17 September Tuesday

ഒന്നും രണ്ടുമല്ല, 6500 യന്ത്രമണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


ചൂരൽമല
ഒന്നും രണ്ടുമല്ല, 6500 യന്ത്രമണിക്കൂറാണ്‌ ചൂരൽമലയിലെ മണ്ണിൽ യന്ത്രങ്ങളമർന്നത്‌. ഉരുളൊഴുകിയ വഴിയിലെല്ലാം ഇവ മനുഷ്യരെ തേടി. 75 യന്ത്രക്കൈകളാണ് പതിനാലാം ദിവസവും ചൂരൽമലയിലും മുണ്ടക്കെെയിലും തളരാതെ തിരയുന്നത്.  നാൽപ്പതിലധികം അതിഥിത്തൊഴിലാളികൾ അടക്കം 113 ഓപ്പറേറ്റർമാർ കർമനിരതരായി. പാറപൊട്ടിച്ചും നിർമാണ പ്രവൃത്തികളിലേർപ്പെട്ടും മാത്രം പരിചയമുള്ള യന്ത്രക്കൈകൾ മണ്ണിനടിയിലെ മനുഷ്യരെ തേടി അലഞ്ഞു. പുഞ്ചിരിമട്ടം പൊട്ടിയൊലിച്ചെത്തിയതറിഞ്ഞ് നാട്ടുകാരെത്തിച്ച മൂന്ന്‌ മണ്ണുമാന്തി യന്ത്രങ്ങളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽനിന്നുൾപ്പെടെ തുടർന്ന്‌ യന്ത്രങ്ങളെത്തി. വയനാട്ടിലെ മാത്രമല്ല, മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നും യന്ത്രങ്ങളെത്തി. ചെറുകിട മണ്ണുമാന്തിയന്ത്ര ഉടമകളിൽ തുടങ്ങി കരാറുകാരും ക്രഷറുകാരുമെല്ലാം ചേർന്ന് സൗജന്യമായാണ് ഇവയെത്തിച്ചത്. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ഭൂരിഭാഗവും ഒരുരൂപ വേതനംപറ്റാതെ ദുർഘട രക്ഷാപ്രവർത്തനത്തിലും തിരച്ചിലിലും അണിചേർന്നു.

ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകർക്ക്‌ വഴിയൊരുക്കുകയായിരുന്നു ദൗത്യം. രണ്ടാം ദിവസംതന്നെ അതിശക്തമായ കുത്തൊഴുക്കിനെ മറികടന്ന് മണ്ണുമാന്തികൾ പുഴകടന്നു. പാലം തകർന്നതോടെ ഒറ്റപ്പെട്ട മുണ്ടക്കെെക്കാർക്ക്‌ കുത്തിയൊലിച്ചെത്തുന്ന പുഴകടക്കാൻ അമ്പലപ്പറമ്പിലെ ആലിനൊപ്പം വടമേന്തിയതും മണ്ണുമാന്തിയുടെ കെെയാണ്. ബെയിലി പാലം നിർമാണത്തിൽ ഇരുവശങ്ങളിലും മണ്ണുമാന്തികളുടെ സഹായം നിർണായകമായി. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ പി ബി ബൈജു, അസിസ്റ്റന്റ്‌ എൻജിനിയർമാരായ എൻ ജിതിൻ, വി അമൽജിത്‌, സ്‌പെഷ്യൽ വില്ലേജ്‌ ഓഫീസർ അജീഷ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഏകോപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top