിടിക്കണം. അകത്തെത്തിയാലോ ഒറ്റക്കാലിൽ നിൽക്കാൻ
പഠിക്കണം. വരുമാനത്തിൽ ഏറെ മുന്നിലായിട്ടും കേരളത്തിന് ഓടിത്തളർന്ന പഴയ ബോഗിയും ഒറ്റപാതയും
മാത്രം. മഴയത്ത് ചോരുന്ന ബോഗികളും ധാരാളം.
പുതിയ വണ്ടികളും
ബോഗികളുമില്ല. ശുഭയാത്ര
എന്ന ആശംസാ വാക്കിന്റെ
മറവിൽ ‘വാഗൺ
ട്രാജഡി'യിലേക്ക്
റെയിൽവേ മലയാളികളെ
തള്ളിയിടുകയാണ്
വരുമാനത്തിൽ മുന്നിൽ സൗകര്യങ്ങളിൽ പിന്നിൽ
കേരളത്തിലെ ട്രെയിൻ യാത്രികരുടെ ദുരിതം എത്രപറഞ്ഞാലും തീരാത്ത സ്ഥിതിയാണ്. റെയിൽവേയ്‌ക്ക് കാരണമറിയാം, പരിഹാരം കണ്ടെത്താൻ പദ്ധതിയുണ്ട്, പക്ഷെ ചെയ്യില്ല. അതിനുകാരണം, കേരളം ഇങ്ങനെ പോകട്ടെയെന്ന മേലാളരുടെ നിലപാടും. ശരാശരി അഞ്ചുലക്ഷം പ്രതിദിന യാത്രക്കാരുള്ള കേരളത്തിൽ സൂപ്പർ ഫാസ്‌റ്റുകളടക്കം 300 ട്രെയിനാണുള്ളത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ യാത്രക്കാർ നിത്യേന ആശ്രയിക്കുന്ന പത്തോളം വണ്ടികളുടെ ശോച്യാവസ്ഥ നിത്യവാർത്ത.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രയാരംഭിച്ച നേത്രാവതി എക്സ്പ്രസിന്റെ ജനറൽ കംപാർട്മെന്റിൽ തൂങ്ങിനിന്ന് യാത്രചെയ്യുന്നവർ
കഴിഞ്ഞദിവസമാണ് രണ്ട് സ്‌ത്രീകൾ വേണാട് എക്സ്പ്രസിൽ കുഴഞ്ഞുവീണത്. പരശുറാമിന്റെയും പാസഞ്ചറുകളുടെയും വല്ലപ്പോഴും ഓടുന്ന മെമുകളുടേയും സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സ്‌റ്റേഷനാണ് തിരുവനന്തപുരം സെൻട്രൽ.
കേരളത്തിൽ നിന്നാകെ 2500 കോടിയോളം രൂപ കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റ് വരുമാനമായി മാത്രം ലഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കുന്നത് വരുമാനവും പ്രകടനവും അടിസ്ഥാനമാക്കിയാണ്. അതുനോക്കിയാൽ തന്നെ വിവേചനം മനസിലാകും. ഇന്ത്യയിൽതന്നെ ഏറ്റവുംകൂടുതൽ യാത്രക്കാർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.
ചോർന്നൊലിച്ച് മെമു
പഴയ കോച്ചുകളുമായുള്ള മെമുവിന്റെ ദുരിത യാത്ര തുടരുന്നു. പാലക്കാട്–-എറണാകുളം മെമു ട്രെയിനിൽ കഴിഞ്ഞദിവസം മഴ നനഞ്ഞാണ് യാത്ര ചെയ്യേണ്ടി വന്നത്. എൻജിനിൽനിന്നും മൂന്നാമത്തെ ബോഗിയുടെ മുകൾ ഭാഗത്തെ ടാങ്കിൽനിന്നൊലിച്ചെത്തിയ വെള്ളത്തിൽ കുളിച്ചായിരുന്നു യാത്ര. ബോഗിയുടെ മുകൾ ഭാഗത്ത് കാലപ്പഴക്കം കൊണ്ടുണ്ടായ ദ്വാരങ്ങളിലൂടെയാണ് വെള്ളം ഒലിച്ചിറങ്ങിയത്.
തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസിലെ തിരക്ക്
പുതിയ വണ്ടി ഓടിക്കാമോ, വേഗം കൂട്ടാമോ ?
600 ലധികം വലിയ വളവുകൾ. അവിടെയെല്ലാം വേഗനിയന്ത്രണം. നിശ്ചയിക്കപ്പെട്ട പരമാവധി വേഗത്തിൽ തുടർച്ചയായി 10 കി.മീ. ഓടാനാകില്ല. അതുകൊണ്ട് ഇപ്പോഴുള്ള ട്രെയിനുകൾക്ക് ശരാശരി വേഗം 50 കി.മീ. മാത്രം. തിരുവനന്തപുരം –- മംഗളൂരു എക്സ്പ്രസ് കാസർകോട് വരെയുള്ള 578 കി.മീ. സഞ്ചരിക്കാൻ 13 മണിക്കൂർ എടുക്കുന്നു. ശരാശരി വേഗം 44.46 കി. മീ. കൊട്ടിഘോഷിച്ച വന്ദേ ഭാരത് ശരാശരി വേഗം –- 60 കി.മീ. സമയം –- 8. 05 മണിക്കൂർ. ഒരു തടസവുമില്ലാതെ ഓടാനായി മറ്റെല്ലാ വണ്ടികളും വഴിയിൽ പിടിച്ചിടുന്നു. അതായത്, നിലവിലെ സംവിധാനത്തിൽ കൂടുതൽ വണ്ടികളോ വേഗം കൂട്ടലോ പ്രായോഗികമല്ല.
ഈ ദുരിതം മാറണം
കോഴിക്കോട് ഭാഗത്തേക്ക് രാവിലെ പരശുറാം എക്‌സ്‌പ്രസിൽ കയറിപ്പറ്റൽ പെടാപ്പാടാണ്. കാലുകുത്താൻ സ്ഥലമുണ്ടാകാറില്ല. പ്ലാറ്റ്‌ഫോമിലും മനുഷ്യമതിലായിരിക്കും. വൈകിട്ട് വടക്കോട്ടുള്ള യാത്രയുടെ കാര്യം ഇതിലും ദുരിതമാണ്. കോഴിക്കോടുനിന്ന് വൈകിട്ട് അഞ്ചിന് നേത്രാവതി കഴിഞ്ഞാൽ പിന്നെ പുലർച്ചയ്‌ക്കേ കണ്ണൂരിന് അപ്പുറത്തേക്ക് പ്രതിദിന വണ്ടിയുള്ളൂ. നേത്രാവതിയിലാണെങ്കിൽ ജനറൽ കോച്ചും കുറവ്. കയറുന്നതിനേക്കാൾ ആളുകൾ പുറത്താണ്.
സത്യപാലൻ ചെറുവത്തൂർ
പാസഞ്ചറുകളിൽ കോച്ചുകൾ കൂട്ടണം
കേരളത്തിലെ പാസഞ്ചർ, എക്‌സ്‌പ്രസ് ട്രെയിനുകളിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന കോച്ചുകൾ വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ തിരക്കുമൂലം തളർന്നുവീഴുന്നു. അടിയന്തരമായി മെമു ഉൾപ്പെടെയുള്ള പാസഞ്ചർ ട്രെയിനുകളിൽ കോച്ചുകൾ കൂട്ടണം. കേരളത്തിലെ ട്രെയിൻ യാത്രികരുടെ എണ്ണത്തിൽ പ്രതിവർഷം 24 ശതമാനം വർധനയുണ്ട്. യാത്രാദുരിതം അതിരൂക്ഷമായ സാഹചര്യത്തിൽ സർവേ പൂർത്തിയാക്കിയ എറണാകുളം–- ഷൊർണൂർ നിർദിഷ്ട മൂന്നാംപാതയുടെ നിർമാണം വേഗം തുടങ്ങണം.
പി കൃഷ്‌ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോ.
വേണം കൂടുതൽ ജനറൽ കോച്ച്
ജനറൽ, സ്ലീപ്പർ കോച്ചുകൾ കൂട്ടിയാൽ മാത്രമെ ട്രെയിനുകളിൽ തിരക്ക് കുറയ്ക്കാനാക്കൂ. പകൽ സമയത്ത് സ്‌റ്റേഷനുകളിൽനിന്ന് സ്ലീപ്പർ ടിക്കറ്റ് അനുവദിക്കാത്തതും പ്രതിസന്ധിയാണ്. സ്ലീപ്പർ കോച്ചുകൾ ഒഴിഞ്ഞുകിടന്നാലും സ്‌ക്വാഡിനെ ഭയന്ന് ആരും കയറില്ല.പാലക്കാട്ടുനിന്ന് വടക്കോട്ട് ആവശ്യത്തിന് ട്രെയിനില്ലാത്തതും പ്രതിസന്ധിയാണ്. പാലക്കാട് –എറണാകുളം മെമു ചൊവ്വാഴ്‌ചകൂടി സർവീസ് നടത്തണം.
കെ ഹജീഷ് പാലക്കാട് ജില്ലാ റെയിൽവേ പാസഞ്ചേഴ്‌സ് അസോ. ജോ. സെക്രട്ടറി
കണ്ണൂർ സ്റ്റേഷനിൽ ട്രെയിനിൽ കയറിപ്പറ്റാൻ തിരക്കുകൂട്ടുന്നവർ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..