27 December Friday

പാലുകാച്ചിയ വീട്‌ മാഞ്ഞു ; വീട്ടുകാർ കാണാമറയത്ത്‌

അജ്‌നാസ്‌ അഹമ്മദ്‌Updated: Wednesday Jul 31, 2024

ശിവണ്ണനും ഭാര്യ സബിതയും മകൾ ശ്രേയയും മൂത്തമകൾ ശ്രുതിയുടെ വിവാഹനിശ്ചയച്ചടങ്ങിൽ (ഫയൽ ചിത്രം)


മേപ്പാടി
അനിയത്തി ശ്രേയയുടെ മൃതദേഹമാണ് മുമ്പിൽ. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നറിയില്ല. ചൂരൽമലയിൽ ഒരു മാസംമുമ്പ് പാലുകാച്ചിയ   വീട് നിന്നിടത്ത് മഹാദുരന്തത്തിന്റെ ഭീതിതമായ അവശേഷിപ്പുകൾ മാത്രമാണെന്ന സത്യം ഉൾക്കൊള്ളാനാകാതെ തളർന്നിരിക്കുകയാണ്‌ ശ്രുതി.  
ഡിസംബറിൽ നടക്കേണ്ടിയിരുന്ന കല്യാണ ഒരുക്കത്തിലായിരുന്നു കുടുംബം. കഴിഞ്ഞ ആഴ്‌ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്. ചൂരൽമലയിലെ തുന്നൽ തൊഴിലാളിയായ ശിവണ്ണനും സബിതയ്ക്കും രണ്ട് പെൺമക്കളാണ്.

‘കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയിൽ വളർത്താൻ അച്ഛൻ തുന്നൽപ്പണിക്കൊപ്പം കൽപ്പണിയുമെടുത്തു. അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ആശ്വസിപ്പിക്കേണ്ടത്‌’–-- ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വാക്കുകൾ കണ്ണീരിൽ നനഞ്ഞു.

തിരച്ചിലിനിടയിലാണ്‌ കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛൻ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തിരച്ചിൽ തുടരുന്നു. കല്യാണത്തിനായി സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയും അടക്കമാണ് ഉരുൾപൊട്ടലിൽ മണ്ണിനടിയിലായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top