17 November Sunday

അഗ്നിപർവതങ്ങൾ ഓർമപ്പെടുത്തുന്നത്

ഡോ. കുശലാ രാജേന്ദ്രൻUpdated: Sunday Nov 17, 2024


കിഴക്കൻ ഇൻഡോനേഷ്യയിലെ ഫ്ളോറെസ് ദ്വീപിലെ ലെവോടോബി ലാക്കി-ലകി (Mount Lewotobi Laki-laki)  അഗ്നിപർവതം  പൊട്ടിത്തെറിച്ചത്‌ ഒരാഴ്‌ച മുമ്പാണ്‌. പത്തുപേർ മരിച്ചു. വലിയ നാശനഷ്ടം ഉണ്ടായി. സ്ഫോടനത്തിന്റെ സൂചനകൾ  ജനുവരി മുതൽ ലഭിച്ചിരുന്നു. ഒക്ടോബർ 30 ആയതോടെ അഗ്നിപർവതം പൊട്ടിത്തെറിയോടടുത്തെത്തി. 6500-ലധികം ജനങ്ങളെ മാറ്റി പാർപ്പിച്ചു. നവംബർ മൂന്ന്‌ അർധരാത്രിയോടെ ഉണ്ടായ സ്ഫോടനം 24 മിനിറ്റ് നീണ്ടുനിന്നു. സ്‌ഫോടനത്തെതുടർന്ന് 2000 മീറ്റർ ഉയരത്തിൽ ഉയർന്ന പൊടിപടലങ്ങളും ചാരവും നിരവധി ഗ്രാമങ്ങളെ ബാധിച്ചു.  ആറ്‌ കിലോമീറ്റർ  ദൂരത്തിൽ തെറിച്ചുവീണ പൊടിയും പാറകളും ഗ്രാമങ്ങളെ മൂടി. പൊടിപടലങ്ങൾ നിറഞ്ഞതോടെ വ്യോമഗതാഗതവും തടസ്സപ്പെട്ടു. തുടർ സ്ഫോടനഭീതിയിൽ ഇൻഡോനേഷ്യയിലെ അഗ്നിപർവത നിരീക്ഷണകേന്ദ്രം ഇപ്പോഴും ജാഗ്രതയിലാണ്.
 
എന്തുകൊണ്ട് ഇൻഡോനേഷ്യ
ഇൻഡോനേഷ്യ അഗ്നിപർവതങ്ങളുടെ നാടാകുന്നത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം പ്ലേറ്റ് ടെക്ടോണിക്സ് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടെക്ടോണിക് ഭൗമഫലകങ്ങൾ പരസ്പരം അകലുകയോ പരസ്പരം ഉരസുകയോ ചെയ്യുന്നിടത്താണ്‌ അഗ്നിപർവതങ്ങൾ രൂപപ്പെടുന്നത്. ഭൂവൽക്കപാളികൾക്കടിയിലെ ഉയർന്ന ചൂടിൽ (ഏകദേശം 3000 ഡിഗ്രി സെൽഷ്യസ്‌) പാറകൾ ഉരുകിത്തിളച്ച്‌ മാഗ്മ രൂപത്തിലാകും. സാന്ദ്രത കുറഞ്ഞ മാഗ്മ പാറകൾക്കിടയിലെ  വിടവുകളിലൂടെ ഉപരിതലത്തിലേക്കെത്തും. തുടർന്ന് അവ പുറത്തേക്കു വമിക്കുമ്പോഴാണ് അഗ്നിപർവതങ്ങളാകുന്നത്.  ഭൂവൽക്കപാളികൾ കൂട്ടിയിടിക്കുകയും എതിർദിശകളിൽ തെന്നിമാറുകയും ചെയ്യുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തിൽ വിടവുകളുണ്ടാകുന്നതും ഉരുകിത്തിളച്ച മാഗ്മ പുറത്തേക്ക് വരുകയൂം ചെയ്യുന്നത്. ഫലകങ്ങൾ പരസ്പരം അകലുന്ന ഇടങ്ങളിലും അഗ്നിപർവതങ്ങൾ ഉണ്ടാകുന്നു. ഇവ കൂടുതലും സമുദ്രത്തിനടിയിലാണ്. ഇത്തരത്തിൽ കരകൾ വേർപിരിയുന്നതും അഗ്നിപർവതങ്ങൾ രൂപപ്പെടുന്നതുമായ കാഴ്ച ഐസ്‌ലൻഡിലും കാണാം.

റിങ്‌ ഓഫ് ഫയർ
രണ്ടു വ്യത്യസ്ത സ്വഭാവമുള്ള ഭൂവൽക്കപാളികൾ ഉരസുന്ന ഒരു പ്രദേശമാണ് പസഫിക് സമുദ്രതടത്തിലെ  ‘റിങ്‌ ഓഫ് ഫയർ’ അഥവാ സർക്കം -പസഫിക് ബെൽറ്റ്. ഏകദേശം 40,000 കിലോമീറ്റർ നീളത്തിൽ  ഒരു കുതിരലാടത്തിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഈ മേഖലയിലാണ് ലോകത്തെ സജീവവും അല്ലാത്തതുമായ അഗ്നിപർവതങ്ങളുടെ 75 ശതമാനത്തിലധികവും ഉള്ളത്. രണ്ടു വ്യത്യസ്ത സ്വഭാവമുള്ള ഭൂവൽക്കപാളികൾ ഇവിടെ പരസ്പരം ഉരസുന്നു. ഒരു ഭാഗത്ത് സാന്ദ്രതകൂടിയ പസഫിക് സമുദ്ര ഭൗമപാളിയും മറുഭാഗത്ത് സാന്ദ്രതകുറഞ്ഞ വ്യത്യസ്ത ഭൂഖണ്ഡ ഭൗമപാളികളുമാണ് ഇവിടെയുള്ളത്. സമുദ്രത്തിനടിയിലെ അഗ്നിപർവതങ്ങളിൽനിന്നു വമിക്കുന്നത് ഉരുകിയ പാറകളെങ്കിൽ, റിങ്‌ ഓഫ് ഫയറിലെ അഗ്നിപർവതങ്ങളിൽനിന്നു തെറിച്ചു വീഴുന്നത് പാറക്കഷണങ്ങളും ഉയരുന്നത് വാതകങ്ങളും പൊടിപടലങ്ങളുമൊക്കെയാണ്.

ചരിത്രത്തിൽ
ലോകത്ത് ഏറ്റവുമധികം അഗ്നിപർവതങ്ങളുള്ള  ഇൻഡോനേഷ്യ പസഫിക് റിങ്‌ ഓഫ് ഫയറിന്റെ ഭാഗമാണ്. ഇവിടെ 141 അഗ്നിപർവതങ്ങളുണ്ട്. ഇതിൽ 130 എണ്ണം പസഫിക് അഗ്നിവളയത്തിൽ ഉൾപ്പെട്ടവയാണ്. 76 എണ്ണം പൊട്ടിത്തെറിച്ചിട്ടുള്ളതായി ചരിത്രരേഖകളുണ്ട്-. 1171  തവണ. 1815-ലെ മൗണ്ട് തമ്പോറ (Mount Tambora) സ്ഫോടനം ലോകചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാണ്. ഏതാണ്ട് 90,000 പേർക്ക്‌ ജീവൻ നഷ്ടപ്പെട്ട ഈ സ്ഫോടനം യൂറോപ്പിലെ കാലാവസ്ഥയെപ്പോലും ബാധിക്കുകയും അടുത്ത വർഷം അവിടെ വേനൽക്കാലം ഇല്ലാതാകുകയും ചെയ്തു. 1883-ൽ ലാംപുങ്  ദ്വീപിലെ ‘ക്രാക്കത്തുവാ’ അഗ്നിപർവതസ്ഫോടനത്തിലും തുടർന്നുണ്ടായ സുനാമിയിലും 36,000 പേരാണ് മരിച്ചത്‌. അന്നത്തെ സുനാമി ഇന്ത്യൻ തീരങ്ങളിൽ രേഖപ്പെടുത്തുകയുണ്ടായി. "Krakatoa: The Day the World Exploded'എന്ന സൈമൺ വിൻചെസ്റ്ററുടെ പുസ്തകത്തിൽ പറയുന്നതനുസരിച്ച് അന്നത്തെ സ്ഫോടനത്തിന്റെ ശബ്ദം  ഓസ്‌ട്രേലിയയിലും ഇന്ത്യയിലും മുഴങ്ങിക്കേട്ടു. അന്നുയർന്ന സുനാമി തിരകൾ ഫ്രാൻസിന്റെ തീരംവരെ എത്തി.

പേരുവന്ന വഴി

വോൾക്കാനോ (volcano) എന്ന പേരിന്റെ ഉറവിടം ഗ്രീക്ക് മിത്തോളജിയാണ്. ഭൂമിക്കടിയിൽ വസിച്ചിരുന്ന  ഹെഫെസ്തസ് ദേവന്റെ  (Hephaestus) ആലയിൽനിന്നു പുറത്തുവരുന്ന അഗ്നിയും ലാവയുമാണ് അഗ്നിപർവതങ്ങളായി മാറുന്നതെന്നാണ്‌ പുരാതന ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത്‌. ഹെഫെസ്തസ് ദേവന്റെ റോമൻ പ്രതിരൂപമാണ് പുകയുന്ന പർവതത്തിനടിയിൽ ലോഹങ്ങളുപയോഗിച്ച് ആയുധങ്ങളുണ്ടാക്കിയിരുന്ന ‘വൾകൻ’! വൾകൻ ‘കോപിക്കുമ്പോഴാ’ണത്രെ പർവതം തീതുപ്പുന്നത്. ഹെർക്കുലേനിയം, പോംപെ തുടങ്ങിയ നഗരങ്ങളെ ഒന്നാകെ നശിപ്പിച്ചുകളഞ്ഞ വെസൂവിയൻ സ്ഫോടനത്തെക്കുറിച്ച് റോമൻചരിത്രരേഖകൾ പറയുന്നുണ്ട്‌. വെസൂവിയസ് അഗ്നിപർവതത്തിന്റെ തെക്കുകിഴക്കൻ താഴ്വരയിലായിരുന്നു പോംപെ നഗരം. ദീർഘകാലമായി മയക്കത്തിലായിരുന്ന വെസൂവിയസിന്റെ താഴ്വരയിൽ, വളക്കൂറുള്ള മണ്ണിൽ മുന്തിരിയും ഒലിവും എല്ലാം അവർ കൃഷി ചെയ്തു. എഡി 79-ൽ വെസൂവിയസ് പൊട്ടിത്തെറിച്ചു. 30 കിലോമീറ്ററിലധികം ഉയരത്തിൽ പൊങ്ങിയ വിഷവാതകങ്ങളും പുകപടലങ്ങളും നഗരത്തെ മൂടി. എല്ലായിടത്തും ഇരുൾ പരന്നു. ചിലർ നഗരം വിട്ട് ഓടി. മൂന്നു മീറ്ററോളം കട്ടിയിൽ അടിഞ്ഞുകൂടിയ ചാരക്കൂമ്പാരത്തിനടിയിൽ പെട്ടുപോയത് ആയിരക്കണക്കിനാളുകളാണ്‌. പോംപെയിൽമാത്രം 2000-ത്തിലധികം പേർ മരിച്ചു. അടുത്തുള്ള നഗരങ്ങളിലേതുകൂടി കണക്കാക്കിയാൽ മരിച്ചവർ 16,000ലധികം. സ്ഫോടനത്തിന്റെ ശേഷിപ്പുകൾ  കാലപ്പഴക്കത്തിൽ മറഞ്ഞുപോയി. 1559-ൽ ഒരു ടണൽ നിർമിക്കുന്നതിനായി കുഴിച്ചപ്പോഴാണ് മറഞ്ഞുകിടന്നിരുന്ന നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചാരത്തിൽ മൂടിപ്പോയ മനുഷ്യശരീരങ്ങൾ കിടന്നിരുന്ന ഭാഗങ്ങളുടെ ആകാരങ്ങൾ പ്ലാസ്റ്റർ ഉപയോഗിച്ച് ഗവേഷകർ പുനർജ്ജീവിപ്പിച്ചു. നിനച്ചിരിക്കാതെ ജീവൻ നഷ്ടപ്പെട്ട എത്രയോ മനുഷ്യരുടെ അന്ത്യനിമിഷങ്ങളാണ് അപ്രകാരം പുനർജ്ജീവിപ്പിച്ചത്. ഏതാണ്ട് രണ്ടായിരം വർഷംമുമ്പ്‌ നടന്ന മരണങ്ങളെ കണ്മുന്നിലെന്നതുപോലെ സൃഷ്ടിച്ചെടുത്ത മറ്റൊരു സംഭവം ലോകചരിത്രത്തിലില്ല. ഇപ്പോൾ നീണ്ട ഉറക്കത്തിലായ വെസൂവിയസ് എന്നുണരും എന്നുറപ്പില്ല.

ഭൂകമ്പം ഉണർത്തും
മയക്കത്തിലാണ്ട അഗ്നിപർവതങ്ങളെ ചിലപ്പോൾ ഭൂകമ്പങ്ങൾ തട്ടിയുണർത്താറുണ്ട്. 2004-ൽ സുമാത്രയ്ക്കടുത്തുണ്ടായ വൻ ഭൂകമ്പം അതുവരെ മയക്കത്തിലായിരുന്ന ചില അഗ്നിപർവതങ്ങളെ സജീവമാക്കി. ഇൻഡോനേഷ്യയിലെ ചില അഗ്നിപർവതങ്ങൾ  മാത്രമല്ല, ആൻഡമാൻ കടലിൽ ദീർഘകാലമായി മയക്കത്തിലായിരുന്ന ‘ബാരൻ ഐലൻഡ്’ എന്ന ചെറിയ അഗ്നിപർവതവും അന്നത്തെ കുലുക്കത്തിൽ ഉണർന്നു. ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ ഒരു അഗ്നിപർവതമുണ്ടെന്നും, അത് 1991-ൽ ചെറുതായൊന്നു പൊട്ടിത്തെറിച്ചിട്ടുണ്ടെന്നും അതുവരെ പലർക്കും അറിയില്ലായിരുന്നു. ധാരാളം സസ്യങ്ങളും പക്ഷികളുമൊക്കെയായി ജൈവസമ്പന്നമായ, മൂന്നു കിലോമീറ്റർമാത്രം വ്യാസമുള്ള ബാരൻ ഐലൻഡും അവിടെ മയങ്ങുന്ന അഗ്നിപർവതവും അപകടകാരിയല്ല എന്നാണ് ചരിത്രം പറയുന്നത്.

പ്രവചനം
നിരന്തരമായ നിരീക്ഷണത്തിലൂടെ അഗ്‌നിപർവത സ്‌ഫോടനങ്ങൾ പ്രവചിക്കാനാകും.  അഗ്നിപർവതങ്ങൾക്കു സമീപം ഉണ്ടാകുന്ന ചെറുഭൂചലനങ്ങളുടെ എണ്ണം സ്ഫോടനത്തിനു മുന്നോടിയായി വർധിക്കാറുണ്ട്.  ജിപിഎസ് പോലുള്ള സങ്കേതങ്ങളുപയോഗിച്ച്  ഉപരിതലത്തിൽ വരുന്ന മാറ്റങ്ങൾ രേഖപ്പെടുത്തുക, അഗ്നിപർവതത്തിൽനിന്നു വമിക്കുന്ന  വാതകങ്ങളുടെ അളവ്, പരിസരപ്രദേശങ്ങളിലെ ഭൂതലത്തിലുണ്ടാകുന്ന താപനിലമാറ്റങ്ങൾ എന്നിവയും  വരാനിരിക്കുന്ന സ്ഫോടനത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകുന്നു.

അഗ്നിപർവതങ്ങളില്ലായിരുന്നെങ്കിൽ
അഗ്നിപർവതങ്ങൾ ഇല്ലായിരുന്നെങ്കിൽ  ഭൂമിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സ്‌ഫോടനങ്ങൾ നിർഗമിച്ച കാർബൺ ഡയോക്‌സൈഡാണ് ദീർഘകാല ചരിത്രത്തിൽ ഭൂമിയുടെ താപനില ക്രമീകരിച്ചതും ജീവൻ നിലനിർത്താനും പരിപാലിക്കാനുമുള്ള പാരിസ്ഥിതിക സംവിധാനങ്ങൾക്ക് നിദാനമായതും. അഗ്നിപർവതങ്ങൾ നിക്ഷേപിക്കുന്ന പാറകളും മറ്റും പൊടിഞ്ഞു പരുവപ്പെടുമ്പോഴാണ് കൃഷിക്കനുയോജ്യമായ മണ്ണായി മാറുന്നത്. പല പ്രാചീന സംസ്കാരങ്ങളും വളർന്നത് അഗ്നിപർവതങ്ങൾ ഫലഭൂയിഷ്ടമാക്കിയ പ്രദേശങ്ങളിലായിരുന്നു.

(പ്രമുഖ ഭൗമശാസ്‌ത്ര ഗവേഷകയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസസിലെ മുൻ പ്രൊഫസറുമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top