27 September Friday

കിട്ടി, ഓണസമ്മാനമായി ഒരു ചവിട്ട്‌

പി വി ജീജോUpdated: Tuesday Sep 24, 2024

2018ൽ പ്രളയകാലത്ത് ദുരിതാശ്വാസമായി കേരളം 30,000 കോടിയുടെ സഹായംതേടി. തന്നതാകട്ടെ പത്തിലൊന്നിലും കുറവാണ്‌. അന്ന് ഹെലികോപ്‌ടർ വാടകയായി 102 കോടി 
രൂപയും അരി തന്നതിന്‌ 205.81 കോടിയും കേന്ദ്രം പിടിച്ചുവാങ്ങി. കേന്ദ്രസർക്കാരിന്റെ ഈ മനുഷ്യത്വവിരുദ്ധത വാർത്തയാക്കാൻ മാധ്യമങ്ങളൊന്നും തയ്യാറായില്ല

മൂന്നടി മണ്ണ്‌ ചോദിച്ച വാമനൻ മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയതിന്റെ ഓർമപുതുക്കലാണ്‌ ഓണമെന്നാണ്‌ ഐതിഹ്യം. ഈ ഓണക്കാലത്ത്‌ മാവേലിക്ക്‌ കിട്ടിയപോലൊരു ചവിട്ടാണ്‌ വാർത്താചാനലുകളിൽനിന്ന്‌ മലയാളികൾക്ക്‌ കിട്ടിയത്‌. ജീവിതം ഉരുളെടുത്ത്‌ സകലതും നഷ്‌ടമായ വയനാട്ടിലെ പാവങ്ങളുടെ അതിജീവനസ്വപ്‌നങ്ങൾക്കു മുകളിലായിരുന്നു മാധ്യമങ്ങൾ  നുണബോംബ്‌ പൊട്ടിച്ചത്‌. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായത്തിനായി കേന്ദ്ര സർക്കാരിന് സംസ്ഥാനം സമർപ്പിച്ച നിവേദനത്തിലെ എസ്റ്റിമേറ്റ്‌ കണക്കുകൾ ദുർവ്യാഖ്യാനം ചെയ്തായിരുന്നു വ്യാജവാർത്താ നിർമിതി. നിമിഷങ്ങൾക്കകം സംസ്ഥാന സർക്കാർ വസ്‌തുതയും യാഥാർഥ്യവും വിശദമാക്കിയെങ്കിലും  നുണ ബ്രേക്കിങ്ങും അന്തിചർച്ചകളും വെെറലാക്കി.

‘തിരുത്തി’ല്ലാത്ത 
 ജനവിരുദ്ധത
ധാർമികബോധമുള്ളതും നീലപ്പെൻസിൽ ശരിയായി പ്രയോഗിക്കാനുമറിയുന്ന എഡിറ്റർ ആ പത്രത്തെ നീതിയുടെ പാതയിലേക്ക്‌ നയിക്കുന്നതെങ്ങനെ എന്ന്‌ ‘തിരുത്ത്‌’ എന്ന കഥയിലൂടെ എൻ എസ്‌ മാധവൻ ഓർമിപ്പിച്ചു. ബാബ്‌റി മസ്‌ജിദ്‌ സംഘപരിവാർ തകർത്തതിന്റെ  പശ്ചാത്തലത്തിലെഴുതിയ ഈ കഥ വർത്തമാനകാല മലയാളമാധ്യമങ്ങളുടെ ദുരന്താവസ്ഥയോട് ചേർത്തുവായിക്കാം. തിരുത്താൻ ശേഷിയുള്ള എഡിറ്ററില്ലാത്ത മലയാള മാധ്യമങ്ങൾ എന്തൊരു ദുരന്തമാണെന്ന്‌ തെളിയിക്കുന്നതാണ് വയനാട്‌ ദുരന്ത സഹായം സംബന്ധിച്ചവാർത്ത.  ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച നിവേദനത്തിലെ വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാതെയോ ബോധപൂർവമോ വാർത്തയാക്കുകയായിരുന്നു സർക്കാർവിരുദ്ധത തലക്കുപിടിച്ച വലതുപക്ഷ മാധ്യമങ്ങൾ. ഫലത്തിൽ അത്‌ വയനാടിന്‌ സഹായം നിഷേധിക്കുംവിധം കേരളത്തോടുള്ള വലിയ അനീതിയായി മാറി. മുമ്പ്‌ ദുരന്തവേളകളിൽ സമാനമായി അവതരിപ്പിച്ച പുറ്റിങ്ങൽ വെടിക്കെട്ടിന്റേതടക്കം കണക്കുകൾ പുറത്തുവന്നിട്ടും മുഖ്യധാര മാധ്യമങ്ങൾ കള്ളം നിർത്തിയില്ല.  

യജമാന ഭക്തിയിൽ കണ്ണുപൊട്ടിയവർ
വയനാട്‌ ദുരന്തം നടന്ന്‌ രണ്ട്‌ മാസമായിട്ടും കേന്ദ്രസർക്കാരിൽനിന്ന്‌ ഒരു രൂപയുടെ സഹായംപോലും ലഭിച്ചിട്ടില്ല. പ്രളയം നാശംവിതച്ച തെലങ്കാനക്ക്‌  അതേസമയം 3448 കോടി കൊടുത്തു. 2018ൽ പ്രളയകാലത്ത് ദുരിതാശ്വാസമായി കേരളം 30,000 കോടിയുടെ സഹായംതേടി. തന്നതാകട്ടെ പത്തിലൊന്നിലും കുറവ്‌. അന്ന് ഹെലികോപ്‌ടർ ചെലവായി 102 കോടി രൂപയും അരി തന്നതിന്‌ 205.81 കോടിയും കേന്ദ്രം പിടിച്ചുവാങ്ങി.  കേന്ദ്രസർക്കാരിന്റെ ഈ മനുഷ്യത്വവിരുദ്ധത വാർത്തയാക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ എംപിമാർക്ക് എംപി ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപവരെ പുനർനിർമാണ -പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ അനുവദിക്കാം. സംസ്ഥാനസർക്കാർ ആ തീരുമാനം എടുത്തു. കേന്ദ്രവും സമാനതീരുമാനമെടുത്തിരുന്നുവെങ്കിൽ വയനാടിന്‌ വലിയ താങ്ങാകുമായിരുന്നു. രാജ്യത്ത്‌ 788- എംപിമാരുണ്ട്‌. അവർ ഒരു ലക്ഷംരൂപ വീതമെങ്കിലും അനുവദിച്ചാൽ കോടികൾ ലഭിക്കും. ഈ സഹായത്തിന്‌ അനുമതി നൽകാത്ത കേന്ദ്രസമീപനം മാധ്യമങ്ങളൊന്നും ഇതേവരെ ചോദ്യംചെയ്‌തിട്ടില്ല.

അന്തിച്ചർച്ച കാണാത്ത പിഎം കെയേഴ്സ് തട്ടിപ്പ്
വയനാട്‌ ദുരന്തസമയത്തും മുമ്പും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധിപ്പിച്ചുള്ള നുണവാർത്തകൾ ഏറെയുണ്ടായി. കേരളത്തിന്‌ ഒരു സഹായവും കിട്ടരുതെന്ന പ്രതികാരബുദ്ധിയാണ്‌ ഇതിനു പിന്നിൽ. സുതാര്യവും ഓൺലൈനിൽ പരിശോധിക്കാവുന്നതുമായ സിഎംഡിആർഎഫിനെ അപവാദക്കുരുക്കിലാക്കി സഹായം മുടക്കാനായി ശ്രമം. കോടികൾ സമാഹരിച്ച്‌ അർഹരായവർക്ക്‌ ഒരു സഹായവും നൽകാത്ത പ്രധാനമന്ത്രിയുടെ നിധി (പിഎം കെയേഴ്‌സ്‌ ഫണ്ട്‌) തട്ടിപ്പിനെ വാർത്തയാക്കാൻ മാധ്യമങ്ങൾ ധൈര്യപ്പെടുന്നുമില്ല. നീതിപീഠങ്ങൾക്ക്‌ മുമ്പിലും വിവരാവകാശ കമീഷനിലൂടെയും വെളിപ്പെടുത്താതെ ഒളിച്ചോടുന്ന പിഎം കെയേഴ്‌സ്‌ ഫണ്ടിനെപ്പറ്റി അന്തിച്ചർച്ചകൾ നടത്താൻ യജമാനഭക്തി അനുവദിക്കുന്നുമില്ല. മാനസികാസ്വാസ്ഥ്യം ബാധിച്ചയാൾ തീവണ്ടിയിൽ നടത്തിയ സ്‌ഫോടനം മറയാക്കി കേരളം ഭീകരവാദികളുടെ ആസ്ഥാനമാക്കി ചിത്രീകരിക്കാൻ വാർത്ത ചമച്ചവരാണ്‌ മലയാള വാർത്താചാനലുകളും പത്രങ്ങളും.

നസ്രേത്തിൽനിന്ന്‌ നന്മയോ
സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ തിരുവനന്തപുരത്തെ എ കെ ജി സെന്റർ ആക്രമിച്ച മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാൻ ഈയടുത്ത്‌ ഡൽഹിയിൽ പിടിയിലായി. ഇത്രയും കാലം ഗൾഫിൽ ഒളിവിലായിരുന്നു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വിശ്വസ്തനായ സുഹൈലിന് ഗൾഫിലേക്ക്‌ മുങ്ങാൻ ഒത്താശചെയ്തത്‌ ആര്‌? തിരിച്ചെത്താൻ സഹായം നൽകിയത്‌ ആര്‌?  അത്തരത്തിൽ അന്വേഷണം ഒരു മാധ്യമങ്ങളിൽനിന്നുമുണ്ടായില്ല. 
     2022 ജൂലൈ ഒന്നിനായിരുന്നു എ കെ ജി സെന്റർ ആക്രമണം. അന്നുമുതൽ സിപിഐ എം ആസൂത്രണംചെയ്ത നാടകമാണ്‌ ഇതെന്ന്‌ വരുത്തിത്തീർക്കാൻ ചാനലും പത്രവും പരസ്‌പരം മത്സരിച്ചു.

സ്വന്തം ഓഫീസ്‌ ആക്രമിച്ച്‌ എതിരാളികളുടെ തലയിലിടാൻ ശ്രമിക്കുന്ന നികൃഷ്‌ടത എന്ന നിലയിലായിരുന്നു സിപിഐ എം വിരുദ്ധത തലയ്‌ക്കുപിടിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനം. മാസങ്ങൾക്കുശേഷം സുധാകരന്റെ വലംകൈയായ സൂത്രധാരനെയടക്കം പിടിച്ചപ്പോൾ മാധ്യമങ്ങൾ ആദ്യം കൊടുത്ത വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞു.

(മാധ്യമഭീകരതയെക്കുറിച്ച്‌ നാളെ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top