ചൂരൽമല
പുഞ്ചിരിമട്ടം പൊട്ടിയൊലിച്ച് ഉരുളൊഴുകിയ ആ രാത്രി ഞെട്ടിയുണർന്നതാണ് ഊരാളുങ്കലിന്റെ ചൂരൽമലയിലെ സൈറ്റ് ക്യാമ്പ്. അന്ന് ഓടിയെത്തിയ തൊഴിലാളിക്കൂട്ടം 17–--ാം ദിവസവും ദുരന്തഭൂമിയിലെ രക്ഷാസൈന്യമാണ്. ചൂരൽമലയാകെ മണ്ണിലമർന്നപ്പോൾ മണ്ണുമാന്തികളെത്തിച്ച് രക്ഷാപ്രവർത്തകർക്ക് വഴിയൊരുക്കി തുടങ്ങിയ പരിശ്രമം സർവമേഖലകളിലേക്കും എത്തി.
മനുഷ്യരെ മണ്ണിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാനായതിൽ ഊരാളുങ്കലിന്റെ പങ്ക് നിർണായകമായി. ചൂരൽമലയിലുണ്ടായിരുന്ന തൊഴിലാളികൾക്കുപുറമെ വിവിധഭാഗങ്ങളിലുള്ള സഹകരണ സംഘത്തിന്റെ നിർമാണത്തൊഴിലാളികളെ സ്ഥലത്തെത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. നാൽപ്പതുപേരാണ് 24 മണിക്കൂറും സന്നദ്ധരായി രംഗത്തുള്ളത്. ഹെലിപാഡ് നിർമാണം, ബെയ്‌ലിപാലം നിർമാണത്തിനുള്ള സൗകര്യമൊരുക്കൽ, പുഞ്ചിരിമട്ടംവരെയുള്ള വഴിയൊരുക്കൽ എന്നിവയിലെല്ലാമുള്ള ഊരാളുങ്കലിന്റെ സംഭാവന രക്ഷാപ്രവർത്തനത്തിന്റെ വേഗംകൂട്ടി. ജില്ലാ പ്രോജക്ട് എൻജിനിയർ മുഹമ്മദ് ഷമീം, സൈറ്റ് ലീഡർ എം പി കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..