30 October Wednesday

ജലത്താൽ മുറിവേറ്റവർ

വി ജെ വർഗീസ്‌ varghese.desh@gmail.comUpdated: Sunday Aug 4, 2024

യാന്ത്രികമായല്ല ഈ യന്ത്രക്കൈകൾ പ്രവർത്തിക്കുന്നത്‌. അവ ആർദ്രതയോടെ മണ്ണടരുകൾ പതിയെ തള്ളിനീക്കുകയാണ്‌. അതിനിടയിൽ എവിടെയെങ്കിലും നിലച്ചുപോയ ഒരു ഹൃദയം, ചലനമറ്റ കൈ, പാതിവഴി ഇടറിവീണുപോയ ഒരു പാദം, വേദനിച്ച്‌ അസ്‌തമിച്ചുപോയ, മണ്ണും ചെളിയും ശ്വസിച്ചു മരിച്ചുപോയവരെ ഇനിയും വേദനിപ്പിക്കുവതെങ്ങനെ...? പ്രകൃതിയൊരുക്കിയ ജലയുദ്ധത്തിൽ ഒരിക്കൽക്കൂടി വയനാട്ടുകാർ തോറ്റുപോയിരിക്കുന്നു, അല്ല അവർക്ക്‌ വീണ്ടും ജലത്താൽ മുറിവേറ്റിരിക്കുന്നു. നിലയ്‌ക്കാത്ത കണ്ണീർമഴയിൽ നനഞ്ഞുകുതിർന്നു നിൽക്കുകയാണ്‌ വയനാട്‌.

‘വെള്ളരിമലയുടെ താഴ്‌വാരത്തൊരു വിദ്യാലയമുണ്ടേ
പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ
കോടമഞ്ഞിൽ അണിഞ്ഞൊരുങ്ങി നിറഞ്ഞുനിൽക്കുന്നേ
നാടിന്നുയിരായ് അറിവിൻ മധുരം പകർന്നുനൽകാനായ്’.

ഈ പാട്ടിപ്പോഴും യുട്യൂബിലുണ്ട്‌. ഓരോ മലയാളിയുടെയും ഉള്ളുരുക്കങ്ങളിലുണ്ട്‌. കോടമഞ്ഞും പച്ചപ്പും കാട്ടരുവിയും പാലവും ചായത്തോട്ടങ്ങളും കാപ്പിച്ചെടിയും ചെമ്മൺപാതകളും കയറിവരുന്ന കെഎസ്‌ആർടിസി ബസും ജീപ്പുകളും ട്രാക്ടറുകളുടെ മുരൾച്ചയുമെല്ലാമായി താളമിടുന്ന നാടായിരുന്നു മുണ്ടക്കൈ. പക്ഷേ, ഇപ്പോൾ ചൂരൽമല ടൗണും മുണ്ടക്കൈയും പുഞ്ചിരിമട്ടവുമെല്ലാം പ്രദേശവാസികൾക്കുപോലും തിരിച്ചറിയാനാകാത്തവിധം മാറി. ഭൂമി പൊട്ടിയൊലിക്കുവോളം ഇതൊരു വഴിയായിരുന്നു. ഒരുപാട്‌ സ്വപ്‌നങ്ങളും പ്രതീക്ഷകളും സങ്കടങ്ങളിൽ കുതിരാത്ത വേദനകളും ഇതുവഴി എത്രയോ തവണ കടന്നുപോയിട്ടുണ്ട്‌. തിങ്കളാഴ്‌ച രാത്രിവരെ അതങ്ങനെയായിരുന്നു താനും. ജൂലൈ 29നു രാത്രി, അന്നായിരുന്നു ആ ദുരന്തരാവ്‌. ഇരുളിൽ നിദ്രയിലാണ്ടവർക്ക്‌ മീതെ മുണ്ടക്കൈ പുഞ്ചിരിമട്ടം പൊട്ടിയൊഴുകി സങ്കടമട്ടമായി. ഒന്നുറങ്ങി ഉണരുംമുമ്പേ അവരാകെ ഒലിച്ചുപോയതും അതേ വഴിയിൽ. ചൂരൽമലപ്പുഴ മരണപ്പുഴയായി. നിദ്രയിലാണ്ടവരെ വീട്‌ അടക്കം കൊണ്ടുപോയി. എങ്ങും ജീവനുവേണ്ടിയുള്ള പിടച്ചിലുകളും നിലവിളികളും. മക്കൾ അമ്മമാരുടെ കൈകളിൽനിന്നും ഊർന്നുപോയി.  ഉമ്മയെയും ഉപ്പയെയും മലവെള്ളത്തിൽനിന്നും കൈപിടിച്ചുയർത്താനാകാതെ മക്കൾ നിസ്സഹായരായി. കണ്ണടച്ച്‌ തുറക്കുമ്പോഴേക്കും വീടുകൾക്കു മുകളിൽ കൂറ്റൻപാറകൾ വന്നുനിന്നു. മണ്ണ്‌ മലപോലെ അടിഞ്ഞു. അതിനുമുകളിൽ വൻ മരത്തടിക്കൂട്ടമെത്തി. സ്‌നേഹം പൊതിഞ്ഞ നാട്ടുകാർ ഇതിനിടയിലും കെട്ടിപ്പിടിച്ചുനിന്നു. ഒരുമിച്ച്‌ മരണത്തിലേക്ക്‌ ഒഴുകി. ചൊവ്വ പുലർന്നപ്പോൾ സ്‌നേഹത്തിന്റെ ആ നാട്‌ കാണാനില്ല. ചൂരൽമല അങ്ങാടിക്ക്‌ അരികിലൂടെ ശാന്തമായി ഒഴുകിയിരുന്ന കുഞ്ഞുപുഴ അങ്ങാടിയെ അവശേഷിക്കുന്നവരുടെ ജീവിതംപോലെ രണ്ടായി പിളർത്തിയൊഴുകി. ചൂരൽമല ടൗണും പരിസരവും പ്രദേശവാസികൾക്കുപോലും തിരിച്ചറിയാനാകാത്തവിധം മാറി. എങ്ങും ചെളിയും കൂറ്റൻ കരിങ്കല്ലുകളും പാറക്കഷണവുമാണ്‌. വീടുകളുടെ അടയാളംപോലും കാണാനില്ല. കല്ലും മണ്ണും തകർത്തെറിഞ്ഞ വീടുകളുടെ തറമാത്രം ചിലയിടങ്ങളിൽ ബാക്കി. ചില വീടുകൾ മണ്ണിലമർന്നുനിൽക്കുന്നുണ്ട്‌. തോട്ടം തൊഴിലാളികളുടെ ലയങ്ങൾ കാണാനില്ല. തകർന്ന്‌ സ്‌കൂളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും.

കൂറ്റൻ കല്ലുകൾക്കടിയിൽനിന്നും മൃതദേഹങ്ങളും മൃതദേഹ അവശിഷ്ടങ്ങളും ഇപ്പോഴും കണ്ടെടുക്കുന്നു. ബന്ധുക്കൾ ഉറ്റവർക്കായി തിരച്ചിൽ സംഘങ്ങൾക്ക്‌ അരികിലുണ്ട്‌. അവർ പ്രിയപ്പെട്ടവർക്കായി നെഞ്ചിടിപ്പോടെ കാത്തുനിൽക്കുകയാണ്‌. ചെളിമൂടിയ വീടുകൾക്കുള്ളിൽനിന്ന്‌ ജീവന്റെ ഞരക്കങ്ങളുണ്ടെന്ന വിശ്വാസത്തിൽ ആരൊക്കെയോ കാത്തിരിപ്പുണ്ട്‌. ചിതറിക്കിടക്കുന്ന പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങളും പാതിരാത്രിയെത്തിയ ദുരന്തത്തിന്റെ ബാക്കിപത്രം.

ചൂരൽമലയിലും മുണ്ടക്കൈയിലും മാത്രമല്ല, ഈ മരണത്തിന്റെ ഗന്ധം കേരളം മുഴുവൻ പടരുന്നുണ്ട്‌. മരിച്ചവരെല്ലാം നമ്മിൽപ്പെട്ടവരാണെന്ന്‌ ഓരോ മലയാളിയും തിരിച്ചറിയുന്നു. വയനാട്ടിലേക്ക്‌ പ്രവഹിക്കുന്ന നിലയ്‌ക്കാത്ത സഹായങ്ങൾ ഇതിന്‌ തെളിവാണ്‌. വസ്‌ത്രങ്ങൾ നഷ്ടപ്പെട്ടവർക്ക്‌ വസ്‌ത്രങ്ങൾ, വീടുകൾ... എന്തിന്‌ അമ്മമാർ നഷ്ടമായ കുഞ്ഞുങ്ങളെ മുലയൂട്ടാൻ തയ്യാറായെത്തുന്നത്‌ അതിവിദൂരങ്ങളിൽനിന്നുപോലുമാണ്‌. കാണാതായവരെ തേടിയെത്തുന്നത്‌ ബന്ധുക്കളും നാട്ടുകാരും മാത്രമല്ല, പേരറിയാത്ത, ദേശമറിയാത്ത ഒരുപാടുപേരാണ്‌. മരിച്ചവർക്കുവേണ്ടി അന്ത്യകർമങ്ങൾ ചെയ്യുന്നവരെല്ലാം ബന്ധുക്കളാകുന്നു. മനുഷ്യരെന്ന ഉറ്റബന്ധുക്കളായി അവർ ദുഃഖം പങ്കിടുന്നു.

അന്ത്യചുംബനം നൽകേണ്ടവർ അരികിലില്ലാതെ, യാത്രാമൊഴിക്ക്‌ കാത്തുനിൽക്കാതെ ചൂരൽമലയിലെ പ്രിയപ്പെട്ടവരിൽ പലരും മണ്ണിലേക്ക്‌ മടങ്ങുകയാണ്‌. മണ്ണിൽ പുതഞ്ഞ്‌ മിടിപ്പ്‌ നിലയ്‌ക്കുംവരെയും വിലാസവും വേരുകളുമുണ്ടായിരുന്ന 74 മനുഷ്യരാണ്‌ ‘അൺ ഐഡന്റിഫൈഡ്‌’ എന്ന രേഖപ്പെടുത്തലോടെ കൂട്ടക്കുഴിമാടങ്ങളിൽ അന്ത്യനിദ്രയിലമർന്നത്‌. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ജീവിതരീതികൾക്കുമപ്പുറം മരണം അവരെ തുല്യരാക്കി.
 

നമ്മളൊന്നാണ്‌


ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈയുടെ താഴ്‌വാരത്തിൽ അതിജീവനപ്പാലം പണിയാൻ സൈന്യവും കേരളവും ഒരുമിച്ചപ്പോൾ ബെയ്‌ലിപ്പാലം ഉയർന്നത്‌ മണിക്കൂറുകൾകൊണ്ട്‌. ചൂരൽമലയിൽ 190 അടി നീളമുള്ള ബെയ്‌ലി പാലം നിർമാണം ബുധനാഴ്‌ച വൈകിട്ട്‌ തുടങ്ങി വ്യാഴാഴ്‌ച വൈകിട്ടോടെ മദ്രാസ്‌ റെജിമെന്റ്‌ എൻജിനിയറിങ് വിങ് പൂർത്തിയാക്കി. 24 ടൺ താങ്ങാൻശേഷിയുളള ബെയ്-ലി പാലത്തിലൂടെ ഭാരവാഹനങ്ങളും യന്ത്രസാമഗ്രികളും എത്തിക്കാനായതോടെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിൽ രക്ഷാദൗത്യം അതിവേഗത്തിലായി. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ നേരിട്ടെത്തി വാക്കുനൽകിയിരുന്നു. അതുകൊണ്ടുതന്നെ അവശേഷിക്കുന്ന അവസാനത്തെ മനുഷ്യജീവനും പുറത്തെടുക്കുംവരെ രക്ഷാപ്രവർത്തനം തുടരാനാണ്‌ ദുരന്തമേഖലയിലുള്ളവരുടെ ശ്രമം.

വെള്ളത്താൽ ഒറ്റപ്പെട്ടപ്പോഴും സ്നേഹത്താൽ ചേർത്തുപിടിക്കുകയാണ്‌ കേരളം വയനാടിനെ. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവർക്ക്‌ പറയാനുള്ളത് നാടിന്റെ, കേരളത്തിന്റെ ഈ കരുതലിനെപ്പറ്റിത്തന്നെ. ഉറ്റവർ നഷ്ടപ്പെട്ട് സങ്കടത്തോടെ ക്യാമ്പിൽ കഴിയുമ്പോഴും ചുറ്റും ആശ്വാസവുമായി എത്തുന്നവരെപ്പറ്റി പറയാതിരിക്കാൻ അവർക്കാവതില്ല. വിവിധ വകുപ്പുകളിലെ  ഉദ്യോഗസ്ഥരും ക്യാമ്പുകളിൽ എന്തിനും തയ്യാറായുണ്ട്‌. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും കമ്യൂണിറ്റി ഹാളിലുമായി താൽക്കാലികമായി ഒരുക്കിയ മോർച്ചറിയുടെ പരിസരത്ത്‌ ആശ്വാസമേകാനായി നിൽക്കുന്നുണ്ട്‌ പലരും.  ഉറ്റവരുടെ മൃതദേഹം തിരിച്ചറിയാൻ എത്തിയവർ പിടിവിട്ടുപോകുന്ന അവസ്ഥയിൽ അപരിചിതരെ കെട്ടിപ്പിടിച്ചുപോലും കരയുന്നു. അപരിചതരെന്നോർക്കാതെ, ഹൃദയത്തോട്‌ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്നു മറ്റുള്ളവരും. പ്രിയപ്പെട്ടവരുടെ വിവരങ്ങൾ അന്വേഷിക്കാനെത്തുന്നവർക്കുപോലും ഭക്ഷണം ക്യാമ്പിലുണ്ട്‌. കുട്ടികൾക്ക്‌ കളിപ്പാട്ടവും കുഞ്ഞുടുപ്പുകളും അളവനുസരിച്ചുള്ള വസ്ത്രങ്ങളും കിടക്കയും പുതപ്പുമെല്ലാം ഒരുക്കി സങ്കടങ്ങളെ മറികടക്കാൻ ശ്രമിക്കുന്നു. ഇത്ര കടുത്ത മാനസികാഘാതം താങ്ങാൻ കൗൺസലിങ്‌ സഹായവും ഒരുക്കുന്നുണ്ട്‌.

നന്മയുള്ള ലോകമിങ്ങനെ കേരളത്തിന്റെ രൂപത്തിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ വയനാട്‌ എങ്ങനെ ഒറ്റപ്പെടാൻ? അതെ ഈ സമയവും കടന്നുപോകും. വയനാട്‌ ഇതും മറികടക്കും. വീണ്ടും വിനോദ സഞ്ചാരികൾ എത്തും. എല്ലാം മറക്കാനാകുമെന്ന്‌ പറയുന്നില്ല, പക്ഷേ, ഈ ഓർമകളെ കരുത്താക്കി വയനാട്‌ ഇനിയും മുന്നോട്ടുപോകും. പുതിയ ടൗൺഷിപ്പായി ചൂരൽമലയും മുണ്ടക്കൈയും വരും. ആരോരുമില്ലാത്തവർക്ക്‌ എല്ലാമായി കേരളമുണ്ട്‌. ഈ നാട്ടിലെ ഓരോ സുമനസ്സുകളുമുണ്ട്‌. അതെ വയനാട്ടിലാണ്‌ നാമോരോരുത്തരും. കണ്ണീർ മഴ പെയ്‌ത വഴികളിൽ സാന്ത്വനത്തിന്റെ കുടപിടിച്ച്‌ അവർക്കൊപ്പം നടക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top