06 October Sunday

പ്രകൃതി ചമയമിട്ട ചിന്നാർ

നിധിൻ രാജുUpdated: Sunday Oct 6, 2024

കാടറിഞ്ഞ്‌ കാടിനുനടുവിലൂടെ ഒരു യാത്ര ആസ്വദിക്കണോ? കാട്ടിലൂടെ നടന്ന്‌ വന്യജീവികളെയും പക്ഷികളെയും കാണണോ? എന്നാൽ മറയൂർ വഴി ചിന്നാറിലേക്ക്‌ വിട്ടോ. വനം വരണ്ടതെങ്കിലും വന്യവും വശ്യവുമായ കാഴ്‌ചകളുടെ കലവറയാണ്‌ ചിന്നാർ വന്യജീവി സങ്കേതം. മൂന്നാറിൽനിന്ന്‌ 48 കിലോമീറ്ററും മറയൂരിൽനിന്ന്‌ ഒമ്പത്‌ കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം.

കാഴ്‌ചകളനവധി

പശ്ചിമഘട്ടമലനിരകളുടെ മഴനിഴൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഏകവന്യജീവി സങ്കേതമാണ് ചിന്നാർ. ഉഷ്ണമേഖലാ മുൾക്കാടുകളും പുൽമേടുകളും ഇലപൊഴിയും കാടുകളും ചോലവനങ്ങളും ചതുപ്പുമെല്ലാമുൾപ്പെടുന്ന ചിന്നാർ ജൈവവൈവിധ്യങ്ങളുടെ കലവറയാണ്‌. കുമരിക്കൽമല, കോട്ടക്കൊമ്പുമല,  തുടങ്ങി നിരവധി കൊടുമുടികളും സങ്കേതത്തിനുള്ളിലുണ്ട്‌.

മൂന്നാർ–-ഉദുമൽപേട്ട് റോഡ് കടന്നുപോകുന്നത്‌ ഇതിനുള്ളിലൂടെയാണ്‌. യാത്രയിൽതന്നെ നിരവധി മൃഗങ്ങളെയും പക്ഷികളെയും കാണാൻ കഴിയും. മാനും മയിലും മ്ലാവുമെല്ലാം മരങ്ങൾക്കുമറവിൽനിന്ന്‌ ഇടയ്‌ക്കിടെ എത്തിനോക്കും. മഴനിഴൽപ്രദേശമായതുകൊണ്ടുതന്നെ വരണ്ടഭൂപ്രകൃതിയാണ്‌. എങ്കിലും കാഴ്‌കളുടെ കാര്യത്തിൽ വരൾച്ചയൊട്ടുമേ ഇല്ല. കാടിനുള്ളിലൂടെ വിവിധ ട്രക്കിങ്‌ പ്ലാനുകൾ വനംവകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌. വനത്തിനുള്ളിൽ നിരവധി വ്യൂ പോയിന്റുകളും താമസസൗകര്യവുമുണ്ട്‌.



അപൂർവതകളുടെ കലവറ


വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാൻ മുതൽ നക്ഷത്ര ആമ വരെയുള്ള അപൂർവയിനങ്ങളുടെ ആവാസകേന്ദ്രംകൂടിയാണ്‌ ചിന്നാർ. പുള്ളിമാൻ, കാട്ടാന, പുള്ളിപ്പുലി, കാട്ടുപോത്ത്, ഹനുമാൻ കുരങ്ങ്‌, മ്ലാവ്‌, പുള്ളിപ്പൂച്ച തുടങ്ങി 28 ഓളം സസ്‌തനി ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ചാമ്പൽ മലയണ്ണാന്റെ തനത്‌ ആവാസവ്യവസ്ഥയുള്ള കേരളത്തിലെ ഏക വനപ്രദേശമാണ്‌ ചിന്നാർ.

കൂടാതെ പാമ്പുകളും ആമയും മഗ്ഗർ മുതലകളുമുൾപ്പെടെ വിവിധ ഉരഗങ്ങളും ധാരാളം പക്ഷി വർഗങ്ങളും ശലഭങ്ങളും നീർമരുത്, പൊരിശുമരം, ചന്ദനമരങ്ങൾ മുതൽ അക്കേഷ്യ വൈവിധ്യങ്ങളും കള്ളിമുൾച്ചെടികളുമെല്ലാമടങ്ങുന്ന സസ്യജാലങ്ങളും ഇവിടെയുണ്ട്‌.


പക്ഷിനിരീക്ഷകരുടെ സ്വർഗം


ഏകദേശം 225 ഇനം പക്ഷികളെ ചിന്നാർ വന്യജീവി സങ്കേതത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചാരക്കുട്ടൻ, അരിപ്രാവ്‌, തീക്കുരുവി(മിനി വെറ്റ്‌), പച്ചിലക്കുടുക്ക(ചിന്നക്കുട്ടുറുവൻ), മണ്ണാത്തിപ്പുള്ള്‌, തവിടൻ ബുൾബുൾ, മഞ്ഞ തൊണ്ടയുള്ള ബുൾബുൾ, തൊപ്പിക്കാലൻ കിളി, മഞ്ഞക്കാലി പച്ചപ്രാവ്‌, ചാരമരപൊട്ടൻ, പൂന്തത്ത, മയിൽ തുടങ്ങിയ പക്ഷിയിനങ്ങളെ ഇവിടെ കാണാം. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷകരുടെ ഇഷ്ടകേന്ദ്രം കൂടിയാണ് ചിന്നാർ.

തൂവാനം വെള്ളച്ചാട്ടം


ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ പാമ്പാർ നദിയിൽ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടമാണ്‌ തൂവാനം. കാടിനുള്ളിലൂടെ നാല്‌ കിലോമീറ്ററോളം ദൂരം സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ഏതാണ്ട്‌ നൂറടിയോളം ഉയരത്തിൽനിന്ന്‌ താഴേക്ക് പതിക്കുന്ന ജലപാതത്തിന്റെ കാഴ്‌ച വശ്യമനോഹരം. വർഷം മുഴുവനും ഇവിടെ വെള്ളമുണ്ടാകും. ആകാശത്തുനിന്നും പാൽനുര പതിക്കുന്ന ജലപാതം കാണേണ്ട കാഴ്‌ചതന്നെ.

ട്രക്കിങ്‌ പ്ലാനുകൾ

സഞ്ചാരികൾക്കായി വിവിധ ട്രക്കിങ്‌ പ്ലാനുകൾ വനംവകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌. ചിന്നാറിൽനിന്ന്‌ കൂട്ടാറിലേക്ക്‌ മൂന്ന്‌ മണിക്കൂർ ട്രക്കിങ്ങിന്‌ ഒരാൾക്ക്‌ 300 രൂപയാണ്‌ നിരക്ക്‌. പാമ്പാർ ട്രക്കിങ്ങിന്‌ 200, വശ്യപ്പാറ ട്രക്കിങ്ങിന്‌ 700, ആലാംപെട്ടി–ജെല്ലിമല ഗോത്ര സാംസ്കാരിക ഗ്രാമങ്ങളിലേക്കുള്ള ട്രക്കിങ്ങിന്‌ 300, വാച്ച്‌ ടവർ ട്രക്കിങ്ങിന്‌ 150 എന്നിങ്ങനെയുമാണ്‌ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top